രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്നു തീരുമാനിക്കാനല്ല ഇന്ത്യ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെതിരെയാണോ മത്സരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ ദുരന്തത്തെക്കുറിച്ച് നിലവില്‍ ഏതെല്ലാം അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തം വേദനിപ്പിക്കുന്നതാണ്. അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്നും ഹൈക്കോടതി. ജുഡീഷ്യല്‍ അന്വേഷണം അവശ്യപ്പെട്ട് കെ എസ് യു നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്കു പോലും എ പ്ലസ് വാരിക്കോരി കൊടുക്കുന്നതു നല്ല പ്രവണതയല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്. എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകര്‍ക്കുള്ള ശില്‍പശാലയ്ക്കിടെയാണ് ഇങ്ങനെ വിമര്‍ശിച്ചത്. സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ശില്പശാലയില്‍ എന്തെങ്കിലും വിമര്‍ശനം ഉണ്ടായാല്‍ അതു സര്‍ക്കാര്‍ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ നയമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
ഹീര ഗ്രൂപ്പ് എംഡി ഹീരബാബു എന്ന അബ്ദുള്‍ റഷീദിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആക്കുളത്തെ ഫ്‌ളാറ്റ് നിര്‍മിക്കാന്‍ എടുത്ത 14 കോടി രൂപയുടെ വായ്പ തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയിലാണു നടപടി.
ഒന്നര മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതല്ല, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചതാണെന്ന് അമ്മ അശ്വതി. എളമക്കരയിലെ ഹോട്ടല്‍മുറിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്നു പോലീസ്. പ്രതി ഷാനിഫ് കുറ്റം സമ്മതിച്ചെന്നും പൊലീസ് അവകാശപ്പെട്ടു. കൊലപാതകത്തില്‍ അമ്മ അശ്വതിക്കും പങ്കുണ്ടെന്നും പൊലീസ് പറയുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ഹാജരായില്ല. ഇതു മൂന്നാം തവണയാണ് ഇഡി നോട്ടീസ് നല്‍കി വിളിപ്പിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസില്‍ പങ്കെടുക്കുന്നതിനാല്‍ ഇന്നു ഹാജരാകില്ലെന്ന് വര്‍ഗീസ് അറിയിച്ചിരുന്നു.
തിരുവനവന്തപുരത്ത് മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഇന്നു സന്ധ്യക്കു ചന്ദ്രന്‍ ഉദിക്കും. ലോകപ്രശസ്ത ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണ്‍ വൈകുന്നേരം ഏഴിനു കാണാം. 23 അടി വ്യാസമുള്ള തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്. നാസയില്‍ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റലേഷന്റെ പ്രതലത്തില്‍ പതിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.
ചിന്നക്കനാലില്‍ 364.39 ഹെക്ടര്‍ റിസര്‍വ് വനമാക്കിയ കരട് വിജ്ഞാപനം മരവിപ്പിച്ചാല്‍ പോരാ, അടിയന്തരമായി റദ്ദാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ആ പ്രദേശത്തെ ജനജീവിതവും കാര്‍ഷിക പ്രവര്‍ത്തനങ്ങളും അസാധ്യമാക്കുന്ന നടപടി അംഗീകരിക്കില്ല. അദ്ദേഹം പറഞ്ഞു. ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു സിപിഎം നേതാവ് എം.എം. മണി എംഎല്‍എയും മുന്നറിയിപ്പു നല്‍കിയിരുന്നു.
നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്ന വാര്‍ത്ത കണ്ട് അദ്ഭുതം തോന്നിയെന്ന് എ.വി. ഗോപിനാഥ്. 2021 ല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതാണ്. ഈയടുത്ത ദിവസങ്ങളില്‍പോലും നേതാക്കള്‍ കോണ്‍ഗ്രസിലേക്കു ക്ഷണിച്ചു. കോണ്‍ഗ്രസ് അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ അതിശക്തമായ മഴ കുറഞ്ഞു. നഗരത്തില്‍ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളം ഇന്നു തുറന്നേക്കും. ഉച്ചയോടെ ചെന്നൈയിലെ 80 ശതമാനം സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കും. കനത്ത മഴ ദുരിതംമൂലമുണ്ടായ അപകടങ്ങളിലായി ചെന്നൈയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്നു ചേരുന്നതിനിടെ സഖ്യത്തിന്റെ നേതൃസ്ഥാനം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ മുഖപ്രസംഗം. ബിജെപിയെ തോല്പിച്ച ചരിത്രമുള്ളവര്‍ക്കാണു നേതൃ സ്ഥാനം നല്‌കേണ്ടതെന്നാണ് മുഖപ്രസംഗത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതിനു പിറകില്‍ വോട്ടിംഗ് മെഷീനിലെ തിരിമറി സംശയിക്കണമെന്നു കോണ്‍ഗ്രസ്. 230 മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് ലീഡ്. ഈ കണക്കനുസരിച്ച് കോണ്‍ഗ്രസ് ജയിക്കേണ്ടതാണെന്നാണു കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ വാദം.
ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ മരുമകനും നിരോധിത തീവ്രവാദി സംഘടനയായ ഖലിസ്ഥാന്‍ തീവ്രവാദി സായുധ സംഘത്തിന്റെ തലവനുമായ ലഖ്ബീര്‍ സിംഗ് റോഡ് (72) പാകിസ്ഥാനില്‍ മരിച്ചു. പാക് ചാര സംഘടനയായ ഐഎസിഐയുടെ സഹായത്തോടെ ഇയാള്‍ ഇന്ത്യയ്‌ക്കെതിരേ ടിഫിന്‍ ബോംബും മയക്കുമരുന്നും കടത്തിയിരുന്നു.
കുടിയേറ്റം നിയന്ത്രിക്കാന്‍ യുകെ വീസ നിയമങ്ങള്‍ കര്‍ക്കശമാക്കി. ഇന്ത്യയില്‍ നിന്നടക്കം കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികള്‍ക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയര്‍ത്തി.