മാതാ അമൃതാനന്ദമയി അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവില്‍ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷ. കേന്ദ്രസര്‍ക്കാരാണ് അധ്യക്ഷയായി പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു വേണ്ടിയുള്ള ഒരു പ്രധാന ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറമാണ് ജി-20.
സ്വര്‍ണക്കടത്തു കേസിലെ സസ്പെന്‍ഷന്‍ നിയമ വിരുദ്ധമെന്നും സസ്പെന്‍ഷനിലായിരുന്ന 170 ദിവസവും സര്‍വീസ് ദിവസങ്ങളായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് എം ശിവശങ്കര്‍. സസ്പെന്‍ഡ് ചെയ്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ ശിവശങ്കര്‍ സമീപിച്ചു.
ബിജെപിക്കുവേണ്ടി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ കോടികളുമായി വന്ന മൂന്നു പേര്‍ പിടിയില്‍. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിലെ നാല് എംഎല്‍എമാരെ ബിജെപിയിലേക്കു കൂറുമാറ്റിക്കാന്‍ ശ്രമിച്ച മൂന്നു പേരെയാണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാന നേതാവിന് 100 കോടി രൂപയും ഓരോ എംഎല്‍എമാര്‍ക്കും 50 കോടി രൂപ വീതവും വാഗ്ദാനം ചെയ്തായിരുന്നു ‘ഓപ്പറേഷന്‍ താമര’. ഫാം ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ പോലീസ് റെയ്ഡ് നടത്തിയാണു പ്രതികളെ പിടികൂടിയത്. ഹരിയാന ഫരീദാബാദില്‍ നിന്നുള്ള പുരോഹിതന്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മ്മ, തിരുപ്പതിയിലെ ഡി സിംഹയാജി, വ്യവസായി നന്ദകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 262.33 കോടി രൂപ അനുവദിച്ചെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാചകത്തൊഴിലാളികള്‍ക്കുള്ള ശമ്പളവും പാചക ചെലവും ഉള്‍പ്പെടുന്നതാണ് ഈ തുക. കേന്ദ്രവിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിച്ചു. സംസ്ഥാന വിഹിതമായ 94.95 കോടി രൂപ കൂടി അനുവദിക്കുകയും ചെയ്തു.
സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണം. വനം, റവന്യൂ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരേയും സമിതിയില്‍ ഉള്‍പ്പെടുത്തണം. സര്‍ക്കാരിന്റെ ഭൂമി കയ്യേറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് കേസിലെ ഹര്‍ജിയിലാണ് ഉത്തരവ്.
പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 2016 മുതല്‍ 2021 വരെ കണ്ണൂര്‍ ഡിസിസി അധ്യക്ഷനായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11 ന് കണ്ണൂരിലെ പയ്യാമ്പലത്ത്.
ബലാല്‍സംഗകേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ അറസ്റ്റു ചെയ്യരുതെന്നു കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നിര്‍ദേശം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.
ചില സിപിഎം നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നുവെന്ന് എസ് രാജേന്ദ്രന്‍. സിപിഎം ഭരിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈഡല്‍ പ്രോജക്ടിന് തടയിട്ടത് താനല്ല. നിയമലംഘനത്തിന്റെ പേരില്‍ ഹൈക്കോടതി പദ്ധതി തടഞ്ഞത് കോണ്‍ഗ്രസുകാരുടെ പരാതിയിലാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. കെ.വി ശശിയും എം എം മണിയും തനിക്കെതിരേ നീക്കം നടത്തുകയാണെന്നാണ് രാജേന്ദ്രന്റെ ആരോപണം.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടലില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പ്രതിസന്ധിയിലായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര്. ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വി ഡി സതീശന്‍.
വിഴിഞ്ഞത്ത് കടലില്‍ വള്ളം കത്തിച്ച് പ്രതിഷേധം. മത്സ്യത്തൊഴിലാളികള്‍ പൊലീസ് ബാരിക്കേഡുകള്‍ കടലിലെറിഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വന്‍ പൊലീസ് സന്നാഹം. സമരത്തിന്റെ നൂറാം ദിനമായ ഇന്നു കരയിലും കടലിലും സമരം നടത്തി.
കോണ്‍ഗ്രസ് ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം കെ.ആര്‍.പ്രകാശ് റാന്നി പഞ്ചായത്ത് പ്രസിഡന്റായി. 13 അംഗങ്ങളില്‍ ഏഴു പേരുടെ പിന്തുണ പ്രകാശിന് ലഭിച്ചു. നേരത്തെ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ബിജെപിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോണ്‍ഗ്രസിലെ ശോഭ ചാര്‍ളിയുടെ ഭരണം. എന്നാല്‍ സിപിഎം ഈയിടെ വിമര്‍ശനം ഉന്നയിച്ചതോടെ ശോഭ ചാര്‍ളി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയായിരുന്നു.
താമരശേരിയിലെ വ്യാപാരി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. പ്രധാന പ്രതികളായ അലി ഉബൈറാന്‍, നൗഷാദ് അലി എന്നിവര്‍ക്കായാണ് ലുക്ക് നോട്ടീസ് ഇറക്കിയത്. മുഖ്യ ആസൂത്രകര്‍ ഇവരാണെന്നു പോലീസ്.
വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്തതിന് പാലക്കാട് ജില്ലയിലെ എട്ടു സ്വകാര്യബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി. മണ്ണാര്‍ക്കാട് നടന്ന പരിശോധനയിലാണ് നടപടി.
ഇന്ന് പത്താമുദയം. തുലാം പത്ത്. കന്നിക്കൊയ്ത്തു കഴിഞ്ഞുള്ള കാര്‍ഷിക ആഘോഷം. സൂര്യന്‍ ഏറ്റവും ബലവാനാകുന്ന ദിവസമാണ്. കൃഷിക്കു സുപ്രധാന ദിനമാണെന്നാണു പഴമക്കാര്‍ പറയുക.
പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് വഴുതാനം പാടശേഖരത്ത് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി. കര്‍ഷകനായ അച്ചന്‍കുഞ്ഞിന്റെ ഉടമസ്ഥതതയിലുള്ള പതിനൊന്നായിരം താറാവുകളെയാണ് തീയിട്ട് കൊന്നത്.
എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശി ഭഗീരഥി ഡാമിയാണെന്നു തിരിച്ചറിഞ്ഞു. ഇവര്‍ ലക്ഷ്മി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒപ്പം താമസിച്ചിരുന്ന പങ്കാളിയായ റാം ബഹദൂറിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. നാലു വര്‍ഷമായി ഇവര്‍ എളംകുളത്ത് വാടകയ്ക്കു താമസിച്ച് വരികയായിരുന്നു
പാലക്കാട്ടെ സി പി എമ്മിലെ വിഭാഗിയത അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. ആനാവൂര്‍ നാഗപ്പന്‍, കെ ജയചന്ദ്രന്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.