1990 മുതല്‍ 2021 വരെയുള്ള 31 വര്‍ഷക്കാലയളവില്‍ ആഗോള തലത്തിലുള്ള മനുഷ്യരുടെ ശരാശരി ജീവിതദൈര്‍ഘ്യം 6.2 വര്‍ഷങ്ങള്‍ വര്‍ധിച്ചതായി പഠനം. ഭക്ഷ്യ-ജല അണുബാധകള്‍, ശ്വാസകോശ അണുബാധകള്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ മൂലമുള്ള മരണങ്ങളിലുണ്ടായ കുറവാണ് ഈ പുരോഗതിക്ക് പിന്നിലെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ചില രാജ്യങ്ങളുടെ കാര്യത്തില്‍ ജീവിതദൈര്‍ഘ്യത്തില്‍ നേടിയ പുരോഗതിക്ക് മങ്ങലേല്‍പ്പിക്കാന്‍ കോവിഡ് മഹാമാരിക്ക് സാധിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു. ടൈഫോയ്ഡ്, അതിസാരം എന്നിങ്ങനെ ഭക്ഷണം, ജലം എന്നിവ വഴിയുള്ള അണുബാധകള്‍ മൂലമുള്ള മരണങ്ങളില്‍ ഇക്കാലയളവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് ജീവിതദൈര്‍ഘ്യത്തില്‍ 3.1 വര്‍ഷങ്ങളുടെ വര്‍ധനയുണ്ടാക്കിയെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന് ഡയറക്ടര്‍ മൊഹ്സെന്‍ നഖ്വി പറയുന്നു. ജീവിതദൈര്‍ഘ്യത്തിലുണ്ടായ പുരോഗതി പല മേഖലകളിലും വ്യത്യസ്ത തരത്തിലാണ് പ്രതിഫലിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തെക്ക് കിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ഏഷ്യ, ഒഷ്യാനിയ മേഖലകളില്‍ 8.3 വര്‍ഷങ്ങളുടെ വര്‍ധന ജീവിതദൈര്‍ഘ്യത്തില്‍ ഉണ്ടായി. വാക്സീന് മൂലം അഞ്ചാം പനി പോലുള്ള രോഗങ്ങളില്‍ നിന്നുള്ള മരണനിരക്ക് കുറയ്ക്കാനായിട്ടുണ്ടെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. അതേ സമയം ദഹനസംവിധാനവുമായി ബന്ധപ്പെട്ട രോഗങ്ങളിലും കരള്‍ വീക്കത്തിലും 2010നും 2019നും ഇടയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പ്രമേഹം, വൃക്ക രോഗങ്ങള്‍ എന്നിവ ആഗോള ജീവിതദൈര്‍ഘ്യത്തില്‍ 0.1 വര്‍ഷത്തിന്റെ കുറവുണ്ടാക്കിയതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.