തെന്നിന്ത്യന്‍ സിനിമ ലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ് വരാനിരിക്കുന്ന ലിയോ. ഒക്ടോബര്‍ 19 നാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനിലും റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ലിയോ. ഒറ്റദിവസം കൊണ്ട് 4000 ടിക്കറ്റുകളാണ് തിരുവനന്തപുരം എരീസ് പ്ലക്‌സില്‍ നിന്നും വിറ്റുപോയത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ഒരു മണിക്കുറിനുള്ളിലാണ് ടിക്കറ്റുകളെല്ലാം വിറ്റത് എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ ലിയോയുടെ ആദ്യ ഷോ ആരംഭിക്കുന്നത് പുലര്‍ച്ചെ 4 മണിക്ക് ആണ്. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലെ ലിയോയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ ദിവസത്തെ ബുക്കിങ്ങുകളെല്ലാം പൂര്‍ത്തിയായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം തമിഴ്‌നാട്ടില്‍ നിന്നുമാത്രം ലിയോയുടെ 446 തമിഴ് ഷോകള്‍ക്കായി വെള്ളിയാഴ്ച 64,229 ടിക്കറ്റുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 1.20 കോടിയാണെന്ന് ഇതോടെ സ്ഥിരീകരിച്ചുകഴിഞ്ഞു. 70 ശതമാനം അഡ്വാന്‍സ് ബുക്കിംഗ് ചെന്നൈയില്‍ നിന്നാണ്. ഏറെ കൊട്ടിഘോഷിച്ച് ലിയോ ട്രെയിലര്‍ പുറത്തിറക്കിയ മധുരൈ അഡ്വാന്‍സ് ബുക്കിംഗില്‍ 34 ശതമാനവും രേഖപ്പെടുത്തി.