വരും മാസങ്ങളില്‍ പുതിയ രണ്ടു മോഡലുകള്‍ അവതരിപ്പിക്കാന്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാരുതിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പുതിയ തലമുറ കാറാണ് ഇതില്‍ ഒന്ന്. സ്വിഫ്റ്റിന്റെ സെഡാന്‍ മോഡലായ ഡിസൈറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് രണ്ടാമത്തേത്. സ്വിഫ്റ്റിന്റെ പുതിയ മോഡലിന്റെ ഉല്‍പ്പാദനം ഇതിനോടകം തന്നെ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തലമുറ സ്വിഫ്റ്റ് ഏപ്രിലില്‍ അവതരിപ്പിച്ചേക്കും. അപ്ഡേറ്റ് ചെയ്ത ഹാച്ച്ബാക്ക് പുതിയ ചില ഫീച്ചറുകളോട് കൂടിയാണ് അവതരിപ്പിക്കുക. ഇതിന്റെ ഡിസൈന്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കുമെന്നാണ് വിവരം. ബോണറ്റിന് കീഴില്‍, 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഇസെഡ്12ഇ പെട്രോള്‍ എന്‍ജിന്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇത് ഒരു മൈല്‍ഡ്ഹൈബ്രിഡ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പുതിയ സ്വിഫ്റ്റിന് പഴയ മോഡലിനേക്കാള്‍ 15 എംഎം നീളവും 30 എംഎം ഉയരവും കൂടുതലായിരിക്കും. 82 ബിഎഎച്പി കരുത്തും 108 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായാണ് ഡിസൈറിന്റെ പുതിയ മോഡല്‍ വരുന്നത്. 1.2ലിറ്റര്‍ ത്രീസിലിണ്ടര്‍ ഇസെഡ്12ഇ പെട്രോള്‍ എഞ്ചിനാണ് ഡിസൈറിന് കരുത്തുപകരുക. സണ്‍റൂഫാണ് മറ്റൊരു സവിശേഷത.