IMG 20260829 WA0019

‎മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെ പി സി സി പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഡി സി സി അധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്.

‎മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യായമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു ചേന്തി അനിലിനെ അറസ്റ്റ് ചെയ്തത്.

‎മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിയായ ഡിസിസി അംഗം ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണെന്ന് റിമാൻഡ് റിപ്പോർട്ട്‌. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

‎വഴിയിൽ തടഞ്ഞുനിർത്തി ചീത്ത വിളിക്കുന്നത് ഒരു സംസ്കാരത്തിനും യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതിൽ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇങ്ങനെ തടയാൻ പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‎സമഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. സുപ്രീംകോടതി നിർദേശിച്ചത് പോലെ സമ്പൂർണ സുരക്ഷ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേസ് നടത്തിപ്പിനായി പുതിയ അഭിഭാഷകസംഘത്തെയും കേരളം നിയോഗിച്ചു.

‎മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ   തൊടുപുഴ വിട്ടുനൽകില്ലെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‎തൃശൂരിൽ പുലിക്കളിയോടനുബന്ധിച്ച് ഉച്ചതിരിഞ്ഞ് രണ്ടുമണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

‎പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ വ്യക്തമാക്കി. ഡിവിഷൻ വിഭജനം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സഫലമാക്കിയത് ദീർഘനാളത്തെ കാത്തിരിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

‎റെയിൽവേ ഡിവിഷൻ വിഭജിച്ചാൽ എന്താണ് പ്രശ്നമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാജീവ്‌ ചന്ദ്രശേഖറിന്റെ ചോദ്യത്തിന് മറുപടിയുമായി പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. ഒരു ജനപ്രതിനിധിയാണ് രാജീവ്‌ ചന്ദ്രശേഖർ എന്ന് മറന്നുപോകരുതെന്നും കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് വ്യക്തമായതെന്നും ശ്രീകണ്ഠൻ ആരോപിച്ചു.

‎മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കി. ഓട്ടോക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൗക്കത്തിനെതിരായ വ്യക്തിഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി.

‎കുറ്റ്യാടിയില്‍ മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 15-ഓളം തേക്ക് മരങ്ങള്‍ അജ്ഞാതര്‍ മുറിച്ചു കടത്തി. 20 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്.  തൊട്ടില്‍പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

‎ബേപ്പൂരിലെ യു ഡി എഫ് ശക്തികേന്ദ്രങ്ങളായ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിൽ തനിക്ക് വോട്ട് കുറഞ്ഞെന്നും എന്നാൽ ഇടതു ശക്തികേന്ദ്രങ്ങളിൽ വോട്ട് ലഭിച്ചെന്നും പി വി അൻവർ ആരോപിച്ചു.

‎വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ തൽക്കാലിക ജോലി സമ്പാദിച്ച മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷം ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവായിരുന്ന കെ.വി. ഗണപതിക്കെതിരെയാണ് കേസ്. തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ആയാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

‎കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി. മാവേലി വേഷം കെട്ടിയ കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനോടാണ് ഈ ക്രൂരത. തട്ടുകടക്കാരനാണ് മാവേലിയെ ആക്രമിച്ചത്.

‎പത്തിലേറെ വളർത്തുനായകകള്‍ക്കിടയില്‍ അവശനിലയിൽ കണ്ടയാളെ ഫയർ ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബാലരാമപുരം ബിവറേജിന് സമീപം കല്ലുവിളാകത്ത് വീട്ടില്‍ കൃഷ്ണകുമാറി (57) നെയാണ് രക്ഷപ്പെടുത്തിയത്.

‎ആലപ്പുഴ നഗരത്തിൽ നിർമ്മാണം നടക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

‎കാസർകോട് ചീമേനിയില്‍ ഓണാഘോഷ പരിപാടിക്കിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ 15 വയസ്സുകാരൻ മരിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശിയായ സനൂപ് (15) ആണ് മരിച്ചത്.

‎പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ഹരിയാനയിലെ ഗുരുഗ്രാമിലെ ഐഎംടി മാനസറിലെ ഒരു ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിലാണ് സംഭവം. ബിഹാർ സ്വദേശിയായ ആകാശ് കുമാർ എന്ന വിദ്യാർഥിയാണ് മരിച്ചത്.

‎മംഗളൂരുവിൽനിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ. ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ഇത് ആശ്വാസമാകും. മംഗളൂരു ജങ്ഷനിൽനിന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് എസ്എംവിടി ബെംഗളൂരുവിലെത്തും.

‎മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് പാക്കറ്റുകൾ വിൽപനയ്ക്ക് വെച്ച കടക്കാരനിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ആൾക്കൂട്ടം  ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ  ഉദ്യോഗസ്ഥനെ വളഞ്ഞു. ഉദ്യോഗസ്ഥനെക്കൊണ്ട് കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കഴിപ്പിക്കാനും ശ്രമം നടത്തി.

‎മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നതായും അവ പൊട്ടാന്‍ സാധ്യതയുള്ളതായും ചൈനയുടെ മുന്നറിയിപ്പ് . പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ ഇതുവരെ 626 മരണം സ്ഥിരീകരിച്ചു.

‎ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി  മുതിർന്ന പൗരന്മാർക്കായുള്ള കമ്മ്യൂണിറ്റി സെന്ററായ ഇന്ത്യാഹോമിൽ   രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുത്തു. ഇന്ത്യക്കാരിയായ സ്ത്രീ സൊഹ്റാൻ മംദാനിക്ക് രാഖി കെട്ടിക്കൊടുക്കുന്നതിന്റെ ചിത്രവും അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.

‎വനിത സംവരണം, മണ്ഡല പുനർനിർണയം എന്നിവ മാത്രം അജണ്ടയാക്കി പാർലമെൻറിൻറെ പ്രത്യേക സിറ്റിംഗ് അടുത്ത മാസം മൂന്നാം വാരം നടത്തിയേക്കും.  പാർലമെൻറ് വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. സർക്കാർ സർവകക്ഷി യോഗം വിളിച്ച് ആലോചന നടത്തിയ ശേഷമേ പ്രത്യേക സിറ്റിംഗ് തീരുമാനിക്കാവൂ എന്ന് മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്ത് നൽകി.

‎ജയിലിൽ മിന്നൽ പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഇന്ത്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിലൊന്നായ പുഴൽ സെൻട്രൽ ജയിലിൽ വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. ജയിലിലെ തടവുകാരുമായും അദ്ദേഹം സംസാരിച്ചു.

‎ഡൽഹി-എൻസിആർ മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് സിഎൻജിയ്ക്ക് വില വർധിപ്പിക്കുന്നതായി അറിയിച്ചു. കിലോഗ്രാമിന് 3.89 രൂപയാണ് കൂട്ടിയത്.

‎സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങൾ മാറ്റാനാണ് നിർദേശം നൽകിയതെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആരോപിച്ചു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിർദേശിച്ചുവെന്ന് ഗെലോട്ട് വ്യക്തമാക്കി.

‎ഭീകരവാദവും വിഘടനവാദവും സമാധാനത്തിന് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിരതയെയും ശാന്തിയെയും ഇത് ബാധിക്കുന്നുവെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ ഇക്കാര്യവും ചർച്ചയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‎പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഉസ്ബെക്കിസ്ഥാനും കിർഗിസ് റിപ്പബ്ലിക്കുമാണ് മോദി സന്ദർശിക്കുന്നത്. ഉസ്ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന മോദി കിർഗിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയായ എസ്‍സിഒയുടെ ഉച്ചകോടിയിലും പങ്കെടുക്കും.

‎വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി  വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം നിയന്ത്രിക്കാന്‍ അമേരിക്കയുമായി വെനസ്വേല കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ നീക്കത്തിലൂടെ അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലധികമായി വര്‍ധിക്കുമെന്നും എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞു.

‎അമേരിക്ക വാക്ക് പാലിച്ചാൽ ഹോർമുസ് കടലിടുക്ക് കപ്പലുകൾക്കായി തുറന്നുകൊടുക്കുമെന്നും, ഒമാനുമായി ധാരണയിൽ എത്തിയെന്നും ഇറാൻ പ്രസിഡന്‍റ്  മസൂദ് പെസഷ്കിയാൻ. ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്നും അനുവാദം ഇല്ലാതെ ഒരു കപ്പലിനും കടക്കാൻ ആവില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു.

‎ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിനായുള്ള സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും. താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ പ്രധാന താരങ്ങൾക്ക് പകരം രണ്ടാം നിര ടീമിനെ അയക്കുന്ന കാര്യം പരിഗണിച്ചേക്കും .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *