ഖത്തറില്‍ വധശിക്ഷയ്ക്കു വിധിച്ചു തടവിലാക്കിയിരുന്ന മലയാളിയടക്കം എട്ടു മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം ഏഴു പേരും നാട്ടിലേക്കു മടങ്ങി. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. ഇവരുടെ വധശിക്ഷ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നു റദ്ദാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇവര്‍ക്കു ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചത്.
വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതലയോഗം വിളിച്ചു. വനമന്ത്രിയും എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടീസ് അനുവദിക്കാത്തതിനെത്തടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. റോഡിയോ കോളറുള്ള ആനയായിട്ടും വനംവകുപ്പ് മുന്നറിയിപ്പു നല്‍കിയില്ല. ഒരാള്‍ കൊല്ലപ്പെട്ടത് ഗുരുതരമായ വീഴ്ചയാണ്. പ്രതിപക്ഷം കുറ്റപ്പെടുത്തി. വനം വകുപ്പ് വനം വന്യജീവി സംരക്ഷണത്തിനുള്ളതാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു
റേഷന്‍ കടകളില്‍ മോദി ചിത്രം വയ്ക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥിയും സിപിഎം നേതാവുമായ എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. മതചിഹ്നങ്ങളുപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിനെതിരെ എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.
വിഷ്ണു എന്നയാളാണ് മരിച്ചത്. തീ പിടിത്തത്തില്‍ ഒരു സ്ത്രീയടക്കം ഏഴു പേര്‍ക്കു പരിക്കേറ്റു. പുതിയകാവ് ക്ഷേത്രോത്സവത്തിനായി പാലക്കാട്ടുനിന്ന് കൊണ്ടുവന്ന പടക്കങ്ങളാണ് വാഹനത്തില്‍നിന്ന് ഇറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. സ്‌ഫോടനത്തില്‍ സമീപത്തെ 45 വീടുകള്‍ക്കു കേടുപാടുകളുണ്ടായി.
തലശേരി മാഹി ബൈപ്പാസ് പണി പൂര്‍ത്തിയായി. മാഹി റെയില്‍വേ മേല്‍പ്പാലത്തിന്റേയും ടോള്‍ ബൂത്തിന്റേയും ജോലികള്‍ അവസാന ഘട്ടത്തിലാണ്. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോ മീറ്റര്‍ പാതയാണ്. 1977ല്‍ സ്ഥലമേറ്റെടുത്തു തുടങ്ങിയ പദ്ധതിയാണ് നാലപ പതിറ്റാണ്ടിനുശേഷം പൂര്‍ത്തിയാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോണ്‍ ജോര്‍ജ്ജിന്റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഗോവിന്ദന്‍ പറഞ്ഞു.
എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരുക്ക്. കത്രിക്കടവ് ഇടശേരി ബാറിനു മുന്നിലാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റ ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയപാറക്കല്‍ ഷീലയാണ് മരിച്ചു. അയല്‍വാസിയായ ശശികുമാറിനെ നേരത്തെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കര്‍ണാടക സര്‍ക്കാരിനെതിരായ പ്രതിഷേധറാലിക്കിടെ ഫ്രീഡം പാര്‍ക്കിലേക്കു പശുക്കളെ കൊണ്ടുവന്നതിന് ഒമ്പത് ബിജെപി നേതാക്കള്‍ക്കെതിരെ മൃഗപീഡന നിരോധന നിയമപ്രകാരം കേസെടുത്തു. ക്ഷീര കര്‍ഷകര്‍ക്കുള്ള സബ്സിഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ സമരത്തിലാണ് പശുക്കളെ കൊണ്ടുവന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ സര്‍ക്കാറും ഇടപെട്ടില്ലായിരുന്നെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കുമായിരുന്നെന്ന് ഖത്തറിലെ ജയിലില്‍നിന്ന് മോചിതരായ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍. സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തര്‍ അമീര്‍ എന്നിവരോട് തീരാത്ത നന്ദിയുണ്ട. അവര്‍ പറഞ്ഞു.
അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരിക്ക്. അക്രമിയായ വനിതയെ പൊലീസ് വെടിവച്ചു കൊന്നു. ലേക്ക് വുഡ് പള്ളിയിലാണു വെടിവയ്പുണ്ടായത്. അഞ്ചു വയസുള്ള കുട്ടിക്കൊപ്പം വന്ന 35 കാരിയാണ് നിറയൊഴിച്ചത്.
നെതര്‍ലാന്‍ഡ്സില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാന്‍ ആഗ്റ്റ് 93 ാം വയസില്‍ ഭാര്യയോടൊപ്പം ദയാവധത്തിനു വിധേയരായി. ഭാര്യ യുജെനി വാന്‍ അഗ്റ്റ്- ക്രെക്കെല്‍ബര്‍ഗിനും 93 വയസായിരുന്നു. 1977 മുതല്‍ 1982 വരെയാണു പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നത്.