കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോകള്‍ ഫലിച്ചില്ല. ബിജെപി തകര്‍ന്നടിഞ്ഞു. 128 സീറ്റുകളിലാണു കോണ്‍ഗ്രസിന്റെ ലീഡ്. ആയിരത്തില്‍ താഴെ വോട്ടുകളുടെ മാര്‍ജിനുള്ള മുപ്പതോളം മണ്ഡലങ്ങളുടെ വിധിയാണു നിര്‍ണായകമാകുന്നത്. 224 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റു മതി.
സ്‌കൂള്‍ കെട്ടിടം പൊളിക്കാതെ റോഡിനു വീതി കൂട്ടിക്കൂടേയെന്ന് ദേശീയപാത അതോറിറ്റിയോടു സുപ്രീം കോടതി. തൃശൂര്‍ ജില്ലയിടെ എടമുട്ടം യുപി സ്‌കൂള്‍ പൊളിക്കുന്നതു കോടതി തടഞ്ഞു. സ്‌കൂളിനെ ഒഴളിവാക്കി പുതിയ അലൈന്‍മെന്റ് തയാറാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
പോക്‌സോ കേസ് പ്രതിയായ പതിനഞ്ചുകാരന്‍ തിരുവനന്തപുരത്തെ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മജിസ്‌ട്രേട്ടിന്റെ ചേംബറില്‍ കൈഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. മജിസ്‌ട്രേട്ട് പ്രതിയുടെ അമ്മയോടു സംസാരിക്കുന്നതിനിടെ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഞരമ്പു മുറിക്കുകയായിരുന്നു. ദേഹപരിശോധന നടത്താതെ പ്രതിയെ ഹാജരാക്കിയതിന് പൊലീസിനു മജിസ്‌ട്രേട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പ്രതിയെ ഉടനേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യത്തു പ്രതിപക്ഷ ഐക്യത്തിനുള്ള വഴിയൊരുക്കുന്ന വിജയമാണു കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേടിയതെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍. ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. പ്രതിപക്ഷ ഐക്യം അവര്‍ മുന്‍കൈയെടുത്തു സാധ്യമാകണം. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് കര്‍ണാടകത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതര്‍ 16,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. നെടുമ്പാശേരി വിമാനത്താവളത്തിനെതിരെയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വിധി. എട്ടു വര്‍ഷം മുമ്പ് കൊച്ചി വെണ്ണല സ്വദേശി ടി ജി എന്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. 83 വയസായിരുന്നു. ഒറ്റപ്പാലം എന്‍എസ്എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ഒറ്റപ്പാലം തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍.
പ്രണയത്തില്‍നിന്നു പിന്മാറാന്‍ പ്രേരിപ്പിച്ചെന്നു സംശയിച്ച് ഇടുക്കി ചെറുതോണിയിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ ലൈജുവിനെതിരേ ആസിഡ് ആക്രമണം നടത്തിയ രണ്ടു പേരെ അറസ്റ്റു ചെയ്തു. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേല്‍ ജിനീഷ്, സുഹൃത്തും പാമ്പാടും പാറ സ്വദേശിയുമായ രതീഷ് എന്നിവരാണ് പിടിയിലായത്. പ്രതി ജിനീഷ് പ്രണയിച്ചിരുന്ന മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരി പ്രണയത്തില്‍നിന്നു പിന്മാറുകയും ജിനീഷിനെതിരേ പോലീസില്‍ പരാതിപ്പെടുകയും ചെയ്തത് മെഡിക്കല്‍ ഷോപ്പുടമയുടെ നിര്‍ദേശമനുസരിച്ചാണെന്നു സംശയിച്ചായിരുന്നു ആക്രമണം.
തിരുവനന്തപുരം അരുമാനൂരില്‍ പഞ്ചമി ക്ഷേത്രത്തില്‍നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി കൊല്ലപഴിഞ്ഞി ബൈജു ഭവനില്‍ ജോതിഷിനെ പൂവാര്‍ പൊലീസ് അറസ്റ്റു ചെയ്തു. ക്ഷേത്രത്തിന്റെ മുന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന പ്രതി ക്ഷേത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും ശൂലവും മോഷ്ടിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കരയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തന്‍വീട്ടില്‍ രാഹുല്‍ (19) ആണ് പിടിയിലായത്.
യുവതിക്കും അമ്മയ്ക്കും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ പിടിയിലായ യുവാവിന്റെ മൊബൈല്‍ ഫോണില്‍ നഴ്‌സറി വിദ്യാര്‍ത്ഥികളുടെ നഗ്‌ന ദൃശ്യങ്ങള്‍. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27) ആണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ഒരു നഴ്‌സറി സ്‌കൂളിലെ അധ്യാപകനാണ് പ്രതി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന ഇരുപതുകാരന്‍ മുണ്ടക്കയം പോലീസിന്റെ പിടിയില്‍.
കര്‍ണാടകയില്‍ ലീഡ് നില മാറിമറയുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമിയുമായി ബിജെപി നേതാക്കള്‍ കൂടികാഴ്ച നടത്തി. ബെംഗളുരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഹൈദരബാദിലെ റിസോര്‍ട്ടിലേക്കോ തമിഴ്‌നാട്ടിലേക്കോ മാറ്റിയേക്കും.
ബിജെപി സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു മല്‍സരിച്ച മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ തോറ്റു. ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തിലാണു ഷെട്ടര്‍ പരാജയപ്പെട്ടത്.
രാജ്യത്തെ അതിവേഗ ട്രെയിനുകളുടെ ശ്രേണിയായ വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ച് ട്രെയിനുകള്‍ സജ്ജമാക്കുന്നു. ചെന്നൈ പെരുമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍ണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കും. നിലവില്‍ വന്ദേഭാരത് ട്രെയിനുകളില്‍ ചെയര്‍ കാര്‍ സൗകര്യമാണുള്ളത്.
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ച് ഇസ്ലമാബാദ് ഹൈക്കോടതി. കഴിഞ്ഞ ദിവസം സുപ്രീം കോടതി അറസ്റ്റ് റദ്ദാക്കി മോചിപ്പക്കണമെന്ന് ഉത്തരവിട്ടിരുന്നു.
ഐപിഎല്ലില്‍ ഇന്നു രണ്ടു മത്സരങ്ങള്‍. മൂന്നരയ്ക്ക് ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഏഴരയ്ക്കുള്ള രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിന്റെ എതിരാളികള്‍ നിലവിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി കാപ്പിറ്റല്‍സാണ്.