അഞ്ചു വര്‍ഷമായി 7,100 കോടി കുടിശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി റിപ്പോര്‍ട്ട്. ബജറ്റിലൂടെ മൂവായിരം കോടി രൂപയുടെ അധിക നികുതി ചുമത്തിയിരിക്കേയാണ് ഏഴായിരത്തിലേറെ കോടി രൂപയുടെ കുടിശിക പിരിച്ചില്ലെന്ന റിപ്പോര്‍ട്ടു പുറത്തുവന്നത്. 12 വകുപ്പുകളില്‍ ആണ് കുടിശ്ശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാല്‍ 11.03 കോടിയുടെ കുറവുണ്ടായി. നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിനാല്‍ നികുതി പലിശ ഇനത്തില്‍ 7.54 കോടി കുറഞ്ഞു. സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ധന സെസ് അടക്കം ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി – സെസ് വര്‍ധനക്കെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ പിരിഞ്ഞു. ഇനി 27 നാണു സഭ സമ്മേൡക്കുക. യുഡിഎഫ് എംഎല്‍എമാര്‍ നടന്നുകൊണ്ടാണ് നിയമസഭയിലേക്ക് എത്തിയത്. മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനു മുന്നില്‍ നിലയുറപ്പിച്ചതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു. എന്നാല്‍ കേരളത്തിന്റെ പൊതു താത്പര്യം കണക്കിലെടുത്ത് പ്രതിപക്ഷം സമത്തില്‍നിന്ന് പിന്‍മാറണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
തുര്‍ക്കി സിറിയ ഭൂചലനത്തില്‍ മരണം പന്തീരായിരം. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞുവീഴ്ചയുംമൂലം രക്ഷാപ്രവര്‍ത്തനം ഇപ്പോഴും വെല്ലുവിളിയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തിലാണെന്ന് ലോകാരോഗ്യ സംഘടന.
വനം ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ പീഡനത്തിന് ഇരയായ അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. സ്ഥലമുടമ മുഹമ്മദ് വാര്‍ധക്യസഹജമായ അസുഖംമൂലം വീട്ടില്‍ വിശ്രമത്തിലാണ്. ഇദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ അനുവദിക്കില്ലെന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തന്റെ പറമ്പില്‍ അതിക്രമിച്ചുകടന്ന് കുരുക്കുവച്ചവരെ കണ്ടെത്തണമെന്ന് സ്ഥലമുടമ മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെ പിടികുടി ചോദ്യം ചെയ്തത്.
കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്റെ ഉള്ളുരിലുള്ള വാടകവീടിനു നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്തു. അക്രമത്തിനിടെ അക്രമിയുടെ കൈമുറിഞ്ഞുണ്ടായ രക്തകറയുമുണ്ട്. വീടിനു പിന്നിലെ പടിയിലും രക്തക്കറയുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്ധന സെസില്‍ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്.
സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത്. ബജറ്റിനെതിരായ പ്രതിപക്ഷ സമരം നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ചയാകും. ഇപി ജയരാജനെതിരെ ഗുരുതര ആരോപണമുന്നയിച്ച പി ജയരാജന്‍ പരാതി എഴുതി നല്‍കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി ആരോപണത്തെ തള്ളിക്കളഞ്ഞേക്കും. ആലപ്പുഴയിലെയും തിരുവനന്തപുരത്തേയും സംഘടനാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള പാഠപുസ്തക രചനയ്ക്ക് സ്‌കൂള്‍ അധ്യാപകര്‍ക്കും വിരമിച്ച സ്‌കൂള്‍ അധ്യാപകര്‍ക്കുമുള്ള എഴുത്തു പരീക്ഷ 11 ന്. എഴുത്തു പരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു പാനല്‍ തയ്യാറാക്കുന്നത്.
യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റിലിട്ട സംഭവത്തില്‍ പ്രധാന പ്രതിയെന്നു സംശയിക്കുന്നയാളുടെ വീട്ടില്‍ പൊലീസ് പരിശോധന. ഇയാളുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയക്കു വിധേയമാക്കും.
ചെറായിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിള്ളിശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തത്. ശശിയുടെ മൃതദേഹം ഫോര്‍ട്ട് കൊച്ചി തീരത്തുനിന്ന് കണ്ടെത്തി.
കൊല്ലം പുത്തൂരില്‍ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 68 വയസായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍. വാണിയമ്പാറ സ്വദേശിനി ശകുന്തള ( 52 ) ആണ് മരിച്ചത്.
ജീവകാരുണ്യ സഹായ സംഘടനയില്‍നിന്ന് പണം വാഗ്ദാനം ചെയ്ത് അറുപതുകാരിയുടെ സ്വര്‍ണം അഴിച്ചുവാങ്ങി കബളിപ്പിച്ച വിരുതനെ പോലീസ് തെരയുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് ആപ്പൂര്‍ വെളിയില്‍ ഷെരീഫയുടെ ആഭരണമാണ് ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ കവര്‍ന്നത്.
കര്‍ണാടകയില്‍ പുതുതായി ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിന് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദിയൂരപ്പയുടെ പേരിടും. ഈ മാസം 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേരിടുകയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് വെളിപെടുത്തി.
പെട്രോളിയം റിഫൈനറിയേക്കുറിച്ചു വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് ശശികാന്ത് വരിഷെ എന്ന മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. മറാത്തി ദിനപത്രമായ മഹാനഗരി ടൈംസിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു ശശികാന്ത് വരിഷെ.
അദാനി -മോദി ബന്ധം ആരോപിച്ചു മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രാജ്യസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭ രേഖകളില്‍നിന്ന് കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
അദാനിയുടെ വിദേശയാത്രയും സാമ്പത്തിക ഇടപാടുകളും ചര്‍ച്ച ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
അദാനി വിവാദത്തിന് വഴിവച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. രണ്ടു ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളത്.
പശുവിനെ ആലിംഗനം ചെയ്താല്‍ രക്തസമ്മര്‍ദം കുറയുമെന്നു വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ധരം പാല്‍ സിംഗ് രംഗത്ത്. വലന്റൈന്‍സ് ദിനത്തില്‍ കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ്
മന്ത്രിയുടെ പ്രസ്താവന
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റായ്ച്ചൂരിലെ പിയു കോളജ് പ്രിന്‍സിപ്പല്‍ രമേഷിനെ ആണ് പൊലീസ് പിടികൂടിയത്.