നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ വേണമെന്ന് മോട്ടര്‍വാഹനവകുപ്പ്. ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറ എന്ന തോതില്‍ 140 കാമറകള്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കൊച്ചിന്‍ മിനറല്‍സ് കമ്പനി മാസപ്പടി നല്‍കിയെന്ന കണ്ടെത്തല്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോപണങ്ങളല്ല, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകലാണ്. മുഖ്യമന്ത്രിയോടു വിശദീകരണം ചോദിക്കുമോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് അലോചിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
പുരാവസ്തു തട്ടിപ്പ് കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ 18 നു ഹാജരാകണമെന്നു നോട്ടീസയച്ചു. ഐജി ലക്ഷ്മണക്കും മുന്‍കമ്മീഷണര്‍ സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്. ലക്ഷ്മണ നാളെയും സുരേന്ദ്രന്‍ 16 നും ഹാജരാകണം.
സംസ്ഥാനത്ത് ആറു മാസമായി റേഷന്‍ വാങ്ങാത്ത 11,590 മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ പരിശോധന നടത്തുമെന്ന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ഒരംഗം മാത്രമുള്ള 7790 എ.എ.വൈ കാര്‍ഡുകള്‍ ഉണ്ട്. ഇവരാരും നാലു മാസമാലമായി റേഷന്‍ വാങ്ങിയിട്ടില്ല. താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരാണു വീടുകള്‍ പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് തയാറാക്കുക.
ഓര്‍ത്തഡോക്‌സ്, യാക്കോബായ പള്ളിത്തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ പ്രയാസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തര്‍ക്കത്തില്‍ പക്ഷം ചേരില്ല. ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും നടപ്പാക്കാന്‍ തടസങ്ങളുണ്ട്. ഇരു വിഭാഗങ്ങളും യോജിച്ചു മുന്നോട്ടു പോകണം. ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഭരണസമിതിയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി. തന്നെ ഒഴിവാക്കണമെന്ന പാര്‍വതി തിരുവോത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മലപ്പുറത്തെ മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. നാലു പേരുടെ വീടുകളിലാണു പരിശോധന.
തൃശൂരില്‍ എസ്.ഐ അവധിദിവസം മദ്യപിച്ചെന്നു കള്ളക്കേസില്‍ കുടുക്കി സസ്‌പെന്‍ഡ് ചെയ്‌തെന്ന് പരാതിയില്‍ സിഐക്കെതിരേ അന്വേഷണം. സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐ. ടി. ആര്‍. ആമോദിനെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുടുക്കിയെന്നാണ് പരാതി. കള്ളക്കേസാണെന്ന് സംസ്ഥാന, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചുകളുടെ റിപ്പോര്‍ട്ട് വന്നതോടെ നെടുപുഴ സിഐ ടിജി ദിലീപിനെതിരെ തൃശൂര്‍ റേഞ്ച് ഡിഐജി അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് കൊയിലാണ്ടിയില്‍ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്.
എയ്ഡ്‌സ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് മന്ത്രി ആന്റണി രാജു. എച്ച്ഐവി ബോധവല്‍ക്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാഠപുസ്തകം തയ്യാറാക്കാന്‍ എന്‍സിഇആര്‍ടി 19 അംഗ സമിതി രൂപീകരിച്ചു. മൂന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്‌കരിക്കാനുള്ള സമിതിയില്‍ ഗായകന്‍ ശങ്കര്‍ മഹാദേവനേയും സുധ മൂര്‍ത്തിയേയും ഉള്‍പ്പെടുത്തി. എന്‍സിഇആര്‍ടി പാഠപുസ്‌കത്തില്‍നിന്ന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതു വിവാദമായിരുന്നു.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജനങ്ങള്‍ സമുഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വര്‍ഷവും ഇതേ ആഹ്വാനം ഉണ്ടായിരുന്നു. എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്ന ഹര്‍ ഘര്‍ തിരംഗ ആശയത്തിനു ശക്തി പകരാന്‍കൂടിയാണ് ഇതെന്നും മോദി പറഞ്ഞു.
മുസ്ലീങ്ങളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രമേയം പാസാക്കിയ പഞ്ചായത്തുകള്‍ക്കെതിരെ ഹരിയാന സര്‍ക്കാര്‍ നടപടി തുടങ്ങി. മൂന്നു ജില്ലകളിലെ അന്‍പതിലധികം ഗ്രാമ പഞ്ചായത്ത് സര്‍പഞ്ചുമാര്‍ക്ക് ഷോകോസ് നോട്ടീസ് അയച്ചു. സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചതിനു പിറകേയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ നടപടി ആരംഭിച്ചത്.
രാജസ്ഥാനില്‍ മുന്‍ എംഎല്‍എയടക്കം 16 പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു. വിരമിച്ച സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ എത്തിയത്.
ലഡാക്കിലെ ഇന്ത്യ -ചൈന അതിര്‍ത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയെ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടേയും സൈനിക പ്രതിനിധികള്‍ നാളെ കൂടിക്കാഴ്ച നടത്തും. ഈ മാസം 22 ന് ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗും കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ചര്‍ച്ച.