2023 ഏപ്രിലില്‍ ലോഞ്ച് ചെയ്തത് മുതല്‍ മാരുതി സുസുക്കി ഫ്രോങ്ക്സ് മികച്ച വില്‍പ്പന നേടുന്നു. ഏകദേശം 14 മാസംകൊണ്ട് ഈ കോംപാക്റ്റ് ക്രോസോവര്‍ 1.5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് കൈവരിച്ചു. ബലേനോ ഹാച്ച്ബാക്കിന് ശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ നെക്‌സ മോഡലായി ഇത് മാറി. 2024 ഏപ്രിലില്‍, മാരുതി ഫ്രോങ്സ് ബലേനോയെ മറികടന്ന് 14,286 യൂണിറ്റ് വില്‍പ്പനയോടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നെക്സ കാറായി മാറി. 2025ല്‍ മാരുതി ഫ്രോങ്ക്സിന് അതിന്റെ ആദ്യത്തെ മിഡ്-ലൈഫ് അപ്ഡേറ്റ് ലഭിക്കുമെന്ന് മാരുതി സുസുക്കി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അപ്ഡേറ്റില്‍ ഈ കോംപാക്റ്റ് ക്രോസ്ഓവറിന് മാരുതി സുസുക്കിയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും. എച്ച്ഇവി എന്ന കോഡ് നാമത്തിലാണ് പുതിയ വാഹനം വികസിപ്പിക്കുന്നത്. മാരുതി ഗ്രാന്‍ഡ് വിറ്റാരയിലും ഇന്‍വിക്ടോയിലും ഉപയോഗിക്കുന്ന ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാള്‍ ഇത് വളരെ ചെലവുകുറഞ്ഞതായിരിക്കും. നാലാം തലമുറ സ്വിഫ്റ്റില്‍ അടുത്തിടെ അരങ്ങേറ്റം കുറിച്ച പുതിയ 1.2 എല്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി 2025 മാരുതി ഫ്രോങ്ക്‌സ് ഫെയ്സ്ലിഫ്റ്റും വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.