കെഎസ്ആര്‍ടിസിയിലെ നിർബന്ധിത വിആര്‍എസ് നീക്കം ദുരുദ്ദേശപരവും സ്ഥാപനത്തെ തകർക്കാനുള്ള ഇടതു സർക്കാർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘം കുറ്റപ്പെടുത്തി.കേന്ദ്ര സർക്കാർ പൊതുഗതാഗതത്തിന് മൂലധന നിക്ഷേപമായി 1000 ബസുകൾ സംസ്ഥാനത്തിന് അനുവദിച്ച സമയത്ത് കെഎസ്ആര്‍ടിസിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് വരുത്തിത്തീർത്ത് ഈ ബസുകൾ കെ സ്വിഫ്റ്റിന് ന് നേടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.കേരളത്തിന്‍റെ പൊതു ഗതാഗത രംഗത്ത് സർക്കാർ പങ്കാളിത്തം ഇല്ലാതാക്കി സ്വകാര്യ കുത്തകകൾക്ക് പൊതു ഗതാഗതം തീറെഴുതാനുള്ള ഇടത് ഭരണകൂട ഗൂഢാലോചന ഇതിന്റെ പുറകിലുണ്ടെന്നും സംഘടന കുറ്റപ്പെടുത്തി.
തൊഴിലില്ലായ്മ രൂക്ഷമായ കേരള സാഹചര്യത്തിൽ ഏറ്റവുമധികം തൊഴിൽ നൽകുന്ന കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ തകർക്കുന്ന നടപടി അംഗീകരിക്കാനാവില്ല.ഇടതു സർക്കാർ ഭരണത്തിലേറുമ്പോൾ കെഎസ്ആർടിസിയിൽ44,000 ൽ അധികം ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇന്ന് 25000 ആയി ചുരുക്കിയിരിക്കുകയാണ്. കെഎസ്ആർടിസിക്ക് ഇന്ന് നിലവിലുള്ള ബസ്സുകൾ ഓടിക്കാൻ പോലും ജീവനക്കാർ തികയാതിരിക്കുകയാണ്. സ്ഥാപനത്തെ സംരക്ഷിക്കുവാൻ ജീവനക്കാർക്കൊപ്പം മുന്നിട്ടിറങ്ങേണ്ടത് പൊതുജനങ്ങളാണ്. കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. അവകാശ പോരാട്ടത്തിൽ യുവജനങ്ങളുടെ തൊഴിൽ സ്വപ്നം കൂടി ഉള്ളതിനാൽ, കെഎസ്ആര്‍ടിസിയെ ദയാവധത്തിന് വിട്ടു നൽകില്ലെന്നും കെ എസ് ടി എംപ്ലോയീസ് സംഘടന അറിയിച്ചു.