പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് കള്ളൻ തന്നെയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപി എത്ര പ്രതിഷേധിച്ചാലും അത് പറഞ്ഞുകൊണ്ടിരിക്കുമെന്നും വോട്ട് മോഷ്ടിച്ച് തന്നെയാണ് മോദിയും ബിജെപിയും തുടർച്ചയായി അധികാരത്തിൽ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പല തെരഞ്ഞെടുപ്പുകളിലായി നടന്ന അട്ടിമറിയുടെ കൂടുതൽ തെളിവുകൾ വൈകാതെ പുറത്തുവിടുമെന്നും ബിഹാറിൽ വോട്ടർ അധികാർ യാത്രയുടെ ഭാഗമായ റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും നടന്ന വോട്ടുമോഷണത്തിൻ്റെ വിവരങ്ങളാണ് ഉടൻ പുറത്തുവിടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി ശക്തമായതോടെ ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡി വൈ എസ് പി അറിയിച്ചു. കൂടാതെ അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയുമെന്നും ഡി വൈ എസ് പി അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പൊലീസ് കുറ്റ്യാടി വഴി തിരിച്ചുവിടുകയാണ്.
എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി. പുതിയൊരു ന്യൂന മർദ്ദത്തിന് കൂടെ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്.
ബിജെപിയുടെ രാജ്യസഭാംഗമായി നോമിനേഷൻ ചെയ്യപ്പെട്ട ആർഎസ്എസ് നേതാവും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ സി. സദാനന്ദന്റെ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. സാമൂഹിക സേവനം എന്ന നിലയിൽ സി. സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെന്നാണ് പ്രധാനവാദം. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹർജിക്കാരൻ.
അയ്യപ്പസംഗമം രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംഗമത്തിന് സ്റ്റാലിനെ ക്ഷണിച്ചതെന്തിനാണെന്നും ഹിന്ദു വോട്ട് കിട്ടാനാണോ അയ്യപ്പസംഗമം നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് വാര്‍ത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. കേരളത്തെ കുറിച്ച് അറിയില്ലെന്ന ആക്ഷേപത്തിന് താൻ രാഷ്ട്രീയ വിദ്വാൻ ആണെന്ന് പറഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മറുപടി നൽകി.
വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്.
ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. 28 പേർക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിന്‍റെ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉള്‍പ്പെടുത്തും. ടീം അംഗങ്ങളെ 2 ദിവസത്തിനുള്ളിൽ തീരുമാനിക്കും. ആദ്യഘട്ടത്തിൽ റിനി ജോര്‍ജ്, അവന്തിക, ഹണി എന്നിവരുടെ മൊഴിയെടുക്കാനാണ് തീരുമാനം.
അവിശ്വാസ പ്രമേയത്തിലൂടെ എൽ ഡി എഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നാളെ തെരഞ്ഞെടുപ്പ് നടക്കും. സി പി എം അംഗമായി വിജയിച്ച ശേഷം കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവിനെയാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് യു ഡി എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
കണ്ണൂര്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥലം മാറ്റം. രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയതിനാണ് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒമാര്‍ക്കെതിരെ നടപടിയെടുത്തത്. ഈ സമയം ലോക്കപ്പിൽ പ്രതികളുണ്ടായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ എസ് പിയാണ് നടപടിയെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. പാറാവ് ഡ്യൂട്ടിക്കിടെയുണ്ടായിരുന്ന പൊലീസുകാര്‍ ഉറങ്ങിപ്പോയെന്നാണ് അധികൃതര്‍ പറയുന്നത്.
മഹാത്മാ അയ്യൻകാളിയുടെ 162 -ാം ജന്മദിനാഘോഷം സംസ്ഥാന സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഇന്ന് സംസ്ഥാനത്തുടനീളം വിപുലമായി നടക്കുന്നു. കേരളത്തിലെമ്പാടും വിവിധ അനുസ്മരണ പരിപാടികളാണ് നടക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരമടക്കമുള്ള ഐതിഹാസിക പോരാട്ടങ്ങൾ കേരള ചരിത്രത്തിലെ തിളക്കമാർന്ന അധ്യായങ്ങൾ ആണ്.
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റാനുള്ള നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ആഗ്രഹമുണ്ടെന്ന് ശശി തരൂർ. ഇതിനായി നിക്ഷേപക സംരക്ഷണ നിയമം പാസ്സാക്കണമെന്നും തരൂർ നിർദ്ദേശിച്ചു. ദി ഇക്കണോമിക് ടൈംസ് ദിനപത്രത്തിൻറെ ലീഡേഴ്സ് ഫോറം പരിപാടിയിലാണ് ശശി തരൂരിൻറെ ഈ പ്രസ്താവന.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശിയായ 45കാരിക്കാണ് രോഗം . മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില ഗുരുതരമല്ല. രോഗം സ്ഥിരീകരിച്ച യുവതിയുടെ വീട്ടുകിണറിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.
നവരാത്രി പ്രമാണിച്ച് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദു റഹിമാനും റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായി. യാത്രക്കാരുടെ സൗകര്യാർത്ഥം സ്‌പെഷ്യൽ ട്രെയിനുകളുടെ സമയം സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പും നൽകും.
മലപ്പുറം നഗരസഭയിൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് യുഡിഎഫ് ആരോപണം. പൊളിച്ചു മാറ്റിയ വീടിന്‍റെ നമ്പറില്‍ അടക്കം ഉദ്യോഗസ്ഥര്‍ വോട്ടുകള്‍ ചേര്‍ത്തു നല്‍കുകയാണെന്നാണ് യുഡിഎഫ് പരാതി. മലപ്പുറം നഗരസഭയിലെ വാർഡ് 22 ചീനിതോട് പ്രദേശത്തു നിന്ന് മാത്രം 122 വോട്ടുകൾ ഇത്തരത്തില്‍ അനധികൃതമായി ചേര്‍ത്തിട്ടുണ്ടെന്നാണ് യുഡിഎഫ് ആരോപണം.
മലപ്പുറം വെളിയങ്കോട് എംടിഎം കോളേജിലെ ഓണാഘോഷത്തില്‍ വിദ്യാർഥികൾ ഓണാഘോഷത്തിന് കൊണ്ടുവന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രൂപമാറ്റം വരുത്തിയ ആറു കാറുകളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെരുമ്പടപ്പ് പൊലീസാണ് വാഹനങ്ങൾ പിടികൂടിയത്. വിദ്യാർഥികൾ അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചെന്നാണ് പൊലീസ് പറയുന്നത്. പിഴ ചുമത്തുകയും വാഹനം ഓടിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസര്‍ ജനറൽ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. അതേസമയം, ചികിത്സാപ്പിഴവ് സമ്മതിച്ച ഡോക്ടര്‍ വിദഗ്ധ ചികിത്സക്കായി പണവും നൽകിയെന്ന് സുമയ്യയുടെ ബന്ധു വ്യക്തമാക്കി.
പേരാമ്പ്ര ആവളയിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കണ്‍സ്യൂമര്‍ ഫെഡില്‍ അരിയിറക്കാന്‍ ലോഡുമായെത്തിയ തമിഴ്‌നാട് സ്വദേശി ശിവ, ആവള വടക്കേകാവന്നൂര്‍ സ്വദേശികളായ ശങ്കരന്‍, നദീറ, മുഹമ്മദ്‌സാലിഹ്, അയന എന്നിവരെയാണ് നായ ആക്രമിച്ചത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.
ലോ കോളെജ് വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാർട്ടൺ ഹില്ലിന് സമീപം നിയമ വിദ്യാർഥിക്ക് നേരെയുണ്ടായ അക്രമത്തിൽ കേസിലെ നാലാം പ്രതിയായ രാജാജി നഗർ ഫ്ലാറ്റ് നമ്പർ 397-ൽ നിരഞ്ജൻ സുനിൽകുമാർ (18) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. ലോ കോളേജ് വിദ്യാർഥിയായ കാസർഗോഡ് ഇഖ്ബാൽ മൻസിൽ വീട്ടിൽ മുഹമ്മദ് റിസ്വാനാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്.
പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. നബീൽ നിസാം എന്ന ഒമ്പതാം ക്ലാസുകാരൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹം ചൊവ്വാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്ര തിരിക്കും. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും
ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും. ഇതിന് ശേഷം പ്രധാനമന്ത്രി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തർക്കം തീർക്കാൻ ഇന്ത്യ പ്രത്യേക ചർച്ചയൊന്നും ഇതുവരെയും നിശ്ചയിച്ചിട്ടില്ല. ബ്രിക്സ് രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിലും നടക്കുമെന്നാണ് വിലയിരുത്തലുകൾ.
ഭാവിയിൽ യുദ്ധങ്ങൾ ദീർഘകാലം നീണ്ടേക്കാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇതിനനുസരിച്ച് തയ്യാറെടുപ്പുകൾ വേണമെന്നും അദ്ദേഹം ദില്ലിയിൽ സൈനിക പരിപാടിയിൽ സംസാരിക്കുമ്പോൾ പറഞ്ഞു. യുദ്ധ തന്ത്രങ്ങളിലും സൈനിക തയ്യാറെടുപ്പുകളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെപ്‌സി, കൊക്കകോള, സബ്‌വേ, കെഎഫ്‌സി, മക്‌ഡൊണാൾഡ്‌സ് തുടങ്ങിയ അമേരിക്കൻ കമ്പവനികളുടെ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന് ബാബ രാംദേവ്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50% വരെ തീരുവ ചുമത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ബാബ രാംദേവ്.
ദസറ ഉദ്ഘാടനത്തിന് കന്നഡ എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്‌താഖിനെ ക്ഷണിച്ചതിൽ മതവിശ്വാസമില്ലാത്ത ഒരാൾ മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപിയും ഹൈന്ദവ സംഘടനകളും വ്യക്തമാക്കി. എന്നാൽ ചാമുണ്ഡി ഹിൽസ് ഹിന്ദുയിസത്തിന്റെ സ്വത്തല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തിരിച്ചടിച്ചു. തന്നെ ക്ഷണിച്ചത് ചാമുണ്ഡേശ്വരി തന്നെയാണെന്ന് ബാനു മുഷ്താഖും പ്രതികരിച്ചു.
ദേശീയ കമ്പനി ലോ അപ്പല്ലേറ്റ് ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിൽ നിന്ന് ജഡ്ജി പിന്മാറിയ സംഭവത്തിൽ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്താൻ നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി സെക്രട്ടറി ജനറലിന് നിർദ്ദേശം നൽകി. ചെന്നൈ ബഞ്ചിലെ ജുഡീഷ്യൽ അംഗം ജസ്റ്റിസ് ശരദ് കുമാർ ശർമ്മയാണ് ഹൈദരാബാദ് കമ്പനിയുൾപ്പെട്ട കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്. പാപ്പരത്ത ഹർജിയുമായി ബന്ധപ്പെട്ട കേസിൽ അനുകൂല വിധിക്കായി ഉന്നത ജുഡീഷ്യറിയിലെ ബഹുമാന്യനായ അംഗം ഇടപെട്ടതായി ജസ്റ്റിസ് ശർമ്മ വെളിപ്പെടുത്തി.
ലൈസൻസ് നിബന്ധനകൾ ലംഘിച്ചതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ജലീബ് അൽ-ഷുയൂഖിലും ഖൈത്താനിലും 19 വാണിജ്യ കടകൾ അടച്ചുപൂട്ടി. നിരവധി സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് നടത്തിയ ഈ പ്രവർത്തനം, പൊതു ക്രമത്തെ ബാധിക്കുന്ന ലംഘനങ്ങൾ തടയുന്നതിനും പ്രതികൂല നടപടികൾ പരിഹരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണെന്ന് മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം. നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം ബുധനാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് തകര്‍ന്നുവീണത്. പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. 13 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്. തകര്‍ന്നുവീഴുന്നതിന്റെ തൊട്ടുമുന്‍പ് ഒരു വയസ്സുകാരിയുടെ ജന്മദിനാഘോഷ പരിപാടികൾ നടന്നിരുന്നു. ആ കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു.
പാകിസ്താനില്‍നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. ജയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്നുപേരാണ് ബിഹാറിലേക്ക് കടന്നത്.
ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വെടിവച്ചു കൊന്നു. സുരക്ഷാ സേന മേഖലയിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ്. വലിയ ആയുധശേഖരവുമായാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്നും അഞ്ചോളം ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം സംശയിക്കുന്നുണ്ട്.
ബലൂചിസ്ഥാനിലെ റെക്കോ ഡിഖ് ഖനിയുടെ വികസനത്തിനായി 100 ദശലക്ഷം ഡോളറിൻ്റെ വായ്പാ അപേക്ഷയുമായി പാകിസ്ഥാൻ അമേരിക്കയെ സമീപിച്ചു. അമേരിക്കയിലെ എക്സ്പോർട്ട്-ഇംപോർട്ട് (എക്സിം) ബാങ്കിലാണ് അപേക്ഷ സമർപ്പിച്ചത്. ചെമ്പ്-സ്വർണ്ണ ഖനിയിൽ സംസ്‌കരണ പ്ലാൻ്റും സംഭരണത്തിനുള്ള സൗകര്യവും വൈദ്യുതി ഉൽപ്പാദനവും ഗതാഗതത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് ശ്രമം.