ബിലാസ്‍പുര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിലെ ടിടിഇ അരുണ്‍കുമാറിനുനേരെ ആക്രമണം. ഇന്നലെ വൈകിട്ട്ട്രെയിന്‍ കോയമ്പത്തൂരില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ ട്രെയിനിലെ ശുചീകരണ തൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശി റിമൂണിനെ അറസ്റ്റ് ചെയ്തു. വൃത്തിഹീനമായ കോച്ച് ശരിയാക്കാൻ ടിടിഇ നിര്‍ദേശം നല്‍കിയപ്പോള്‍ പ്രകോപിതനായ പ്രതി ആക്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരം പരിഹരിക്കാൻ സർക്കാർ വിളിച്ച ഒത്ത് തീർപ്പ് ചർച്ച ഇന്ന് . മുഴുവൻ യൂണിയനുകളുമായി ഗതാഗതമന്ത്രി മൂന്ന് മണിക്ക് ചർച്ച നടത്തും. രണ്ടാഴ്ചയായി തുടരുന്ന സമരം മൂലം ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. ഇന്നലെ വിദേശത്തുനിന്നും മടങ്ങിയെത്തിയ മന്ത്രിയാണ് ചർച്ച വിളിച്ചു ചേർത്തിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നാണ് സംയുക്ത സമരസമിതി അറിയിച്ചു.
തൃശ്ശൂരിലെ ആവേശം മോഡൽ ഗുണ്ടാ പാർട്ടിയുടെ ദൃശ്യങ്ങൾ വിശദമായ പരിശോധന നടത്താനുള്ള തീരുമാനത്തിൽ പൊലീസ്. കാപ്പ ചുമത്തപ്പെട്ട പ്രതികൾ ആരെങ്കിലും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ കൂടുതൽ നടപടികളിലേക്ക് പോകുമെന്ന് പൊലീസ് അറിയിച്ചു.പ്രാഥമിക പരിശോധനയിൽ കഞ്ചാവ് കേസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കരമന നേമം മേഖലയിൽ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം കരമനയിൽ അഖിൽ എന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു. സംസ്ഥാനതലത്തിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളിൽ ഡോക്ടര്‍മാരുടെ അതിരൂക്ഷ ക്ഷാമം നേരിട്ടിട്ടും ഒഴിവുകൾ നികത്താതെ സര്‍ക്കാര്‍. സ്പെഷ്യലിസ്റ്റ് തസ്തികയിൽ അടക്കം വിവിധ വിഭാഗങ്ങളിലായി 380 ഒഴിവുകളാണുള്ളത്. ഏറ്റവും അധികം ഒഴിവുള്ളത്സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തിലാണ്.അസിസ്റ്റന്‍റ് സര്‍ജൻ തസ്തികയിൽ പിഎസ് സി വഴിയും മറ്റ് തസ്തികകളിൽ സ്ഥാനക്കയറ്റം വഴിയും ഒഴവുകൾ നികത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ അവകാശവാദം.
എൽ.ഡി.എഫിന്‍റെ ഒഴിവു വരുന്ന രണ്ടു രാജ്യസഭാ സീറ്റുകളിൽ ജോസ്.കെ.മാണിക്കും, എം.വി.ശ്രേയാംസ് കുമാറിനും അർഹതയും അവകാശവുമുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്. കേരള കോൺഗ്രസിനും രാഷ്ട്രീയ ജനതാദളിനും രാജ്യസഭാ സീറ്റ് യു.ഡി.എഫ് നൽകിയതാണ്. എൽ.ഡി.എഫിലെത്തിയ ഇവർക്ക് ആ സീറ്റുകൾ തുടർന്നു നൽകുകയെന്നത് മുന്നണി രാഷ്ട്രീയ മര്യാദയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
വാട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ്തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിൽ രണ്ടുവീടുകളിൽ ജലമോഷണം കണ്ടെത്തി. കുടിവെള്ള ചാർജ് കുടിശികയായതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിച്ചിരുന്ന മലമുകൾ നെട്ടയം കലിംഗവിള സരളകുമാരി, എടഗ്രാമം അമ്പലക്കുന്ന് എസ്.എസ് ഭവനിൽ അർജുനൻ എന്നിവരുടെ വീട്ടിലാണ് ജലമോഷണം പിടിച്ചതെന്ന് വാട്ടർ അതോറിറ്റി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.
2024ലെ കേരള പുരസ്‌കാരങ്ങൾക്കു നാമനിർദേശം ക്ഷണിച്ചു.സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണിത്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണു പുരസ്‌കാരങ്ങൾ നൽകുന്നത്.2024 ജൂലൈ 31 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം.
കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും മുഖപത്രത്തിലുണ്ട്. ഘടക കക്ഷിയുടെ ആവശ്യങ്ങൾ നിരാകരിക്കുകയോ അവരെ അവഗണിക്കുകയോ ചെയ്യുന്ന രീതി കോൺഗ്രസിനില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിൽ ആവശ്യപ്പെട്ട മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് നൽകിയത് മുന്നണി മര്യാദയുടെ പേരിലാണെന്നും മുഖപത്രം വ്യക്തമാക്കുന്നു.
പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. പൊലീസിൽ വിശ്വാസമില്ലെന്നും സിഐയെ എത്രയുംവേഗം മാറ്റണം, കേസ് പറവൂരിലേക്ക് മാറ്റി കിട്ടണമെന്നും പെൺകുട്ടിയുടെ അച്ഛൻ വ്യക്തമാക്കി. രാഹുലിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ രാഹുല്‍ കൊല്ലാൻ ശ്രമിച്ചെന്ന് മര്‍ദനത്തിനിരയായ പെണ്‍കുട്ടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച സംഭവത്തിലെ പ്രതി രാഹുൽ മുമ്പും വിവാഹം കഴിച്ചുവെന്ന്പരാതിയുമായി ഈരാറ്റുപേട്ട പനക്കപ്പാലം സ്വദേശിനിയായ യുവതി. ഈ യുവതിയുമായി നേരത്തെ രാഹുലിൻ്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഇത് നിലനിൽക്കെയാണ് രാഹുൽ വീണ്ടും വിവാഹിതനായതെന്നും യുവതി വെളിപ്പെടുത്തി. രാഹുലിൻ്റെ വിവാഹം നടന്നത് അറിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെയെന്ന് യുവതി പറയുന്നു.
ഫറോഖ് എസിപിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം പന്തീരാങ്കാവ് ഗാർഹിക പീഡന പരാതി അന്വേഷിക്കും. പന്തീരാങ്കാവ് പൊലീസിനെതിരെ പരാതിക്കാരിയുടെ കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം. പ്രതി രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും.കേസിൽ ഇന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ദുബായിൽ എത്തി ഓൺലൈൻ വഴി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. വരുന്ന തിങ്കളാഴ്ച സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കോമോറിൻ തീരത്തായി ഒരു ചക്രവാകച്ചുഴിയും, തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. വയനാട്ടിൽ സ്ഥലവും ബംഗളൂരുവിൽ രണ്ട് ഫ്ലാറ്റുകളും വാങ്ങിയെന്നാണ് കണ്ടെത്തൽ. ഒളിവില്‍ കഴിയുന്ന രതീശനെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
മമ്മൂട്ടിക്ക് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി .മമ്മൂട്ടിയെ സംഘപരിവാർശക്തികൾ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്‍റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മരണശേഷവും അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ പെൻഷൻ തുക എത്തുന്നതായി കണക്ക്. മരിച്ചയാളെ ഡാറ്റാബേസിൽ നിന്ന് യഥാസമയം ഒഴിവാക്കാത്തതാണ് കാരണം. മരണ രജിസ്ട്രേഷൻ ആധാറുമായും പെൻഷൻ സോഫ്റ്റ്‍വെയറുമായും ബന്ധിപ്പിച്ചാൽ പ്രശ്ന പരിഹാരിക്കാമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിൽ മെട്രോക്ക് പകരം ലൈറ്റ്ട്രാം മെട്രോ പരിഗണിക്കാനുള്ള ശ്രമത്തിനെതിരെ ചേംബർ ഓഫ് കൊമേഴ്സ്. ലൈറ്റ് ട്രാമിൽ സാധ്യതാ പഠനം നടത്തുക മാത്രമാണ് ചെയ്തതെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കെഎംആർഎൽ വിശദീകരിച്ചു.
മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ 14 വയസ്സുള്ള ആദിത്യൻ അഭിലാഷിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാനില്ല. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല. താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. കീഴ്‍വായ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാജസ്ഥാനിലെ കോലിഹന്‍ കോപ്പര്‍ ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് കുടുങ്ങിയ 14 പേരില്‍ എട്ടുപേരെ രക്ഷപെടുത്തി. ശേഷിക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൊല്‍ക്കത്തയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘവും മാധ്യമപ്രവര്‍ത്തകനുമുള്‍പ്പടെയുള്ളവര്‍ ലിഫ്റ്റ് തകര്‍ന്ന് ഖനിയില്‍പ്പെട്ടത്. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്‍റെ ഖനിയിലായിരുന്നു അപകടമുണ്ടായത്.
ദില്ലി പൊലീസിന് ന്യൂസ് ക്ലിക്ക് കേസിൽ കനത്ത തിരിച്ചടി. പ്രബീര്‍ പുരകായസ്‌തയുടെ അറസ്റ്റും റിമാൻ്റും നിയമവിരുദ്ധo. ന്യൂസ് ക്ലിക്ക് സ്ഥാപകനും, എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കായസ്തയെ ഉടൻ വിട്ടയക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബീര്‍ പുരകായസ്തയെ 2023 ഒക്ടോബര്‍ മൂന്നിന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഴുവൻ രാഷ്ട്രീയ യാത്രയും മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ നരേന്ദ്രമോദി പ്രതികരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി ഒവൈസി എത്തിയത്. മോദി എണ്ണമറ്റ നുണകളും മുസ്ലിംകൾക്കെതിരെ കടുത്ത വിദ്വേഷവും പ്രചരിപ്പിച്ചു എന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒവൈസി വിമർശിച്ചു.
മുസ്ലീം വിരുദ്ധനല്ല, കൂടുതല്‍ കുട്ടികളുള്ളവരെന്ന് പരാമര്‍ശിച്ചത് മുസ്ലീംങ്ങളെ ഉദ്ദേശിച്ചല്ലെന്നും മോദി . ഹിന്ദു മുസ്ലീം രാഷ്ട്രീയം കളിക്കുന്നയാളല്ല താൻ. അങ്ങനെ വേര്‍തിരിവ് കാട്ടിയെന്ന് വന്നാല്‍ പൊതു പ്രവര്‍ത്തനത്തിന് അര്‍ഹനല്ലെന്ന് സ്വയം വിലയിരുത്തി പിന്മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രിയോടെ വിദേശത്ത് നിന്നും തിരിച്ചെത്തിയേക്കും. മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല. ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ വന്നാൽ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും. അന്വേഷണ സംഘത്തിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.
ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗത്തിന്‍റെ ആസ്തി വിവരങ്ങള്‍ പുറത്ത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ നാമനിര്‍ദേശപത്രികയില്‍ വ്യക്തമാക്കിയത്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗത്ത് നല്‍കിയിരിക്കുന്ന വിവരങ്ങളിലുള്ളത്.
തമിഴ്നാട്ടിൽ ബിജെപി അക്കൌണ്ട് തുറക്കില്ലെന്ന് ഡിഎംകെ . സംസ്ഥാനത്തും പുതുച്ചേരിയിലുമായി ആകെ 39 സീറ്റിൽ ഇന്ത്യ സഖ്യം ജയിക്കുമെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവേയിലെ കണ്ടെത്തൽ.