സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. വിധവാ പെന്ഷന് കിട്ടാത്തതു ചോദ്യം ചെയ്ത് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്കിയ ഹര്‍ജി പരിഗണിച്ച കോടതി ഇവരെപ്പോലുളളവര്‍ എങ്ങനെ ജീവിക്കുമെന്നും ചോദിച്ചു.
ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനുള്ളില്‍ കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം പോലീസ് നോക്കിക്കോളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അലസമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിനോട് കോണ്‍ഗ്രസിന് പകയാണെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് നയിക്കുന്ന നവകേരള സദസിനു നാളെ സമാപനം. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്. പ്രതിഷേധവുമായി കെപിസിസി നാളെ നടത്താന്‍ ആഹ്വാനം ചെയ്ത ഡിജിപി ഓഫീസ് മാര്‍ച്ച് അക്രമാസക്തമാകാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.
മരാമത്തു മന്ത്രി മുഹമ്മദ് റിയാസിന് മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. റിയാസ് മൂക്കാതെ പഴുത്തയാളാണ്. കേടായ റോഡിലെ കുഴി എണ്ണട്ടെ. എന്റെ പാര്‍ട്ടിയിലെ സ്വാധീനമളക്കാന്‍ റിയാസ് വരേണ്ട. നവ കേരള സദസിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങള്‍ക്കാണ് അലര്‍ജിയെന്നും സതീശന് പറഞ്ഞു.
അയോഗ്യനെന്നു സുപ്രീം കോടതി വിധിച്ചശേഷവും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വിസി ഗോപിനാഥ് രവീന്ദ്രന് നിയമനത്തില്‍ ഇടപെട്ടെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി. വിധി വന്ന ദിവസം അധ്യാപക നിയമന അഭിമുഖ പാനലില്‍ നോമിനിയായി പ്രൊഫസറെ നിയോഗിച്ചത് ചട്ടവിരുദ്ധമാണെന്നു ഗവര്‍ണര്‍ക്കു പരാതി നല്കി.
ഡ്രോണ്‍ ബുക്ക് ചെയ്യാന്‍ ഫോണിലൂടെ വിവരങ്ങള്‍ തിരക്കിയ എന്എസ്യു നേതാവിനെ പൊലീസ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി അറസ്റ്റു ചെയ്തു. പൊലീസിന്റെ നടപടിക്കെതിരേ എന്എസ്യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്‍ ഹൈക്കോടതിയെ സമീപിച്ചു.
മുഖ്യമന്ത്രിയുടെ നവകേരള സദസിനു കോഴിക്കോട് ജില്ലയില്‍ ലഭിച്ച നാല്‍പ്പത്താറായിരം പരാതികളില്‍ തീര്‍പ്പാക്കിയത് 733 എണ്ണം മാത്രം. കണ്ണൂരിലും കാസര്‍കോടും 20 ശതമാനം പരാതികള്‍ പോലും തീര്‍പ്പാക്കിയിട്ടില്ല.
നവകേരള സദസിനെതിരായ പ്രതിഷേധങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടു കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഭാഗങ്ങളിലാണ് വീടാക്രമണങ്ങള്‍ നടന്നത്. മൂന്നു വീടുകളാണ് അടിച്ചു തകര്‍ത്തത്.
പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവര്‍ത്തന്റെ വീട് അടിച്ചു തകര്‍ത്തു. പന്തളം എന്‍എസ്എസ് കോളേജില്‍ നടന്ന എസ്എഫ്ഐ – എബിവിപി സംഘര്‍ഷത്തില്‍ ഉള്‍പെട്ട ശ്രീനാഥിന്റെ വീടാണ് തകര്‍ത്തത്. എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയതെന്ന് എബിവിപി നേതാക്കള്‍ ആരോപിച്ചു.
സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്കു കൂടി കൊവിഡ്. ഒരാള്‍കൂടി മരിച്ചു. മൊത്തം 2606 കോവിഡ് രോഗികളുണ്ട്. രാജ്യത്താകെ ഇന്നലെ 328 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്തു മൊത്തം 2997 കോവിഡ് രോഗികളുണ്ട്.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മുന്‍ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയാല്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കാമെന്നും കോടതി പറഞ്ഞു.
തൃശൂര്‍ പൂരം അട്ടിമറിക്കാനാണ് പൂരം എക്സിബിഷന് ഗ്രൗണ്ടിന്റെ തറവാടക കൊച്ചിന് ദേവസ്വം ബോര്‍ഡ് ഭീമമായി വര്‍ധിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃശൂര്‍ ജില്ലക്കാരനായ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും ഇടപെടാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. ടി.എന്‍.പ്രതാപന് എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകല്‍ സമരത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. ഉദ്ഘാടനത്തിന് എത്തിയ മേയറും എംഎല്‍എയും നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഡോക്ടര്‍ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജിമോന് കണ്ടല്ലൂരിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. എഐസിസി അംഗം ജോണ്സണ് എബ്രഹാം നല്കിയ പരാതിയിലാണ് കേസെടുത്തത്.
തൃശൂര്‍ വലപ്പാട് ക്രിമിനല്‍ കേസ് പ്രതി കയ്പമംഗലം സ്വദേശി ഹരിദാസന് നായര്‍ (52) വെട്ടേറ്റു മരിച്ചു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകന് മാധവ് എന്നിവരാണ് മരിച്ചത്.
പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു (27)വിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മകള്‍ ആരുഷ്മ (10) യെ എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചീട്ടുകളിയുടെ പണത്തെച്ചൊല്ലി തര്‍ക്കിച്ച് കൊല്ലം കണ്ണനല്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സുഹൃത്തായ പശ്ചിമ ബംഗാള്‍ സ്വദേശി അല്‍ത്താഫ് മിയയെ കഴുത്തറുത്തു കൊന്ന് ചെളിയില്‍ താഴ്ത്തിയ കേസില്‍ പ്രതികളെ ഇന്ന് അറസ്റ്റു ചെയ്യും. അന്‍വര്‍ മുഹമ്മദ്, ബികാസ് സെന്‍ എന്നിവരാണ് പിടിയിലായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോക്കറ്റടിക്കാരന് എന്നു വിശേഷിപ്പിച്ചതിനു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ നടപടിയെടുക്കാന്‍ തെരഞ്ഞെുപ്പ് കമ്മീഷന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എട്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണം. രാഹുല്‍ വിശദീകരണം നല്‍കാത്തതിനാലാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയത്.
ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥി അക്രമിയുടെ അച്ഛനെ വീട്ടില്‍ വെടിവച്ചു കൊന്നശേഷമാണ് കാമ്പസില്‍ വെടിവയ്പു നടത്തിയത്. അക്രമി പന്നീട് ജീവനൊടുക്കി.
ഹോളിവുഡ് താരം വിന് ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. നടന്റെ മുന്‍ സഹായിയാണ് പരാതിക്കാരി. 2010 ല്‍ ഫാസ്റ്റ് ഫൈവ് ചിത്രീകരിച്ചപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്നുമാണ് വിന് ഡീസലിന്റെ മുന്‍ സഹായി ആസ്റ്റ ജോനാസണ്‍ പരാതിയില്‍ പറയുന്നു.