രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് എത്തും. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്‍മൊഴിവരം എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ ഇളയ പിരട്ടി എന്നു വിളിക്കപ്പെടുന്ന കുണ്ഡവൈ എന്ന ചോള രാജകുമാരിയാണ് തൃഷയുടെ കഥാപാത്രം. കാര്‍ത്തി അവതരിപ്പിക്കുന്ന വള്ളവരൈയന്റെ കാമുകിയുമാണ് ഈ കഥാപാത്രം. കുണ്ഡവൈയുടെ മനസിലെ പ്രണയം പറയുന്ന ഒരു ഗാനം ചിത്രത്തിലുണ്ട്. ‘കാതോട് സൊല്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൃതിക നെല്‍സണ്‍ ആണ്. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. രക്ഷിത സുരേഷ് ആണ് ആലപിച്ചിരിക്കുന്നത്. ഇതിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു. 00 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
മലയാളത്തില്‍ നിന്ന് മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം കൂടി വരുന്നു. ‘ജോഷ്വാ മോശയുടെ പിന്‍ഗാമി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുധീഷ് മോഹന്‍ ആണ്. ഒരു കൂട്ടം പുതുമുഖങ്ങള്‍ക്കൊപ്പം പ്രമോദ് വെളിയനാടും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തീകരിച്ച ചിത്രമാണിത്. അഖിലേഷ് ഈശ്വര്‍, മിഥുന്‍ എബ്രഹാം, അഞ്ജന സാറ, അമൃത വിജയ്, ശശി പള്ളാത്തുരുത്തി, ആര്‍ ജെ അല്‍ഫോന്‍സ, മാത്യു ജോസഫ്, സുധീര്‍ സലാം, മധു പെരുന്ന, ശ്രീദേവി, റിച്ചാര്‍ഡ്, സുമേഷ് മാധവന്‍, രാഹുല്‍ രവീന്ദ്രന്‍, ഹിഷാം മുഹമ്മദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഫസ്റ്റ് ഷോസ് എന്ന പ്ലാറ്റ്‌ഫോമിലൂടെ സെപ്റ്റംബര്‍ 28 ന് സ്ട്രീമിം ഗ് ആരംഭിക്കും.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങളിലെ കുത്തനെയിലുള്ള ഇടിവില്‍ 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 36,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4595 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3790 രൂപയാണ്.
വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കുകളിലൊന്നായ ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് റേറ്റ് (ബി.പി.എല്‍.ആര്‍) 0.7 ശതമാനം ഉയര്‍ത്തി എസ്.ബി.ഐ. 13.45 ശതമാനമാണ് പുതിയനിരക്ക്. മറ്റൊരു അടിസ്ഥാനനിരക്കായ ബേസ്റേറ്റ് 8.7 ശതമാനമായും പുതുക്കിയിട്ടുണ്ട്. ഇതോടെ, ബി.പി.എല്‍.ആര്‍., ബേസ്റേറ്റ് എന്നിവ അടിസ്ഥാനമായുള്ള വായ്പകള്‍ എടുത്തവരുടെ പലിശഭാരം ഉയരും. ഇവ രണ്ടും പഴയ മാനദണ്ഡങ്ങളാണ്. മിക്ക ബാങ്കുകള്‍ ഇപ്പോള്‍ വായ്പ നല്‍കുന്നത് എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഇ.ബി.എല്‍.ആര്‍) അല്ലെങ്കില്‍ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് (ആര്‍.എല്‍.എല്‍.ആര്‍) പ്രകാരമാണ്. ഇവ ബി.പി.എല്‍.ആര്‍., ബേസ്‌റേറ്റ് എന്നിവയേക്കാള്‍ കുറവാണ്. ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ അപേക്ഷിച്ച് വായ്പകള്‍ ഇ.ബി.എല്‍.ആറിലേക്കോ ആര്‍.എല്‍.എല്‍.ആറിലേക്കോ മാറ്റി തിരിച്ചടവില്‍ (ഇ.എം.ഐ) ആശ്വാസം നേടാവുന്നതാണ്.
കാമ്രി സെഡാന്റെ ഫ്‌ലെക്‌സ്-ഫ്യുവല്‍ പതിപ്പ് ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട 2022 സെപ്റ്റംബര്‍ 28 ന് രാജ്യത്ത് അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഫ്‌ലെക്‌സ് ഇന്ധന വാഹനമായിരിക്കും ഇത്. ഒരു ഫ്‌ലെക്‌സ് ഫ്യൂവല്‍ എഞ്ചിന്‍ ഒരു ആന്തരിക ജ്വലന എഞ്ചിന്‍ ആണ്, ഇതിന് ഒന്നിലധികം ടൈ ഇന്ധനത്തിലോ ഇന്ധനത്തിന്റെ മിശ്രിതത്തിലോ പ്രവര്‍ത്തിക്കാന്‍ കഴിയും. അന്താരാഷ്ട്ര വിപണിയില്‍ എഥനോള്‍ അല്ലെങ്കില്‍ മെഥനോള്‍ പെട്രോള്‍ മിശ്രിതമാണ് മിക്ക കാറുകളിലും ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഫ്‌ലെക്‌സ് ഇന്ധന എഞ്ചിന് 100 ശതമാനം പെട്രോളിലോ എത്തനോളിലോ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇന്ത്യയുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ കുറയ്ക്കുന്നതിനും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായിക്കും.
ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒരേ താളമുള്ള ലോകം ഭാവന ചെയ്യുന്ന ഒരു ബാലമനസ്സിനെ ആവിഷ്‌കരിക്കുകയാണ് ‘ജാന്വി’. പ്രതിഭ കൊണ്ടും അറിവ് കൊണ്ടും ഉയരത്തിലേക്ക് പോകുമ്പോള്‍ കൂടെയുള്ളവരെ ചേര്‍ത്തുപിടിച്ച് ചിറകിലേറ്റുന്ന നന്മ നമ്മെ പ്രബുദ്ധരാക്കുന്നു. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കുന്ന ഈ വലിയ കുഞ്ഞുമനസ്സിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക. വിനീത മണാട്. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 142 രൂപ.
ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ് ചീര. വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക. ഇവയില്‍ കലോറിയും കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി, കെ, സി എന്നിവയെല്ലാം അടങ്ങിയ തക്കാളി കണ്ണിന്റെയും ചര്‍മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവിലുള്ള നാരുകളും വിറ്റാമിന്‍ സിയും ഉള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള മറ്റൊരു മികച്ച പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതന. കൊളസ്ട്രോള്‍ അളവ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.65, പൗണ്ട് – 91.89, യൂറോ – 79.83, സ്വിസ് ഫ്രാങ്ക് – 82.51, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.57, ബഹറിന്‍ ദിനാര്‍ – 211.45, കുവൈത്ത് ദിനാര്‍ -257.76, ഒമാനി റിയാല്‍ – 207.00, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.70, ഖത്തര്‍ റിയാല്‍ – 21.88, കനേഡിയന്‍ ഡോളര്‍ – 60.08.