mid day hd 3

 

സംസ്ഥാന ബജറ്റ് നാളെ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സംസ്ഥാനത്തിനു വര്‍ധിപ്പിക്കാവുന്ന ഫീസും നിരക്കുകളും വര്‍ധിപ്പിക്കാന്‍ സാധ്യത. തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആറു മാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷന്‍ അടക്കം പൊതുജനങ്ങളെ നേരിട്ടു ബാധിക്കുന്ന പദ്ധതികള്‍ക്കു പണം വകയിരുത്തുന്നത് എങ്ങനെയെന്നു നാളെ അറിയാം.

കോണ്‍ഗ്രസ് മഹാജനസഭയ്ക്ക് ഒരുങ്ങി തൃശൂര്‍. തേക്കിന്‍കാട് മൈതാനിയില്‍ ഉച്ചകഴിഞ്ഞു മൂന്നിന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു കേരളത്തിലെ ബൂത്തുതല കമ്മിറ്റികളെ സജ്ജമാക്കാനുള്ള സമ്മേളനമാണിത്. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍നിന്നായി ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും ബി.എല്‍.എ. മാരും അടക്കം ലക്ഷം പേര്‍ പങ്കെടുക്കും. തൃശൂര്‍ നഗരത്തില്‍ ഉച്ചയ്ക്കുശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി രചിച്ച കേരള ഗാനത്തില്‍ ക്‌ളീഷേകളുണ്ടായിരുന്നതിനാല്‍ നിരാകരിച്ചെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. തിരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരന്‍ തമ്പി തയ്യാറായില്ല. ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടില്‍ വരുത്താന്‍ ഹരിനാരായണന്‍ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകന്‍ ബിജിപാല്‍ ഈണം നല്‍കും. നിരാകരിച്ചെന്ന വിവരം സെക്രട്ടറി ശ്രീകുമാരന്‍ തമ്പിയെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കേരള ഗാന വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയെ നേരില്‍കണ്ട് സംസാരിക്കുമെന്നു മന്ത്രി സജി ചെറിയാന്‍. വസ്തുതകള്‍ മനസിലാക്കി പ്രശ്‌നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോഴാണ് പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.

നവകേരള സദസിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥി സദസിലും സ്ത്രീസദസിലും പങ്കെടുക്കും. ഫെബ്രുവരി 18 നു മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വിദ്യാര്‍ത്ഥി സദസ്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും. 22 നു നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സ്ത്രീസദസ്. 10 മേഖലയില്‍ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയുടെ ആദ്യപതിപ്പാണ് കോഴിക്കോട്ടെ വിദ്യാര്‍ത്ഥി സദസ്.

അയോധ്യയിലെ രാമക്ഷേത്രവും പുതുതായി നിര്‍മിക്കുന്ന മസ്ജിദും ഇന്ത്യയിലെ മതേതരത്വത്തിന്റെ പ്രതീകമാണെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ പ്രസംഗിച്ചതു വിവാദമായി. ജനുവരി 24 ന് വയനാട് പുല്‍പ്പറ്റയിലായിരുന്നു പ്രസംഗം. പ്രസംഗത്തിനെതിരേ വിവിധ മുസ്ലിം സമുദായങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ലോക് സഭാ തെരഞ്ഞെടുപ്പിനു വനിതകളെ പ്രചാരണ വേദികളില്‍ ഇറക്കാന്‍ മുസ്ലീം ലീഗ്. ഒരു നിയോജക മണ്ഡലത്തില്‍ നിന്നും 15 വനിതകളെ വീതം തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള വിദ്യാസമ്പന്നരായ വനിതകളെ കണ്ടെത്തി പ്രസംഗ പരിശീലനത്തിനു വനിതാ ലീഗിനെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.

വസ്തു കേസ് വേഗത്തിലാക്കാന്‍ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്‍കാനെന്ന പേരില്‍ മൂന്നു ലക്ഷം രൂപ അഡ്വ. ബി.എ. ആളൂര്‍ വാങ്ങിയെന്ന പരാതിയുമായി യുവതി. ബാര്‍ കൗണ്‍സിലിനാണു പരാതി നല്‍കിയത്. ആളൂരിനെതിരായ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയാണ് ഈ പരാതി നല്‍കിയത്.

കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ പൂച്ചയെ പച്ചയ്ക്കു ഭക്ഷിച്ച് യുവാവ്. ആസാം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്റെ പ്രതികരണം. പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കി.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ ഈ മാസം ഏഴു മുതല്‍ ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലായ ടി ഒന്നിലേക്കു മാറ്റി. ചാക്കയിലെ രാജ്യാന്തര ടെര്‍മിനലിലെ ടി രണ്ടിലായിരുന്നു ഡല്‍ഹി, മുംബൈ സര്‍വീസുകള്‍.

കോതമംഗലം -നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി അഹമ്മദ് സാജിദ് (23) എന്നിവരാണു മരിച്ചത്. കാനയിലേക്കു വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.

എംസി റോഡില്‍ പന്തളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡനില്‍ ജോസഫ് ഈപ്പന്‍ (66) ആണു മരിച്ചത്. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി അബിക്ക് (32) പരിക്കേറ്റു.

നാലു മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് കീഴരിയൂരില്‍ പാലായിയില്‍ വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു. ഇന്നു പുലര്‍ച്ചെയാണ് തീപിടിച്ചത്.

ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന തമിഴ്‌നാട് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. പൊള്ളാച്ചിയിലേക്കു സ്ഥലം മാറ്റിയതിനാല്‍ രണ്ടാഴ്ച അവധിയെടുത്ത ശബരിഗിരി എന്ന നാല്‍പത്തൊന്നുകാരനാണു പിടിയിലായത്. തട്ടിയെടുത്ത ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു.

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും വ്യോമാക്രമണം നടത്തി. 36 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. ചെങ്കടലില്‍ ഹൂതികള്‍ കപ്പലുകള്‍ക്കെതിരേ നടത്തുന്ന ഡ്രോണ്‍ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഈ ആക്രമണങ്ങള്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *