ഇതിനകം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ ‘വടക്കന്‍’ സിനിമയിലെ ‘മയ്യത്ത് റാപ്പ്’ പുറത്തിറങ്ങി. റെട്രോ വൈബുള്ള ഹിപ്പ് ഹോപ്പ് സോംഗ് എഴുതി ആലപിച്ചിരിക്കുന്നത് എം.സി കൂപ്പറും ഗ്രീഷ്മയും ചേര്‍ന്നാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി ഗ്രീഷ്മ എത്തുന്നുമുണ്ട്. ഗ്രീഷ്മ അഭിനയിക്കുന്ന ആദ്യ സിനിമയും ആദ്യമായി പാടിയിരിക്കുന്ന സിനിമാ ഗാനവുമാണ് എന്ന പ്രത്യേകതയുമുണ്ട്. സിനിമയിലുള്ള യൂത്തിന്റെ കാഴ്ചപ്പാടില്‍ ഒരു ഫണ്‍ വൈബ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന രീതിയിലാണ് ‘മയ്യത്ത് റാപ്പ്’ ഒരുക്കിയിരിക്കുന്നത്. മാടനും മറുതയും കാലനും യക്ഷിയും ചാത്തനും തുടങ്ങി ഭൂത പ്രേത പിശാചുക്കളിലൂടെയെല്ലാം ചുറ്റിക്കറങ്ങിപ്പോകുന്ന ഗാനത്തിലെ വരികള്‍ കൌതുകമുണര്‍ത്തുന്നതാണ്. ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന ‘വടക്കനി’ല്‍ തെന്നിന്ത്യന്‍ താരങ്ങളായ കിഷോര്‍, സ്വാതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇവരെ കൂടാതെ മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്‌സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങിയവരുമുണ്ട്.