mid day hd 13

 

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും പദ്ധതി റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകളിലൂടെ ആരെല്ലാം സംഭാവന നല്‍കിയെന്നു രഹസ്യമാക്കാമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണ്. അറിയാനുള്ള അവകാശം വോട്ടര്‍മാര്‍ക്കുണ്ട്. കള്ളപണം തടയാനുള്ള നടപടി എന്ന പേരില്‍ ആരംഭിച്ച ഈ പദ്ധതിയിലും കള്ളപ്പണമുണ്ടോയെന്നു പരിശോധിക്കണം. ഇലക്ട്രല്‍ ബോണ്ടിനായി കമ്പനി നിയമത്തില്‍ വരുത്തിയ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണ്. കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്. ഇലക്ടറല്‍ ബോണ്ട് വഴി കഴിഞ്ഞ വര്‍ഷം ബിജെപിക്കു ലഭിച്ചത് 1,300 കോടി രൂപയായിരുന്നു.

കിഫ്ബിയുടെ കടമെടുപ്പ് കേരള സര്‍ക്കാരിന്റെ ബാധ്യത വര്‍ധിപ്പിച്ചെന്നു സിഎജി റിപ്പോര്‍ട്ട്. കിഫ്ബിയുടെ വായ്പ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന വാദം തള്ളുന്ന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. കിഫ്ബിക്കു സ്വന്തമായി വരുമാനം ഇല്ല. ബജറ്റ് വഴിയുള്ള വരുമാനത്തില്‍നിന്ന് കിഫ്ബി കടം തീര്‍ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതതന്നെയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞു. പെന്‍ഷന്‍ കമ്പനിയുടെ 11,206.49 കോടി രൂപയുടെ കുടിശ്ശികയും സര്‍ക്കാരിന്റെ അധിക ബാധ്യതയാണ്. ബജറ്റിനു പുറത്തെ കടം വാങ്ങല്‍ വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. സാമ്പത്തിക സ്രോതസിനെ നിയമസഭയുടെ നിയന്ത്രണത്തിന് അതീതമാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

കടമെടുപ്പു പരിധി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച ഇന്നു നാലിന്. വലിയ പ്രതീക്ഷയോടെയാണു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമാണ് ചര്‍ച്ച.

സപ്ലൈകോ 13 ഇനം ധാന്യങ്ങളുടെ വില വര്‍ധിപ്പിച്ചതിനെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി നിയമസഭയുടെ നടുത്തളത്തിലിറങ്ങി. നിയമസഭ സമ്മേളിക്കുമ്പോള്‍ സഭയെ അറിയിക്കാതെ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വില കൂട്ടില്ലെന്നു വാഗ്ദാനം നല്‍കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. വില വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ഭരണപക്ഷവും സീറ്റില്‍നിന്ന് എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് വലിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതിനിടെ ധന വിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും ചര്‍ച്ച കൂടാതെ പാസാക്കി. തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

ആലപ്പുഴയില്‍ നവകരേള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അടിയന്തരപ്രമേയ നോട്ടീസുമായി പ്രതിപക്ഷം. നോട്ടീസ് സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. കോടതിയുടെ നിര്‍ദേശമനുസരിച്ച് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടീസ് നല്‍കിത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു പറഞ്ഞാണ് സ്പീക്കര്‍ നോട്ടീസ് തള്ളിയത്.

സപ്ലൈകോയില്‍ കാലോചിതമായി മാത്രമേ വില വര്‍ധിപ്പിച്ചിട്ടുള്ളൂവെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍. അഞ്ചു വര്‍ഷം മുമ്പായിരുന്നു എല്‍ഡിഎഫ് വാഗ്ദാനം. അതും കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിട്ടു. സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തും. സബ്‌സിഡി 25 ശതമാനമാക്കാനായിരുന്നു നിര്‍ദേശം. അത് 35 ശതമാനമാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചതെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

മലപ്പുറം തിരൂരില്‍ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം. അക്ഷയ കേന്ദ്രം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം വിഭാഗമാണ് അന്വേഷിക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയത്.

മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ അഞ്ചര വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിനെയാണ് മുന്‍ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദ്ദിച്ചത്. പൊലീസ് ഡ്രൈവര്‍ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പൊലീസ് എഴുതി തള്ളി.

മുഖ്യമന്ത്രിക്കെതിരേ ലേഖനമെഴുതി എന്ന പരാതിയില്‍ മറുവാക്ക് മാസിക എഡിറ്റര്‍ അംബികക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണു കേസെടുത്തത്. സമൂഹത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസ്.

തൃപ്പൂണിത്തുറ പടക്ക സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പുതിയകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന ഇവരെ അടിമാലിയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കേസില്‍ ദേവസ്വം പ്രസിഡന്റും സെക്രട്ടറിയും അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂരിലെ കൊട്ടിയൂരില്‍നിന്നു പിടികൂടി ചത്ത കടുവ കുടുങ്ങിയതു കമ്പിവേലിയിലല്ല, കമ്പിക്കെണിയിലാണെന്ന് വനംവകുപ്പ്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. കടുവയെ മയക്കുവെടി വച്ചശേഷം മൃഗശാലയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ചത്തത്.

അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ ഡി സജിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജനപ്രതിനിധി ആയിരിക്കെ ശബരിമല സാനിറ്റൈസേഷന്‍ സൊസൈറ്റിക്കു സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഏറ്റെടുത്തത് ഗുരുതര ചട്ടലംഘനമെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സാധന സാമഗ്രികള്‍ വിതരണം ചെയ്യാനുള്ള പര്‍ച്ചെസ് ഓര്‍ഡര്‍ മാത്രമാണ് ഏറ്റെടുത്തതെന്നാണ് ഡി സജിയുടെ വിശദീകരണം.

കുടിശിക ഒരു കോടി രൂപയായതോടെ ആലപ്പുഴയിലെ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് പെട്രോള്‍ പമ്പ് ഉടമകള്‍ നിര്‍ത്തി. നവംബര്‍ മുതല്‍ ഒരു രൂപ പോലും പമ്പുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നു പമ്പുടമകള്‍ കുറ്റപ്പെടുത്തി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേഴ്‌സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് തിരുവാര്‍പ്പ് സ്വദേശിനി
യുടെ കയ്യില്‍ നിന്ന് അമ്പതിനായിരം രൂപ പണം തട്ടിയെടുത്തെന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി സ്വദേശി സതീഷ് കുമാര്‍ ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

ഇടുക്കി ഉപ്പുതറയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഉപ്പുതറ ഒന്‍പതേക്കര്‍ കോളനി കുളത്തിന്‍ കാലായില്‍ ശ്രീനിവാസന്റെ മകന്‍ അജിത് ആണ് മരിച്ചത്.

കര്‍ഷക സംഘടനകള്‍ നാളെ ബന്ത് പ്രഖ്യാപിച്ചിരിക്കേ, ഇന്നു വൈകുന്നേരം അഞ്ചിനു ചണ്ഡീഗഡില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച നിര്‍ണായകമാകും. പോലീസ് അടച്ചിട്ട ഡല്‍ഹിയുടെ അതിര്‍ത്തികളില്‍നിന്നു കര്‍ഷകരെ തുരത്താന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ടിയര്‍ ഗ്യാസ് ഷെല്ലുകളെ നനഞ്ഞ ചാക്കുകള്‍ വിരിച്ചും നനഞ്ഞ തടവല്‍ മുഖത്തു കെട്ടിയുമാണ് കര്‍ഷകര്‍ നേരിട്ടത്. കണ്ണീര്‍വാതക ഷെല്ലുകളുമായി എത്തുന്ന ഡ്രോണുകളെ പട്ടം പറത്തി വീഴ്ത്തി. കണ്ണീര്‍ വാതക ഷെല്ലുകള്‍ നനഞ്ഞ ചാക്കുകൊണ്ട് മൂടി പോലീസിനെതിരേ തിരിച്ചെറിഞ്ഞു. വെള്ളം സ്‌പ്രേ ചെയ്യാന്‍ ടാങ്കറുകളും എത്തിച്ചിട്ടുണ്ട്. പോലീസ് റോഡില്‍ സ്ഥാപിച്ച കൂറ്റന്‍ സിമന്റ് ബാരിക്കേഡുകളില്‍ ചങ്ങല കെട്ടി ട്രാക്ടറുകള്‍ കെട്ടിവലിച്ച് മാറ്റിയിട്ടു. കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ പോലീസ് കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രം ഉപയോഗിച്ചു കോണ്‍ക്രീറ്റു ചെയ്തതു തകര്‍ക്കാന്‍ ഗ്രാമങ്ങളില്‍നിന്ന് ജെസിബികള്‍ എത്തിക്കുമെന്ന് കര്‍ഷകര്‍. റോഡില്‍ കോണ്‍ക്രീറ്റില്‍ പാകിയ വലിയ മുള്ളാണികളെല്ലാം കര്‍ഷകര്‍ പിഴുതെടുത്തു. പതിനായിരക്കണക്കിനു കര്‍ഷകരാണ് ഭക്ഷണം അടക്കമുള്ള സന്നാഹങ്ങളുമായി സമരരംഗത്തുള്ളത്.

ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ന്റെ കീഴിലുള്ള ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 2025-26 സാമ്പത്തിക വര്‍ഷം വരെ 496 കോടി രൂപയുടെ മൊത്തം ബജറ്റ് വിഹിതത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് ന്യൂ റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ക്യാന്‍സറിനുള്ള വാക്‌സിന്‍ സജ്ജമായിവരികയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. വാക്‌സിന്‍ രോഗികള്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മോസ്‌കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *