എംജിയുടെ ചെറു ഇലക്ട്രിക് കാര്‍ കോമറ്റിന്റെ പ്രാരംഭ വില 7.98 ലക്ഷം രൂപ മുതല്‍. കോമറ്റിന് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. ബിഗ് ഇന്‍സൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കണ്‍സെപ്റ്റില്‍ ഡിസൈന്‍ ചെയ്ത 2 ഡോര്‍ കാറാണ് കോമറ്റ്. എംജിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ഇതിന് ഒരു മാസം 519 രൂപ വരെ മാത്രമേ ചാര്‍ജിങ് ചെലവ് വരൂ എന്നാണ് എംജി പറയുന്നത്. 17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് കോമറ്റില്‍ ഉപയോഗിക്കുന്നത്. 230 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 41 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. 3.3 വിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയര്‍കോണ്‍, ബാറ്ററി തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എംജിയുടെ ലോഗോയ്ക്ക് പിന്നിലാണ് ചാര്‍ജിങ് പോര്‍ട്ടിന്റെ സ്ഥാനം. അപ്പിള്‍ ഗ്രീന്‍ വിത്ത് ബ്ലാക് റൂഫ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്, കാന്‍ഡി വൈറ്റ്, കാന്‍ഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളില്‍ കോമറ്റ് ലഭിക്കും.