സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ ബാങ്കിലെ 5 അക്കൗണ്ട് വിവരങ്ങൾ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. പുറത്തിശ്ശേരി നോർത്ത് , സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. എന്നാൽ ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയാ കമ്മിറ്റികൾ വരെയുള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സിപിഎം വിശദീകരണം. എന്നാൽ ഉന്നത നേതാക്കളടക്കം ഓപ്പറേറ്റ് ചെയ്ത് ഈ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നില്ല. കരുവന്നൂർ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും അക്കൗണ്ട് വിവരം സിപിഎം നേതാക്കൾ മറച്ചു വെച്ചുവെന്നും, രഹസ്യമായി സൂക്ഷിച്ച അക്കൗണ്ടിലെ പണമിടപാട് പുറത്ത് വരാതിരിക്കാനാണ് ഈ നടപടിയെന്നും ഇതിന്‍റെ വിവരങ്ങളാണ് കൈമാറിയിട്ടുള്ളതെന്നും ഇഡി വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ബുധനാഴ്ച ഹാജരാകണമെന്നാണ് ഇഡി നോട്ടീല്‍ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എംഎം വര്‍ഗീസ് അറിയിച്ചു. ഇനി എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് സൂചന. അതോടൊപ്പം കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി രാഷ്ട്രീയ ഉപകരണമാണെന്നും ഇതുവരെ ഉറങ്ങിക്കിടന്നിട്ട് ഇപ്പോള്‍ നടത്തുന്നത് ഡീലിന്‍റെ ഭാഗമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
കരുവന്നൂരിൽ താൻ നടത്തിയത് തൃശൂർക്കാരുടെ സമരമെന്നും ഒരു സമരത്തിൽ അത് അവസാനിക്കുന്നില്ലെന്നും സുരേഷ് ഗോപി. അങ്ങനെ ആരും വിയർക്കാത്ത പണം കൊണ്ട് സുഖിക്കേണ്ട കാര്യമില്ല, അധ്വാനിച്ച് ഉണ്ടാക്കണം, നിയമപരമായ നടപടികൾ ഒരു വശത്തുകൂടി വരുന്നുണ്ടെന്നും സഹകരണ പ്രസ്ഥാനങ്ങളെ ചങ്ങലക്കിടുന്ന, വരച്ച വരയിൽ നിർത്തുന്ന കാലം വരും, അതിന്‍റെ നിയമനിർമാണത്തിനായി പാർലമെന്‍റില്‍ ശബ്ദമുയർത്തുന്ന കേരളത്തിൽ നിന്നുള്ള എംപി ആയിരിക്കും താൻ എന്നും സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യത്തില്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണൻ. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണത്തിന്റെ തണലില്‍ കരുത്തുനേടുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കരുവന്നൂരിലെ രഹസ്യ അക്കൗണ്ടിലൂടെ വരുന്ന കള്ളപ്പണം പിണറായിയുടെ കൈകളിലേക്കും ഓഫീസിലേക്കുമാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ പ്രസംഗം വിവാദമായി. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രസംഗം ചിത്രീകരിച്ചയാളെ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം വേദിക്കു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച ആളായിരുന്നു അതെന്നുമാണ് സൂചന.
കേന്ദ്ര ഏജൻസികൾ എടുത്ത നടപടി പോരെന്നും കൂടുതൽ നടപടി വേണമെന്നും കോൺഗ്രസ് നിലപാട് എടുത്തപ്പോൾ അതിന്റെ ഏറ്റവും വലിയ ഇരയായത് അരവിന്ദ് കെജ്രിവാൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിലേക്ക് മദ്യ നയ കേസ് അന്വേഷണമെത്താൻ കാരണം കോൺഗ്രസിന്റെ നിലപാടാണെന്നും, പ്രതിപക്ഷ നേതാക്കളെ വേടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ഇതിന്റെ ഭാഗമായി കോൺഗ്രസിന് നേരെയും നടപടി ഉണ്ടായി. എന്നാൽ മറ്റ് പാര്‍ട്ടികളുടെ നേതാക്കൾക്കെതിരെ കേന്ദ്രം നടപടി സ്വീകരിച്ചപ്പോൾ അന്വേഷണ ഏജൻസികൾക്കൊപ്പം നിൽക്കുകയായിരുന്നു കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ സുപ്രീംകോടതിയിൽ വടി കൊടുത്തു അടി വാങ്ങിയെന്നും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടി ഭരണഘടന ബഞ്ചിന് വിട്ടത് സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെടുകാര്യസ്ഥതയാണ് എല്ലാത്തിനും കാരണം എന്ന് കോടതി പറയുന്നുവെന്നും സാമ്പത്തിക പ്രതിസന്ധിക്ക് എല്ലാം കാരണം മുൻ ധനമന്ത്രി തോമസ് ഐസകാണ്. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും ആണ് എല്ലാത്തിനും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂര്‍ സർവകലാശാല സിൻഡിക്കേറ്റ് നൽകിയ പാനൽ വെട്ടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, സെനറ്റിലേറ്റ് പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്തു. സെനറ്റിലേക്ക് സിന്റിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്തവരിൽ കഥാകാരൻ ടി.പദ്മനാഭൻ, വിദ്യാർത്ഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്. അതോടൊപ്പം ബിജെപി കോൺഗ്രസ് ബാന്ധവം സെനറ്റ് ലിസ്റ്റ് അട്ടിമറിയിലൂടെ വ്യക്തമായെന്ന് സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചു. ശക്തമായ പ്രതിഷേധങ്ങളുണ്ടാവുമെന്നും നിയമപരമായി നേരിടുമെന്നും ഇടത് സംഘടനാ നേതാക്കൾ വ്യക്തമാക്കി.
ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് എന്നീ വാർഡുകളിലെ 211 പേര്‍ക്കാണ് കേരളത്തിലും തമിഴ്നാട്ടിലും വോട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചതുരംഗപ്പാറ വില്ലേജ് ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കണ്ണന്‍റെ നേതൃത്വത്തില്‍ നടന്ന ഹിയറിംഗില്‍ 115 പേർ നേരിട്ട് ഹാജരായി. ഹിയറിംഗ് സംബന്ധിച്ച റിപ്പോർട്ട് കളക്ടർക് കൈമാറും. തുടർന്ന് തമിഴ് നാട്ടിലെ തേനി ജില്ലയിലെ ഫോട്ടോ പതിച്ച വോട്ടേഴ്‌സ് ലിസ്റ്റ് ഔദ്യോഗികമായി ആവശ്യപ്പെടും. ഇത് ഇടുക്കിയിലെ വോട്ടർ പട്ടികയുമായി താരതമ്യം ചെയ്ത് പരിശോധിച്ച ശേഷം ഇരട്ട വോട്ടുകളിൽ ഒന്ന് നീക്കം ചെയ്യും.
വയനാട്ടില്‍ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം കെഎസ്ആർടിസി ചെയർമാൻ ആന്‍റ് മനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറിന്‍റെ നേതൃത്വത്തിൽ കർമ പദ്ധതി തയ്യാറാക്കി. യൂണിറ്റ് തല ആക്സിഡന്റ് സമിതി രൂപീകരിച്ച് എല്ലാ ശനിയാഴ്ചകളിലും ആക്സിഡന്റ് സംബന്ധമായ വിഷയങ്ങൾ വിലയിരുത്തും. കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്‍റെ അപകട മരണത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടിരുന്നു. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കുന്നുവെന്ന പോപ്പുലര്‍ ഫ്രണ്ട് തീരുമാനം നാടിനെ ആപത്തിലാക്കുമെന്ന് കെ സുരേന്ദ്രൻ. എസ്‌ഡിപിഐ എന്നതിന് പകരം പോപ്പുലര്‍ ഫ്രണ്ട് എന്ന് പറഞ്ഞാണ് വിമര്‍ശനം ഉന്നയിച്ചത്. യുഡിഎഫ് കൺവീനര്‍ പറഞ്ഞത് എല്ലാവരുടെയും വോട്ടിന് ഒരേ വിലയെന്നാണെന്നും, രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അവര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. മതഭീകരവാദ സംഘടനയുടെ പിന്തുണ വേണ്ടെന്നു പറയാനുള്ള ആർജ്ജവം എന്തുകൊണ്ടാണ് കോൺഗ്രസിന് ഇല്ലാതെ പോയതെന്നും മുസ്ലിം ലീഗുമായിട്ടുള്ള സഖ്യം തന്നെ ദേശീയതലത്തിൽ കോൺഗ്രസിന് വിനയായിരിക്കുകയാണ്. എസ്‌ഡിപിഐ പിന്തുണയ്ക്ക് പിന്നിൽ എന്തെങ്കിലും ഡീൽ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത കോൺഗ്രസ് നേതൃത്വത്തിനുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കൊടും ചൂടിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് പ്രവര്‍ത്തകൻ പാലക്കാട് ശ്രീകൃഷ്ണപുരത്തെ വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം മുപ്പാതാം നമ്പർ ബൂത്തിൽ വീടുകയറിയുളള പ്രചാരണത്തിനിടെയാണ്‌സൂര്യാഘാതമേറ്റത്. മുതുകിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹത്തെ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവത്തില്‍ ചൈനീസ് നടപടിയെ ശക്തമായി എതിർക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണ്, സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ശ്രദ്ധയാകർഷിക്കാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
സ്ഥലം മാറ്റിയ നടപടിക്കെതിരെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസിയു വിനകത്ത് യുവതി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിത വ്യക്തമാക്കി. ഇന്നലെയാണ് കോടതി വിധിയനുസരിച്ച് തിരികെ ജോലിയില്‍ പ്രവേശിക്കാൻ ഇവര്‍ മെഡിക്കല്‍ കോളേജിലെത്തിയത്. എന്നാല്‍ പ്രിൻസിപ്പാളിനെ കാണാനോ ജോലിയില്‍ തിരികെ പ്രവേശിക്കാനോ സാധിച്ചില്ല. കോടതിയലക്ഷ്യത്തിന് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നഴ്സിംഗ് ഓഫീസർ അറിയിച്ചു.
മലപ്പുറം കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സഹോദരങ്ങളായ അറുമുഖൻ, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കാസര്‍കോട് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി റൂബി പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശിയായ റൂബി പട്ടേൽ, സര്‍വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായിരുന്നു.
പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. മലയാറ്റൂർ സ്വദേശി സദൻ ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരുക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഇന്നവസാനിക്കും.
പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം, പാലക്കാട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36°C വരെയും ഉയർന്നേക്കാം. അതോടൊപ്പം മധ്യ-വടക്കൻ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ വേനല്‍ മഴ ലഭ്യമാകുമെന്നും മുന്നറിയിപ്പുണ്ട്.
ഓപ്പറേഷന്‍ താമരയുടെ ഭാഗമായില്ലെങ്കില്‍ തന്നെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി സര്‍ക്കാരിലെ മന്ത്രി അതിഷി മർലെനെ. ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടാകുമെന്നും, സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുർഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യും, കൂടാതെ തന്‍റെ വീട്ടിൽ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു. ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ശ്രമമെന്നും, ബിജെപിയിൽ ചേർന്നാൽ കേസിൽ നിന്നൊഴിവാക്കാമെന്നും, ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി.
ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ആഹ്വാനത്തെ വിമർശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഭാര്യമാരുടെ കയ്യിലുള്ള ഇന്ത്യൻ സാരികള്‍ കത്തിച്ച ശേഷമാവാം ബഹിഷ്കരണമെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. ഹസീനയെയും അവരുടെ പാർട്ടിയായ അവാമി ലീഗിനെയും ഇന്ത്യാ അനുകൂലികളെന്ന് മുദ്ര കുത്താനാണ് ബിഎൻപി ശ്രമിച്ചത്. പ്രധാനമന്ത്രി പദത്തിലേക്ക് ജനുവരിയിൽ വീണ്ടുമെത്താൻ ഹസീനയ്ക്ക് ഇന്ത്യയുടെ സഹായം ലഭിച്ചെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പിന്നാലെയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ബംഗ്ലാദേശിലെ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് പ്രതിപക്ഷം ക്യാമ്പെയിൻ തുടങ്ങിയത്.
കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനെയും ഡിഎംകെയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടാണ് പ്രചാരണം തുടങ്ങിയത്. എന്നാൽ കച്ചത്തീവ് ദ്വീപ് വിഷയം ഉന്നയിക്കരുതെന്ന് മുൻ വിദേശകാര്യ സെക്രട്ടറിമാര്‍ അഭിപ്രായപ്പെട്ടു. കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാൽ സെൽഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോനും ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും മുന്നറിയിപ്പ് നൽകി. കേന്ദ്രത്തിൽ സർക്കാരുകൾ മാറുന്നതിനു അനുസരിച്ചുള്ള നിലപാടുമാറ്റം നല്ലതല്ലെന്ന് മുൻ ഹൈക്കമ്മീഷണർ അശോക് കാന്തയും അഭിപ്രായപ്പെട്ടു.
കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് യോഗ ആചാര്യൻ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ ശകാരം. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്‍റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. അതോടൊപ്പം തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നും കോടതിയില്‍ ബാബാ രാംദേവ് അപേക്ഷിച്ചു. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു. കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമര്‍പ്പിക്കാൻ കോടതി നിര്‍ദേശിച്ചു.
25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി തന്നെ സമീപിച്ചെന്ന ആരോപണവുമായി ആം ആദ്മി എംഎല്‍എ ഋതുരാജ് ത്സാ. പത്ത് എംഎൽഎമാരുമായി ബിജെപിയിൽ ചേരണമെന്ന് ബി ജെ പി ആവശ്യപ്പെട്ടതായും എം എൽ എ വ്യക്തമാക്കി. എന്നാല്‍ പരാതി കൊടുക്കാൻ ഇദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി.
വരുൺ ഗാന്ധി മറ്റ് പാർട്ടികളിൽ പോകുമോയെന്ന് തനിക്കറിയില്ലെന്നും, മണ്ഡലം നിശ്ചയിക്കാൻ കാലതാമസമുണ്ടായതു കൊണ്ടാണ് തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ വൈകിയതെന്നും മനേക ഗാന്ധി പറഞ്ഞു. അതോടൊപ്പം വരുൺ ഗാന്ധി ബിജെപി വിട്ടേക്കുമെന്ന് സൂചനകളുണ്ട്. സമാജ് വാദി പാർട്ടിയും കോൺഗ്രസും വരുണിനെ ക്ഷണിച്ചിട്ടുണ്ട്. വരുണിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അഴിമതി തൊട്ടുതീണ്ടിയിട്ടില്ല, ഗാന്ധിയന്‍ ആദര്‍ശങ്ങളോട് താല്‍പര്യമുണ്ട്. ഗാന്ധി കുടുംബവുമായുള്ള ബന്ധം കാരണമാണ് വരുണിന് സീറ്റ് നിഷേധിച്ചതെന്നും വരുണ്‍ കോണ്‍ഗ്രസില്‍ തന്നെ എത്തുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
സൗദി അറേബ്യയിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും ഉണ്ടായതിനെ തുടർന്ന് നിരവധി ഡാമുകൾ തുറന്നുവിട്ടു. ഒഴുക്കിൽപ്പെട്ട വാഹനങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തി. രാജ്യ തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കൻ പ്രവിശ്യയായ അസീറിലും ശക്തമായ മഴയാണ് പെയ്യുന്നത്.