ഇന്ത്യയില്‍ ഏറ്റവും സാധാരണയായി രോഗനിര്‍ണയം നടത്തുന്ന മൂന്നാമത്തെ അര്‍ബുദമാണ് ശ്വാസകോശ അര്‍ബുദം. പ്രതിവര്‍ഷം ഏതാണ്ട് 72,510 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കാലക്രമേണ ശ്വാസകോശ അര്‍ബുദം തലച്ചോറിലേക്ക് പടരുകയും സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും മറ്റൊരു കാന്‍സര്‍ ആയി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. നോണ്‍-സ്മോള്‍ സെല്‍ ലംങ് കാന്‍സര്‍ അഡ്വാന്‍സ് സ്റ്റേജിലുള്ള 10 ശതമാനം രോഗികളില്‍ അര്‍ബുദം തലച്ചോറിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. പ്രാഥമികമായി ട്യൂമര്‍ കണ്ടെത്തുന്ന 50 ശതമാനം ആളുകളും ശ്വാസകോശ അര്‍ബുദ ബാധിതരാകാനാണ് സാധ്യതയെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അര്‍ബുദ കോശങ്ങള്‍ തലച്ചോറിന്റെ സാധാരണ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും വീക്കം, മര്‍ദം,നാഡീവ്യൂഹം എന്നിവയ്ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അര്‍ബുദ കോശങ്ങള്‍ തലച്ചോറിലേക്ക് പടരുന്നതിന്റെ (ബ്രെയിന്‍ മെറ്റാസ്റ്റെയ്സുകള്‍) ലക്ഷണങ്ങള്‍ – വിട്ടുമാറാത്ത തലവേദന, അപസ്മാരം, വൈജ്ഞാനിക വൈകല്യങ്ങള്‍, വ്യക്തിത്വ മാറ്റങ്ങള്‍, ചലനശേഷിയിലോ സംസാരിക്കാനോ ബുദ്ധിമുട്ട് നേരിടുക. തലച്ചോറിലേക്ക് പടരുന്ന ശ്വാസകോശ അര്‍ബുദം റേഡിയേഷന്, സിസ്റ്റമിക് കീമോതെറാപ്പി തുടങ്ങിയ ചികിത്സകളിലൂടെ ഭേദമാക്കാം. ഇത് ശ്വാസകോശ അര്‍ബുദവും ബ്രെയിന്‍ മെറ്റാസ്റ്റേസുകളും നിയന്ത്രിക്കാന്‍ സഹായിക്കും. പുകവലിയാണ് ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന വില്ലന്‍. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സ തേടുന്ന 85 ശതമാനം ആളുകളും പുകവലിക്കാരാണ്. കൂടാതെ പാസ്സീവ് സ്മോക്കിങ്, വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്ന കെമിക്കലുകള്‍, റഡോണ്‍ വാതകം, ആസ്ബറ്റോസ് എന്നിവ ശ്വാസകോശത്തില്‍ എത്തുന്നതും നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളും ശ്വാസകോശ അര്‍ബുദങ്ങള്‍ക്കു കാരണമാകാം.