ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചിറക്കര സ്വദേശി കസ്റ്റഡിയില്‍. കാര്‍ വാടകയ്ക്കു കൊടുത്തയാളെന്നു സംശയിക്കുന്നയാളാണു പിടിയിലായത്. കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കാന്‍ സംഘത്തിലെ യുവതി സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ഒരു യുവതി നഴ്‌സിംഗ് കെയര്‍ ടേക്കറാണെന്നും റിക്രൂട്ടിംഗ് തട്ടിപ്പിനിരയായ യുവതിയാണെന്നുമുള്ള സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛന്‍ റെജിയോടു വൈരാഗ്യമുള്ള ചിലര്‍ നല്‍കിയ ക്വട്ടേഷനാണ് തട്ടിക്കൊണ്ടുപോകലെന്നും സംശയിക്കുന്നുണ്ട്. പോലീസ് റെജിയുടെ മൊഴിയെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം. മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കി നിജപ്പെടത്തി. ഒരു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ മുന്‍ഗണനയും അനുമതിയും കിട്ടിയ ശേഷമേ തുക അനുവദിക്കൂ.
കണ്ണൂര്‍ വിസിയുടെ ചുമതല കുസാറ്റിലെ പ്രഫ. ബിജോയ് നന്ദന്. സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയിരിക്കേയാണ് ബിജോയ് നന്ദനു ചുമതല നല്‍കിയത്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു പ്രോ- ചാന്‍സലറായ മന്ത്രി ബിന്ദു ചാന്‍സിലറായ ഗവര്‍ണര്‍ക്കയച്ച കത്ത് എങ്ങനെ ബാഹ്യസമ്മര്‍ദ്ദമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അതു ബാഹ്യസമ്മര്‍ദാണെന്നാണു ഗവര്‍ണര്‍ പറയുന്നത്. ഗവര്‍ണറാണ് വിസിയെ നിയമിച്ചത്. അതേ ഗവര്‍ണര്‍ തന്നെ നിയമനം ചട്ടപ്രകാരമല്ലെന്നു പറയുന്നു. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും പിണറായി വിജയന്‍ പാലക്കാട്ട് പറഞ്ഞു.
ഓയൂരില്‍ കുഞ്ഞിനെ തട്ടികൊണ്ടു പോയ സംഘം സഞ്ചരിച്ച കാറിന് ഒന്നിലധികം വ്യാജ നമ്പറുകള്‍ ഉപയോഗിച്ചെന്നു പോലീസ്. ഒരേ റൂട്ടില്‍ പല നമ്പര്‍ പ്ലേറ്റുകള്‍ വച്ച് കാര്‍ ഓടിച്ചെന്നാണ് വിവരം. അന്വേഷണം വഴിമുട്ടിക്കാനുള്ള തന്ത്രമാണ് ഇതിനു പിറകിലെന്നു പോലീസ് സംശയിക്കുന്നു.
ഇടുക്കി ചിന്നകനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സിങ്കുകണ്ടം, സിമന്റ് പാലം, വേട്ടവന്‍തേരി, വേസ്റ്റുകുഴി, 301 കോളനിയിലെ പട്ടയഭൂമി ഒഴിച്ചുള്ള പ്രദേശം എന്നീ പ്രദേശങ്ങളാണ് റിസര്‍വ് വനമാക്കി ഉത്തരവിറക്കിയത്. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനു പാട്ടത്തിനു കൊടുത്തിരുന്ന പ്രദേശങ്ങളാണ് ഇവയില്‍ അധികവും.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ പട്ടിക യൂണിവേഴ്‌സിറ്റി അംഗീകരിച്ചു. വൈസ് ചാന്‍സലര്‍ നല്‍കിയ പട്ടിക തള്ളിയാണ് ഗവര്‍ണര്‍ 18 അംഗങ്ങളെ ശുപാര്‍ശ ചെയ്തത്. സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവര്‍ണര്‍ സ്വജനപക്ഷപാതം കാണിച്ചെന്ന് ഇടത് അനുകൂല സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. ബിനാമി ലോണ്‍ അനുവദിച്ചതു ജില്ലാ കമ്മിറ്റി അംഗം സി.കെ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സിപിഎം കമ്മിറ്റിയാണെന്ന് രണ്ടു ഭരണസമിതി അംഗങ്ങള്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ബിനാമി വായ്പ നേടിയവരുടെ ഈട് തിരിച്ചു നല്‍കിച്ചതിനു പിന്നിലും സിപിഎം നേതാക്കളാണെന്നാണു മൊഴി.
രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. മാനന്തവാടിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസിന്റെ പൈലറ്റ് വാഹനത്തിനു പിറകെ പോകാതെ രാഹുല്‍ ഗാന്ധിയുടെ വാഹനം റസ്റ്റ് ഹൗസിലേക്കു പോയി. കളക്ടറേറ്റിലെ പരിപാടിക്കുശേഷം രാഹുല്‍ ഗാന്ധി മാനന്താവാടിയിലേക്കു പോകുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ബൈപ്പാസ് ജംഗ്ഷന്‍ എത്തിയപ്പോഴാണ് രാഹുലിന്റെ കാര്‍ പിറകെയില്ലെന്നു പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലായത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്കു കൊച്ചി നേവല്‍ ബേസില്‍ വിമാനമിറങ്ങാന്‍ അനുമതി നിഷേധിച്ചെന്ന് ഡിസിസി നേതൃത്വം. അനുമതിയില്ലാത്ത സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങും.
തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസിനു പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വേദിയാക്കിയത് എന്തിനെന്ന് ഹൈക്കോടതി. പാര്‍ക്കിങ് ഗ്രൗണ്ടിലാണ് വേദിയൊരുക്കുന്നതെന്ന ഡയറക്ടര്‍ പറഞ്ഞപ്പോള്‍ മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. 24 പക്ഷികളും രണ്ടു കടുവയുമുള്ള സുവോളജിക്കല്‍ പാര്‍ക്ക് സംരക്ഷിത മേഖലയില്‍ നവകേരള സദസ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉച്ചയ്ക്കു ശേഷം കേസ് തീര്‍പ്പാക്കും.
സാമ്പത്തിക പ്രതിസന്ധിമൂലം തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല വികസന പദ്ധതികള്‍ അവതാളത്തിലായി. മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ അഞ്ചു പദ്ധതികളാണ് മുടങ്ങിയത്. മാളികപ്പുറം മേല്‍പ്പാലം, പുതിയ അവരണ പ്ലാന്റ്, കുന്നാര്‍ തടയണയില്‍ നിന്നുള്ള പൈപ്പ് ലൈന്‍, നിലയ്ക്കല്‍ സുരക്ഷ ഇടനാഴി, പമ്പ പാലം എന്നീ പദ്ധതികള്‍ നടപ്പാക്കാനായിട്ടില്ല.
കേന്ദ്ര പദ്ധതികള്‍ കേരളം ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നില്ലെന്നും കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേരളം ഭരിക്കുന്നവരുടെ ദുഷ്‌ചെയ്തി കൊണ്ടാണ് ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്തത്. ഇതിനെ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പുള്ള ആരും കേരളത്തിലെ ഭരണപക്ഷത്തില്ല. സുരേഷ് ഗോപി പറഞ്ഞു.
ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീര്‍ണമായതിനാലാണു പ്രതികളിലേക്ക് എത്താന്‍ വൈകുന്നതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതികള്‍ കേരളം വിട്ടിട്ടില്ലെന്നും ഉടന്‍ പിടികൂടുമെന്നും മന്ത്രി പ്രതികരിച്ചു.
അര്‍ദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതെ വിജനമായ ഇരുട്ടത്ത് ഇറക്കിവിട്ടെന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ജീവനക്കാര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി. വാണിയംപാറ സ്വദേശി രജനിയാണ് ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും പരാതി നല്‍കിയത്. തൃശൂരില്‍നിന്നു വാണിയംപാറയിലേക്ക് യാത്ര ചെയ്ത ഇവരെ സ്റ്റോപ്പില്‍ ഇറക്കിയില്ലെന്നാണു പരാതി.
സംസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിനു കാരണം ജോലി സമ്മര്‍ദ്ദമെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. പൊലീസില്‍ ആത്മഹത്യ കുറയ്ക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലം കൊട്ടിയത്ത് ഇസ്രേലി യുവതിയും താനും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതായിരുന്നെന്ന് 75 കാരനായ ഭര്‍ത്താവ് കൃഷ്ണചന്ദ്രന്‍. ആരോഗ്യപ്രശ്‌നങ്ങള്‍മൂലമാണ് 36 കാരിയായ രാധ എന്ന സത്വ ആത്മഹത്യക്കു സ്വയം കുത്തിയത്. കുത്ത് മാരകമല്ലെന്നു കണ്ട രാധ മരിക്കണമെന്ന് നിര്‍ബന്ധിച്ചതോടെയാണ് താന്‍ കഴുത്തറുത്തതെന്നും താനും സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും കൃഷ്ണചന്ദ്രന്‍ മൊഴി നല്‍കി. ഋഷികേശില്‍ യോഗ അധ്യാപകനായിരുന്ന ഇയാളുടെ ശിഷ്യയായിരുന്നു ഇസ്രേലി യുവതി. അടുപ്പത്തിലായ ഇവര്‍ പിന്നീട് വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കുകയായിരുന്നു.
ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കള്‍ ആദി, അഥില്‍ എന്നിവരാണ് മരിച്ചത്.
ആലുവയില്‍ ദമ്പതികളെ ആക്രമിച്ച് വാഹനവും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.
പിഎസ് സി എല്‍ഡി ക്ലര്‍ക്ക് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യ എസ്എസ്എല്‍സി. പ്രിലിമിനറി പരീക്ഷയില്ല. ഒറ്റ പരീക്ഷമാത്രം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2024 ജനുവരി 3. ശമ്പള സ്‌കെയില്‍: 26,500 – 60,700.
മണിപ്പൂരിലെ വ്യൂലാന്‍ഡിലെ ഉഖ്റുല്‍ ടൗണില്‍ ബാങ്ക് കവര്‍ച്ച. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ആയുധധാരികളായ സംഘം 18 കോടി രൂപ കൊള്ളയടിച്ചു.
പാകിസ്ഥാനില്‍നിന്ന് തിരിച്ചെത്തിയ അഞ്ജു എവിടെയെന്ന് അറിയില്ലെന്ന് മക്കള്‍. അമ്മയെ കാണേണ്ടെന്നും അവര്‍ പറഞ്ഞു. അഞ്ജു ഇതുവരെ രാജസ്ഥാനിലെ ഭിവാഡിയിലെ വീട്ടില്‍ എത്തിയിട്ടില്ല. മക്കളെ കാണാനും സാധിക്കുമെങ്കില്‍ കൂട്ടിക്കൊണ്ടുപോകാനുമാണ് മടങ്ങിയെത്തിയതെന്നാണ് അഞ്ജു നേരത്തെ പറഞ്ഞിരുന്നത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പാക്കിസ്ഥാന്‍കാരന്‍ നസ്‌റുല്ലയെ അഞ്ജു വിവാഹം ചെയ്തിരുന്നു.
ബെംഗളൂരുവില്‍ 15 സ്‌കൂളുകള്‍ക്കു ബോംബ് ഭീഷണി. എല്ലാ സ്‌കൂളുകളില്‍ നിന്നുമായി അയ്യായിരത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ഇന്നലെ അര്‍ധരാത്രിയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളുകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സ്‌കൂളുകളില്‍ എത്തി സ്ഥിതി വിലയിരുത്തി.
ഒരാഴ്ച നീണ്ട വെടിനിറുത്തലിനുശേഷം ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം. വെടിനിറുത്തല്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബന്ദികളെ മോചിപ്പിക്കുന്നതു ഹാമാസ് നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ചാണ് ആക്രമണം.