mid day hd 2

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്ക് പേര് മാറ്റം അനിവാര്യമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ. സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും , വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേരെന്നും വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 

സുരേന്ദ്രന് എന്തും പറയാമെന്നും, അദ്ദേഹം ജയിക്കാൻ പോകുന്നില്ലെന്നും ജനശ്രദ്ധ പിടിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും ടി സിദ്ദിഖ് എം എൽ എ യും, ഇത് കേരളമാണ് എന്നും,അതൊന്നും നടപ്പാകാൻ സാധ്യതയില്ലെന്ന് നിങ്ങൾക്ക് തന്നെ അറിയാമല്ലൊയെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണിതെന്നും കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രനും ബത്തേരിക്കാർക്ക് പേര് മാറ്റണം എന്നില്ല. ഇന്നാട്ടുകാരൻ അല്ലാത്ത സുരേന്ദ്രൻ അത് മോഹിക്കേണ്ടെന്നും ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശും പ്രതികരിച്ചു.

 

സുൽത്താൻ ബത്തേരി എന്ന പേരിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ പ്രതികരിച്ചു. സാംസ്കാരിക അത്യാപത്തിന്‍റെ സൂചനയെന്ന് സച്ചിദാനന്ദനും ചരിത്രം ചികഞ്ഞുപോയാൽ ഗണപതിവട്ടത്തിലും നിൽക്കില്ല എന്നും, ഇപ്പറയുന്ന സ്ഥലത്തിന്‍റെ നമുക്കറിയാവുന്ന ഏറ്റവും പഴയ പേര് കന്നഡയിലാണെന്നും സാഹിത്യകാരൻ ഒ കെ ജോണിയും പ്രതികരിച്ചു.

 

തൃശൂര്‍ കുന്നംകുളത്ത് സ്കൂളിന് സമീപം സ്ഫോടക വസ്തു പിടിച്ചെടുത്തു. കുഴി മിന്നലിനോട് സാമ്യമുള്ള സ്ഫോടകവസ്തുവാണ് കണ്ടെത്തിയത്. പാടത്ത് ഉണ്ടായിരുന്ന സ്ഫോടക വസ്തു മാനസികാസ്വാസ്ഥ്യമുള്ള യുവാവ് സ്കൂളിന് സമീപത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കൗണ്‍സിലറെയും പൊലീസിനെയും വിവരം അറിയിച്ചു. കുന്നംകുളം പൊലീസും, ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. സ്ഫോടക വസ്തു എങ്ങനെ ഇവിടെ എത്തിയെന്നതില്‍ ദുരൂഹത തുടരുകയാണ്.

 

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഈ മാസം 19 ഉച്ചയ്ക്ക് രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൂടാതെ വ്യാജമദ്യ നിര്‍മാണത്തിനും വിതരണത്തിനും വില്‍പനയ്ക്കും സാധ്യതയുള്ളതിനാൽ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും പൊലീസ്, എക്‌സൈസ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

 

പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും കെട്ടിട ഉടമയായ അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. ആലുവയിലെ റിസോർട്ടിൽ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിൽ കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കേസെടുത്തത്. ഇത് ചോദ്യം ചെയ്താണ് മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവർത്തകൻ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്. എന്നാൽ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറി തയ്യാറായില്ല. ഇതിനെതിരെ വിവരാവകാശപ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഇത് പരിഗണിച്ചാണ് കോടതി ആഭ്യന്തര സെക്രട്ടറിക്ക് പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.

 

പാനൂർ ബോംബ് നിർമാണ കേസിൽ ഉൾപ്പെട്ടവർക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ഒരാളും പാര്‍ട്ടി അറിവോടെ അതിനു മുതിരേണ്ട, പാര്‍ട്ടി അത് ഉപയോഗിക്കുന്നുമില്ല. ബോംബ് നിർമാണ കേസിൽ സന്നദ്ധ പ്രവർത്തകനെ അറസ്റ്റു ചെയ്തിട്ടുണ്ടോയെന്ന് പൊലീസും, ഡിവൈഎഫ്ഐക്കാര്‍ ബോംബ് നിർമാണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഡിവൈഎഫ്ഐയും പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഡിവൈഎഫ്ഐക്കാര്‍ പാര്‍ട്ടിക്കാരല്ലല്ലേയെന്നും, സിപിഎം സംസ്ഥാനസെക്രട്ടറി എല്ലാവരെയും പൊട്ടന്‍മാരാക്കുകയാണോ എന്നും കെ.കെ.രമ. കണ്ണൂരിലെ സിപിഎമ്മിന്റെ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പാനൂർ ബോംബ് നിർമാണ കേസിൽ ഉൾപ്പെട്ടവർക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു രമ.

 

പാനൂരില്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ബോംബ് നിര്‍മിക്കാനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയിൽ നിന്നാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളായ ഷിജാല്‍, ഷബിൻ ലാല്‍ എന്നിവരാണ് കല്ലിക്കണ്ടിയിൽ നിന്ന് ബോംബ് നിര്‍മാണ വസ്തുക്കള്‍ വാങ്ങിയതെന്നും വ്യക്തമായി. സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചതെന്നതില്‍ അന്വേഷണം നടക്കുകയാണ്. പ്രതിപ്പട്ടികയിലെ ഡിവൈഎഫ്ഐ ഭാരവാഹികൾക്കെതിരെ കുറ്റം തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.

 

മുന്‍ എം എല്‍എയും കെപിസിസി തെരഞ്ഞെടുപ്പ് പ്രചരണ സമിതി ആംഗവുമായിരുന്ന പി പി സുലൈമാന്‍ റാവുത്തര്‍ സിപിഎമ്മിൽ ചേർന്നു. വലതു പക്ഷ വർഗീയതയും ഫാസിസവും തടയാൻ ഇടത്പക്ഷം ശക്തിപ്പെടണമെന്നും, സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാനാണ് തീരുമാനമെന്നും സുലൈമാൻ റാവുത്തർ വ്യക്തമാക്കി.

 

കോട്ടയം വിജയപുരത്ത് ഇടതു സ്ഥാനാർഥിയായ തോമസ് ചാഴിക്കാടന്‍റെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നും, ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം പര്യടനത്തിനു പോകാനുമാണ് നിർദ്ദേശം നൽകിയത്. മെമ്പർ പറഞ്ഞത് അനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് മേറ്റിന്‍റെ വിശദീകരണം. എന്നാൽ നിര്‍ദേശം നല്‍കിയെങ്കിലും തൊഴിലാളികളെല്ലാം തന്നെ ജോലിക്ക് ഹാജരായെന്നും സ്വീകരണ യോഗത്തിന് പോയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

 

ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടത് സാന്നിധ്യത്തിന്‍റെ പ്രാധാന്യം ഈ പാർലമെന്‍റില്‍ അറിയാമെന്നും, ഇടത് എംപിമാരായിരിക്കും രാഷ്ട്രീയ ഗതി നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുമാണ് ഇടത് മുന്നണി മത്സരിക്കുന്നത്. തൂക്ക് പാർലമെന്‍റ് ഉണ്ടായാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയാൽ കോൺഗ്രസ് എന്ത് ചെയ്യുമെന്നും പ്രലോഭനത്തിൽ വീഴില്ലെന്ന് ഉറപ്പുള്ള എത്ര കോൺഗ്രസുകാരുണ്ടെന്നും ഇടതുപക്ഷത്ത് നിന്ന് ഒരാളും പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്ക് സിപിഎം നേതാക്കളിൽ നിന്നും വധ ഭീഷണിയുണ്ടെന്ന് കാസര്‍കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണന്റെ അപര സ്ഥാനാർത്ഥി എന്‍. ബാലകൃഷ്ണന്‍. ശരീരം സൂക്ഷിച്ചോ, അപകടമാണ്. നിന്‍റെയൊക്കെ ജീവിതം ഇവിടെ അവസാനിപ്പിക്കുമെന്നും നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന് ബാലകൃഷ്ണന്‍ വ്യക്തമാക്കി.

 

കോഴിക്കോട് നാദാപുരം മുടവന്തേരിയില്‍ ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീ പടര്‍ന്ന് സ്ഫോടനം. സ്ഫോടനത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുടവന്തേരിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീപടര്‍ന്ന് സ്ഫോടനം ഉണ്ടായത്.

 

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാക്കി സ്ഥലം മാറ്റി. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന.

 

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റത്തില്‍ പ്രതികരിച്ച് കെ ടി ജലീൽ എംഎല്‍എ. ഭീരുക്കളാണ് ഒളിച്ചോടുക. ചെയ്തത് സത്യമെങ്കിൽ ആരെ ഭയപ്പെടാൻ. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതിയുണ്ടാവില്ല. അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും എന്നാണ് ജലീലിന്റെ പോസ്റ്റ്.

 

സാധാരണ കോടതികളിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് ട്രാൻസ്ഫർ ഉണ്ടാവുക മെയ് മാസം, സമ്മർ വെക്കേഷനു ശേഷമാണെന്ന് അഭിഭാഷകനും നടനുമായ ഷുക്കൂര്‍ വക്കീൽ. എന്നാൽ റിയാസ് മൗലവി കേസിൽ മൂന്നു പ്രതികളെയും കുറ്റ വിമുക്തരാക്കിയ കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനു പതിവിനു വിപരീതമായി, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഹൈക്കോടതി ആലപ്പുഴ ജില്ലാ ജഡ്ജായി ട്രാൻസ്ഫർ നൽകിയിട്ടുണ്ട് എന്നാണ് ഷുക്കൂര്‍ വക്കീൽ ഫേസ്ബുക്കില്‍ കുറിച്ചത്.

 

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചരിത്ര മാറ്റം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. എട്ട് കൊല്ലം സംസ്ഥാനം ഭരിച്ച എൽഡിഎഫ് സർക്കാർ എന്തു ചെയ്തുവെന്നും, കടം വാങ്ങിയാണ് കേരളത്തിൽ പെൻഷൻ കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ആക്രമിച്ച് അപമാനിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും കോൺഗ്രസിന്റെ പണിയല്ലേ ഈ വ്യക്തി അധിക്ഷേപം, നെഗറ്റീവ് രാഷ്ട്രീയക്കളി കോൺഗ്രസിന്റെ പണിയാണ്. എന്നാൽ അവസാനത്തിൽ സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ചാലക്കുടി പരിയാരത്ത് ഓൺലൈനിൽ വാങ്ങിയ മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ് കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിൻ്റെ മകൻ രാജീവ് മരിച്ചു. ഷോക്കേറ്റ ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

മൂന്നാമതൊരിക്കൽ കൂടി ആർഎസ് എസ് പിന്നിൽ നിന്നും ചരട് വലിക്കുന്ന ഒരു ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഇന്ത്യ അതോടെ അസ്തമിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. അത് ഇന്നത്തെ ഇന്ത്യയുടെ മരണമണിയാകും. ഇപ്പോൾ തന്നെ ഭരണഘടന മാറ്റാനുളള ചർച്ചകൾ നടക്കുന്നുണ്ടെന്നും. കോൺഗ്രസ് മേൽനോട്ടത്തിൽ ഡോ. ബി ആർ അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾ അവർ പൊളിച്ചെഴുതും. അതോടുകൂടി ഇന്ത്യ ഇന്ത്യയല്ലാതായി മാറുമെന്നും എകെ ആന്റണി പറഞ്ഞു.

 

ജമ്മു കശ്മീരിലെ പുല്‍വാമയിലെ ഫ്രാസിപൊരയിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഇന്ന് പുലര്‍ച്ചെയോടെ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പുല്‍വാമയിലെ അര്‍ഷിപൊരയിലാണ് ഏറ്റുമുട്ടല്‍ ആദ്യം ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് സുരക്ഷാ സേന പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഉടൻ തന്നെ തിരിച്ചടിച്ചുവെന്നും പൊലീസ് അറിയിച്ചു.

 

കോടതിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നും നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നത് ഗൗരവത്തോടെ കാണുമെന്നും, സുപ്രീംകോടതി. കോടതിയിൽ കെട്ടിക്കിടക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ, അഭിപ്രായങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻതോതിലുള്ള ദുരുപയോഗം നടക്കുന്നുണ്ടെന്നും. ഇത് ആശങ്കാജനകമാണെന്നും ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.

 

അരവിന്ദ് കെജ്രിവാളിന്റെ രാജിക്കായി സമ്മർദ്ദം ശക്തമാകുന്ന വേളയിലാണ് ആം ആദ്മി പാർട്ടിയിലെ മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചത്. പാർട്ടിക്ക് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. എഎപി രാജിക്കത്ത് കെജരിവാളിൻ്റെ ഓഫീസിന് കൈമാറിയെന്നാണ് രാജ് കുമാർ വ്യക്തമാക്കിയത്. മന്ത്രിയെ മാറ്റി വകുപ്പുകൾ പകരം മറ്റൊരു മന്ത്രിക്ക് നൽകണമെങ്കിൽ ജയിലിലുള്ള മുഖ്യമന്ത്രി കെജരിവാൾ ലഫ്. ഗവർണർക്ക് ശുപാർശ നൽകണം. എന്നാൽ സാങ്കേതികമായി ഇതിന് നിലവിൽ സാധിക്കില്ല. ഈ നടപടിക്ക് വിചാരണക്കോടതിയുടെ അനുമതി വേണം. ഈ സാഹചര്യം മറിക്കടക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി.

 

ചൈനയുമായുള്ള ബന്ധം ഏറെ പ്രധാനപ്പെട്ടതാണെന്നും അതിർത്തി പ്രശ്നത്തിന് ഉടൻ പരിഹാരം കാണേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിയാത്മ ചർച്ചകളിലൂടെ ഇന്ത്യാ-ചൈന അതിർത്തിയിൽ ശാന്തിയും സമാധാനവും സ്ഥാപിക്കാനാകും മെന്നും അദ്ദേഹം പറഞ്ഞു.

 

അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് സൂചന. രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. രാഹുലിനെ അമേഠിയിലോ റായ്ബറേലിയിലോ മത്സരിപ്പിക്കാൻ ആലോചനയുള്ളതിനാൽ രാഹുലിന്‍റെ രണ്ടാം മണ്ഡലത്തിലെ മത്സരം ചർച്ചയാകാതിരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന.

 

അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്ക് ദില്ലി മെട്രോ 8000 കോടി നൽകണമെന്ന വിധി സുപ്രീം കോടതി തിരുത്തി. അനിൽ അംബാനിയുടെ റിലയൻസിന്റെ ഉപ കമ്പനി ദില്ലി എയർപോർട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുകൂലമായി 2021 ൽ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ വിധിയാണ് തിരുത്തിയത്. നേരത്തെയുള്ള വിധിയിൽ നീതി ലഭ്യമാക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് നിരീക്ഷിച്ച കോടതി 2019 ലെ ദില്ലി ഹൈക്കോടതി വിധി പുനഃസ്ഥാപിച്ചു.

 

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് അസം സംസ്ഥാനത്തെ സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളായ 41 ലക്ഷം സ്ത്രീകള്‍. നീതിപരവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ഒരേസമയം പ്രതിജ്ഞ ചൊല്ലിയാണ് അസമിലെ 41 ലക്ഷം വനിതകള്‍ റെക്കോര്‍ഡിട്ടത്.

 

ചെറിയ പെരുന്നാൾ നിറവിൽ ഒമാനിലെ പ്രവാസി സമൂഹവും. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രവാസികളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന ഈദ് ഗാഹുകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

 

ഹരിയാനയിലെ നർനോളിൽ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആറു വര്‍ഷം മുമ്പ് 2018ല്‍ സ്കൂള്‍ ബസിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് സൂചന.

 

ദക്ഷിണ കൊറിയയിൽ നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വിജയം. 300 സീറ്റുകളിലേക്ക് നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 170 സീറ്റും നേടിയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ മുന്നേറ്റം. പ്രതിപക്ഷത്തെ ചെറുപാർട്ടികള്‍ വിജയിച്ച സീറ്റുകള്‍ കൂടി കണക്കിലെടുത്താൽ ആകെ പ്രതിപക്ഷം വിജയിച്ച സീറ്റുകളുടെ എണ്ണം 192 ആവും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *