mid day hd

സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്, മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്‍റെ അവസരമായി കണക്കാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ജലാശയത്തില്‍ ഇറങ്ങരുതെന്നും മലയോര മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ട്ടം. കോട്ടയം കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിന്‍റെ നടപന്തലിന് മുകളിലേക്ക് മരം വീണു വലിയ അപകടമുണ്ടായി. മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് ബസ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. മലപ്പുറം താമരക്കുഴിയിൽ ഗുഡ്സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഡ്രൈവർക്ക് പരിക്കേറ്റു. നിരവധി ഇലക്ട്രിക് പോസ്റ്റുകളും അപകടത്തിൽ ഒടിഞ്ഞു വീണു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി.

 

കനത്തമഴയെ തുടർന്ന് കണ്ണൂരിൽ വ്യാപക നാശമുണ്ടായി. ചമ്പാട് മേഖലയിൽ രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി തൂണുകളും നിലം പൊത്തി. കണിച്ചാർ കല്ലടിയിൽ തെങ്ങ് വീണ് വീട് തകർന്നു. ഗർഭിണി അടക്കമുളളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പേരാവൂർ തിരുവോണപ്പുറത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ മരം വീണ് തകർന്നു. കോടിയേരിയിലും മരം വീണ് വീട് തകർന്നു. എളയാവൂരിൽ ദേശീയപാത നിർമാണ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞു. മരങ്ങൾ കടപുഴകി വീണു.

 

പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലുപേർ പുഴയുടെ നടുവിൽ കുടുങ്ങി. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പുഴയുടെ നടുവിൽ കുടുങ്ങിയത്. അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. മൂലത്തറ റെഗുലേറ്റർ തുറന്നതിനാൽ ചിറ്റൂർ പുഴയിൽ ജലനിരപ്പ് മിനിറ്റുകൾക്കുള്ളിൽ ഉയർന്നു കൊണ്ടിരിക്കുകയാണ്.

 

പാലക്കാട് അയിലൂർ മുതുകുന്നിയിൽ തേങ്ങ പെറുക്കുന്നതിനിടെ പുഴയിൽ ഒലിച്ചു പോയ യുവാവിനായി തെരച്ചിൽ തുടരുന്നു.പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി.

 

മഴക്കെടുതിയിൽ കണ്ണൂരില്‍ രണ്ടു മരണം. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയെ വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ച നിലയിലും. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെള്ളക്കെട്ടിൽ പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ മൃതദേഹവും കണ്ടെത്തി. രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോൾ വീണതാണെന്ന് കരുതുന്നു.

 

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദ്ദം ദുർബലമായതിനു ശേഷം ഏകദേശം ജൂലൈ 19 ന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

 

സപ്ലൈക്കോയ്ക്ക് നിലവിലെ സാഹചര്യത്തിൽ 500 കോടി രൂപയെങ്കിലും ആവശ്യമാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇപ്പോൾ അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടൻ ധനമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ലൈക്കോയ്ക്ക് സാധനം നൽകിയാൽ വില കിട്ടില്ല എന്നൊരു തെറ്റിദ്ധാരണ ഉണ്ട്, ഓണ മാർക്കറ്റിൽ സപ്ലൈക്കോ ഫല പ്രദമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

 

ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒക്ടോബർ 22 വരെ നടപ്പാക്കുന്ന ഈ നൂറു ദിന കർമ്മ പരിപാടിയിൽ 100 ദിവസംകൊണ്ട് 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുവാനാണു ഉദ്ദേശിക്കുന്നതെന്നും, സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഇത് ഊർജ്ജം പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധര്‍മ്മമെന്ന് വിഡി സതീശൻ. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന തൊഴിലാളി വീണപ്പോള്‍ പ്രതിപക്ഷം വിമര്‍ശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി. പക്ഷെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് അപ്പോഴല്ല. മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ലെന്നും അതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്. അന്ന് ഈ മന്ത്രി എന്ത് ഉത്തരമാണ് നല്‍കിയതെന്നും, ഇപ്പോള്‍ അതേ മന്ത്രി എന്താണ് പറയുന്നതെന്നും വിവക്ഷ നേതാവ് ചോദിച്ചു.

 

തിരുവനന്തപുരം നഗരമദ്ധ്യത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിര യോഗം വിളിച്ചു. ഓൺലൈൻ ആയി ചേരുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.

 

മാലിന്യം നീക്കംചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ ഇന്ത്യൻ റെയിൽവേ തയ്യാറാകണമെന്ന് എ.എ. റഹീം എം.പി. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റഹീം പറഞ്ഞു.

 

പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോഴി, താറാവ് കർഷകർ വ്യക്തമാക്കി. കള്ളിങ് നടത്തിയതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. കടക്കെണിയിലാണെന്നും മന്ത്രി കർഷകരുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു. കർഷകരുടെ യോഗം വിളിക്കാൻ മന്ത്രി തയ്യാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ചർച്ച നടത്തിയില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കർഷകർ മുന്നറിയിപ്പ് നല്‍കി.

 

തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ക്രമക്കേട് നടന്നതായി പരാതി. പിആർഒ നിയമത്തിനായി ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് അപേക്ഷ ക്ഷണിച്ചപ്പോള്‍ സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാൽ എല്ലാവർക്കുമായി പരീക്ഷ നടത്തി. എഴുത്ത് പരീക്ഷയ്ക്ക് നൂറിൽ 70 മാർക്ക് നേടിയ വനിതാ മത്സരാർത്ഥി അഭിമുഖ പരീക്ഷ കഴിഞ്ഞപ്പോൾ രണ്ടാമതായി എന്നാണ് പരാതി. ഇതേതുടർന്ന് ഉദ്യോഗാർത്ഥി ഹൈക്കോടതിയെ സമീപിച്ചു.

 

വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബത്തെ മര്‍ദിച്ച കേസില്‍ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. നടുറോഡിലുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. നായ നാട്ടുകാരെ ആക്രമിക്കുമെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് മര്‍ദനമേറ്റയാള്‍ പറയുന്നു. കൊച്ചു കടവന്ത്രയിലെ നേതാജി നഗറിൽ വച്ചായിരുന്നു അക്രമം നടന്നത്.

 

തിരുവനന്തപുരം കാട്ടാക്കടയിൽ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫൻ എംഎൽഎക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകർക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം. എംഎൽഎക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനിൽ കുടുംബം പരാതി നൽകി.

 

ഇടുക്കി ഇരട്ടയാറിൽ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷകർത്താക്കൾ സമരം തുടങ്ങി. ആദ്യഘട്ടമായി കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായിട്ടാണ് ഇരട്ടയാ‌ർ ശാന്തിഗ്രാമിലുള്ള ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അഞ്ച് കുട്ടികളെ സ്കൂൾ അധികൃതർ അറിയാതെ സമീപത്തെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയത്.

 

ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഡോഡയിലെ വനമേഖല ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന ജമ്മു പൊലീസും സൈന്യവും ചേര്‍ന്ന സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്.

 

ഡോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെ കേന്ദ്രത്തിനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ തെറ്റായ നയങ്ങളുടെ ഭാരം പേറുന്നത് രാജ്യത്തെ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒന്നിനുപിന്നാലെ മറ്റൊന്നായി ഭീതിപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് വേദനാജനകവും ആശങ്കപ്പെടുത്തുന്നതുമാണ്. തുടർച്ചയായ ഭീകരാക്രമണങ്ങൾ ജമ്മു കശ്മീരിലെ ജീർണ്ണാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

 

ഭൂമി തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ തമിഴ്നാട് മുൻ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്കറിനെയാണ് അറസ്റ്റ് ചെയ്തത്. 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിലാണ് നടപടി.കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു.

 

തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു.നാം തമിഴർ കക്ഷി മധുര നോർത്ത് സെക്രട്ടറി ആണ്‌ കൊല്ലപ്പെട്ട ബാലസുബ്രഹ്മണ്യൻ. പ്രഭാതനടത്തതിനിടെ ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്ക്കർക്കെതിരെ അന്വേഷണം. യുപിഎസ്‍സി നിർദേശപ്രകാരമാണ് മഹാരാഷ്ട്ര സർക്കാർ അന്വേഷണം ആരംഭിച്ചത്. പൂജ ഖേദ്ക്കറുടെ നോൺ- ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്ചാ വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത പരിശോധിക്കാനാണ് സർക്കാർ തീരുമാനം. നിയമന മുൻഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്നാണ് പൂജ ഖേദ്ക്കർക്കെതിരെയുള്ള പ്രധാന ആരോപണം.

 

കേദാർനാഥ് ക്ഷേത്രത്തിന്‍റെ മാതൃക ദില്ലിയിൽ നിർമ്മിക്കുന്നതിനെ എതിർത്ത് അയോധ്യ രാമക്ഷേത്ര മുഖ്യ പൂജാരി സത്യേന്ദ്ര ദാസ്. കേദാർനാഥ് ക്ഷേത്രത്തിന്‍റെ പേരിൽ മറ്റൊരു ക്ഷേത്രം നിർമ്മിക്കുന്നത് ശരിയല്ല. ഒരു ക്ഷേത്രത്തിന്‍റെ പതിപ്പ്കൊണ്ട് ജനങ്ങൾക്ക് ഗുണം കിട്ടില്ല. ദില്ലിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന് മറ്റൊരു പേരിടണം എന്നും സത്യേന്ദ്ര ദാസ് പറഞ്ഞഞു. ദില്ലിയിൽ കേദാർനാഥ് മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനെ ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയും ഇന്നലെ എതിർത്തിരുന്നു.

 

വധശ്രമത്തിനുശേഷമുള്ള ഡോണൾഡ് ട്രംപിന്റെ ചിത്രമുള്ള ടീ ഷർട്ട് വിൽപന അവസാനിപ്പിച്ച് ചൈന. ചൈനീസ് ഇ കൊമേഴ്സ് സ്ഥാപനത്തിലൂടെയുള്ള വിൽപനയാണ് നിർത്തിയത്. കഴിഞ്ഞ ശനിയാഴ്ച ട്രംപിന് വെടിയേറ്റ് മൂന്ന് മണിക്കൂറിനുള്ളിൽ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ടീ ഷർട്ട് വിൽപനയ്ക്ക് എത്തിയിരുന്നു. അസ്വസ്ഥമാക്കുന്ന ഉള്ളടക്കത്തോട് കൂടിയതെന്ന് വിശദമാക്കിയാണ് ടീ ഷർട്ട് വിൽപന ചൈന വിലക്കിയത്.

 

കോപ്പാ അമേരിക്ക ജയത്തിന് ശേഷം അര്‍ജന്റൈന്‍ ടീം നാട്ടിലേക്കെത്തി. കിരീടത്തിന് ശേഷം വലിയ ആഘോഷമായിരുന്നു അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍. ഇന്നലെ ആഘോഷത്തിനിടെ നിയന്ത്രണം വിട്ട ആരാധകര്‍ക്ക് നേരെ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. അതേമയം, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തുടരുമെന്ന് ലിയോണല്‍ സ്‌കലോണി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *