മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ പാര്‍ട്ടിയെ എന്‍ ഡി എ. യില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷനും കേരള എന്‍ഡിഎ ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. തൃശൂര്‍ ലോക്‌സഭാ സീറ്റ് തങ്ങള്‍ക്കു വേണമെന്നു തുഷാര്‍ ആവശ്യപ്പെട്ടു. ബിജെപി അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നദ്ദയുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ സംസാരിച്ചതെന്നു തുഷാര്‍ പറഞ്ഞു.
മണിപ്പൂരിലെ നരനായാട്ടു വിശേഷങ്ങള്‍ കേട്ടു രാജ്യം വിറങ്ങലിച്ചിരിക്കേ, രാജിവയ്ക്കില്ലെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. തന്നെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എമാരോടാണ് ഇക്കാര്യം അറിയിച്ചത്. കൂട്ടബലാത്സംഗക്കേസുകളില്‍ നടപടി ഉറപ്പാക്കുമെന്നും താന്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ബീരേന്‍ സിംഗ് അറിയിച്ചു.
എം സി റോഡ് എന്ന മെയിന്‍ സെന്‍ട്രല്‍ റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടണമെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടത്.
അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കു സാധ്യത. വിദര്‍ഭക്കും ഛത്തീസ്ഗഡനും മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക് കിഴക്കന്‍ രാജസ്ഥാനും വടക്ക് കിഴക്കന്‍ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലവിലുള്ളതിനാല്‍ മഴ ശക്തമാകും.
പൈലറ്റ് എത്താത്തതിനാല്‍ ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെട്ടത് എട്ടു മണിക്കൂര്‍ വൈകി. രാത്രി 9.45 ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള മറ്റൊരു എയര്‍ ഇന്ത്യ വിമാനം ഇന്നലെ പുറപ്പെട്ടത് മണിക്കൂറുകള്‍ വൈകിയാണ്. പൈലറ്റ് ഉറങ്ങിപ്പോയതാണത്രേ കാരണം.
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഗോവയിലെ ട്രേഡിംഗ് കമ്പനിയിലേക്കും അന്വേഷണം. അന്വേഷണ സംഘം നാളെ ഗോവയിലേക്കു തിരിക്കും. ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിലേക്കാണു പണം തട്ടിയെടുത്തത്. പരാതിക്കാരനു ലഭിച്ച വീഡിയോ കോളിന്റെ വിശദാംശങ്ങള്‍ വാട്‌സ്ആപ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചു ചര്‍ച്ച തുടങ്ങാറായില്ലെന്ന് കെ. മുരളീധരന്‍ എംപി. ഉമ്മന്‍ചാണ്ടിക്കെതിരായ തന്റെ പഴയ പ്രസംഗം ഇപ്പോള്‍ കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടിയാണ്. വ്യത്യസ്ത പാര്‍ട്ടിയിലായിരുന്നപ്പോള്‍ പറഞ്ഞ വ്യത്യസ്ത അഭിപ്രായങ്ങള്‍ എക്കാലത്തും നിലനില്‍ക്കുന്നതല്ല. മുരളീധരന്‍ പറഞ്ഞു.
ജയിലില്‍ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ജയിലിലെത്തിയത്. മടങ്ങി പോകാന്‍ തയാറാകാതിരുന്ന യുവതിയെ പൂജപ്പുര പൊലീസെത്തി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഈ യുവതിയെ കാണാനില്ലെന്ന പരാതി ആലപ്പുഴ വെണ്‍മണി സ്റ്റേഷനിലുണ്ട്.
കണ്ണൂര്‍ പിലാത്തറയില്‍ തെരുവുനായ്ക്കള്‍ പതിനൊന്നു വയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. നായ്ക്കളുടെ കടിയേറ്റ ആയിഷ എന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി മഹിള്‍ മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റായ ഭാര്യയെ കല്ലുകൊണ്ടടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തി. രാജസ്ഥാനി മാതാ കാ തന്നിലെ സുമന്‍ എന്ന യുവതിയാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രമേഷ് ബെനിവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.