കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗത്വം നല്‍കിയേക്കും. ഭരണഘടനാ സമിതിയുടെ നിര്‍ദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റി പരിഗണിക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും സ്ഥിരാംഗത്വം നല്‍കും. പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാമനിര്‍ദ്ദേശം ചെയ്താല്‍ വേണ്ടെന്ന് പറയില്ലെന്ന് ശശി തരൂരും പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലേക്കു കേരളത്തില്‍നിന്നു 47 പേര്‍ക്കു വോട്ടവകാശം. മുതിര്‍ന്ന നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, എഐസിസി അംഗങ്ങള്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് വോട്ടവകാശമുള്ളത്. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ശശി തരൂര്‍ എന്നിവര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. 16 പേര്‍ ക്ഷണിതാക്കളായും ഉണ്ടാകും.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങള്‍ക്കു നഷ്ടപരിഹാരത്തുകയ്ക്കായുള്ള ജപ്തി നടപടിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്ത 25 പേരുടെ സ്വത്തുക്കള്‍ വിട്ടുനല്‍കിയെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനത്തിനു ഭസ്മത്തിനും ഗുണനിലവാരമില്ലെന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ കമ്മീഷന്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂര്‍ ജില്ലയിലെ ചുടലയിലും പരിയാരത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച എട്ട് യൂത്ത് കോണ്‍ഗ്രസുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏതാനും പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിമാനമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുകയാണ്. രണ്ടു കുട്ടികള്‍ കരിങ്കൊടി കാണിക്കുമ്പോള്‍ മുഖ്യമന്ത്രി ഓടിയോളിക്കുകയാണെന്ന് വി ഡി സതീശന്‍ പരിഹസിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ദ്ധനക്കെതിരായ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ബിജെപി സംസ്ഥാന ഭാരവാഹി യോഗം കോഴിക്കോട് ആരംഭിച്ചു. കരുതല്‍ തടങ്കലിലടച്ച് സമരങ്ങളെ അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സിപിഎം ലഹരി മാഫിയയുടെയും ക്രിമിനല്‍ സംഘങ്ങളുടെയും പിടിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുവേണ്ടി ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ വെങ്കിട്ടരമണി ഹാജരാകും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എജി നേരിട്ട് ഹാജാരാകുന്നത്.
ആകാശ് തില്ലങ്കേരിക്കെതിരെ സിപിഎം ഇന്നു വൈകുന്നേരം തില്ലങ്കേരിയില്‍ നടത്തുന്ന പൊതുയോഗത്തില്‍ പി ജയരാജന്‍ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാന്‍ പി ജയരാജന്‍ തന്നെ സംസ്ഥാന നേതൃത്വം നിയോഗിച്ചിരിക്കുകയാണ്.
തമിഴ്‌നാട് തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ അക്രമിച്ച പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് (28) ചെങ്കോട്ടയില്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ ബലാല്‍സംഗ കേസുണ്ടെന്നു പോലീസ്.
ബൈക്കുകളില്‍ ശിവാലയ ഓട്ടത്തിനിടെ തമിഴ്‌നാട് തക്കലയിലുണ്ടായ അപകടത്തില്‍ വെങ്ങാനൂര്‍, മുക്കോല സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. മുക്കോല കുഴിപ്പള്ളം ചിത്രാ ഭവനില്‍ സോമരാജന്‍ (59 ) വെങ്ങാനൂര്‍ പീച്ചോട്ടു കോണം രാജു നിവാസില്‍ രാജു (52) എന്നിവരാണ് മരിച്ചത്. എട്ടംഗ സംഘം നാല് ഇരുചക്ര വാഹനങ്ങളിലായാണു യാത്ര തിരിച്ചത്.
ഇസ്രായേലിലെ കൃഷിരീതികള്‍ പഠിക്കാന്‍പോയ കര്‍ഷക സംഘം തിരിച്ചെത്തി. 26 പേരടങ്ങുന്ന സംഘത്തിലെ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിനു ശേഷം കാണാതായെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. ഇസ്രായേല്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഇസ്രയേലിലേക്കു പോയത്.
വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സിഐടിയു. കെഎസ്ആര്‍ടിസിയിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനാണു മന്ത്രി ആന്റണി രാജുവിനെതിരെ വിമര്‍ശനം. സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാന്‍ ഇറങ്ങരുത്. വകുപ്പില്‍ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സിഐടിയു.
കോട്ടയം നഗരസഭ അധ്യക്ഷയ്‌ക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോറം തികയാതെ തള്ളി. യുഡിഎഫ്, ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതാണു കാരണം. വിട്ടുനില്‍ക്കാന്‍ ബിജെപി തീരുമാനമാണ് നിര്‍ണായകമായത്. ബിജെപി അവിശ്വാസ പ്രമേയത്തെ അനകൂലിക്കുമെന്ന ഇടതു പ്രതീക്ഷ അവസാന നിമിഷം പാളുകയായിരുന്നു.
കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയാണ് പെണ്‍കുട്ടിക്ക് ലഹരി നല്‍കുന്നത്. ഇയാള്‍ ഒരു ഉത്തരേന്ത്യന്‍ സ്വദേശിയുടെ കൈവശമാണ് ലഹരി കൊടുത്തുവിടുന്നതെന്നും കണ്ടെത്തി. 25 പേരടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റം.
കടയില്‍ മോഷണം നടത്തുന്നത് ആളുകള്‍ കണ്ടതോടെ രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ച യുവാവിനെ തിരിച്ചറിഞ്ഞു. താമരശ്ശേരി പി.സി. മുക്കിലെ ‘പി.ടി.സ്റ്റോര്‍’ സ്റ്റേഷനറി കടയില്‍ മോഷണം നടത്തി അപകടത്തില്‍ കുടുങ്ങിിയത് കൊടുവള്ളി കരീറ്റിപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ ഹബീബ് റഹ്‌മാന്‍ (23) ആണെന്നു പോലീസ് സ്ഥിരീകരിച്ചു.
ഗോവയില്‍ ലഹരി പാര്‍ട്ടിക്കിടെ മൂന്നു മലയാളികള്‍ അടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദില്‍ഷാദ് (27), അജിന്‍ ജോയ് (20), നിധിന്‍ എന്‍എസ് (32) എന്നിവരാണ് പിടിയിലായത്.
ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഒരു വീട് തകര്‍ത്തു. എമിലി ജ്ഞാനമുത്തുവിന്റെ വീടാണ് ആന അക്രമിച്ചത്.
കാര്‍ത്തിക് സുബ്രഹ്‌മണ്യന്‍ പകര്‍ത്തിയ ‘ഡാന്‍സ് ഓഫ് ദ ഈഗിള്‍സ്’ എന്ന ചിത്രത്തിന് ഈ വര്‍ഷത്തെ നാഷണല്‍ ജിയോഗ്രാഫിക്കിന്റെ പിക്‌ചേഴ്‌സ് ഓഫ് ദ ഇയര്‍ അവര്‍ഡ്. അയ്യായിരത്തോളം എന്‍ട്രികളെ മറികടന്നാണ് കാര്‍ത്തിക് സുബ്രഹ്‌മണ്യം ഈ നേട്ടം സ്വന്തമാക്കിയത്. ‘എവിടെ സാല്‍മണ്‍ ഉണ്ടോ അവിടെ അരാജകത്വമുണ്ട്.’ എന്നാണ് ഇന്ത്യന്‍ വംശജനായ കാര്‍ത്തിക് സുബ്രഹ്‌മണ്യന്റെ ചിത്രത്തിന്റെ അടിക്കുറിപ്പ്. സാല്‍മനെ കഴിക്കാനെത്തുന്ന കഷണ്ടിത്തലയന്‍ പരുന്തിന്റെ ചിത്രമാണ് അവാര്‍ഡു നേടിയത്.
ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഡല്‍ഹിയിലെ വസതിക്കു നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം.
കര്‍ണാടകയില്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ വനിതാ ഐപിഎസ് ഓഫീസറായ ഡി രൂപ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഇതു സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചു. വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ വിഐപി ട്രീറ്റ്‌മെന്റ് ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഡി രൂപ. മൈസുരുവില്‍ ജെഡിഎസ് എംഎല്‍എയുടെ കെട്ടിടം കയ്യേറ്റമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട ഓഫീസറാണ് രോഹിണി.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ വ്യാപക പരിശോധന. പതിനാല് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഖനി ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന.
പ്രധാനമന്ത്രിയുടെ റാലി നടത്താന്‍ സ്റ്റേഡിയം അനുവദിക്കാതെ മേഘാലയ സര്‍ക്കാര്‍. സഖ്യകക്ഷികളായിരുന്ന ബിജെപിയും എന്‍പിപിയും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ ഇക്കുറി ഒറ്റക്കു മത്സരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലി വെള്ളിയാഴ്ച തുറയിലെ സ്റ്റേഡയത്തില്‍ നടത്താനാണു ബിജെപിയുടെ തീരുമാനം.
ജമ്മു കാഷ്മീരിലെ താഴ് വാരത്തെ ഉള്‍പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചേക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴാണു വന്‍തോതില്‍ സൈനികരെ വിന്യസിച്ചിത്.
ജോഷിമഠില്‍ പുതിയ വിള്ളലുകള്‍. ബദരിനാഥ് ഹൈവേയില്‍ ജോഷിമഠിനും മാര്‍വാഡിക്കും ഇടയിലാണ് വിള്ളലുകള്‍. പ്രദേശത്ത് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ പലയിടത്തായി വിള്ളല്‍ വീണതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.
ഭോപ്പാലില്‍ ഭാര്യമാര്‍ തമ്മിലുള്ള വഴക്കിനിടെ ഭര്‍ത്താവിനു വെടിയേറ്റു. ഭോപ്പാല്‍ സ്വദേശിയായ താഹിര്‍ ഖാനാണ് വെടിയേറ്റത്. ഇയാളുടെ ആദ്യ ഭാര്യ അജ്മുവും മകനുമൊപ്പം എത്തിയ സംഘത്തിലെ ഒരാളാണ് താഹിര്‍ ഖാനുനേരെ വെടിയുതിര്‍ത്തത്. രണ്ടാം ഭാര്യ ഹുമ ഖാനുമായി വഴക്കുണ്ടാക്കിയശേഷമാണു വെടിവച്ചത്.
തുര്‍ക്കി -സിറിയ ഭൂചലനത്തിന്റെ പന്ത്രണ്ടാം ദിവസം അപാര്‍ട്‌മെന്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന ഒരു ദമ്പതികളെയും മകനെയും രക്ഷപ്പെടുത്തി. കുട്ടി പിന്നീട് ആശുപത്രിയില്‍ മരിച്ചു. സ്വന്തം മൂത്രം കുടിച്ചാണ് ഇത്രയും നാള്‍ അതിജീവിച്ചത്.