അദാനി ഗ്രൂപ്പിലെ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ നിക്ഷേപങ്ങള്‍ നഷ്ടത്തിലേക്ക്. എല്‍.ഐ.സിയുടെ ഓഹരികള്‍ അതിന്റെ നിക്ഷേപ മൂല്യത്തിലും താഴെയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍.ഐ.സിയുടെ അദാനി കമ്പനികളിലെ നിക്ഷേപം 35,917 കോടി രൂപ ആയിരുന്നു. ഇതില്‍ ഏകദേശം 30,127 കോടി ചെലവഴിച്ചാണ് അദാനി കമ്പനികളുടെ ഓഹരികള്‍ വാങ്ങിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതോടെ എല്‍.ഐ.സിയുടെ നിക്ഷേപത്തിനും തിരിച്ചടിയേറ്റു. കഴിഞ്ഞ ദിവസം അദാനി കമ്പനികളുടെ എല്‍.ഐ.സിയുടെ നിക്ഷേപത്തിന്റെ മൂല്യം 30,127 കോടിയില്‍ നിന്നും 26,861.9 കോടിയില്‍ എത്തി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന് ഓഹരികള്‍ തകര്‍ന്നടിഞ്ഞിട്ടും അദാനി എന്റര്‍പ്രൈസസില്‍ കൂടുതല്‍ പണമിറക്കിയ സ്ഥാപനമാണ് എല്‍.ഐ.സി. അദാനിയുടെ പ്രധാനപ്പെട്ട കമ്പനികളിലെല്ലാം എല്‍.ഐ.സിക്ക് നിക്ഷേപമുണ്ട്. മറ്റ് ആഭ്യന്തര സ്ഥാപനങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ ഓഹരി ഉടമയുമാണ് എല്‍.ഐ.സി.ജനുവരി 30 മുതല്‍ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ എല്‍ ഐ സി വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍, എല്‍ ഐ സിക്ക് 4,81,74,654 ഓഹരികള്‍ ആണ് ഉള്ളത്. അദാനി പോര്‍ട്ട്സില്‍ 9.14% , അദാനി ട്രാന്‍സ്മിഷനില്‍ 3.65% , അദാനി ഗ്രീനില്‍ 1.28% ഓഹരിയും അദാനി ടോട്ടല്‍ ഗ്യാസില്‍ 5.96% ഓഹരി എന്നിങ്ങനെയാണ് പ്രമുഖ അദാനി കമ്പനികളുടെ നിക്ഷേപം.