mid day hd 8

 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കരിമണല്‍ വ്യവസായി മുന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ മാസപ്പടി നല്‍കിയെന്ന് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ്. വഴിവിട്ടുള്ള ഇടപാടാണെന്ന ബോര്‍ഡിന്റെ കണ്ടെത്തല്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഒരു സേവനവും നല്‍കാതെ വീണാ വിജയന്റെ എക്‌സാലോജിക്കിനും വീണാ വിജയനും പണം നല്‍കിയെന്നാണ് കണ്ടെത്തല്‍.

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠ്യേനെയാണ് പാസാക്കിയത്.

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നിയമസഭാ സമ്മേളനം നാളത്തോടെ അവസാനിപ്പിക്കും. സഭാസമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതിയാണു തീരുമാനിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയാണ് ഇനി സഭ സമ്മേളിക്കുക.

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് മാസപ്പടിയായി ഒന്നേ മുക്കാല്‍ കോടി രൂപ നല്‍കിയത് സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ എന്ന പേരിലും വായ്പയായിട്ടുമാണെന്ന് മാസപ്പടി ഡയറി. ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തിയ മാസപ്പടി ഡയറിയില്‍ പല പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വരെ മാസപ്പടി പറ്റിയെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിന്‍ മിനറല്‍സ് കമ്പനിയിലും മാനേജിംഗ് ഡയറക്ടായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും 2019 ല്‍ നടത്തിയ റെയ്ഡിലാണു മാസപ്പടി ഡയറി കണ്ടെത്തിയത്.

വീണാ വിജയന്റെ മാസപ്പടിയെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലാണിത്. 10 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ച് തനിക്കെതിരെ അന്വേഷണം നടത്തിക്കുന്ന മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങള്‍ വന്നിട്ടും അന്വേഷണമില്ല. സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കൊച്ചിന്‍ മിനറല്‍സ് കമ്പനിയില്‍നിന്നു മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ സംബന്ധിച്ച് കേരള നേതൃത്വം പ്രതികരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

വീണ വിജയന് ലഭിച്ച മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിഷയം മുമ്പ് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ആക്രോശമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കരിമണല്‍ ഖനനം നടത്തുന്ന കമ്പനിയില്‍നിന്നു വീണ പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണ്. മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

വീണ വിജയനെതിരായ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. പഠിച്ച ശേഷം പ്രതികരിക്കാം. ഉപതെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ചിലര്‍ അജണ്ട സെറ്റ് ചെയ്യുകയാണ്. പിണറായി വിജയനേയും കുടുംബത്തെയും തകര്‍ക്കാനാണു മാധ്യമങ്ങളുടെ ശ്രമമെന്നും ബാലന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഭരണപക്ഷ എംഎല്‍എയ്ക്കു പോലും രക്ഷയില്ലെന്നു പ്രതിപക്ഷം. കുട്ടനാട് എംഎല്‍എ ാമസ് കെ തോമസിനെതിരായ വധഭീഷണി പരാതിയെക്കുറിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്‍കിയെങ്കിലും നിഷേധിച്ചതോടെ വാക്കൗട്ട് നടത്തി. എംഎല്‍എയെ കൊല്ലുമെന്ന് ഒരു വര്‍ഷം മുന്‍പ് ഭീഷണിപ്പെടുത്തിയ പരാതിയില്‍ ഒരു നടപടിയും ഇല്ല. അന്ന് അതേന്വേഷിച്ച എസ്പിക്കു തന്നെയാണ് പുതിയ പരാതിയും കൈമാറിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന് അന്ത്യാഞ്ജലിയുമായി സിനിമാ രംഗത്തെ പ്രമുഖര്‍. കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടനും സംവിധായകനുമായ ലാല്‍ പതവണ പൊട്ടിക്കരഞ്ഞു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ഫാസിലും ഫഹദ് ഫാസിലും അടക്കമുള്ളവരെ കണ്ടപ്പോഴാണു ലാല്‍ വികാരാധീനനായത്. നടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ടോവിനോ തോമസും അടക്കമുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ഹര്‍ഷിനയുടെ വയറില്‍ ശസ്ത്രക്രിയക്കിടെ മറന്നുവച്ച കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിന്റേതെന്ന് ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് എസിപി സുദര്‍ശനന്‍, പ്രോസിക്യൂട്ടര്‍ ജയദീപ് എന്നിവരാണു വിയോജിച്ചത്.

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകുമെന്ന് ഹര്‍ഷിന. 16 ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സൂചനാ ഉപവാസ സമരം നടത്തുമെന്നും ഹര്‍ഷിന പറഞ്ഞു.

കോതമംഗലം വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിനു താഴെ കൃഷി ചെയ്തിരുന്ന വാഴകള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കെ എസ് ഇ ബി ചെയര്‍മാന്‍ 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

മണ്ണാറശാല അമ്മ അന്തരിച്ചു. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തര്‍ജനം എന്നാണു പേര്. 96 വയസായിരുന്നു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. സ്ത്രീകള്‍ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാല.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു തിയതി മാറ്റണമെന്നു കോണ്‍ഗ്രസ്. അയര്‍ക്കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വോട്ടെണ്ണുന്ന സെപ്റ്റംബര്‍ എട്ടിന് മണര്‍കാട് പള്ളിയില്‍ പെരുന്നാളാണെന്നാണു കാരണമായി പറയുന്നത്.

കോഴിക്കോട്ടെ സപ്ലൈകോയില്‍ സ്‌റ്റോക്കുള്ള സാധനങ്ങളുടെ പട്ടിക പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്നു രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി. പരിശോധിച്ചപ്പോള്‍ സബ് സിഡി സാധനങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണു സസ്പെന്‍ഷനെന്ന് ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും കാരണമായി പറഞ്ഞിട്ടുണ്ട്.

മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ കാറിനുള്ളില്‍ സ്പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫോറന്‍സിക് സംഘം. സ്പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍നിന്ന് തീ പടര്‍ന്നതാണോ അപകട കാരണമെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

കോട്ടയം വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൊള്ളലേറ്റ വാഹന ഉടമ മരിച്ചു. വാകത്താനം പാണ്ടാന്‍ചിറ സാബുവാണ് മരിച്ചത്. 57 വയസായിരുന്നു. ഇന്നലെ വീടിന് സമീപത്താണ് കാര്‍ കത്തിയത്.

ബംഗളൂരുവില്‍ നിന്ന് ഓണത്തിന് കേരളത്തിലേക്കു ബസ് നിരക്ക് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ബസിന് ടിക്കറ്റിന് മൂവായിരത്തിയഞ്ഞൂറ് രൂപയാണു നിരക്ക്.

തിരുവനന്തപുരത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ കാട്ടാക്കട എക്സൈസ് സംഘം പിടികൂടി. കൊണ്ണിയൂര്‍ അമ്മു ഭവനില്‍ ആദിത്യന്‍ (21) ആണ് പിടിയിലായത്.

സ്‌കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പത്തനംതിട്ട അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്‌സണ്‍ – ഷീബ ദമ്പതികളുടെ മകള്‍ ജെസ്‌ന ജെയ്‌സണ്‍ (15) ആണ് മരിച്ചത്. വള്ളിക്കോട് – വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

തമിഴ്‌നാട്ടിലെ പൈതൃക ട്രെയിനിന്റെ റെയില്‍പ്പാതയില്‍ ഒറ്റയാന്‍. അര മണിക്കൂറോളം ആന ട്രാക്കില്‍ നിലയുറപ്പിച്ചതോടെ ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു.

മണിപ്പൂരില്‍ കൊല്ലപ്പെടുന്നത് ഇന്ത്യയാണെന്നും മണിപ്പൂര്‍ ഇന്ത്യയില്‍ അല്ലേയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവിശ്വാസ പ്രമേയ ചര്‍ച്ചയിലാണ് ഇങ്ങനെ ചോദിച്ചത്. ഈ നിമിഷംവരെ പ്രധാനമന്ത്രി മണിപ്പൂരില്‍ സമാധാനം ഒരുക്കാന്‍ ഒന്നും ചെയ്തില്ല. അവിടെ പോയിട്ടുമില്ല. രാഹുല്‍ പറഞ്ഞു. അയോഗ്യത നീക്കി തന്നെ തിരിച്ചെടുത്തതില്‍ നന്ദി അറിയിച്ചുകൊണ്ടാണു രാഹുല്‍ പ്രസംഗം തുടങ്ങിയത്.

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ടിലേക്ക് രാജ്യസഭാ എംപിമാരില്‍നിന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യ സ്ഥാനാര്‍ത്ഥികളായ സിപിഎമ്മിന്റെ എ എ റഹീമും കോണ്‍ഗ്രസിന്റെ ഇമ്രാന്‍ പ്രതാപ്ഘടിയും വിജയിച്ചു. രബിജെപി മൂന്നുപേരെ മത്സരപ്പിച്ചെങ്കിലും രണ്ടുപേരെ മാത്രമേ ജയിപ്പിക്കാനായുള്ളൂ.

മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടീസ്റ്റ സെതല്‍വാദിനെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു. മുംബൈ പൊലീസാണ് തുഷാര്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചത്. ക്വിറ്റ് ഇന്ത്യ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതു തടയാനാണ് കസ്റ്റഡി.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ എംഎല്‍എമാര്‍ അടക്കമുള്ളവര്‍ക്കു മൊബൈല്‍ ഫോണ്‍ വിലക്ക്. രേഖകള്‍ കീറി എറിയരുതെന്നും സ്പീക്കര്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുമായി പുതിയ ചട്ടം തിങ്കളാഴ്ച പ്രാബല്യത്തിലാകുമെന്നു യുപി സ്പീക്കര്‍ അറിയിച്ചു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ അഴിമതി ആരോപണം. കൃഷിമന്ത്രി എന്‍ ചലുവരയ്യസ്വാമി ആറു ലക്ഷം മുതല്‍ എട്ടുലക്ഷം വരെ രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് മാണ്ഡ്യ ജില്ലയിലെ അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍മാര്‍ ആരോപണം ഉന്നയിച്ചു. അന്വേഷിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സിഐഡി വിഭാഗത്തിനു നിര്‍ദേശം നല്‍കി.

43 വര്‍ഷം മുമ്പ് 1980 ല്‍ നടന്ന മൊറാദാബാദ് വര്‍ഗീയ കലാപത്തിന് രണ്ടു മുസ്ലിം ലീഗ് നേതാക്കളാണ് ഉത്തരവാദികളെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജസ്റ്റിസ് മഥുര പ്രസാദ് സക്സേന ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് യുപി നിയമസഭയില്‍ അവതരിപ്പിച്ചു. 83 പേര്‍ കൊല്ലപ്പെട്ട വര്‍ഗീയ കലാപത്തിന് മുസ്ലീം ലീഗ് നേതാക്കളായ ഡോ. ഷമീം അഹമ്മദും ഡോ. ഹമീദ് ഹുസൈനുമാണു കാരണം. ഈദ് ദിനത്തില്‍ ഈദ്ഗാഹിലേക്ക് പന്നികളെ അഴിച്ചുവിട്ടെന്നും വെടിവയ്പില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതാണു കലാപത്തിനു കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിയര്‍ കുടിച്ചുകൊണ്ടിരുന്ന പൈലറ്റായ അച്ഛന്റെ നിര്‍ദേശമനുസരിച്ച് പതിനൊന്നുകാരന്‍ പറത്തിയ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന അച്ഛനും മകനും മരിച്ചു. ഇരുവരുടെയും സംസ്‌കാരത്തിനു പിറക പൈലറ്റിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. 42 കാരനും ബ്രസീല്‍ സ്വദേശിയുമായ ഗാരോണ്‍ മയയും മകന്‍ ഫ്രാന്‍സിസ്‌കോ മായയുമാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ പത്തു കോടി രൂപ വില വരുന്ന സ്വകാര്യ വിമാനമാണ് തകര്‍ന്നത്. സംസ്‌കാരം കഴിഞ്ഞ ഉടെന ഗാരോണിന്റെ ഭാര്യ അന പ്രിഡോണിക്ക് ജീവനൊടുക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *