web cover 21

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രാ ബസും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് ഒമ്പതു പേര്‍ മരിച്ചു. 18 പേര്‍ക്കു ഗുരുതര പരിക്ക്. തൃശൂര്‍- പാലക്കാട് ദേശീയപാത വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തെ കൊല്ലത്തറയില്‍ അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിക്കു വിനോദയാത്രയ്ക്കു പോയി തിരിച്ചുവരികയായിരുന്ന ടൂറിസ്റ്റു ബസ് കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റു ബസില്‍ 43 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസ് ചതുപ്പിലേക്കു മറിഞ്ഞു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

കേരളത്തില്‍ ഫിഷറീസ്, അക്വാ കള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ക്കു നോര്‍വേ സഹായം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം നോര്‍വേ ഫിഷറീസ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ധാരണ. കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്താനും നോര്‍വേയുടെ സഹായമുണ്ടാകും.

കേരളത്തില്‍ ലോക സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍വേയിലെ നോബല്‍ സമ്മാന പ്രസ്ഥാനത്തിന്റെ സാരഥികളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെജെര്‍സ്റ്റി ഫ്ലോഗ്സ്റ്റാഡ് വ്യക്തമാക്കി. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കാന്‍ കേരള ബജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തിയിരുന്നു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സ്‌കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ പരിപാടികള്‍ നടത്തും.

ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സിബിഐ നോട്ടീസ് നല്‍കി. ഇന്നു രാവിലെ പത്തരയ്ക്ക് സിബിഐ ഓഫീസിലെത്തണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം.

ശശി തരൂരുമായി അടുത്ത സൗഹാര്‍ദമുണ്ടെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യുമെന്നു പറയുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തിലെ കോണ്‍ഗ്രസ് വോട്ടര്‍മാര്‍ മനസാക്ഷി വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

മയക്കുമരുന്ന് കടത്തിയതിനു മുംബൈയില്‍ അറസ്റ്റിലായ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിന്റെ കാലടിയിലെ യമിറ്റോ ഫ്രൂട്സ് കമ്പനിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. വിജിന്‍ വര്‍ഗീസിന്റെ സഹോദരന്‍ ജിബിന്‍ വര്‍ഗീസിനേയും ബിസിനസ് പങ്കാളി ആല്‍ബിനേയും ചോദ്യം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന സാമൂഹ്യപ്രവര്‍ത്തക ദയാബായി ആശുപത്രിയില്‍നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്കു തിരിച്ചെത്തി. ആരോഗ്യനില മോശമായതിനാല്‍ പോലീസ് ഇവരെ ഇന്നലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പക്ഷേ വൈകാതെ അവര്‍ മടങ്ങിയെത്തി സമരം തുടരുകയായിരുന്നു.

മാമ്പഴം മോഷ്ടിച്ച കേസില്‍ പ്രതിയായ പൊലീസുകാരന്‍ പി.വി. ഷിഹാബ് ബലാത്സംഗക്കേസിലും പ്രതിയെന്ന് പൊലീസ്. പീഡനക്കേസില്‍ ഇയാളെ സര്‍വീസില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ച ശേഷമായിരുന്നു മാമ്പഴ മോഷണം. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറാണ് ഷിഹാബ്.

തൃശൂര്‍ ശക്തന്‍ നഗര്‍- കെഎസ്ആര്‍ടിസി റിംഗ് റോഡില്‍ സൈക്കിള്‍ ഷോപ്പ് പ്രവര്‍ത്തിക്കുന്ന മൂന്നു നില കെട്ടിടത്തില്‍ തീപിടിത്തം. മുകളിലെ നിലയിലെ സൈക്കിള്‍ ശേഖരം മുഴുവന്‍ കത്തിനശിച്ചു.

കാല്‍നടയായി മലപ്പുറത്തുനിന്ന് സൗദി അറേബ്യയിലേക്കു ഹജ്ജിനു പോകുന്ന വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ശിഹാബ്. യുട്യൂബ് ചാനലിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

മുംബൈയിലെ ലഹരി ഇടപാടില്‍ ബന്ധമില്ലെന്ന വാദവുമായി അന്വേഷണം നേരിടുന്ന മന്‍സൂര്‍. കണ്ടയ്നര്‍ അയക്കുമ്പോള്‍ താന്‍ ഇന്ത്യയിലായിരുന്നു. അമൃത് പട്ടേല്‍ എന്ന ഗുജറാത്തുകാരനാണ് കണ്ടയ്നര്‍ അയച്ചത്. ഇന്ത്യയിലെ എല്ലാ ഭാഗത്തേക്കും ചരക്ക് എത്തിക്കാറുണ്ട്. മന്‍സൂര്‍ പറഞ്ഞു. മന്‍സൂര്‍ നിരപരാധിയെന്ന് അച്ഛന്‍ ടി പി മൊയ്തീനും പ്രതികരിച്ചിരുന്നു.

സ്‌കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. സുഹൃത്ത് റിഷാദിനെ പോലീസ് അറസ്റ്റു ചെയ്തു.

ലോട്ടറി തുക മറ്റൊരാള്‍ തട്ടിയെടുത്തെന്നും പോലീസ് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് കല്‍പറ്റയിലെ ലോഡ്ജില്‍ മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയത്. പിന്നീട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാള്‍ പിടിയില്‍. കൊടുങ്ങല്ലൂരില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ സത്യനെ ആക്രമിച്ചതിന് മേത്തല സ്വദേശി ഷാനുവാണ് പിടിയിലായത്.

കണ്ണൂര്‍ മുഴക്കുന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിളക്കോട് ചാക്കാടുനിന്ന് വടിവാളും കൈമഴു ഉള്‍പ്പടെയുള്ള മാരകായുധങ്ങളും കണ്ടെത്തി. ഓവുചാലില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍.

തിരുവനന്തപുരം പാലോട് ചുമട്ടുതൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. സിഐടിയു അംഗമായ ചന്ദ്രനെ എട്ട് ബിഎംഎസുകാര്‍ മര്‍ദ്ദിച്ചു. സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം വെമ്പായത്തെ പിരപ്പന്‍കോട് ഇന്റര്‍നാഷണല്‍ നീന്തല്‍ സമുച്ചയത്തിനു സമീപത്തെ റബര്‍ തോട്ടത്തില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പുത്തെറ്റ് സ്വദേശി കൊല്ലാടില്‍ ജെയിംസ് വര്‍ഗീസാണ് മരിച്ചത്. മൊബൈല്‍ ഓണ്‍ ചെയ്ത് സാമൂഹ്യമാധ്യമത്തിലൂടെ ലൈവ് കൊടുത്താണ് ആത്മഹത്യ ചെയ്തത്. തൂങ്ങിക്കിടന്ന മൃതദേഹത്തിന് അഭിമുഖമായി വച്ചിരുന്ന മൊബൈല്‍ പൊലീസ് കണ്ടെടുത്തു.

കാറിടിച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന മൂന്നു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചെറുകപ്പള്ളി ശാഫിയുടെ ഒമ്പതു വയസുള്ള മകന്‍ മുഹമ്മദ് ഷയാനാണു മരിച്ചത്.

കൊച്ചിയില്‍ ലഹരി മരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശില്‍നിന്ന് എത്തിച്ച രണ്ടര കിലോയിലധികം ഹാഷിഷ് ഓയിലുമായാണ് കൊച്ചി പനങ്ങാട് സ്വദേശികളായ സുജിലും അന്‍സലും പിടിയിലായത്.

കാഷ്മീരിലെ വികസനം മുടക്കിയത് ‘അബ്ദുള്ളകളും മുഫ്തികളും നെഹ്‌റു-ഗാന്ധി’ കുടുംബവുമാണെന്ന് അമിത് ഷാ. കാഷ്മീര്‍ ജനതയ്ക്കുവേണ്ടി അവര്‍ ഒന്നും ചെയ്തില്ല. അഴിമതിയും ദുര്‍ഭരണവുമാണ് ഇക്കൂട്ടരുടെ സംഭാവന. ജമ്മു കാഷ്മീരില്‍ തെരഞ്ഞെടുപ്പ് ഉടനേ നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

ഉത്തരാഖണ്ഡില്‍ വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 32 ആയി. 21 പേരെ രക്ഷപ്പെടുത്തി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പക്ഷം സംഘടിപ്പിച്ച ദസറ റാലിയില്‍ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരന്‍ ജയ്ദേവ് താക്കറെ വേദി പങ്കിട്ടു. മുംബൈ ബികെസി ഗ്രൗണ്ടില്‍ നടന്ന ദസറ റാലിയിലാണ് ജയ്ദേവ് പങ്കെടുത്തത്. ഇതേസമയം, ഉദ്ധവ് താക്കറെ ശിവസേന വിഭാഗം സെന്‍ട്രല്‍ മുംബൈയിലെ ദാദറിലെ ശിവാജി പാര്‍ക്കിലാണ് റാലി നടത്തിയത്.

ദസറ ആഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കുളുവിലെത്തി. രഘുനാഥ് ക്ഷേത്രം സന്ദര്‍ശിച്ച അദ്ദേഹം രഥയാത്രയിലും പങ്കെടുത്തു. കുളു വിശേഷങ്ങളുടെ വീഡിയോ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

മുംബൈയില്‍ മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സര്‍ എച്ച്എന്‍ ഫൗണ്ടേഷന്‍ ആശുപത്രി കത്തിച്ചു കളയുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുകേഷ് അംബാനിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേ വധഭീഷണിയും ഉണ്ട്. ഫോണ്‍ഭീഷണിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം. ബാരി ഷര്‍പ്ലെസിന് പുരസ്‌കാരം ലഭിക്കുന്നത് രണ്ടാം തവണയാണ്.

കൊവിഡ് കാലത്ത് ദരിദ്രരായ ജനങ്ങള്‍ക്ക് ഇന്ത്യ മാതൃകാപരമായ പിന്തുണയാണു നല്‍കിയതെന്ന് ലോക ബാങ്ക് അധ്യക്ഷന്‍ ഡേവിഡ് മല്‍പ്പാസ്. ലോകരാജ്യങ്ങള്‍ പിന്തുടരേണ്ട മാതൃകയാണത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ലോകരാഷ്ട്രങ്ങള്‍ കൈവരിച്ചു കൊണ്ടിരുന്ന മുന്നേറ്റം കൊവിഡ് കാലത്ത് ഇല്ലാതായെന്നും ഡേവിഡ് മല്‍പ്പാസ് പറഞ്ഞു.

ഗാംബിയയില്‍ അഞ്ചു വയസിനു താഴെയുള്ള 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ കമ്പനി നിര്‍മിച്ച കഫ് സിറപ്പ് കുടിച്ചിട്ടാണെന്ന ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടന. ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മിച്ച ചുമ മരുന്നില്‍ അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈകോള്‍, എഥിലിന്‍ ഗ്ലൈകോള്‍ എന്നിവ ഉയര്‍ന്ന അളവിലാണെന്നാണ് ആരോപണം. വൃക്കകള്‍ തകരാറിലായാണ് കുട്ടികള്‍ മരിച്ചത്.

ഇറാനിലെ ഹിജാബ് വിരുദ്ധ സമരക്കാര്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇറാന്‍ ഭരണാധികാരികള്‍ പ്രാഥമിക മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന അതിക്രമങ്ങള്‍ക്ക് ഇറാനിയന്‍ മതപോലീസും അധികാരികളും ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

യുക്രൈന്റെ തെക്ക് ഭാഗത്തും കിഴക്കന്‍ പ്രദേശത്തും യുക്രൈന്‍ സൈന്യം മുന്നേറുന്നു. 15 ശതമാനത്തോളം ഭൂപ്രദേശം ഹിതപരിശോധന നടത്തി റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാക്കിയതിന് പിന്നാലെയാണ് യുക്രൈന്റെ മുന്നേറ്റം.

മൂന്ന് മത്സരങ്ങളുള്ള ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് . മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലിടം പിടിച്ചിട്ടുണ്ട്. അതേസമയം രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇന്ന് ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് തിരിക്കും.

അടുത്ത വര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ലോകത്തെ പ്രമുഖമായ 1300 കമ്പനികളുടെ സി.ഇ.ഒമാര്‍ക്കിടയില്‍ കെ.പി.എം.ജി നടത്തിയ സര്‍വേയിലാണ് ഇതുസംബന്ധിച്ച പ്രവചനമുണ്ടായത്. സി.ഇ.ഒമാരില്‍ 86 ശതമാനവും ലോകസമ്പദ്വ്യസ്ഥയില്‍ മാന്ദ്യമുണ്ടാകുമെന്ന് പ്രവചിച്ചു. 58 ശതമാനം ചെറിയ മാന്ദ്യം മാത്രമാണുണ്ടാവുകയെന്നും പ്രവചിച്ചു. മാന്ദ്യം കമ്പനികളുടെ വരുമാനത്തില്‍ 10 ശതമാനത്തിന്റെ വരെ കുറവുണ്ടാക്കും. സാമ്പത്തിക വളര്‍ച്ചയെ മാന്ദ്യം ബാധിക്കുമെന്നും സി.ഇ.ഒമാര്‍ പ്രവചിക്കുന്നു. മാന്ദ്യമുണ്ടാവുമെങ്കില്‍ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുവരുമെന്നും കമ്പനികളുടെ മേധാവികള്‍ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും അടുത്ത മൂന്ന് വര്‍ഷം ഒമ്പത് ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും കമ്പനി സി.ഇ.ഒമാര്‍ വ്യക്തമാക്കി.

ഇന്ത്യയിലേക്കുള്ള സ്വര്‍ണം ചൈനക്കും തുര്‍ക്കിക്കും നല്‍കി ബാങ്കുകള്‍. ഇതോടെ ഉത്സവകാലത്ത് രാജ്യത്ത് സ്വര്‍ണത്തിന് ക്ഷാമമുണ്ടാവുമോയെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ചൈനയും തുര്‍ക്കിയും കൂടുതല്‍ വില നല്‍കാമെന്ന അറിയിച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള ഷിപ്മെന്റ് വഴിമാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഐ.സി.ബി.സി സ്റ്റാന്‍ഡേര്‍ഡ് ബാങ്ക്, ജെ.പി മോര്‍ഗന്‍, സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. സ്വര്‍ണ ഇറക്കുമതി നടത്തിയ ശേഷം ഇത് വാലറ്റുകളില്‍ സ്റ്റോര്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍, നിലവില്‍ കഴിഞ്ഞ വര്‍ഷം വാലറ്റുകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 10 ശതമാനം കുറവ് സ്വര്‍ണമാണ് ഇപ്പോഴുള്ളത്. നേരത്തെ സെപ്റ്റംബറില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ഇക്കാലയളവില്‍ തുര്‍ക്കിയുടെ സ്വര്‍ണ ഇറക്കുമതി 543 ശതമാനമായും ചൈനയുടെ ഹോങ്കോങ് വഴിയുള്ള സ്വര്‍ണ ഇറക്കുമതി 40 ശതമാനവും വര്‍ധിച്ചിരുന്നു.

വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ‘മാര്‍ക്ക് ആന്റണി’ സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രന്‍ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘മാര്‍ക്ക് ആന്റണി’ ചിത്രീകരിക്കുന്നത്. ‘മാര്‍ക്ക് ആന്റണി’യില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന എസ് ജെ സൂര്യയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എസ് ജെ സൂര്യ എത്തുന്നത്. രാം ചരണിന്റെ നായകനാക്കി എസ് ഷങ്കര്‍ ഒരുക്കുന്ന ചിത്രത്തിലും എസ് ജെ സൂര്യ പ്രധാനപ്പെട്ട കഥാപാത്രമായുണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ‘മാര്‍ക്ക് ആന്റണി’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഫര്‍ഹാന’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെല്‍സണ്‍ വെങ്കടേശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. നെല്‍സണ്‍ വെങ്കടേശന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുല്‍ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡ്രീം വാര്യര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്തോനേഷ്യയില്‍ പുതുക്കിയ ഇസെഡ്എക്സ് – 25ആര്‍ പുറത്തിറക്കി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി. ജാപ്പനീസ് സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്കിന്റെ ഈ ഏറ്റവും പുതിയ പതിപ്പിന് ഫീച്ചറുകളും ഡിസൈന്‍ അപ്‌ഡേറ്റുകളും ലഭിച്ചു. 10,50,00,000 ഇന്തോനേഷ്യന്‍ കറന്‍സി (ഏകദേശം 5.60 ലക്ഷം രൂപ നികുതി കൂടാതെ) ആണ് ബൈക്ക് എത്തുന്നത്. 2023 കവാസാക്കി നിന്‍ജ ഇസെഡ്എക്സ് – 25ആര്‍ അതിന്റെ ഷാര്‍പ്പായ രൂപകല്‍പ്പനയില്‍ യുവത്വമുള്ള സ്‌റ്റൈലിംഗ് നിലനിര്‍ത്തുന്നു. മുമ്പത്തെ സെമി-ഡിജിറ്റല്‍ യൂണിറ്റിന് പകരമായി പുതിയ ഫുള്‍ ടിഎഫ്ടി ഡിസ്‌പ്ലേയോടെയാണ് കവാസാക്കി ബൈക്ക് പരിഷ്‌കരിച്ചിരിക്കുന്നത്. കണ്‍സോളിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കുന്നു.

പ്രകൃതിക്ക് ഒരു താളമുണ്ട്. കര്‍ക്കടക്കപ്പെയ്ത്തും ചിങ്ങവെയിലും തുലാമിന്നലും മകരമഞ്ഞും മീനച്ചൂടും കുംഭമഴയുമൊക്കെ അനുഭവയാഥാര്‍ഥ്യങ്ങളായിരുന്നു ആ പ്രകൃതിയുടെ കലണ്ടറില്‍. എന്നാല്‍, തെറ്റിയോടുന്ന നാഴികമണിപോലെ, പ്രകൃതിയുടെ പ്രകൃതമാകെ ഇന്ന് മാറിയിരിക്കുന്നു, വിവേചനരഹിതമായ മനുഷ്യ ഇടപെടലുകളാണ് ഈ താളപ്പിഴകള്‍ക്കെല്ലാം ഹേതു. മനുഷ്യനും സസ്യവര്‍ഗങ്ങളും ജന്തുജാലങ്ങളുമൊക്കെ കൈ കോര്‍ക്കുന്ന ‘ജീവന്റെ വല’യെ ബലപ്പെടുത്തണമെങ്കില്‍ പരിസ്ഥിതിയെക്കുറിച്ച് നാം ആധികാരികമായ അറിവ് നേടണം. ഈ പുസ്തകം അതിലെക്കുള്ള ഒരു ചുവടുവെപ്പാണ്. ‘പരിസ്ഥിതി വിജ്ഞാനം’. ഗ്രേഷ്യസ് ബഞ്ചമിന്‍. എച്ച് &സി ബുക്സ്. വില 140 രൂപ.

അസിഡിറ്റി പ്രശ്നം ഇന്ന് പലരേയും അലട്ടുന്നു. നെഞ്ചിന്റെ താഴത്തെ ഭാഗത്ത് അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍ അസിഡിറ്റിയുടെ ലക്ഷണമാണ്. പെരുംജീരകം മികച്ച ദഹനത്തിനും ജിഐ ട്രാക്കിലെ അസിഡിക് ലെവലുകള്‍ സന്തുലിതമാക്കാനും സഹായിക്കുന്നു. ദഹനത്തെ സഹായിക്കാന്‍ ഭക്ഷണത്തിന് ശേഷം അല്‍പം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. പെരുംജീരകം കുടലിലെ വീക്കം കുറയ്ക്കുകയും ഗ്യാസ്ട്രബിളിന് കാരണമാകുന്ന ബാക്ടീരിയകള്‍ കുറയ്ക്കുകയും ചെയ്തുകൊണ്ട് ദഹനത്തെ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന അസിഡിറ്റി ലെവല്‍, മൈഗ്രെയ്ന്‍, നെഞ്ചെരിച്ചില്‍, വയറിലെ അസ്വസ്ഥത, കുടല്‍ രോ?ഗങ്ങള്‍ എന്നിവ അകറ്റുന്നതിന് മല്ലിയില സഹായകമാണ്. മല്ലിയിലയും ദഹനത്തിനും വയറുവേദന ശമിപ്പിക്കാനും അത്യുത്തമമാണ്. ദഹന എന്‍സൈമുകളേയും ജ്യൂസുകളേയും ഉത്തേജിപ്പിക്കുന്ന സജീവമായ സംയുക്തങ്ങള്‍ മല്ലിയിലുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തെ സഹായിക്കുകയും വായുവിന്റെ ഉല്‍പാദനം, വയറുവേദന, ഓക്കാനം എന്നിവ തടയുകയും ചെയ്യുന്നു. ഉണക്കമുന്തിരിയില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം കാണപ്പെടുന്നു. രാവിലെ ഉണര്‍ന്നതിനുശേഷം കുതിര്‍ത്ത ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ നന്നായി നിലനിര്‍ത്തുന്നതിന് സഹായിക്കും. പതിവായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കില്‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. രാത്രിയില്‍ കുതിര്‍ത്തുവച്ച ഉണക്കമുന്തിരി കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

1964 ല്‍ റോബര്‍ട്ട് ഡൗണിയുടെ മകനായി അവന്‍ ജനിച്ചു. അവന്റെ അച്ഛന്‍ ഒരു സിനിമാ സംവിധായകനും അമ്മ ഒരു സിനിമാ നടിയുമായിരുന്നു. സിനിമാലോകത്തെ തിരക്കുകള്‍ കാരണം കൊച്ചുഡൗണിയെ ആര്‍ക്കും ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നില്ല. വെറും ആറ് വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ അവന്റെ അച്ഛന്‍ അവന് ലഹരിമരുന്ന് നല്‍കുമായിരുന്നു. അവന്‍ വളരുന്തോറും ഇതിലുള്ള ഉപയോഗവും വര്‍ദ്ധിച്ചുവന്നു. അവന്റെ അച്ഛന്‍ അവനെ പ്രോത്സാഹിപ്പിച്ചു. അവര്‍ ഒരുമിച്ചിരുന്നാണ് പലപ്പോഴും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. സിനിമകളില്‍ ചെറിയ ചെറിയ റോളുകളില്‍ അവന്‍ അഭിനയിച്ചു തുടങ്ങി. സിനിമയില്‍ അത്യാവശ്യം നല്ല റോളുകള്‍ കിട്ടിതുടങ്ങിയപ്പോഴേക്കും അവന്‍ ലഹരി ഉപയോഗം മൂലം പല സിനിമാ സെറ്റുകളില്‍ നിന്നും പുറത്താക്കപ്പെട്ടു. 1994 മുതല്‍ 2001 വരെ പല തവണ പോലീസ് പിടിയിലായി. എന്തൊക്കെ ചെയ്തിട്ടും ലഹരിയുടെ ഉപയോഗം അവന് നിയന്ത്രിക്കാനായില്ല. അതവന്റെ ജീവിതം തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്കെത്തി. അങ്ങനെയിരിക്കെ സൂസന്‍ ലെവി എന്നൊരു സുഹൃത്ത് അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അവരോടുള്ള സ്‌നേഹം അയാളെ മറ്റൊരു മനുഷ്യനാക്കി മാറ്റി. യോഗ, മാര്‍ഷല്‍ ആര്‍ട്‌സ് തുടങ്ങി നിരവധി കാര്യങ്ങളില്‍ അയാള്‍ വ്യാപൃതനായി. പതിയെ പതിയെ ലഹരിമരുന്നുകളില്‍ നിന്ന് അയാള്‍ പുറത്തേക്ക് വന്നു. അതൊരു നിരന്തര പേരാട്ടമായിരുന്നു… അതൊരു അതിജീവിനമായിരുന്നു.. 2008 ല്‍ പുറത്തിറങ്ങിയ അയണ്‍മാന്‍ എന്ന ഉജ്ജ്വല കഥാപാത്രമായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ ലോകസിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു. എല്ലാം തകര്‍ന്നടിയുമ്പോഴും തന്റെ ഇച്ഛാശക്തികൊണ്ട് മാത്രം ഉയര്‍ന്നുവരുന്ന ചിലരുണ്ട്.. ഫീനിക്‌സ് പക്ഷിയെ പോലെ… അവര്‍ക്കേ സ്വപ്നങ്ങളുടെ ആകാശത്ത് ഉയര്‍ന്ന് പറക്കാന്‍ സാധിക്കൂ.. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *