കേരളത്തില്‍ മദ്യ വില്പനയില്‍ റെക്കോഡിട്ട് ഓണക്കാലം. ഓണക്കാല വില്പനയില്‍ വെറും 12 ദിവസം കൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 824.07 കോടി രൂപയെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വര്‍ധന. ഉത്രാടദിനം മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷത്തെ 126.01 കോടിയുമായി തട്ടിച്ചുനോക്കുമ്പോള്‍ 11 കോടി രൂപയ്ക്ക് മുകളിലാണ് വര്‍ധന. അവിട്ടം ദിനത്തിലെ വില്പന 94.36 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 65.25 കോടി രൂപയായിരുന്നു. ഓണത്തോട് അടുത്ത അഞ്ചുദിവസം കൊണ്ട് 500 കോടി രൂപയ്ക്കടുത്താണ് വില്പന നടന്നത്. ഉത്രാടം നാളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പന നടന്ന ആറ് ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ മൂന്നും കൊല്ലം ജില്ലയിലാണ് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്, 1.46 കോടി രൂപ. കാവനാട് (ആശ്രാമം) ഔട്ട്‌ലെറ്റില്‍ 1.24 കോടി രൂപയുടെ മദ്യം വിറ്റു. മലപ്പുറം എടപ്പാള്‍ കുറ്റിപ്പാല ഔട്ട്‌ലെറ്റില്‍ 1.11 കോടി രൂപയുടെയും തൃശ്ശൂര്‍ ചാലക്കുടി ഔട്ട്‌ലെറ്റില്‍ 1.07 കോടി രൂപയുടെയും ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റില്‍ 1.03 കോടി രൂപയുടെയും കൊല്ലം കുണ്ടറയില്‍ ഒരു കോടി രൂപയുടെയും മദ്യം വിറ്റഴിച്ചു.