web cover 102

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഇതേക്കുറിച്ചു പഠിക്കാന്‍ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഉടനേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. ഗോവ, ഉത്തരാഖണ്ഡ് സര്‍ക്കാരുകളും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു.

ദക്ഷിണകൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 140 പേര്‍ മരിച്ചു. ശ്വാസംമുട്ടിയും പരിക്കേറ്റും നൂറിലേറേ പേരെ ആശുപത്രികളില്‍ എത്തിച്ചു. വിശുദ്ധരുടേയും മരിച്ചവരുടേയും ഓര്‍മദിനം ആഘോഷിക്കാന്‍ വളരെ ഇടുങ്ങിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ തിങ്ങിക്കൂടിയതാണ് അപകടത്തിനു കാരണമായത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടാനാണ് കേന്ദ്രസര്‍ക്കാര്‍ ഐടി ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. വാര്‍ത്താ ചാനലുകളെയെല്ലാം നിയന്ത്രിച്ചു വരുതിയിലാക്കിയ കേന്ദ്രം ഇനി സമൂഹ മാധ്യമങ്ങള്‍ക്കും കടിഞ്ഞാണിടുകയാണ്. വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഗവര്‍ണറുടെ ഭീഷണി രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ സിപിഎം തീരുമാനം. കേന്ദ്ര കമ്മറ്റിയിലാണു തീരുമാനം. ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ദേശീയ തലത്തിലും ഗവര്‍ണര്‍ വിഷയം കൊണ്ടു വരും.

പാനീയം കുടിച്ച് പാറശാല സ്വദേശി ഷാരോണ്‍ രാജ് മരിച്ച സംഭവത്തില്‍ വനിതാ സുഹൃത്തിനെ ഇന്നു ചോദ്യം ചെയ്യും. ഇന്നു ഹാജരാകണമെന്ന് അന്വേഷണസംഘമായ ക്രൈംബ്രാാഞ്ച് ആവശ്യപ്പെട്ടു. കേസന്വേഷണത്തിനു ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാല്‍ മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും. രണ്ടാഴ്ച മുന്‍പ് ഇരുവരും ഒരു ജ്യൂസ് ചലഞ്ച് ഗെയിം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി.

നിയമസഭാ ടിവി നടത്തിപ്പിനു സ്വകാര്യ കമ്പനിയെ ഒഴിവാക്കി. ഒടിടി അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിയമസഭാ ഐടി വിഭാഗം ഏറ്റെടുക്കും. സോഷ്യല്‍ മീഡിയ കണ്‍സല്‍ട്ടന്റ് അടക്കം ആറു തസ്തികകളില്‍ നിയമനം നടത്തും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും തട്ടിയെടുക്കാനെത്തിയ സംഘവും പൊലീസിന്റെ പിടിയില്‍. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് അനീസും നാലംഗ സംഘവുമാണ് പിടിയിലായത്.

ഭാരത് ലൈവ് ഓണ്‍ലൈന്‍ ടിവി ഉടമ ജസ്റ്റിന്‍ ഡൊണാള്‍ഡിന്റെ മരണത്തില്‍ ദുരൂഹത. ബന്ധുക്കളുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. പുലര്‍ച്ചെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ ജസ്റ്റിന്‍ ഡൊണാള്‍ഡ് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗി മര്‍ദിച്ചു. ഡോക്റ്ററുടെ കൈയില്‍ അടിച്ച മണക്കാട് സ്വദേശി വസീറിനെ (25) അറസ്റ്റു ചെയ്തു.

കലൂരില്‍ രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. പറവൂര്‍ സ്വദേശി വിനീതയാണ് (65) മരിച്ചത്. പറവൂര്‍ ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റലില്‍നിന്ന് ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

മിസോറാം ഗവര്‍ണറായിരുന്നപ്പോഴും ഇപ്പോള്‍ ഗോവ ഗവര്‍ണര്‍ ആയപ്പോഴും മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പി.എസ് ശ്രീധരന്‍പിള്ള. എന്നാല്‍ അവരുമായി വൈകുന്നേരങ്ങളില്‍ ചായ കുടിച്ചു സംസാരിച്ചാല്‍ എല്ലാ പ്രശ്നവും തീരുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കോതി ബീച്ചിനു സമീപം കടല്‍ 70 മീറ്ററോളം ഉള്‍വലിഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ് കിടക്കുകയാണ്. കാണാന്‍ നിരവധി പേരാണ് എത്തിയത്.

ഓണ്‍ലൈനിലൂടെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഘാംഗത്തെ തൃശൂര്‍ സൈബര്‍ പൊലീസ് ജാര്‍ഖണ്ഡില്‍നിന്ന് അറസ്റ്റു ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശി അജിത് കുമാര്‍ മണ്ഡലാണ് അറസ്റ്റിലായത്. 2021 ഒക്ടോബര്‍ എട്ടിന് ഇരിങ്ങാലക്കുട സ്വദേശിയുടെ 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം പതിനയ്യായിരം കോടി രൂപയുടെ ഇടപാടുകള്‍ ലഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്കു ലഭിക്കുമെന്നും സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ പ്രവര്‍ത്തകര്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നതിനെച്ചൊല്ലി നാദാപുരം എടച്ചേരിയില്‍ സംഘര്‍ഷം. എടച്ചേരിയിലെ സിപിഐ ഓഫീസിലെ കൊടി അഴിച്ചു മാറ്റി ഡിവൈഎഫ്ഐയുടെ കൊടി കെട്ടി. സിപിഐ പ്രവര്‍ത്തകരെത്തി പാര്‍ട്ടി കൊടി വീണ്ടും ഉയര്‍ത്തി. സിപിഐ വിട്ട അമ്പതോളം പേരാണു സിപിഎമ്മില്‍ ചേര്‍ന്നത്.

കൊല്ലം കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനേയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ കേന്ദ്രപ്രതിരോധ മന്ത്രിക്കു പരാതി. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ പൊലീസിന്റെ വകുപ്പുതല നടപടികളും നീതിയും വൈകുന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.

എറണാകുളം വൈപ്പിനില്‍ സിഐടിയു ഭീഷണി മുഴക്കി ഉപരോധ സമരം നടത്തുന്ന ഗ്യാസ് ഏജന്‍സിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ സിഐടിയുവിനെതിരെ തുടര്‍ സമരം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി.

കിഴുക്കാനത്ത് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്ത ആറു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. ഫോറസ്റ്റ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, എന്‍ ആര്‍ ഷിജിരാജ്, വി സി ലെനിന്‍, ഡ്രൈവര്‍ ജിമ്മി ജോസഫ് വാച്ചര്‍മാരായ കെ ടി ജയകുമാര്‍, കെ എന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ശബരിമല സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിന്‍വലിക്കാത്തത് ഹൈന്ദവ വിശ്വാസികള്‍ക്ക് എതിരായ വെല്ലുവിളിയാണോയെന്ന് സംശയമുണ്ടെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

പറവൂര്‍ തത്തപിള്ളിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം. മൂന്നുമാസം മുമ്പു കാണാതായ അനിലിന്റെ അസ്ഥികൂടമാണെന്നു സംശയിക്കുന്നു. ഇയാളുടെ കുടുംബത്തിന്റെ പറമ്പിലായിരുന്നു അസ്ഥികൂടം. അരികിലുണ്ടായിരുന്ന വസ്ത്രവും ചെരുപ്പും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

എറണാകുളത്ത് കുട്ടമശേരി സപ്ലൈക്കോ ഓഫീസില്‍ മോഷണം നടത്തിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ഇടപ്പിള്ളി വീട്ടില്‍ മാഹില്‍ (20), പറവൂര്‍ വെടിമറ കാഞ്ഞിരപ്പറമ്പില്‍ നിസാര്‍ (25), കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന തകരമട വീട്ടില്‍ തന്‍സീര്‍ (24) എന്നിവരാണ് പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 19 വര്‍ഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ. ഇയ്യാല്‍ സ്വദേശി ജനീഷ് 2015 ല്‍ ബന്ധുവീട്ടില്‍ എത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണു കേസ്.

തിരുവനന്തപുരത്ത് കെട്ടിട നിര്‍മാണ തൊഴിലാളിയായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം വാമനപുരം മേലാറ്റുമൂഴി തേക്കിന്‍കാട് വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ഓമനയുടെയും മകന്‍ അരുണി(30)നെയാണ് മേലാറ്റുമൂഴിയിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇടുക്കിയിലെ പുല്ലുമേട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഉപ്പുതറ കാക്കത്തോട് മുകളേല്‍ ബിനു ശ്രീധരനെ അറസ്റ്റു ചെയ്തു. പുല്ലുമേട്ടിലുള്ള ഏലത്തോട്ടത്തില്‍ പണിയെടുക്കുന്ന യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കാസര്‍കോട് മാവുങ്കാലില്‍ ട്രാന്‍സ്ഫോമറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ബീഹാര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ഉയരമുള്ള വൈദ്യുതി തൂണിന് മുകളിലേക്ക് കയറിപ്പോയതോടെ കെഎസ്ഇബി വൈദ്യുത ബന്ധം വിഛേദിച്ചു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന പൊലീസ്.

തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്റില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല. സംഘര്‍ഷത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. യൂണിഫോമില്‍ അല്ലാത്തതിനാല്‍ എത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഭാരത് രാഷ്ട്ര സമിതിയിലെ എംഎല്‍എമാരെ കോടികള്‍ കോഴ നല്‍കി കൂറുമാറ്റിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തെലങ്കാനയില്‍ കസ്റ്റഡിയിലെടുത്ത മൂന്നു പേരെ ഹൈക്കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡു ചെയ്യണമെന്ന പോലീസിന്റെ അപേക്ഷ തള്ളിയ കീഴ്‌ക്കോടതി ഇവരെ വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പൊലീസ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കസ്റ്റഡി അനുവദിച്ചത്.

തെലങ്കാന എംഎല്‍എമാരെ ബിജെപി വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റു ചെയ്യണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നേരത്തെ ഡല്‍ഹിയിലും പഞ്ചാബിലും അടക്കം എട്ടു സംസ്ഥാനങ്ങളില്‍ ബിജെപി എംഎല്‍മാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ജമ്മുവില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സതീഷ് ശര്‍മ്മ ശാസ്ത്രിയും എട്ട് പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും ബിജെപിക്കു മാത്രമേ കഴിയൂവെന്ന് ഇവര്‍ പറഞ്ഞു.

തെലങ്കാനയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രക്കിടെ ആദിവാസികള്‍ക്കൊപ്പം ഗോത്രനൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ തരംഗമായി. ധര്‍മ്മപുരിക്കു സമീപം ഭദ്രാചലത്തില്‍ ആദിവാസികള്‍ക്കൊപ്പം ‘കൊമ്മു കോയ’ എന്ന പരമ്പരാഗത നൃത്തത്തിലാണ് രാഹുലും പങ്കെടുത്തത്.

കര്‍ണാടക മുഖ്യമന്ത്രി ദീപാവലിക്കു മധുര പലഹാരങ്ങള്‍ക്കൊപ്പം പണം നിറച്ച ദീപാവലി ബോക്സുകള്‍ സമ്മാനിച്ചതിനെതിരേ മാധ്യമപ്രവര്‍ത്തകര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ഓഫീസില്‍ നിന്നാണെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു സമ്മാനിച്ച ബോക്സുകളില്‍ ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ രൂപയുണ്ടായിരുന്നു. ഏതാനും മാധ്യമപ്രവര്‍ത്തകര്‍ കോഴ ബോക്സ് സ്വീകരിച്ചില്ല.

ടൂറിസ്റ്റ് വിസയില്‍ എത്തി മതപ്രബോധനം നടത്തിയ ഏഴ് ജര്‍മന്‍ പൗരന്മാരെ ആസാം പൊലീസ് കസ്റ്റഡിയിലെടുത്തു. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഒക്ടോബര്‍ 25 മുതല്‍ സംഘത്തെ കസ്റ്റഡിയിലാക്കിയത്.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോഷണക്കുറ്റം ആരോപിച്ച് രണ്ടു കുട്ടികളെ മര്‍ദിച്ച് കാലുകള്‍ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. കുട്ടികള്‍ക്ക് മാരകമായി പരിക്കേറ്റു. പച്ചക്കറി മാര്‍ക്കറ്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പോലീസ് കേസെടുത്തു.

ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയമെന്ന് റിപ്പോര്‍ട്ട്. 29.2 ലക്ഷം പേരാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നത്. 29.1 ലക്ഷം പേര്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമാണ് തൊട്ടുപിന്നില്‍. ജര്‍മനി ആസ്ഥാനമായുള്ള മാര്‍ക്കറ്റ് ആന്‍ഡ് ഡാറ്റ അനസൈലിങ് സ്ഥാപനമായ സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം.

അമേരിക്കയും യുകെയും താലിബാനെതിരെ പരിശീലിപ്പിച്ച അഫ്ഗാന്‍ സന്നദ്ധ കമാന്‍ഡോകളെ റഷ്യ സൈന്യത്തിലെടുക്കുന്നു. യുക്രൈനെതിരായ യുദ്ധത്തിന് ഈ ചാവേറുകളെ ഇറക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യയെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണകൊറിയയുടെ ചോയ് സോള്‍ ഗ്യൂ-കിം വോണ്‍ ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം കീഴടക്കിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് ജയം. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബഗാന്‍ തോല്‍പിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ എഫ്.സി.ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ഹൈദരാബാദ്. ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 65 റണ്‍സിന് തോല്‍പിച്ച്് ന്യൂസീലന്‍ഡ്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 19.2 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി. 64 പന്തില്‍ 104 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സും പതിമൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലോവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടുമാണ് ന്യൂസീലന്‍ഡിന്റെ വിജയശില്‍പ്പികള്‍.

ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ കനത്ത ഇടിവ് തുടരുന്നു. ഒക്ടോബര്‍ 21ന് സമാപിച്ച വാരത്തില്‍ ശേഖരം 380 കോടി ഡോളര്‍ താഴ്ന്ന് 52,452 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2020 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ചയാണിത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 360 കോടി ഡോളര്‍ താഴ്ന്ന് 46,508 കോടി ഡോളറിലെത്തിയതാണ് പ്രധാന തിരിച്ചടി. ഡോളറിനെതിരെ രൂപയുടെ ഇടിവിന്റെ ആക്കംകുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ശേഖരം കുറയാന്‍ മുഖ്യകാരണം. കരുതല്‍ സ്വര്‍ണശേഖരം 24.7 കോടി ഡോളര്‍ താഴ്ന്ന് 3,721 കോടി ഡോളറായി.

കൊച്ചി വിമാനത്താവളത്തില്‍ ഒക്ടോബര്‍ 30 മുതല്‍ 2023 മാര്‍ച്ച് 25വരെ നീളുന്ന ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. പ്രതിവാരം 1202 സര്‍വീവുകളുണ്ടാകും. നിലവിലെ വേനല്‍ക്കാല ഷെഡ്യൂളില്‍ 1,160 ആയിരുന്നു. ശൈത്യകാലത്ത് കൊച്ചിയില്‍ നിന്ന് 26 എയര്‍ലൈനുകള്‍ രാജ്യാന്തര സര്‍വീസ് നടത്തും. 20 എണ്ണം വിദേശ എയര്‍ലൈനുകളാണ്. രാജ്യാന്തര സെക്ടറില്‍ 44 സര്‍വീസുമായി എയര്‍ഇന്ത്യ എക്‌സ്പ്രസും ആഭ്യന്തര സെക്ടറില്‍ 42 സര്‍വീസുമായി ഇന്‍ഡിഗോയുമാണ് മുന്നില്‍. കൊല്‍ക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകളുണ്ടാകും.

ഐശ്വര്യ ലക്ഷ്മി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘കുമാരി’. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ‘കുമാരി’യിലെ ‘ശിലകള്‍ക്കുള്ളില്‍’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. സുപ്രിയാ മേനോന്‍ നേതൃത്വം നല്‍കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് ‘കുമാരി’യുടെ സഹനിര്‍മാണം. സുരഭി ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി.

കത്രീന കൈഫും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘മെറി ക്രിസ്മസ്’. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ കത്രീന കൈഫ് ചിത്രത്തിന്റെ റീലീസ് മാറ്റിയിരിക്കുകയാണ്. 2023ല്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ശ്രീറാം രാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്മി, രാധിക ശരത്കുമാര്‍, കവിന്‍ ജയ് ബാബു, ഷണ്‍മുഖരാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ഇത്.

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് മൂന്ന് പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകളുടെ പണിപ്പുരയിലാണ്. കമ്പനിയുടെ പുതിയ 650 സിസി ബൈക്ക് ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650, റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650, റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാംബ്ലര്‍ 650 എന്നിവ ഉള്‍പ്പെടും. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍ 650, ഷോട്ട്ഗണ്‍ 650 എന്നിവ ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന പ്രീമിയര്‍ മോട്ടോര്‍സൈക്കിള്‍ എക്‌സ്‌പോയില്‍ അനാവരണം ചെയ്യപ്പെടും. നവംബര്‍ 18 മുതല്‍ 20 വരെ ഗോവയില്‍ നടക്കുന്ന റൈഡര്‍ മാനിയ 2022-ല്‍ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650, ഷോട്ട്ഗണ്‍ 650 എന്നിവ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രസാദാത്മകതയാണു ജീവിതത്തിലെ ഏറ്റവും വലിയ വരം. ഹൃദയലാഘവത്തെക്കാള്‍ വലിയ ഭാഗ്യമൊന്നും മനുഷ്യര്‍ക്കില്ല. ജോബ്സണ്‍ അബ്രഹാം എഴുതിയ ‘ഓര്‍മയുടെ കവാടം’ കടക്കുമ്പോള്‍ വായിച്ചനുഭവിക്കുന്നത് ഈ ലോകസത്യമാണ്. യാത്ര ചെയ്തു തീര്‍ത്ത വഴിയിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ കാലില്‍ കുത്തി ക്കയറിയ കല്ലുകളെയും മുള്ളുകളെയും കുറിച്ചല്ല, ജോബ്സണ്‍ എഴുതുന്നത്. മറിച്ച് വഴിയോരത്തു കണ്ട് പൂക്കളെയും വീണു കിട്ടിയ അപ്പൂപ്പന്‍ താടികളെയും പറന്നുപോയ പക്ഷികള്‍ കൊഴിച്ചിട്ട കിളിത്തൂവലുകളെയും കുറിച്ചാണ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 275 രൂപ.

വലിയൊരു ഇടവേളയ്ക്ക് ശേഷം ടിബി (ട്യൂബര്‍ക്കുലോസിസ്) അഥവാ ക്ഷയരോഗം ശക്തമായി തിരിച്ചെത്തുകയാണെന്ന സൂചന പങ്കുവച്ച് ലോകാരോഗ്യ സംഘടന. ഏതാണ്ട് പതിനഞ്ച് വര്‍ഷത്തെ താഴ്ചയ്ക്ക് ശേഷം ഇപ്പോള്‍ ടിബി കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് ആഗോളതലത്തില്‍ കാണുന്നതെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് 19 ഇതില്‍ വലിയ രീതിയില്‍ സ്വാധീനഘടകമായി മാറിയിരിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം തിരിച്ചെത്തുന്നു എന്ന് മാത്രമല്ല, മരണനിരക്ക് ഉയര്‍ന്നതും ഏറെ ആശങ്കപ്പെടുത്തുന്ന സംഗതിയാണ്. വളരെയധികം ജാഗ്രത പാലിക്കുകയും പ്രതിരോധമാര്‍ഗങ്ങള്‍ ആലോചിക്കുകയും ചെയ്യേണ്ട വിഷയമാണിതെന്നാണ് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നത്. ബാക്ടീരിയ മൂലം പടരുന്ന രോഗമാണ് ടിബി. ഇത് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ചികിത്സയിലൂടെ രോഗത്തെ പൂര്‍ണമായും ഭേദപ്പെടുത്താന്‍ ഇന്ന് സാധിക്കും. എങ്കിലും മരണനിരക്ക് വര്‍ധിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്ന വസ്തുതയാണ്. ഇന്ത്യ, ഇന്തോനേഷ്യ, ചൈന, ഫിലീപ്പീന്‍സ്, പാക്കിസ്ഥാന്‍, നൈജീരിയ, ബംഗ്ലാദേഷ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാണ് ടിബി കേസുകള്‍ ഉയരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ രണ്ടുമരുമക്കളായിരുന്നു തറവാട്ടിലെ കാരണവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അയാള്‍ പറയുന്നതായിരുന്നു അവിടെ നിയമം. ഒരു ദിവസം ആ മരുമക്കള്‍ തങ്ങളുടെ വീടുകളില്‍ പോയി വരാന്‍ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഭര്‍ത്താക്കന്മാര്‍ കാരണവരോട് ചോദിക്കൂ എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. അവര്‍ കാരണവരോട് അനുവാദം ചോദിച്ചു. അയാള്‍ പറഞ്ഞു: ഒരാള്‍ കാറ്റും മറ്റൊരാള്‍ തീയും പൊതിഞ്ഞുകൊണ്ടുവന്നാല്‍ വീട്ടില്‍ വിടാം. കാര്യം അസാധ്യമെന്ന് അവര്‍ സങ്കടത്തോടെ മനസ്സിലാക്കി. അവരുടെ സങ്കടം അവര്‍ തങ്ങളുടെ ആത്മീയ ഗുരുവിനോട് പങ്കുവെച്ചു. ഗുരു പറഞ്ഞു: പരിഹാരം ലളിതമാണ്. കുഴിയുള്ള പാത്രത്തില്‍ തിരി കത്തിച്ചശേഷം പാത്രത്തിന് ചുറ്റും കടലാസ്സുകൊണ്ട് പൊതിഞ്ഞാല്‍ ആദ്യപ്രശ്‌നം തീര്‍ന്നു. കടലാസ്സുകൊണ്ട് കാറ്റാടിയുണ്ടാക്കിയാല്‍ അടുത്ത പ്രശ്‌നവും തീര്‍ന്നു. പിന്നീട് മരുമക്കള്‍ക്ക് അനുവാദം നല്‍കാതെ കാരണവര്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അസാധ്യമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക് രണ്ട് ഉദ്ദേശമാണ് ഉളളത്. ഒന്ന്. തങ്ങളുടെ അധികാരം തെളിയിക്കണം. രണ്ട്. ആശ്രിതരുടെ നിസ്സഹായത ബോധ്യപ്പെടുത്തണം. പരിപാലകര്‍ തങ്ങളുടെ സംരക്ഷണപ്രക്രിയയില്‍ പുലര്‍ത്തേണ്ട ചില അടിസ്ഥാന മര്യാദകളുണ്ട്. ആശ്രിതരുടെ അവകാശങ്ങള്‍ക്കും ആത്മാഭിമാനത്തിനും വില പറയരുത്. വളര്‍ത്തുന്നവരുടെ ധാര്‍ഷ്ട്യത്തേക്കാള്‍ പ്രധാനം വളരുന്നവരുടെ പാടവമാണ്. അഭിഷ്ടങ്ങളെ അവഗണിച്ച് ആര്‍ക്കും ആരേയും അവരര്‍ഹിക്കുന്ന ഉയരങ്ങളിലെത്തിക്കാനാവില്ല. താല്‍പര്യവും അനുഭവവും പ്രകടിപ്പിക്കേണ്ടത് സ്വന്തം ഇഷ്ടങ്ങളിലേക്ക് വലിച്ചിഴച്ചുകൊണ്ടല്ല, അവരുടെ ഇഷ്ടങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടാവണം. അവരുടേയും ആത്മാഭിമാനത്തിന് വിലയുണ്ടെന്ന് നമുക്ക് തിരിച്ചറിഞ്ഞ് പെരുമാറാന്‍ ശീലിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *