വിജയ് ദേവരക്കൊണ്ട, അനന്യപാണ്ടെ, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പുരി ജഗന്നാഥ് ചിത്രം ലൈഗറിന്റെ കേരള വിതരണവകാശം ശ്രീഗോകുലം മൂവീസിന്. ഓഗസ്റ്റ് 25നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. പ്രശസ്ത ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തില്‍ വൈഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. നൂറ്റമ്പതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം വിജയ് ദേവരക്കൊണ്ട ഉള്‍പ്പടെയുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും 18ന് കേരളത്തിലെത്തുമെന്ന് ശ്രീഗോകുലം മൂവീസ് അറിയിച്ചു. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശിപ്പിക്കും.
ദുല്‍ഖര്‍ നായകനായ ഏറ്റവും പുതിയ തെലുങ്ക് ചിത്രവും ബോക്‌സ് ഓഫീസില്‍ പുതിയ വിജയം രചിക്കുകയാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയിരുന്ന ചിത്രം യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്. പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം നേടിയ യുഎസ് ഓപണിംഗ് 1.67 കോടി ആയിരുന്നു, ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടി ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്‌ഡേറ്റഡ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 33 കോടിയാണ്.
ഭാവിയുടെ തൊഴില്‍മേഖലയായ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസിന്റെ കേന്ദ്രം കൊച്ചിയില്‍ തുടങ്ങുമെന്ന് ഇലക്ട്രോണിക്‌സ് കമ്പനിയായ ക്ലൗഡ്പാഡ് അറിയിച്ചു. 2025 ഓടെ 750 കോടി രൂപ നിക്ഷേപ സാധ്യതയാണ് ഈ പദ്ധതിയിലൂടെ സംസ്ഥാനത്തേക്കെത്തുന്നത്. അമേരിക്ക, യു കെ, യൂറോപ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 300ല്‍പരം സംരംഭക ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് കേന്ദ്രം തുടങ്ങുന്നത്. മനുഷ്യസഹായമില്ലാതെ ആശയവിനിമയത്തോടെയുള്ള സേവനങ്ങള്‍ നല്‍കുന്ന ബോട്ട്(ഡിജിറ്റല്‍വര്‍ക്കര്‍) സാങ്കേതികവിദ്യയാണ് ക്ലൗഡ്പാഡിന്റെ പ്രധാന ഉത്പന്നം. ബിസിനസ് ഓട്ടോമേഷനാണ് ഇത് പ്രധാനമായും ഉപയോഗപ്പെടുന്നത്. 500 ഐടി ജീവനക്കാരും ഒരു ലക്ഷത്തിലധികം ഡിജിറ്റല്‍ വര്‍ക്കര്‍മാരുമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. നിലവിലെ 20കോടി രൂപയുടെ നിക്ഷേപം മൂന്ന് വര്‍ഷം കൊണ്ട് 750 കോടിയാക്കി ഉയര്‍ത്തും.
യൂക്കോ ബാങ്കി ന് 123.61 കോടി അറ്റാദായം. ബാങ്കിന്റെ ആകെ ബിസിനസ് ജൂണ്‍ 30 വരെ 7.13ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 3,56,677.47 കോടിയിലെത്തി. ജൂണില്‍ അവസാനിച്ച ആദ്യപാദം പ്രവര്‍ത്തനലാഭം, അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലെ വര്‍ധനയാണ് അറ്റാദായം ഉയരാന്‍ കാരണം. ഈ സാമ്പത്തികവര്‍ഷം കേരളത്തില്‍ 7 പുതിയ ശാഖകള്‍ ഉള്‍പ്പെടെ അഖിലേന്ത്യ തലത്തില്‍ 200 ശാഖകള്‍ തുറക്കും.
ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യ നിരവധി ലോഞ്ചിംഗുകളുടെ തിരക്കിലാണ്. കഴിഞ്ഞ മാസം ഫെയ്സ്ലിഫ്റ്റ് ചെയ്ത ഔഡി എ8 എല്‍ പുറത്തിറക്കിയ ഈ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ സബ്സിഡിയറി ഇപ്പോള്‍ പുതിയ ക്യു 3 അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 2022 ഓഡി ക്യൂ 3 കമ്പനിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഔദ്യോഗികമായി ടീസുചെയ്തു. അടുത്ത മാസം അതായത് സെപ്റ്റംബറില്‍ ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഫോക്സ്വാഗണ്‍ ടിഗ്വാനിലും സ്‌കോഡ കൊഡിയാകിലും അതിന്റെ ചുമതല നിര്‍വഹിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായിരിക്കും ഇന്ത്യ-സ്‌പെക്ക് ഔഡി ക്യു 3-ന് കരുത്ത് പകരുന്നത്. ഏഴ് സ്പീഡ് ഡിസിടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ 187 ബിഎച്ച്പിയും 320 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു.
ലോകസാഹിത്യത്തിലെ മികച്ച ക്ലാസ്സിക്കുകളിലൊന്നായിമാറിയ പാവങ്ങളിലെ ജീന്‍വാല്‍ജീന്‍ എന്ന മുഖ്യ കഥാപാത്രത്തെ കേന്ദ്രീകരിച്ചു തയ്യാറാക്കിയ കൃതി. ‘ജീന്‍വാല്‍ജിന്‍’. വിക്ടര്‍ ഹ്യൂഗോ. പുനരാഖ്യാനം – കെ. തായാട്ട്. ഡിസി ബുക്‌സ്. വില 266 രൂപ.
ഭക്ഷണം കുറച്ച് കഠിനമായ വര്‍ക്ക് ഔട്ടുകള്‍ ചെയ്ത് തടികുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് മിക്കവാറും പേരും. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുമൂലം ഇത്തരക്കാര്‍ പെട്ടെന്ന് തന്നെ ശ്രമങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതില്‍ പ്രധാനമാണ് അത്താഴം കഴിക്കുന്ന സമയം. മിക്കവാറും പഠനങ്ങളും നിര്‍ദേശിക്കുന്നത് വൈകിട്ട് ഏഴ് മണിയ്ക്ക് അത്താഴം കഴിക്കണമെന്നാണ്. എന്നാല്‍ ഏഴുമണിയല്ല അത്താഴം കഴിക്കേണ്ട കൃത്യമായ സമയമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ബര്‍മിന്‍ഹാമിലെ അലബാമ സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. ആഹാരസമയം ക്രമീകരിക്കുക എന്നതാണ് തടികുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. അത്താഴം വൈകിട്ട് മൂന്ന് മണിയ്ക്ക് മുന്‍പായി കഴിക്കണമെന്ന് പഠനത്തില്‍ നിര്‍ദേശിക്കുന്നു. പരീക്ഷണത്തിനായി കുറച്ച് പേരോട് വിദഗ്ദ്ധര്‍ ഇത്തരത്തില്‍ പതിനാല് ആഴ്ച മൂന്ന് മണിയ്ക്ക് മുന്‍പായി ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല ആഴ്ചയില്‍ 150 മിനിട്ട് വര്‍ക്ക് ഔട്ട് ചെയ്യാനും നിര്‍ദേശിച്ചു. പരീക്ഷണത്തില്‍ 2.4 കിലോ ഭാരം ഓരോരുത്തര്‍ക്കും കുറഞ്ഞതായി കണ്ടെത്തി. മാത്രമല്ല ബിപി പ്രശ്‌നങ്ങള്‍ കുറഞ്ഞതായും മാനസിക നില കൂടുതല്‍ മെച്ചപ്പെട്ടതായും പഠനത്തില്‍ കണ്ടെത്തി. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗാണ് ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്നാണ് അലബാമ സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എട്ട് മണിക്കൂര്‍ ആഹാരവും ബാക്കി ഫാസ്റ്റിംഗുമാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതല്‍ രാത്രി എട്ട് മണിവരെയാണ് സാധാരണയായി ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് നോക്കുന്നത്. എന്നാല്‍ അലബാമയിലെ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത് രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെയുള്ള സമയക്രമമാണ്. ശരീരത്തില്‍ മെറ്റാബോളിസം ഏറ്റവും നന്നായി നടക്കുന്നതും കൊഴുപ്പ് വേഗത്തില്‍ എരിഞ്ഞുപോകുന്നതും ഈ മണിക്കൂറുകളിലാണെന്നും ഇവര്‍ പറയുന്നു.