2024 ന് ശേഷം ആദ്യമായി കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്‌ണതരംഗ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ്.
വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ തുടങ്ങുമെന്നും വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വർണ്ണത്തിന് പ്രാധാന്യം നൽകണമെന്നും മന്ത്രി വി എൻ വാസവൻ. അതേ സമയം മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ അമിത അളവിൽ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്ന് വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. ഒരു തലയുടെ ഭാഗവും കൈയ്യുടെ ഭാഗങ്ങളുമാണ് ലഭിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ അപ്പുറത്തുള്ള പറമ്പിൽ നിന്ന് തലയുടെ ഭാഗവും ഒരു കിലോമീറ്റർ അകലെ നിന്ന് കൈയ്യുടെ ഭാഗങ്ങളും കണ്ടെത്തി.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.
ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോസ്റ്റ് ഗാഡിൻ്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു. കോസ്‌റ്റ് ഗാർഡിൻ്റെ ചേതക് ഹെലികോപ്ടറാണ് ശബരിമലയ്ക്ക് മുകളിലൂടെ പറന്നത്. താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലെന്ന് കോസ്‌റ്റ് ഗാർഡ് വൃത്തങ്ങൾ വിശദീകരിച്ചു.
മുഖ്യമന്ത്രി തർക്കത്തിൽ നാലാം തിയതി കോൺഗ്രസ് ഉചിതമായ തീരുമാനം എടുക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ. കേരളം പ്രതീക്ഷിക്കുന്ന ഉചിതമായ തീരുമാനം ഹൈക്കമാൻഡിൽ നിന്നും ഉണ്ടാകുമെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.
തൃശൂർ പൂരം ആന എഴുന്നൊള്ളത്തില്‍ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പൊലീസിനെ പോടാ പുല്ലേ പൊലീസേ എന്ന് മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ടുള്ള വിമർശനത്തിന് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രിലേഖ. പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ പോടാ, പുല്ലേ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.
വിഴിഞ്ഞം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്. മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു. പരിശോധന റിപ്പോർട്ട് പുറത്തുവന്നതോടെ ഭക്ഷണം കഴിച്ച ഹോട്ടൽ തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തി. വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ എന്ന ഹിസ്ബുള്ള അലി ഖാൻ (20), ദില്ലി ഓൾഡ് സീമാപുരി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് പിടിയിലായത്.
ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്‍റെ സൈനിക ശക്തിയെ അമേരിക്ക പൂർണ്ണമായും തകർത്തിട്ടുണ്ടെന്നും അതിനാൽ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും, ഒരു രാജ്യവും ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് തന്‍റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
