രാഹുൽ ഗാന്ധി വയനാട്ടിൽ. നാമനിർദേശപത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ രാഹുൽഗാന്ധി സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയോടൊപ്പം വയനാട്ടിലെത്തിലെത്തിയത്. രാവിലെ 10.40-ഓടെ മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ഗ്രൗണ്ടിലിറങ്ങിയ രാഹുലിനെയും പ്രിയങ്കയെയും കാണാൻ നിരവധി പ്രവർത്തകരാണ് കാത്തു നിന്നത്. തുടർന്നു നടന്ന റോഡ് ഷോയെ തുടർന്ന് അദ്ദേഹം വരണാധികാരിക്കു നാമനിർദ്ദേശ പത്രിക നൽകി.
കലാപങ്ങൾക്ക് ഇരയായവർക്കൊപ്പമല്ല മറിച്ച് കലാപകാരികൾക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത ന്യൂന പക്ഷങ്ങളെ ആക്രമിക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ടയെന്നും, നിയമത്തിന് മുന്നിൽ രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും തുല്യ പരിഗണന എന്നാണ് ഭരണഘടന പറയുന്നത്. അല്ലാതെ രാജ്യത്തെ പൗരന്മാർക്ക് തുല്യപരിഗണന എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികൾ ബിജെപിക്കാരല്ലാത്തവർക്കെതിരെ രാജ്യത്ത് കേസ് എടുക്കുകയാണ്. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാന്നെന്നും. തങ്ങളുടെ നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ അവർ കേന്ദ്ര സർക്കാരിനെതിരെ വരുന്നു. മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ നടപടി വരുമ്പോൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഡിപിഐയുമായി ചേരുന്നതിൽ കോൺഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ലെന്നും ഈ തെരഞ്ഞെടുപ്പിൽ സഹായിച്ചാൽ അടുത്ത തദ്ദേശ തെരഞ്ഞെടിപ്പിൽ സഹായിക്കാമെന്നാണ് എസ്ഡിപിഐ ഉം യുഡിഎഫും തമ്മിലുള്ള ധാരണയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വയനാട്ടിൽ കോൺഗ്രസ് ജയിക്കുന്നത് ലീഗ് വോട്ട് കൊണ്ടാണ്. ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് കെട്ടിവച്ച കാശ് കിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ് എം വി ഗോവിന്ദന്റെ വിമർശനം.
കാസർകോട് ജില്ലാ സിവിൽ സ്റ്റേഷനിലെ ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താന്റെ പരാതി. ഒൻപത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കൺ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന് നൽകാൻ ശ്രമിച്ചുവെന്നാണ് പരാതി. എന്നാൽ രാവിലെ ഏഴ് മണിക്ക് തന്നെ താൻ കളക്ട്രേറ്റിൽ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാൽ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്റെ പ്രതിനിധി വ്യക്തമാക്കി.
സുഗന്ധഗിരി മരംമുറി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് വനം വകുപ്പ്. മൂന്ന് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. വീടിന് മുകളിലേക്ക് ചരിഞ്ഞു നിൽക്കുന്ന 20 മരങ്ങൾ മുറിക്കാൻ കിട്ടിയ അനുമതിയുടെ മറവിൽ കൂടുതൽ മരം മുറിച്ചു കടത്തിയെന്നാണ് കേസ്. കൂടുതൽ ഉദ്യോഗസ്ഥർക്ക് മരംമുറിയിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ മരംമുറിക്കേസിലെ ആറ് പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കൽപ്പറ്റ കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായിരുന്നു.
വയനാട് മൂന്നാനക്കുഴിയില്‍ കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ കടുവയെ വലയിലാക്കി. കിണറ്റിലെ മോട്ടോര്‍ വര്‍ക്കാകാതിരുന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തുകയായിരുന്നു.
തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം. എറണാകുളം പട്ന എക്സ്പ്രസിൽ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് കൊലപാതകം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് അതിഥി തൊഴിലാളിയായ ഒഡിഷ സ്വദേശി രജനീകാന്ത എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് ആയിരം രൂപ പിഴയീടാക്കണമെന്ന് പറഞ്ഞതോടെയാണ് ടിടിഇ യെ പുറത്തേക്ക് ചവിട്ടിയിട്ടതെന്നാണ് രജനീകാന്ത പറയുന്നത്. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു.
തൃശ്ശൂര്‍ വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്നും . മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
അരുണാചലില്‍ ഹോട്ടല്‍മുറിയില്‍ മൂന്ന് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആര്യയെ ട്രാപ് ചെയ്ത് കൊണ്ടുപോയതാകാമെന്ന് ബന്ധുക്കളുടെ ആരോപണം. മരിച്ച ദമ്പതികളില്‍ ദേവിയുമായി ആര്യ നല്ല അടുപ്പത്തിലായിരുന്നുവെന്നും, നവീൻ ആയിരിക്കാം എല്ലാത്തിനും പിന്നിലെന്നും, ആര്യയുടെ സ്വഭാവത്തില്‍ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധു അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആര്യയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നു.
കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന ബി ആർ ജയൻ, പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ അജയ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. താൽക്കാലിക ജീവനക്കാരനായിരുന്ന അജേഷാണ് സ്‌റ്റേഷൻ വളപ്പിൽ കഞ്ചാവ് വളർത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യം അറിഞ്ഞതിനു ശേഷം റേഞ്ച് ഓഫിസറായിരുന്ന ജയൻ തനിക്കെതിരെ പരാതി നൽകിയവരെ കുടുക്കാൻ ഈ സംഭവം ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത നൽകിയ വെനീസ് ടിവി എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിനാണ് ചാനലുടമ നടത്തിയത്. സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായി നടത്തുന്ന നടപടികളെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ.ഖുറേഷി വിമർശിച്ചു. തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ലഭ്യമാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ ചർച്ചയാകുന്നത് മോശം കാര്യങ്ങളാണെന്നത് ദൗർഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം പെരുമ്പാവൂർ എംസി റോഡിലുണ്ടായ അപകടത്തെ തുടർന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കോതമംഗലം കറുകടം സ്വദേശി എൽദോസും മകൾ ബ്ലെസിയും മരിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു. ബ്ലെസി സംഭവസ്ഥലത്തും എൽദോസ് ആശുപത്രിയിലും മരണമടഞ്ഞു.
ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പവിത്രന്‍ എന്ന വയോധികനാണ് പരിക്കേറ്റത്. ബസിലെ യാത്രാ നിരക്ക് ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.
കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്‍റെ ഭാഗമായി കുട്ടനാട്ടില്‍ പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് ബിനേഷിനെ അറസ്റ്റ് ചെയ്തത്.
മദ്യ നയ കേസിൽ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും മദ്യനയ അഴിമതിയിൽ നേരിട്ട് പങ്കെന്ന് ആരോപിച്ച് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഇഡി അറിയിച്ചു. സഞ്ജയ് സിംഗിൻറെ ജാമ്യത്തെ എതിർക്കാതിരുന്നത് ഇദ്ദേഹത്തിന് കേസിൽ നേരിട്ട് പങ്കില്ലാതിരുന്നതിനാലാണെന്നും ഇഡി അറിയിച്ചു.
പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഡിസംബറിൽ വടക്കൻ തമിഴ് നാട്ടിലും തെക്കൻ ജില്ലകളിലും കനത്ത നാശം വിതച്ച പ്രളയത്തിന് പിന്നാലെ ,37,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹായിച്ചില്ലെന്നാണ്പരാതി. തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായി ആരോപിക്കുന്നഹർജിയിൽ , കേന്ദ്രത്തിന്‍റേത് ചിറ്റമ്മ നയം ആണെന്നും ആക്ഷേപമുണ്ട് . അതോടൊപ്പം വരൾച്ചാ സഹായം കേന്ദ്രം നിഷേധിക്കുന്നതിനെതിരെ കർണാടകവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ നഗൗർ ബിജെപി സ്ഥാനാർത്ഥി ജ്യോതി മിർദയുടെ പരാർമർശം വിവാദത്തിലായി. വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഭരണഘടന ഭേദഗതി വേണമെന്ന പരാമർശം ഉണ്ടായത്. മോദിയും ബിജെപിയും ഭരണഘടനക്ക് എതിരാണെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. ഭരണഘടന ഇല്ലാതാക്കി ജനങ്ങളുടെ അവകാശങ്ങള്‍ കവരാനാണ് ബിജെപി ശ്രമമെന്നും കോൺഗ്രസ് പറഞ്ഞു.
കച്ചത്തീവ് വിഷയത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് ശ്രീലങ്കൻ മാധ്യമങ്ങൾ. ചൈനീസ് ഇടപെടൽ വേണമെന്നും, മറ്റ് രാജ്യങ്ങളിൽ നിന്ന് ശ്രീലങ്ക സുരക്ഷാ ഗ്യാരണ്ടി സ്വീകരിക്കേണ്ടിവരുമെന്നും പത്രത്തിന്റെ മുഖപ്രസംഗം സൂചിപ്പിക്കുന്നു. അതേസമയം വിഷയത്തിൽ ശ്രീലങ്കൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
തായ്‍വാനിൽ റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. കെട്ടിടങ്ങൾ തകര്‍ന്നുവീണിട്ടുണ്ട്. എന്നാൽ ആളപായം ഉണ്ടായതായി വിവരമില്ല. അതേസമയം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.