തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) രണ്ടാം പാദത്തില്‍ 572.08 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 560.66 കോടി രൂപയേക്കാള്‍ 2 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്. ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തിലെ 556.52 കോടി രൂപയുമായി നോക്കുമ്പള്‍ 2.8 ശതമാനം മാത്രമാണ് വളര്‍ച്ച. രണ്ടാം പാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,174.02 കോടി രൂപയില്‍ നിന്ന് 21.3 ശതമാനം വര്‍ധിച്ച് 2,637.14 കോടി രൂപയായി. ജൂണ്‍ പാദത്തിലെ 2,512 കോടി രൂപയില്‍ നിന്ന് വരുമാനം അഞ്ച് ശതമാനം ഉയര്‍ന്നു. ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം 10.95 ശതമാനം വര്‍ധനയോടെ 12,149 കോടി രൂപയിലും, അറ്റാദായം 75 കോടി രൂപയിലുമെത്തി. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.6 ശതമാനം വര്‍ധനയോടെ ആസ്തി മൂല്യം 1,587 കോടി രൂപയിലെത്തി. വെഹിക്കിള്‍ ആന്റ് എക്യുപ്‌മെന്റ് ഫിനാന്‍സ് വിഭാഗത്തിന്റെ ആസ്തി മൂല്യം 4,848.2 കോടി രൂപയിലെത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി 2.42 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 2.14 ശതമാനവുമാണ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റ മൂല്യം 12,528.5 കോടി രൂപയായി ഉയര്‍ന്നു.