mid day hd 1

പ്ലസ് വൺ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വ്യക്തമാക്കി.സീറ്റ് വര്‍ധനയ്ക്ക് പകരം ബാച്ച് വര്‍ധനയാണ് വേണ്ടതെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

 

തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ശ്രമിച്ച് മോട്ടോർവാഹനവകുപ്പ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന്റെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് അപേക്ഷകരും പരാജയപ്പെട്ടു. മുട്ടത്തറയിൽ സംയുക്ത സമരസമിതിയുടെ സമരത്തിനിടെയാണ് അപേക്ഷകരെത്തിയത്. സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ടെസ്റ്റ് പരാജയപ്പെട്ടതിന് പിന്നാലെ വാഹനത്തിന് മുന്നില്‍ നിന്നുകൊണ്ട് സമരക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി.

 

ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് മോട്ടോർ വെഹിക്കിൾ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായി വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകി. സമരക്കാരുമായുണ്ടായ സംഘർഷത്തിനിടെ പെൺകുട്ടിയെയും ഇരുചക്രവാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടുപേരെയും പൊലീസ് അകത്തേക്ക് കയറ്റിവിടുകയായിരുന്നു. കാറിന്‍റെ എച്ച് ടെസ്റ്റിൽ പെണ്‍കുട്ടി പരാജയപ്പെട്ടു. ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു. ടെസ്റ്റ് പരാജയപ്പെട്ട അപേക്ഷകയെ തടഞ്ഞ് കൂകി വിളിച്ചുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധിച്ചത്.

 

പൊന്നാനിയിൽ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടർന്ന് 6 തൊഴിലാളികൾ കടലിൽ പെട്ടുപോയിരുന്നു. ഇവരിൽ 4 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാകുകയായിരുന്നു. കാണാതായ സലാം, ഗഫൂർ എന്നിവരുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു.

 

ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ വീട് വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ഹരിഹരന്‍റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എം.പിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ട് മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണ്. എന്നാൽ സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനന്‍റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമായിരുന്നെന്നും സതീശൻ പറഞ്ഞു.

 

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ. സംഭവത്തിലെ പ്രതികളാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ടാണ് ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടകവസ്തു എറിയുകയായിരുന്നു. ഇത് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാലാണ് അപകടം ഒഴിവായത്.

 

ഹരിഹരന്റെ വീടിന് നേരെയുള്ള ആക്രമണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആർഎംപി ആരോപിച്ചു. കണ്ണൂർ മോ‍ഡൽ ഇടപെടലാണ് നടന്നത്. മാപ്പ് കൊണ്ട് അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും ആർഎംപി പറഞ്ഞു. ഒറ്റപ്പെട്ട സംഭവമല്ലെന്നും സിപിഎമ്മിനെതിരെ പറയുന്നവുടെ വായ് അടക്കുകയാണ് അജണ്ടയെന്നും ആർഎംപി കുറ്റപ്പെടുത്തി.

 

വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാരോപിച്ച് കെഎസ് ഹരിഹരൻ. ഇന്നലെ രാത്രിയാണ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. വൈകാതെ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്ഫോടനം നടന്ന് അല്‍പസമയത്തിനകം ഇത് ചെയ്തവര്‍ തന്നെ തിരികെ വന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടം വാരിയെടുത്ത് കൊണ്ടുപോയതായും ഹരിഹരൻ വെളിപ്പെടുത്തിയിട്ടുണ്ട്.

 

കണ്ണൂരിലെ ചക്കരക്കല്ലിൽ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലര്‍ച്ചെ രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന് യുജിസി. ചട്ടങ്ങൾ പാലിച്ചല്ല നിയമനമെന്ന് യുജിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണം. സംസ്ഥാന നിയമങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും സർക്കാരിന് കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യക്തിചലിക്കാൻ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി.

 

കാസര്‍കോട്ടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാൻ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ശ്രമിച്ചുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. തിരഞ്ഞെടുപ്പില്‍ ഉദുമയിലുണ്ടായ ചില കാര്യങ്ങള്‍ പുറത്തുവിടുമെന്നും തനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് രക്ഷപെടില്ലെന്നും പെരിയ രക്തസാക്ഷികള്‍ക്ക് അനുകൂലമായ പോസ്റ്റില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

 

സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 87.98 ശതമാനമാണ് വിജയം. മേഖലകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഒന്നാമത് എത്തി. പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷത്തെക്കാൾ വിജയം ശതമാനത്തിൽ 0.65 ന്റെ വർധനവാണ് ഉണ്ടായത്. കേരളം ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 99.9 ശതമാനം വിജയംനേടി രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി.

 

വീണ്ടും ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക് മര്‍ദനം. മംഗലാപുരം തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

വയനാട് ചെമ്പ്രപീക്കിലെ സാമ്പത്തിക തിരിമറിയിൽ ഗൂഢാലോചനയുണ്ടെന്ന് സിസിഎഫ് നിയോഗിച്ച സമിതി വ്യക്തമാക്കി. വിശദ അന്വേഷണത്തിന് ശുപാർശ ചെയ്ത്, അന്വേഷണ സംഘം നോർത്തേൺ സിസിഎഫ് കെ.എസ് ദീപയ്ക്ക് റിപ്പോർട്ട് കൈമാറി. ടിക്കറ്റ് വരുമാനം കൃത്യമായി ബാങ്കിൽ അടയ്ക്കാതെ തിരിമറി നടത്തിയ കേസിൽ സിസിഎഫ് നിയോഗിച്ച സമിതി മുഴുവൻ ജീവനക്കാരുടേയും മൊഴിയെടുത്തു. 16 ലക്ഷം രൂപയുടെ തിരിമറിയാണ് നടത്തിയത്.

സാമ്പത്തിക തിരിമറിയിൽ വൻ ഗൂഢാലോചന ഉണ്ടെന്നാണ് നിഗമനം.

 

തിരുവനന്തപുരം കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരന് പരിക്ക്. എആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരൻ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപനമായ ഇന്നലെ രാത്രിയാണ് സംഭവം.

 

പൂത്തൂരില്‍ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുത്തൂര്‍ സെക്ഷനിലെ ലൈൻമാൻ ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാറാണ് മരിച്ചത്. പവിത്രേശ്വരം ആലുശ്ശേരിയില്‍ ഇന്ന് പതിനൊന്നരയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്.

 

പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ , ആൽവിൻ എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. കലൂര്‍ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയിൽചികിത്സയിൽ കഴിയുകയായിരുന്നു.

 

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. എല്ലാവരോടും വോട്ട് ചെയ്യാനും രാഹുൽ ആഹ്വാനം ചെയ്തു.

 

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളിലെ പോളിങ്ങ് പുരോഗമിക്കുന്നു.. ഒന്‍പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരുക്കിയിരിക്കുന്നത്. ആന്ധ്ര പ്രദേശിലെ 25 ഉം തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ് 8, പശ്ചിമ ബംഗാള്‍ 8, ബിഹാറില്‍ 5, ജാര്‍ഖണ്ഡ് 4, ഒഡിഷ 4 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.

 

ജയ്പൂരിലെ സ്കൂളുകളിൽ ബോംബ് ഭീഷണി. ഇമെയിൽ സന്ദേശത്തെ തുടർന്ന് 4 സ്കൂളുകളിൽ പരിശോധന നടക്കുകയാണ്. സ്കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചാണ് പരിശോധന നടത്തുന്നത്. ഇന്നലെ ദില്ലിയിലെ എട്ട് ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇവിടങ്ങളിലേക്കും ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. അധികൃതർ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

 

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവുമാണ് മാലദ്വീപിന് ഇന്ത്യ നൽകിയത്. മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിച്ചതിനെ കുറിച്ചും പകരം ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെ നിയമിച്ചതിനെ കുറിച്ചും മാധ്യമങ്ങളെ അറിയിക്കാൻ ശനിയാഴ്ച രാഷ്ട്രപതിയുടെ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗസ്സൻ മൗമൂൺ ഇക്കാര്യം വ്യക്തമാക്കിയത്.

 

ഈ വർഷത്തെ ഹജ്ജ് വാളന്‍റിയർ പ്രവർത്തനങ്ങൾക്ക് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം മുന്നൊരുക്കം ആരംഭിച്ചു. ഇന്ത്യൻ കോൺസുലേറ്റിൻറെ ഉപദേശ നിർദേശങ്ങൾക്കനുസൃതമായി സേവന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന്റെ ആദ്യ പടിയായി കഴിഞ്ഞ ദിവസം ശറഫിയയിൽ നേതൃ സംഗമം സംഘടിപ്പിച്ചു.

 

പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. സാമ്പത്തിക വിദഗ്ധനും ഉപപ്രധാനമന്ത്രിയുമായ ആൻഡ്രി ബെലോസോവിനെയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചത്. 2022 ഫെബ്രുവരിയിൽ യുക്രൈനെതിരെ യുദ്ധം തുടങ്ങിയ ശേഷം വരുത്തുന്ന പ്രധാന മാറ്റമാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *