വിറ്റാമിന്‍ സി, ഇ, ബീറ്റ കരോറ്റീനി, പോളിഫിനോളുകള്‍, ഫിനോലിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കുന്നതിനൊപ്പം ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തി ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൊളാജന്‍ ഉല്പാദനത്തിലും ചര്‍മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ചര്‍മം പ്രായമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാനും സഹായിക്കും. തക്കാളിയില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. സൂര്യതാപം, മലിനീകരണം എന്നിവയുള്‍പ്പെടെയുള്ള പാരിസ്ഥിതിക സമ്മര്‍ദങ്ങളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ തക്കാളി ദിവസവും ഡയറ്റില്‍ ചേര്‍ക്കാം. മോണോസാച്ചുറേറ്റഡ് ഫാറ്റ്, വിറ്റാമിന്‍ ഇ, പോളിഫെനോള്‍സ് എന്നിവയാല്‍ സമ്പന്നമായ ബദാം ചര്‍മ സംരക്ഷണത്തിന് മികച്ച ഓപ്ഷനാണ്. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാന്‍ ദിവസവും ഒരുപിടി ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കാം. ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍ ചര്‍മത്തില്‍ വരള്‍ച്ച, ചുളിവുകള്‍, മുറിവ് ഉണങ്ങാന്‍ കാലതാമസം എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. കൊക്കോയില്‍ ഫ്ലേവനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കുന്നതിലൂടെയും ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
ചര്‍മം പ്രായമാകുന്ന പ്രക്രിയ മന്ദഗതിയിലാക്കാം
