സംസ്ഥാനത്ത് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ മുതല്‍ മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകൾ നടക്കുകയാണ്. മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ട്. കൃത്യം അഞ്ചിന് പരസ്യപ്രചാരണം നിര്‍ത്തും. നിശബ്ദ പ്രചാരണം കഴിഞ്ഞ് മറ്റന്നാൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പോളിങ് ബൂത്തിലെത്തും.

 

വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ പോളിംഗിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വഴി വോട്ട് രേഖപ്പെടുത്താം. വോട്ട് ചെയ്‌ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്നും സഞ്ജയ് കൗള്‍ ഐഎഎസ് വ്യക്തമാക്കി. 25,229 വോട്ടിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്, മഴ പെയ്‌താലും വോട്ടര്‍മാര്‍ ബുദ്ധിമുട്ടുണ്ടാവില്ല. ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ എന്നിവ ബൂത്തിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

വിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് നൽകിയിരിക്കുന്ന ഹർജി ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിന്‍റെ പ്രാഥമിക വാദത്തിനിടെ വോട്ടിങ് മെഷീനിന്‍റേയും വി വി പാറ്റിന്‍റേയും പ്രവർത്തനം തിരെത്തെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥര്‍ കോടതിയിൽ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. രണ്ട് മണിക്ക് കേസ് വീണ്ടും പരിഗണിക്കും.

 

കോൺഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പ്രകടന പത്രികയിലുള്ളത് മുസ്ലിം ലീഗിന്റെ ആശയങ്ങളാണെന്നും എസ്‌സി എസ്‌ടി സംവരണം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും, കോൺഗ്രസ് രാജ്യത്ത് സാമൂഹിക സമത്വം തകർത്തുവെന്നും കുറ്റപ്പെടുത്തി. പാരമ്പര്യ സ്വത്തിന് നികുതി ഏർപ്പെടുത്തുമെന്നും, കുടുംബനാഥന്റെ മരണത്തിന് ശേഷം ആ സ്വത്ത് അനന്തരാവകാശികൾക്ക് നൽകില്ലെന്നും കോൺഗ്രസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താൻ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ഛത്തീസ്‌ഗഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.

 

അധികാരത്തില്‍ എത്തിയാല്‍ ആദ്യ നടപടി ജാതിസെന്‍സസ് നടപ്പിലാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ജാതി സെന്‍സസ് തന്‍റെ ജീവിത ലക്ഷ്യമാണ്. അതില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല. അനീതി തുടരുന്ന രാജ്യത്ത് നീതി ഉറപ്പാക്കുക എന്നതാണ് അതിന്‍റെ താല്‍പര്യമെന്നും രാഹുല്‍ പറഞ്ഞു. രാജ്യസ്നേഹി എന്ന് അവകാശപ്പെടുന്നവര്‍ ജാതി സെന്‍സസിനെ ഭയപ്പെടുകയാണ്. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒബിസി ആകുമെന്നും രാഹുല്‍ ചോദിച്ചു.

 

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം പിന്നിട്ടു, ഇതിൽ 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ആരുടെ താലിമാലയാണ് തട്ടിയെടുത്തതെന്ന് മോദി പറയണമെന്ന് പ്രിയങ്ക ഗാന്ധി. രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തൻ്റെ അമ്മയെന്നും ചൈന യുദ്ധവേളയിൽ മുഴുവൻ ആഭരണങ്ങളും തൻ്റെ മുത്തശി രാജ്യത്തിനായി നൽകിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

 

ലോക്സഭ തിരഞ്ഞെടുപ്പില്‍ തോല്‍വി മുന്നില്‍ കണ്ടാണ് ന്യൂനപക്ഷ വിരുദ്ധതയും വർഗീയതയും പ്രധാനമന്ത്രി നരേന്ദ്രമോദി ആളിക്കത്തിക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജൻ ഖർഗെ. അടിയൊഴുക്കുകള്‍ മനസിലായതോടെയാണ് ഈ മാറ്റം. മോദിക്കെതിരെ നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷനെയും ഖർഗെ വിമർശിച്ചു. കമ്മിഷന്റെ സെലക്ഷനും ഇലക്ഷനും മോദിയാണ് നടത്തുന്നത്. മോദി വിലകുറഞ്ഞ രാഷ്ട്രീയക്കാരനായി മാറിയെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഖർഗെ പറഞ്ഞു.

 

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ കെകെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ പൊലീസിൽ പരാതി നൽകി. തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ശൈലജ തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതെന്ന് ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമടക്കം ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പിൽ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

 

സൈബര്‍ അധിക്ഷേപ പരാതിയില്‍ ഷാഫി പറമ്പില്‍ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറയ്ക്കാനാണെന്ന് കെ.കെ. ശൈലജ. ഡിജിപിക്ക് പരാതി നല്‍കിയത് അതിന്‍റെ ഭാഗമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന ആളല്ല താനെന്നും സൈബര്‍ അധിക്ഷേപത്തില്‍ നിയമനടപടി തുടരുമെന്നും ശൈലജ വ്യക്തമാക്കി.

 

രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് പി വി അന്‍വര്‍ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്നും, ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

തൻ്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ. പരാജയം ഉറപ്പായപ്പോൾ സിപിഎം തൻ്റെ പേരിനെ ഉൾപ്പെടെ വർഗീയമായി ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചതെന്നും, രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസ്സോടെയാണ് പ്രവർത്തിക്കുന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.

 

ബിജെപി പ്രചാരണ ബോർഡുകൾ പൊലീസ് എടുത്തു മാറ്റിയതിനെ തുടര്‍ന്ന് വയനാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രനും പൊലീസും തമ്മിൽ തര്‍ക്കമുണ്ടായി. ബിജെപി തമിഴ്‌നാട് അധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ ബോര്‍ഡുകൾ തിരികെ സ്ഥാപിച്ചുവെങ്കിലും യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും പ്രതിഷേധത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെത്തി ബിജെപി ബോർഡുകൾ വീണ്ടും എടുത്തു മാറ്റി. പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി ബോർഡുകൾ സ്ഥാപിച്ചെന്ന പരാതിയിലായിരുന്നു നടപടി.

 

മലപ്പുറത്ത് സമസ്ത നേതാക്കൾ ഇന്ന് വിളിച്ച വാർത്താ സമ്മേളനം റദ്ദാക്കി. അബ്ദു സമദ് പൂക്കോട്ടൂർ ഉൾപ്പെടെ ഉള്ള ലീഗ് അനുകൂല നേതാക്കളുടെ വാർത്താ സമ്മേളനമാണ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ നീക്കുന്ന തരത്തിൽ സമസ്ത നേതൃത്വം പ്രസ്താവന ഇറക്കിയതിനാലാണ് മലപ്പുറത്തെ വാർത്താ സമ്മേളനം ഒഴിവാക്കിയതെന്നാണ് നേതാക്കൾ പറയുന്നത്.

 

മുസ്ലിം ലീഗും സമസ്തയുമായുള്ള ബന്ധം നിക്ഷിപ്ത താൽപര്യക്കാർക്ക് ഇല്ലാതാക്കാനാവില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വോട്ടിന് വേണ്ടിയുള്ള ബന്ധമല്ലെന്നും അതില്‍ ചെറിയ വിള്ളല്‍ വീഴാന്‍ ഇരുവിഭാഗവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയും ലീഗുമായുള്ളത് വൈകാരികമായ അടുപ്പം മാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

 

വയനാട് തലപ്പുഴ കമ്പമലയിൽ രാവിലെ ആറ് മണിയോടെ സി പി മൊയ്‌തീൻ ഉൾപ്പെട്ട നാലംഗ സംഘമടങ്ങിയ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ. 20 മിനുറ്റ് നേരം അവർ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും, മുദ്രാവാക്യം വിളിക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തെന്നും നാട്ടുകാർ പറയുന്നു. നാല് പേരിൽ രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.

 

കരുവന്നൂര്‍ കേസിൽ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല. തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാൻ സാവകാശം തേടുമെന്നും ഇക്കാര്യം രേഖാമൂലം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുമെന്നുമാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് മുൻപും ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് പറഞ്ഞത്. തുട‍ര്‍ച്ചയായ നാലാം തവണയാണ് ഇഡിയുടെ നോട്ടീസ് എംഎം വര്‍ഗീസ് നിരാകരിക്കുന്നത്.

 

പത്തനംതിട്ട റാന്നിയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിലെ പ്രതി അറസ്റ്റിൽ. 22 കാരനായ വലഞ്ചുഴി സ്വദേശി ആകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊവിഡ് വാക്‌സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് അതേപോലെ കുത്തിവെയ്പ്പ് നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

 

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ചിത്രത്തിന്‍റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജി.

 

യെമനിലെ ജയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ യെമനിലെ സനയിൽ എത്തിയ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ്‌ നിർദേശം. മകളുടെ മോചനത്തിനായുള്ള ചർച്ചകൾക്കായാണ് അമ്മ പ്രേമകുമാരി യെമനിലെത്തിയത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കും എന്നാണ് ഇവരുടെ പ്രതീക്ഷ.

 

പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. മൂവാറ്റുപുഴ ഷാഹുൽ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്.

 

പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുൻ കുറ്റക്കാരനെന്ന് വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി – 2 കണ്ടെത്തി. ഏപ്രിൽ 29ന് ശിക്ഷ വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. 2021 ജൂൺ 10 ന് രാത്രിയാണ് അർജുൻ വൃദ്ധ ദമ്പതികളായ റിട്ട. അധ്യാപകന്‍ കേശവനെയും ഭാര്യ പത്മാവതിയെയും മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്.

 

കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷപ്പെട്ട പ്രതി പറവണ്ണ സ്വദേശി റബീഹ് പൊലീസിൽ കീഴടങ്ങി. തിരൂർ ജില്ലാ ആശുപത്രിയിലാണു സംഭവം നടന്നത്. പരിശോധനയ്ക്കെത്തിച്ച റബീഹ് വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടുകയായിരുന്നു. കൂടെ പൊലീസുകാരും ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല. സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം തിരൂർ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാൾക്കെതിരെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു.

 

മഹാരാഷ്ട്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരായ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ തുടന്വേഷണം അവസാനിപ്പിച്ച് റിപ്പോ‌‌ർട്ട് നൽകി. 25000 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്കുകൾക്ക് നഷ്ടം നേരിട്ടില്ലെന്നും വായ്പയായി നൽകിയതിൽ 1343 കോടി തിരിച്ചുപിടിച്ചെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

 

കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി ഖേദം പ്രകടിപ്പിച്ച് നല്കിയ പത്ര പരസ്യത്തിന്‍റെ വലിപ്പം സാധാരണ നൽകാറുള്ള പരസ്യത്തിന് സമാനമാണോ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തെ തുടർന്ന് പത്രങ്ങളില്‍ കൂടുതല്‍ വലിപ്പത്തില്‍ പതഞ്ജലി പരസ്യം നല്‍കി. ദിനപത്രങ്ങളുടെ പേജുകളില്‍ നാലിലൊന്ന് വലിപ്പത്തിലാണ് നിരുപാധികം മാപ്പ് പറഞ്ഞുള്ള ഇന്നത്തെ പരസ്യം.

 

അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകരാനിടയാക്കിയ അപകടത്തിന്‍റെ ഉത്തരവാദിത്വം കപ്പൽ ഉടമസ്ഥരായ കമ്പനിക്കും നടത്തിപ്പ് കമ്പനിക്കുമെന്ന് ബോള്‍ട്ടിമോര്‍ സിറ്റി അധികൃതർ. കാര്യക്ഷമതയില്ലാത്ത ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും ബോള്‍ട്ടിമോര്‍ സിറ്റി കൗണ്‍സിൽ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *