ഇ.പി ജയരാജനെതിരെ പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതി മൂന്നു വര്‍ഷം മുമ്പേ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നല്‍കിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പരാതി അയച്ചിരുന്നു. പി. ജയരാജന്‍ മാത്രമല്ല റിസോര്‍ട്ട് ഉടമയായ വ്യവസായി കെപി രമേഷ് കുമാറും 2019 ല്‍ ഇവര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. റിസോര്‍ട്ട് സംരംഭത്തില്‍ ഇ പി ജയരാജന്‍ തന്നെ കബളിപ്പിച്ചെന്നും കോടികള്‍ നഷ്ടമായെന്നുമാണു രമേഷ്‌കുമാര്‍ പരാതി നല്‍കിയത്.
തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ടനടപടി. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ എട്ടുപേരെ പോക്‌സോ നിയമപ്രകാരം മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കം ചെയ്തു. താക്കീതും നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തി. രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.
മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തല്‍നിന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പിന്മാറി. ഇ കെ സുന്നി വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് പിന്മാറ്റം.
ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനിനു വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെ ട്രെയിന്‍ ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഫോണില്‍ ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തിച്ചു.
അനധികൃത സ്വത്ത് സമ്പാദന ആരോപണ വിധേയനായ ഇ.പി. ജയരാജന്‍ കണ്ണൂരില്‍ കെഎസ്ടിഎയുടെ പൊതു പരിപാടിയില്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു ചിരി മാത്രമായിരുന്നു മറുപടി.
ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഈ ആവശ്യമുന്നയിച്ചു കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ചിറകരിയാന്‍ തീരുമാനിച്ചത് പിണറായി വിജയനാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. പിണറായിക്ക് എതിരെ നില്‍ക്കുന്നവരുടെ അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് അഞ്ചാം മൈല്‍ കെല്ലൂരില്‍ മുസ്ലീം ലീഗ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.
ഇപി ജയരാജനെതിരായ ആരോപണം വെറും ഉള്‍പാര്‍ട്ടി തര്‍ക്കമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇപി മന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയാണ് പുറത്തുവന്നത്. ഇപി ജയരാജന്റേത് മാത്രമല്ല ഇതിനപ്പുറം നീളാവുന്ന അഴിമതിക്കാരുടെ പട്ടിക പുറത്തുവരുമെന്നും സുരേന്ദ്രന്‍.
സ്ത്രീസുരക്ഷ, ശാക്തീകരണ സന്ദേശവുമായി സൈക്കിളില്‍ ഭാരത പര്യടനം നടത്തുന്ന മധ്യപ്രദേശുകാരി ആശാ മാളവിയ തിരുവനന്തപുരത്തെത്തി. തനിച്ച് ഇന്ത്യ മുഴുവന്‍ സൈക്കില്‍ സഞ്ചരിക്കുന്ന ആശ ആറു സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. ദേശീയ കായിക താരവും പര്‍വതാരോഹകയുമാണ് ആശ. സൈക്കിളില്‍ 20,000 കിലോമീറ്റര്‍ യാത്രചെയ്യാനാണു പരിപാടി.
തൃശൂരില്‍ ഇന്നു വൈകുന്നേരം ബോണ്‍ നതാലെ ക്രിസ്മസ് കരോള്‍ ഘോഷയാത്ര. പതിനായിരത്തിലേറെ സാന്താക്ലോസുമാര്‍ അണിനിരക്കും. ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം.
റോഡിനു നടുവില്‍ താഴ്ന്നു കിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്കു പരിക്ക്. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്. എറണാകുളം ചന്ദ്രശേഖരന്‍ മേനോന്‍ റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഗര്‍ഭിണിയായ ഭാര്യയെ മദ്യലഹരിയില്‍ കൊലപ്പെടുത്തിയെന്നു ധരിച്ച് ആദിവാസി യുവാവ് ജീവനൊടുക്കി. അടിമാലി ഒഴുവത്തടത്ത വാളറ കുളമാംകുഴി ആദിവാസി കോളനിയിലെ കര്‍ണന്‍ (26) ആണ് തൂങ്ങി മരിച്ചത്. മദ്യപിച്ചെത്തി തര്‍ക്കത്തിനിടെ കൈയിലെ തോര്‍ത്ത് ഭാര്യ സിനിയുടെ കഴുത്തില്‍ മുറുക്കി. ശ്വാസം കിട്ടാതെ സിനി കുഴഞ്ഞുവീണു. മരിച്ചെന്നു കരുതി കര്‍ണര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
തൃശൂര്‍ മുണ്ടൂരിനടുത്ത പുറ്റേക്കരയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ അരുണ്‍ കുമാര്‍ (38) റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍. . തലയ്‌ക്കേറ്റ ഗുരുതര പരിക്കാണു മരണ കാരണം. മുഖത്ത് കുപ്പി കൊണ്ടോ കല്ലു കൊണ്ടോ ഇടിയേറ്റിട്ടുണ്ട്. വേറെ പരിക്കുകളില്ല. നാട്ടുകാരാണ് അരുണിനെ പുറ്റേക്കര സ്‌കൂളിന് സമീപം ഇടവഴിയില്‍ അവശനിലയില്‍ കണ്ടെത്തിയത്.
കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു. കുമ്മിള്‍ മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്.
ലിഫ്റ്റില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. ചക്കിക്കാവ് കാഞ്ഞിരപ്പറമ്പില്‍ ദാസന്‍(54) ആണ് മരിച്ചത്. കോഴിക്കോട് കൂടത്തായിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍കാരത്തിനിടെയാണ് അപകടം.
ഒമാനില്‍ കനത്ത മഴ. പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.