മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും വ്യാജരേകളുണ്ടാക്കി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്. ഏജന്റുമാര്‍ മുഖേനെയാണ് തട്ടിപ്പ്. കളക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പണം തട്ടിയെടുക്കുന്നതെന്നാണു വിജിലന്‍സ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷന്‍ സിഎംആര്‍ഡിഎഫ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നു.
പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ രോഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. നിയമതടസങ്ങള്‍മൂലം ദാതാവിനെ കണ്ടെത്താനായിരുന്നില്ല. കരളിലെ അണുബാധ കരളിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനത്തെ ബാധിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്‌സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികമില്ലാത്ത കാലത്ത് ജനപ്രിയ താരമായിരുന്നു സുബി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണു സ്വദേശം. അവിവാഹിതയാണ്. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.
നിയമത്തിന്റെ നൂലാമാലകള്‍മൂലം അവയവദാനം വൈകിപ്പോയതുകൊണ്ടാണു നടി സുബി സുരേഷിന്റെ ജീവന്‍ നഷ്ടമായതെന്ന് സുരേഷ് ഗോപി. കഴിഞ്ഞ പത്ത് ദിവസമായി സുബിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പിറകേയായിരുന്നു. അനേകം അധികാര കേന്ദ്രങ്ങളില്‍നിന്നു രേഖകളും അനുമതികളും നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ചില രേഖകളില്‍ ഒപ്പിടാന്‍ ഹൈബി ഈഡന്‍ എംപിയോട് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം എത്തി ഒപ്പിട്ടിരുന്നു. അവയവദാന കച്ചവടം തടയാന്‍ ബന്ധുക്കളുടെ അവയവങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നാണു നിയമം. സമയബന്ധിതമായി ഒരു കരള്‍ ദാതാവിനെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ രക്ഷിക്കാമായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു മൂന്നു പേരുടെ പാനല്‍ തന്ന സര്‍ക്കാര്‍ നടപടിക്കു നിയമസാധുതയില്ലെന്നു രാജ്ഭവന്‍. ഹൈക്കോടതി വിധി കെടിയു ചട്ടത്തിനും യുജിസി ചട്ടത്തിനും വിരുദ്ധമാണ്. നിയമ വിദഗ്ധരുമായി ആലോചിച്ച് സുപ്രീംകോടതിയെ സമീപിക്കും. സര്‍ക്കാര്‍ നിയമനത്തില്‍ ഇടപെടരുതെന്ന് മുന്‍ കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജ്ഭവന്‍ അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് പരാതിയും നിര്‍ദേശങ്ങളും നേരിട്ട് സ്വീകരിക്കും. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കും. പ്രീ പ്രൈമറി, പ്രൈമറി സ്‌കൂള്‍ ഘട്ടത്തില്‍ ഏകീകൃത പാഠ്യപദ്ധതി വേണമെന്നും മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു.
ലഹരിക്കടത്തില്‍ ആരോപണ വിധേയനായ ആലപ്പുഴയിലെ സിപിഎം കൗണ്‍സിലര്‍ എ ഷാനാവാസിനെതിരെയുള്ള സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജേക്കബ് ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ അന്വേഷണം നടത്തിയത്. കരുനാഗപ്പള്ളി ലഹരിക്കടത്തില്‍ പിടിയിലായ ഇജാസ് ഷാനവാസിന്റെ ബിനാമി ആണെന്നും ഷാനവാസിന് ക്രിമിനല്‍ ബന്ധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അന്വേഷണ സംഘം തെളിവുകള്‍ നശിപ്പിച്ചെന്നു ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഫോണ്‍ രേഖകളും കയ്യെഴുത്തു പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായത്. വീഴ്ചകളെ കുറിച്ച് ക്രൈം ബ്രാഞ്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിനു മുന്നിലേക്കു ചാടി ആത്മഹത്യ ചെയ്യാനാണ് യൂത്തു കോണ്‍ഗ്രസുകാരുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. അതുകൊണ്ടാണ് അവരെ ചാവേര്‍ സംഘമെന്നു വിശേഷിപ്പിക്കുന്നത്. അവരുടെ ആത്മഹത്യാശ്രമം തടയാനാണ് പൊലീസ് ശ്രമിക്കുന്നത്. സിപിഎം ജാഥയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും. ആര്‍എസ്എസ് – സിപിഎം സംഘര്‍ഷം ഇല്ലാതാക്കാനാണ് ഇരുവിഭാഗത്തിന്റേയും നേതാക്കള്‍ തമ്മില്‍ അഞ്ചു വര്‍ഷം മുമ്പു ചര്‍ച്ച നടത്തിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.
മലയാളം സര്‍വകലാശാല ഔദ്യോഗികാവശ്യത്തിന് വൈസ് ചാന്‍സലര്‍ക്ക് അനുവദിച്ച ഫര്‍ണിച്ചറുകളും ഇലട്രിക് , ഇലക്ടോണിക് ഉപകരണങ്ങളും നിസാര തുകയ്ക്ക് സ്വന്തമാക്കാനുള്ള ശ്രമത്തില്‍നിന്നു വൈസ് ചാന്‍സലര്‍ പിന്മാറി. ചൊവ്വാഴ്ച വിരമിക്കാനിരിക്കേയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇനങ്ങള്‍ നിസാര വില നിശ്ചയിച്ച് മൊത്തം എഴുപത്തയ്യായിരത്തോളം രൂപ അടച്ചു കൈക്കലാക്കാന്‍ ശ്രമിച്ചത്. സംഭവം വിവാദമാകുമെന്നു കണ്ടതോടെ വിസിതന്നെ ഉത്തരവ് തിരുത്തി. സാധനങ്ങളെല്ലാം സര്‍വകലാശാലയ്ക്ക് തന്നെ തിരിച്ചു നല്‍കാനും അടച്ച പണം തിരിച്ചു തരണമെന്നും കത്തു നല്‍കിയിരിക്കുകയാണ്. പുതിയ ഉത്തരവ്.
സ്വര്‍ണക്കടത്തു സംഘത്തില്‍നിന്നും ലാഭവിഹിതമായി സ്വര്‍ണം കൈപ്പറ്റിയെന്നും ആകാശ് തില്ലങ്കേരിക്കു പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നുമുള്ള പരാതികളില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ സഹിതം ജില്ല കമ്മറ്റിയംഗം മനു തോമസ് നല്‍കിയ പരാതിയിലാണ് അന്വേഷണം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുരേന്ദ്രനാണ് അന്വേഷിക്കുന്നത്.
ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ത്ഥാടക സംഘത്തിലെ അഞ്ചു വനിതകള്‍ ഉള്‍പെടെ ആറു മലയാളികളെ കാണാനില്ലെന്ന് പരാതി. യാത്രയ്ക്കു നേതൃത്വം നല്‍കിയ പുരോഹിതനാണു ഡിജിപിക്കു പരാതി നല്‍കിയത്. തിരുവല്ല കേന്ദ്രമാക്കിയുള്ള ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് യാത്ര സംഘടിപ്പിച്ചത്.
ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്രയേലിലേക്കു പോയ സംഘത്തില്‍നിന്ന് മുങ്ങിയ ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖേന ആവശ്യപ്പെടും. ഇസ്രയേലിലെ ഇന്ത്യന്‍ എംബസിക്കും കത്തു നല്‍കും.
കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ലഹരി മാഫിയ ലഹരി കടത്തിന് ഉപയോഗിച്ച പെണ്‍കുട്ടിക്ക് സ്‌കൂള്‍ അധികൃതര്‍ തുടര്‍ പഠനം നിഷേധിക്കുന്നെന്ന് കുടുംബം. സ്‌കൂളിലെത്താന്‍ അനുവദിക്കുന്നില്ലെന്നും പരീക്ഷ എഴുതാന്‍ മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
ബിജെപിയുടെ നാലു ശതമാനം വോട്ടു നേടിയാണ് പിണറായി വിജയന്‍ തുടര്‍ ഭരണം നേടിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശ്രീ എമ്മിന്റെ മധ്യസ്ഥതയിലാണ് വോട്ടു കച്ചവടം നടന്നത്. ഈ കച്ചവടം മറച്ചുവയ്ക്കാനാണ്. യുഡിഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കൈയെഴുത്തു രചനകളുടെ വിപുലമായ ശേഖരം കണ്ടെത്തി. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സദസ്സിലെ പണ്ഡിതന്‍ ആയിരുന്ന ഗോമതീദാസന്‍ എന്നു പേരെടുത്ത ഇലത്തൂര്‍ രാമസ്വാമി ശാസ്ത്രികളുടെ കൈയെഴത്തു ശേഖരമാണ് കണ്ടെത്തിയത്. തിരുവനന്തപുരം നീറമണ്‍കര ഗായത്രി നഗറിലെ അദ്ദേഹത്തിന്റെ ഏഴാം തലമുറാംഗമായ ഗീതാ രവിയുടെ വീട്ടില്‍നിന്നാണ് 26 താളിയോലക്കെട്ടുകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ കണ്ടെത്തിയത്. മലയാളം, തമിഴ്, ഗ്രന്ഥ എന്നീ ലിപികളിലാണ് രചന. സാഹിത്യം, സൗന്ദര്യശാസ്ത്രം, വേദാന്തം, ന്യായം, തന്ത്രം, ഗണിതം, വേദലക്ഷണം, മന്ത്രശാസ്ത്രം, ആചാരം, സ്‌തോത്രം തുടങ്ങി വിവിധ ശാഖകളിലുള്ള ഗ്രന്ഥങ്ങളുണ്ട്.
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ വീണ്ടും വാദം കോള്‍ക്കണമെന്നാണു പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
തേനീച്ചകളുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയിലെ കരിമ്പ ഇടക്കുറുശ്ശി തമ്പുരാന്‍ചോല പറപ്പള്ളി വീട്ടില്‍ പികെ രാജപ്പന്‍ (65) ആണ് മരിച്ചത്.
ഇടുക്കിയില്‍ വീണ്ടും കാട്ടാന രണ്ടു വീടുകള്‍ തകര്‍ത്തു. മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയ അരിക്കൊമ്പന്‍ എന്ന ആനയാണ് ശാന്തന്‍പാറ ചുണ്ടലില്‍ മാരി മുത്തുവിന്റെയും ആറുമുഖന്റെയും വീടുകള്‍ തകര്‍ത്തത്. ആക്രമണ സമയത്ത് വീടുകളില്‍ ആളില്ലായിരുന്നു.
മൂന്നു വര്‍ഷമായി അല്‍ഷിമേഴ്‌സ് രോഗിയായി ഓര്‍മയും ബുദ്ധിയുമില്ലാതെ കഴിയുന്ന ഭര്‍ത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. അല്‍ഷിമേഴ്‌സ് രോഗിയായ സുകുമാരനെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. മനീഷ് സിസോദിയയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ വിനയ് കുമാര്‍ സ്‌ക്സേന അനുമതി നല്‍കിയിരുന്നു.