തൃശൂർ പൂരത്തിനു മുന്നോടിയായി ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. വെറ്ററിനറി സംഘത്തിന്‍റെ പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ലെന്നും വനം വകുപ്പിന്‍റെ ഉത്തരവിൽ നിന്നും ഇത് ഉടൻ ഒഴിവാക്കുമെന്നും, പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും.പൂരം നല്ല രീതിയിൽ നടത്താൻ സർക്കാർ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആനകളുടെ രണ്ടാം വട്ട ഫിറ്റ്നസ് പരിശോധന ഒഴിവാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു. വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന സർട്ടിഫിക്കറ്റുള്ള ആനകളുടെ ഫിറ്റ്നസ് പുന:പരിശോധന അപ്രായോഗികമാണെന്നും, ഹൈക്കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഒഴിവാക്കിയിട്ടുണ്ടെന്നും, കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ ഉന്നയിക്കുന്ന സൈബര്‍ ആക്രമണ പരാതി നുണ ബോംബെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു സ്ഥാനാര്‍ഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ലെന്നും ഇരുപത് ദിവസം മുന്‍പ് ശൈലജ പരാതി നല്‍കിയിട്ടും മുഖ്യമന്ത്രിയും പൊലീസും എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. കെ.കെ.രമ, ഉമ തോമസ് തുടങ്ങിയവരെ സിപിഎം നേതാക്കള്‍ പരസ്യമായി അപമാനിച്ചപ്പോള്‍ കെ.കെ ശൈലജ എവിടെയായിരുന്നുവെന്നും, എം എം.മണി നാട്ടിലെങ്ങും നടന്ന് സ്ത്രീകളെ അപമാനിച്ചപ്പോഴും ആരെയും കണ്ടില്ലെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കെ.കെ രമ എംഎൽഎ. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റാണെന്നും പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താൻ അടക്കമുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരകളാണെന്നും, ശൈലജയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ താൻ കണ്ടിട്ടില്ലെന്നും ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനെ മുഖവിലയ്ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു.
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്ററിട്ട മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ ശൈലജ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിരുന്നു.
ബിജെപിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള കുത്തൊഴുക്കു തടയാൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ലെന്നും, കേരളത്തിൽ പോലും ഉന്നത നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോകുന്ന കാഴ്ചയാണ് നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാവാത്ത കോൺഗ്രസിന് ഫാസിസത്തെ നേരിടാൻ എങ്ങനെ സാധിക്കുമെന്നും എംവി ഗോവിന്ദൻ ചോദിച്ചു.
എക്‌സാലോജികുമായുള്ള ഇടപാടിന്‍റെ കരാർ രേഖകളടക്കം സിഎംആർഎൽ കൈമാറുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ആവശ്യപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന്‍റെ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോർഡ് പരിശോധിക്കുകയും തീർപ്പാക്കുകയും ചെയ്തതാണെന്നും, അങ്ങനെ തീർപ്പാക്കിയ കേസിന്‍റെ രേഖകള്‍ കൈമാറാൻ സാധിക്കില്ലെന്നുമാണ് ചീഫ് ഫിനാൻസ് മാനേജർ പി സുരേഷ് കുമാർ ചോദ്യംചെയ്യലിൽ പറഞ്ഞത്. എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നതെന്നും ഇഡി പറയുന്നു. സുരേഷ് കുമാറിനെയും മുൻ കാഷ്യർ വാസുദേവനെയും ഇന്നും ചോദ്യംചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷന്‍സും സി.എം.ആര്‍.എലും തമ്മിലുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സംഘം മൊഴിയെടുക്കുന്നു. കര്‍ത്തയോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. തുടര്‍ന്നാണ് ഇഡി അനേഷണ സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി മൊഴിയെടുക്കുന്നത്.
ഐഎൻഎലിനെ ആദരിക്കാൻ വേണ്ടിയാണ് പച്ചക്കൊടി പിടിച്ച് റാലി നടത്തിയതെന്നും ഫാസിസത്തിന് മുന്നിൽ കൊടിമടക്കി കീശയിൽ വയ്ക്കാൻ പറയുന്നതല്ല ഇടതുരാഷ്ട്രീയമെന്നും ആനിരാജ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്ക് മറുപടിയായി ചെങ്കൊടിക്കൊപ്പം പച്ചക്കൊടിയും ഉയർത്തിയായിരുന്നു ഇന്നലെ വയനാട്ടിലെ ആനിരാജയുടെ റോഡ് ഷോ.
അസിസ്റ്റൻറ് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ പ്രതിചേർക്കപ്പെട്ടവരെ പിന്തുണച്ച നേതൃത്വത്തിന്‍റെ നടപടിക്കെതിരെ സർക്കാർ അഭിഭാഷകരുടെ സംഘടനക്കുള്ളിൽ ഭിന്നത. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോടതി ബഹിഷ്ക്കരിക്കാനുള്ള തീരുമാനം സംഘടന ഉപേക്ഷിച്ചു. എന്നാൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിചേർത്തവരുടെ വീടുകളിൽ നടന്ന റെയ്ഡിന്‍റെ ശൈലിയെയാണ് എതിര്‍ത്തതെന്നും അനീഷ്യയുടെ കുടുംബത്തോടൊപ്പം തന്നെയാണെന്നും അസിസ്റ്റൻറ് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാർ താജുദ്ദീനിന്‍റെ മൊഴിയിൽ ആശയക്കുഴപ്പം. തൃശ്ശൂരിനും എറണാകുളത്തിനുമിടയിലുള്ള യാത്രക്കിടെ 2022 ഫെബ്രുവരിയിൽ മെമ്മറി കാർഡ് പരിശോധിച്ച ഫോൺ നഷ്ടമായെന്നാണ് വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണത്തിനിടെ മൊഴി നൽകിയത്. എന്നാൽ മാധ്യമ വാർത്തകൾക്ക് പിറകെ തന്‍റെ ഫോൺ ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കുകയും അങ്ങനെയുണ്ടായിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തെന്ന് മൊഴി നൽകിയിട്ടുണ്ട്. ഫെബ്രുവരിയിൽ നഷ്ടമായ ഫോൺ എങ്ങനെയാണ് ജൂലൈയിൽ പരിശോധിച്ചു എന്ന ചോദ്യമോ മറുപടിയോ റിപ്പോർട്ടില്ല. ഇത് ദുരൂഹമാണെന്നാണ് അതിജീവിത ആരോപിക്കുന്നത്.
പ്ലസ് ടു കോഴക്കേസിലെ ലീഗ് നേതാവ് കെ.എം ഷാജിയുടെ കേസ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം തെറ്റാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടാനാണ് കെഎം ഷാജി ശ്രമിക്കുന്നതെന്നും, കേസിലെ സ്കൂൾ മാനേജറും, ടീച്ചർമാരും സത്യം മറയ്ക്കാനാണ് ശ്രമിക്കുന്നത്. സത്യം പുറത്ത് വരാൻ വിശദമായ അന്വേഷണം വേണം. ഹർജി തള്ളണമെന്ന ഷാജിയുടെ അപേക്ഷ അംഗീകരിക്കരുതെന്നും മറുപടി സത്യവാങ്മൂലത്തിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തന്റെ രാഷ്ട്രീയ ഭാവി തകർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലൻസ് പ്ലസ് ടു കോഴക്കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് കെഎം ഷാജിയുടെ വാദം.
കേരള സർവകലാശാല ആസ്ഥാനത്ത് നടത്താനിരുന്ന ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം വി.സി. തടഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന പ്രതിമാസ പ്രഭാഷണ പരിപാടിക്കാണ് വിലക്ക്. എന്നാൽ രാഷ്ട്രീയ അജണ്ടയുള്ള പരിപാടി അല്ലെന്നു യൂണിയൻ വിശദീകരിച്ചു. എന്താണ് ജനാധിപത്യം എന്നതിൽ വ്യക്തമായ ധാരണ ഇല്ലാത്തവരാണ് വി സി ആയി ഇരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസും പ്രതികരിച്ചു.
ഒരു മണ്ഡലത്തിലും പെന്തകോസ്ത് സഭകൾ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ. പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിക്കെതിരെ പരസ്യ നിലപാട് എടുത്ത യുണൈറ്റഡ് പെന്തകോസ്ത് സിനഡ് എന്ന സംഘടനയ്ക്ക് പിന്നിൽ എൽഡിഎഫാണെന്ന് പിസിഐ ഭാരവാഹികൾ വ്യക്തമാക്കി. സിനഡ് രണ്ട് മാസം മുൻപ് തുടങ്ങിയ തട്ടിക്കൂട്ട് സംഘടനയാണെന്നും അവർക്ക് പിന്നിൽ ഇടതുമുന്നണി നേതാക്കളാണെന്നും അവർ പറഞ്ഞു. അതോടൊപ്പം ഇടതുപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്‍റെ പത്രസമ്മേളനമെന്ന് യു ഡിഎഫ് ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക് ബിലീവേഴ്സ് ഫോറവും വ്യക്തമാക്കി.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ രാത്രി 9 വരെ അഞ്ചു മണിക്കൂര്‍ അടച്ചിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. തടസങ്ങളേതുമില്ലാതെ പൈങ്കുനി ആറാട്ട് ഉത്സവം നടത്തുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടതും, തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ഈ വിവരങ്ങൾ അതത് വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.
കളക്ഷനിൽ റെക്കോർഡിട്ട് കെഎസ്ആർടിസി. ഈ മാസം 15നാണ് റെക്കോർഡ് കളക്ഷൻ നേടിയത് 8.57 കോടി രൂപയാണ് ഈ ഒറ്റ ദിവസത്തെ കെഎസ്ആർടിസിയുടെ വരുമാനം. 4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസ്സുകളിൽ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആർടിസി വിശദീകരിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം ഡെഡ് കിലോമീറ്റർ ഒഴിവാക്കി സർവ്വീസുകള്‍ പുന:ക്രമീകരിച്ചിരുന്നു.
സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളിൽ വീഴ്ചയുണ്ടെന്ന് സിഎജിയുടെ കണ്ടെത്തൽ. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെൽറ്റോ- ഹെൽമെറ്റോ ധരിക്കാറില്ലെന്നും, ഡ്രൈവിംഗ് സ്കൂള്‍ അധികൃതർ പരീക്ഷകളിൽ ഇടപെടുന്നുവെന്നും എജിയുടെ പരിശോധന റിപ്പോർട്ടിലുണ്ട്. നവീകരിച്ച ട്രാക്കുകളും ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്ക്കാരങ്ങളും ആവശ്യമാണെന്നും സിഎജി ശുപാർശ ചെയ്തു.
കോണ്‍ക്രീറ്റിങ്ങിനായി കുതിരാന്‍ ഇടതുതുരങ്കം അടച്ചതിനാല്‍ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ ടോള്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. വാണിയമ്പാറ സ്വദേശി ജോര്‍ജ് ഫിലിപ്പാണ് ഹര്‍ജി നല്‍കിയത്.
കണ്ണൂർ മട്ടന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ചാവശേരി 19ാം മൈലിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല സ്വദേശി കുമാരിയാണ് മരിച്ചത്. കുട്ടികള്‍ അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ബലാൽസംഗ കേസിലെ പ്രതിയായ ഇൻസ്പെക്ടർ സൈജു എം വി മരിച്ച നിലയിൽ. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ പൂർത്തിയായ ശേഷമുള്ള ആദ്യ രാമ നവമി ദിനത്തിൽ രാമക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളിലാണ് പ്രതിഷ്ഠയുടെ നെറ്റിയിൽ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങ് നടന്നത്. ഏതാനും നിമിഷങ്ങൾ മാത്രം നീളുന്ന സൂര്യ തിലക് ചടങ്ങിന് സാക്ഷിയാവാൻ നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.
തെരഞ്ഞെടുപ്പ് ദിനത്തിൽ തീർഥാടനം മാറ്റിവച്ച് വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് ഗോവ ആർച്ച് ബിഷപ്പ് കർദിനാൾ ഫിലിപ്പെ നെരി ഫെറാവോ. ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയത്തിപിടിക്കുന്ന സ്ഥാനാത്ഥിയെ പിന്തുണയ്ക്കണമെന്നും വോട്ടെടുപ്പിന്റെ തലേന്ന് ഗോവയിൽ നിന്നുളള തീർഥാടനം മാറ്റിവയ്ക്കണമെന്നുമാണ് ബിഷപ്പിന്റെ ആഹ്വാനം. മെയ് ആറിന് ഗോവയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്ന പശ്ചാത്തലത്തിലാണ് നിർദേശം.
യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന് കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ വ്യക്തമാക്കി. നിലവിലെ പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണെന്നും, അതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാൻ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി. കപ്പലിലെ ഇന്ത്യക്കാരുമായി എംബസി അധികൃതരുടെ കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കുമെന്നാണ് സൂചന.
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സാമ്പത്തിക ഇടപാടുകളും മറ്റ് ക്രയവിക്രയങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും നിരീക്ഷിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടരുന്നു. ഫ്ലൈയിംഗ് സ്ക്വാഡ് അടക്കമുള്ള വിവിധ സ്ക്വാഡുകളെ വിന്യസിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നത്. ഇതുവരെ 4,650 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ പിടിച്ചെടുത്തതായി ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലെയും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും.
15.5 കോടി രൂപയിലധികം വിലമതിക്കുന്ന സ്ഥാവര, ജംഗമ സ്വത്തുക്കളുണ്ടെന്ന് വെളിപ്പെടുത്തി സമാജ്‌വാദി പാർട്ടി നേതാവും ലോക്‌സഭാ എംപിയുമായ ഡിംപിൾ യാദവ്. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോളാണ് വെളിപ്പെടുത്തൽ. ഡിംപിളിനൊപ്പം ഭർത്താവും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്, മുതിർന്ന പാർട്ടി നേതാക്കളായ ശിവ്പാൽ സിംഗ് യാദവ്, രാം ഗോപാൽ യാദവ് എന്നിവരും നാമനിർദേശപത്രിക സമർപ്പിക്കാൻ ഡിംപിളിനൊപ്പം ഉണ്ടായിരുന്നു.
75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് യുഎഇയില്‍ പെയ്തതെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പലയിടങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി ഭൂരിഭാഗം നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദുബൈ വിമാനത്താവളത്തിലെ നിരവധി വിമാന സർവിസുകൾ മഴ കാരണം റദ്ദാക്കി.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇതുവരെ പ്രവർത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളിൽ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണൽ സെന്‍റര്‍ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അറിയിച്ചു. അൽ-ബുറൈമിയിൽ നിന്ന് സോഹാറിലേക്കുള്ള വാദി അൽ ജിസി റോഡും, അൽ ജബൽ അൽ അഖ്ദർ റോഡും സുരക്ഷാ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പിൽ പറയുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം. ഗുജറാത്തിലെ രാജ്കോട്ടിലാണ് അയൽക്കാരുമായുള്ള വഴക്കിൽ ഇടപെട്ടതിന് പൊലീസ് പിടികൂടിയ ദളിത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാജ്‌കോട്ടിലെ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.