കേരളം ഉൾപ്പെടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏപ്രിൽ നാല് വരെ സ്ഥാനാർത്ഥികൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. ഈ മാസം 30 നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

 

കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. ഏപ്രിൽ നാലിനാണ് അവസാന തീയതി. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.

 

ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. കൊല്ലം ജില്ലാ വരണാധികാരിക്ക് മുമ്പാകെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് പത്രിക കൈമാറി. മൽസ്യത്തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർത്ഥിക്ക് നൽകിയത്. കാസര്‍കോട് കളക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുമ്പാകെ എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയും പത്രിക സമർപ്പിച്ചു.

 

ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു. മണിപ്പുരില്‍ നൂറുകണക്കിന് പേര്‍ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരക്ഷിതത്വം നല്‍കിക്കൊണ്ടാണ് സംഘപരിവാര്‍ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയത്. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം കുററപ്പെടുത്തി.

 

ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വമാണെന്നും ബി ജെ പി മുന്നോട്ടു വെയ്ക്കുന്ന നയങ്ങൾക്ക് അനുസരിച്ച് മുന്നോട്ടു പോകുകയാണെന്നും ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍. ബി ജെ പിയുടെ ആഗ്രഹപ്രകാരം പൗരത്വം വിഷയമാക്കുകയാണ് ഇടതുമുന്നണിയെന്നും ബി ജെ പി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നതെന്നും. സിപിഎം നടത്തുന്നത് ചിഹ്നം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

 

കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി. മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാര്‍ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് രാസ ദ്രാവകം ഒഴിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ആരോപിച്ചു. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

 

വയനാട് കൽപ്പറ്റ മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് വീണ്ടും ആക്രമണത്തിൽ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് സൂചന.

 

തൃശൂർ മണ്ണുത്തി പട്ടിക്കാട് ചുവന്നമണ്ണ് വാരിയത്തുകാട് നറുക്ക് എന്ന സ്ഥലത്ത് കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപകനഷ്ടം. കൃഷിയും വൈദ്യുതി പോസ്റ്റുകളും കാട്ടാനകൾ തകർത്തു. ഏകദേശം ഒരു മാസമായി ഈ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം നടന്നുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു.

 

കോഴിക്കോട് പയ്യോളിയിൽ അച്ഛനും 15ഉം 12ഉം വയസുള്ള രണ്ടു മക്കളും മരിച്ച നിലയിൽ. പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷ്, മക്കളായ ഗോപിക ജ്യോതിക എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

 

ചന്ദനത്തോപ്പ് ഐടിഐയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് ഐ തടഞ്ഞതിന് പിന്നാലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കായിക മേളയിലെ വിജയികൾക്കും വിരമിക്കുന്ന പ്രധാന അധ്യാപകനും ക്യാമ്പസിനകത്ത് എബിവിപി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ എൻഡിഎ സ്ഥാനാർത്ഥി പങ്കെടുക്കുന്നതിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം.

 

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിലെന്ന് റിപ്പോർട്ട്. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. 26 ന് 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം.

 

നിലമ്പൂര്‍ കക്കാടം പൊയിലിലെ പി വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവിയുടെ ഒഴുക്കു തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടറോട് ഹൈക്കോടതി ഉത്തരവിട്ടു.

പി വി അന്‍വര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലായിരുന്ന പി വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി തടഞ്ഞു നിര്‍മ്മിച്ചിരുന്ന നാലു തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി വി രാജന്‍ കഴിഞ്ഞ ജൂണ്‍ 26നാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കലക്ടര്‍ നടപടി സ്വീകരിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് രാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

തിരുവന്തപുരം പുളിമാത്ത് ഡിവൈഎഫ്ഐ – ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സുജിത്തിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. തെര‍ഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

 

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ യുജിസി പരിഷ്ക്കരിച്ചു. ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

 

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കി. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടി 30 ശനിയും, 31 ഞായറും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ഉത്തരവിലുണ്ട്. സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നു. എന്നാൽ ഉത്തരവ് പിൻവലിക്കാൻ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

 

ഹരീഷ് സാൽവേ ഉൾപ്പെടെ സുപ്രീം കോടതിയിലെ അറുന്നൂറോളം അഭിഭാഷകർ ഇന്ത്യൻ ജൂഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിച്ച് ചീഫ് ജസ്റ്റിസിന് കത്ത് എഴുതി. ചില കേസുകളിൽ കള്ളക്കഥ മെനഞ്ഞ് ജൂഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും രാഷ്ട്രീയ നേതാക്കൾ പ്രതികളായ അഴിമതി കേസുകളിൽ കോടതികളെ ലക്ഷ്യം വെക്കുന്നുവെന്നും കത്തില്‍ അഭിഭാഷകര്‍ ആരോപിച്ചു.

 

ഈറോഡ് എംപി ഗണേശമൂര്‍ത്തി അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്ന് ആശുപത്രി അധികൃതര്‍. കീടനാശിനി ഉള്ളില്‍ ചെന്ന് അദ്ദേഹത്തെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

 

കോണ്‍ഗ്രസിന്‍റെ ഹര്‍ജി ദില്ലി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. 2014 മുതല്‍ 17വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയ നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ് ഹർജി സമർപ്പിച്ചിരുന്നു. എന്നാല്‍ 520 കോടിയിലധികം രൂപയുടെ നികുതി കോണ്‍ഗ്രസ് അടക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചതിനെ തുടർന്ന് ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ കോൺഗ്രസിന്‍റെ അക്കൗണ്ടുകള്‍ സമീപകാലത്തെങ്ങും പ്രവര്‍ത്തനക്ഷമമായേക്കില്ല എന്നാണ് സൂചന. അതോടൊപ്പം നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ മുന്‍കാലങ്ങളിലുണ്ടാകാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം.

 

മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ദില്ലിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നൽകിയേക്കും. അതോടൊപ്പം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹത്തെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. മദ്യനയക്കേസുമായി ബന്ധപ്പെട്ട് പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്.

 

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ നിയമ നടപടികൾ സുതാര്യവും നിഷ്‌പക്ഷവും സമയ ബന്ധിതവുമാകണമെന്ന നിലപാട് അമേരിക്ക ആവർത്തിച്ചു. അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങൾക്ക് അറിയാമെന്നും അമേരിക്കയുടെ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി രാജ്യത്തെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങൾ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യുഎസ് പ്രസ്താവന ആവർത്തിക്കുന്നത്.

 

പശ്ചിമ ബംഗാളിലെ സിപിഎം, ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അവതാരകയെ ഇറക്കി സിപിഎം. നിർമിതബുദ്ധി അവതാരകയായ സാമന്തയെ സാമൂഹ്യമാധ്യമമായ എക്സില്‍ തെരഞ്ഞടുപ്പ് പ്രചാരണത്തിന് അവതരിപ്പിച്ചത്. അതേസമയം സിപിഎമ്മിന്‍റെ എഐ നീക്കത്തെ ബിജെപി വിമർശിച്ചു.

 

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് പ്രകാരം ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചൽ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

 

അഞ്ച് സഹകരണ ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കർണാടകയിലെ ചിക്കമംഗളൂരു ജില്ലാ സഹകരണ സെൻട്രൽ ബാങ്ക് ലിമിറ്റഡ്, തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് , നാസിക്കിലെ ദി ലക്ഷ്മി കോ-ഓപ്പറേറ്റീവ് ബാങ്ക്, സോലാപൂരിലെ സോലാപൂർ ജനത സഹകാരി ബാങ്ക് ലിമിറ്റഡ്, ഉത്തർപ്രദേശിലെ മഥുര ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകൾക്ക് 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് പ്രകാരമാണ് ആർബിഐ പിഴ ചുമത്തിയത്.

 

ടെന്നിസ് താരം സാനിയ മിര്‍സയെ ഹൈദരാബാദില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി സൂചന. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് എതിരേ സാനിയയെ മത്സരിപ്പിക്കാന്‍ നീക്കംനടക്കുന്നതായാണ് റിപ്പോർട്ടുകൾ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *