ആഗോളതലത്തില്‍ വാഹനങ്ങളുടെ മികവ് പരിശോധിക്കുന്ന ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാറുകളും കരസ്ഥമാക്കി മഹീന്ദ്ര സ്‌കോര്‍പിയോ എന്‍. പുതുക്കിയ സുരക്ഷാ പരിശോധനയുടെ ഭാഗമായ പ്രോട്ടോക്കോളുകളാണ് മഹീന്ദ്രയുടെ ബിഗ്ഡാഡി എന്നറിയപ്പെടുന്ന വാഹനം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കിയത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 5 സ്റ്റാറുകളും കുട്ടികളുടെ സുരക്ഷയില്‍ 3 സ്റ്റാറുകളുമാണ് വാഹനം നേടിയത്. ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയ സ്‌കോര്‍പിയോ എന്‍ എന്ന വാഹനത്തിന്റെ വിവിധ വകഭേദങ്ങളുടെ വില 11.99 ലക്ഷം മുതല്‍ 21.65 ലക്ഷം രൂപവരെയാണ്. സെഡ്2, സെഡ്4, സെഡ്6, സെഡ്8, സെഡ്8എല്‍ എന്നിങ്ങനെ വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. 203 എച്ച്പി 380 എന്‍എം കരുത്ത് നല്‍കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 175 എച്ച്പി 400 എന്‍എം കരുത്തിന്റെ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡല്‍ എന്നിവയും സ്‌കോര്‍പിയോയ്ക്കുണ്ട്. ഇരു വാഹനങ്ങളിലും 6 സ്പീഡ് ഓട്ടമാറ്റിക് അല്ലെങ്കില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന്റെ പിന്തുണയും ഉണ്ട്. ചില വാഹനങ്ങളില്‍ മാത്രമായി ഫോര്‍വീല്‍ ഡ്രൈവും നല്‍കിയിട്ടുണ്ട്.