web cover 60

അന്ധവിശ്വാസത്തിനെതിരായ നിയമം ഉടനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവിശ്വാസം അന്ധവിശ്വാസമല്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കേണ്ടത്. അനാചാരങ്ങളെ എതിര്‍ക്കുന്നത് മതവിശ്വാസത്തിന് എതിരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാല വിഷയത്തില്‍ എന്തൊക്കെയോ ചിലര്‍ പറയുന്നുണ്ടെങ്കിലും ആരും തല പുണ്ണാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു പരോക്ഷ മറുപടിയുമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം വരും. ഈ മേഖലയില്‍ മുന്നേറ്റമുണ്ടാക്കുമ്പോള്‍ ചില പിപ്പിടികളുണ്ടാകും. സര്‍ക്കാര്‍ അതൊന്നും നോക്കാതെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 96 ശതമാനം പോളിംഗ്. 9,900 വോട്ടര്‍മാരില്‍ 9500 പേര്‍ വോട്ടു ചെയ്തു. കേരളത്തിലെ 310 പേരില്‍ 294 പേര്‍ വോട്ടു ചെയ്തു. ബലാത്സംഗ കേസില്‍ പ്രതിയായി ഒളവിലായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വോട്ടു ചെയ്യാന്‍ വന്നില്ല.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കേരള സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി ഗവര്‍ണര്‍ മൂന്നു മാസം നീട്ടി. അടുത്ത മാസം അഞ്ചിനു കാലാവധി തീരാനിരുന്നതാണ്. കമ്മിറ്റിയില്‍ യൂണിവേഴ്സിറ്റിയുടെ നോമിനിയെ നിശ്ചയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ നാലിനു സെനറ്റ് ചേരുന്നുണ്ട്.

ഹൈക്കോടതിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും നിരോധിച്ചെങ്കിലും തലസ്ഥാന നഗരത്തെ സ്തംഭിപ്പിച്ച് വിഴിഞ്ഞം മല്‍സ്യത്തൊഴിലാളികള്‍. എട്ടിടത്ത് റോഡ് ഉപരോധിച്ചു. രാവിലെ ഏഴോടെ വലയും വള്ളങ്ങളുമായി മല്‍സ്യത്തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്നു. രണ്ടു മണിക്കൂറോളം തലസ്ഥാന നഗരം ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ഗതാഗതം തടസപ്പെട്ടതോടെ അറുപതോളം പേര്‍ക്കു വിമാനയാത്ര മുടങ്ങി.

തിരുവനന്തപുരം വിമാനത്താവളം അദാനിക്കു കൈമാറിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റേയും തൊഴിലാളി യൂണിയനുകളുടെയും ഹര്‍ജിയാണ് തള്ളിയത്. കഴിഞ്ഞ വര്‍ഷം കൈമാറ്റം നടന്ന സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിമാനത്താവളത്തിന്റെ ഭൂമിയുടെ അവകാശിയെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച തര്‍ക്കം തീര്‍പ്പാക്കുന്നില്ലെന്നും കോടതി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയ പാറശാല ഡിപ്പോയില്‍ ദിവസേനെ മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ രൂപയുടെ വരുമാനം വര്‍ധിച്ചെന്ന് കെ.എസ്.ആര്‍.ടി.സി. ഡ്യൂട്ടി പരിഷ്‌കരണം പ്രയോജനകരമാണോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്.

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്. രാവിലെ പത്തരയ്ക്കാണു യോഗം. ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരും സില്‍വര്‍ലൈന്‍ സര്‍വേ പുതരാരംഭിക്കാനുള്ള നീക്കവും യോഗം വിലയിരുത്തും. വിഴിഞ്ഞം, എന്‍ഡോസള്‍ഫാന്‍ സമരങ്ങളില്‍ സ്വീകരിക്കേണ്ട തുടര്‍ സമീപനവും ചര്‍ച്ചയാകും.

മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. നിയമനിര്‍മ്മാണത്തിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘമാണ് ഹര്‍ജി നല്‍കിയത്.

സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും ഡിജിറ്റല്‍ ഫയലുകള്‍ തുറക്കാനാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

നരബലിക്കേസില്‍ കൊല്ലപ്പെട്ട റോസ്ലിന്റെ ശരീരം മുഴുവന്‍ കത്തികൊണ്ട് വരഞ്ഞ് മുളകും മസാലയും പുരട്ടിയെന്നും പോലീസ്. ഇരകള്‍ പിടഞ്ഞുപിടഞ്ഞു മരിക്കുന്നത് നരബലിയുടെ ശക്തി കൂട്ടുമെന്നു ഷാഫി കൂട്ടുപ്രതികളെ വിശ്വസിപ്പിച്ചെന്നും പോലീസ്. ഇതേസമയം, നരബലി നടന്ന വീടു കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അനേകരാണ് ഇലന്തൂരില്‍ എത്തുന്നത്. പ്രതി മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.

ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസ് തുടരും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണു സമവായ തീരുമാനം. ദേശീയ സമ്മേളനത്തിനു ശേഷം സെക്രട്ടറി സ്ഥാനം ഷിബുബേബി ജോണിന് നല്‍കും.

വിഴിഞ്ഞം മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചിട്ടും സമരം നിര്‍ത്താത്തതില്‍ ദുരൂഹതയുണ്ട്. ശിവന്‍കുട്ടി പറഞ്ഞു.

കണ്ണമ്മൂല സുനില്‍ ബാബു കൊലക്കേസില്‍ പ്രതി കാരി ബിനുവിന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാനത്തിന് സുപ്രീം കോടതി വീണ്ടും നോട്ടീസ് അയച്ചു. അന്തിമവിധി പ്രസ്താവിക്കുന്നതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാനം മറുപടി നല്‍കിയിട്ടില്ല. 2015 ഡിസംബര്‍ 13 നാണ് സി ഐ ടി യു പ്രവര്‍ത്തകനായ സുനില്‍ ബാബു കൊല്ലപ്പെട്ടത്.

അമ്പലപ്പുഴയ്ക്കു സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ഗതാഗതക്കുരുക്ക്. ബസും ലോറിയും അടക്കം നാലു വാഹനങ്ങളാണു കൂട്ടിയിടിച്ചത്. കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം.

തീവ്രവാദ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളെടുത്ത പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കോടതിയുടെ താക്കീത്. കരമന അഷ്റഫ് മൗലവി, യഹിയ യോയ തങ്ങള്‍ അബ്ദുള്‍ സത്താര്‍, കെ മുഹമ്മദ് അലി, സി ടി സുലൈമാന്‍ എന്നിവരെ ചാദ്യം ചെയ്യാന്‍ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. കോടതി നടപടികള്‍ക്കിടെ ദൃശ്യം പകര്‍ത്തിയെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചതോടെയാണ് കോടതി താക്കീതു നല്‍കിയത്.

ശബരിമല റോഡുകള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ പരിശോധന ആരംഭിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രധാന റോഡുകളിലാണ് മന്ത്രിയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പരിശോധിക്കുക.

വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു. അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീ നല്‍കിയ പരാതിയിലാണ് കേസ്. 2019 ല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ വീട്ടിലെത്തിയ ഗുരുപ്രസാദ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

കൊല്ലപ്പെട്ട മധുവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിപ്പാടുകളും ചതവും കസ്റ്റഡി മര്‍ദനത്തിന്റേതല്ലെന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. എന്‍ എ ബലറാം. പ്രതിഭാഗം വിസ്തരിച്ചപ്പോഴാണ് ഇതു പറഞ്ഞത്. വടികൊണ്ടുള്ള പരിക്കുകള്‍ ആണോ എന്ന ചോദ്യത്തിന് ആകാമെന്നായിരുന്നു മറുപടി. ലാത്തിപോലുള്ള വടികൊണ്ടാണോ എന്നു ചോദിച്ചപ്പോള്‍ ഡോക്ടര്‍ നിഷേധിച്ചില്ല.

മലപ്പുറം കിഴിശ്ശേരിയില്‍ വിദ്യാര്‍ത്ഥിക്കു പോലീസ് മര്‍ദനം. ബസ് സ്റ്റോപ്പില്‍ നിന്ന വിദ്യാര്‍ത്ഥിയെ മഫ്തിയില്‍ വന്ന പൊലീസുകാരനാണ് മര്‍ദിച്ചത്. കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ നാഭിക്കുള്‍പ്പെടെ ചവിട്ടി. സംഭവശേഷം എടവണ്ണ പൊലീസ് സ്റ്റേഷനില്‍നിന്ന് ഒത്തുതീര്‍പ്പിനു വിളിച്ചെന്നും കുട്ടിയുടെ പിതാവ് പറയുന്നു.

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനു സ്റ്റേ ഇല്ലെന്നു സുപ്രീം കോടതി. നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സ്വദേശി എന്‍. വിഷ്ണു നമ്പൂതിരി നല്‍കിയ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് സുപ്രിം കോടതി നോട്ടീസയച്ചു.

സ്‌കൂളില്‍ സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ചു ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തമിഴ്നാട് കേരള അതിര്‍ത്തിയില്‍ കളിയിക്കാവിളയ്ക്കു സമീപം മെതുകുമ്മല്‍ സ്വദേശിയായ അശ്വിന്‍ (11) ആണ് മരിച്ചത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സ്‌കൂള്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ പി ടി എം ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. സ്‌കൂള്‍ വളപ്പിലാണ് അപകടമുണ്ടായത്.

ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ ചമഞ്ഞ് വീടുകളില്‍ കയറി വീട്ടമ്മമാരോട് അശ്ലീല ചോദ്യങ്ങള്‍ ഉന്നയിച്ചയാള്‍ ആലുവയില്‍ പിടിയിലായി. കോതമംഗലം സ്വദേശി ദിലീപ് കുമാറാണ് പിടിയിലായത്.

ശബരിമല നട തുറന്നു. ഡോളിയില്‍നിന്നും വീണ് തീര്‍ത്ഥാടകയ്ക്കു പരിക്കേറ്റു. കര്‍ണാടക സ്വദേശിനിയായ മഞ്ജുളയ്ക്ക് (52) ആണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ മഞ്ജുളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ഡോളിയെടുപ്പുകാരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നു പോലീസ്.

ചികില്‍സ തേടി വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടര്‍ അറസ്റ്റില്‍. കമ്പനിപ്പടി കാപ്പിക്കര വീട്ടില്‍ ജോര്‍ജ് ജോണിനെ (46) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഉള്ളി വില കുതിച്ചുയര്‍ന്നു. ലഭ്യത കുറഞ്ഞതാണു കാരണം. കഴിഞ്ഞ ആഴ്ചയില്‍ 60 മുതല്‍ 80 വരെ ശതമാനം വില വര്‍ധിച്ചു.

ഉപയോഗശൂന്യമായ പാര്‍ട്സുകള്‍ ആക്രി വിലക്കു വിറ്റ് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസം കൊണ്ട് റെയില്‍വേ നേടിയത് 2500 കോടിയിലേറെ രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ആറു മാസത്തില്‍ 2003 കോടി രൂപ ആക്രിവിറ്റു നേടിയിരുന്നു.

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കി മോചിപ്പിച്ചത് ജയിലില്‍ അവര്‍ നന്നായി പെരുമാറിയിരുന്നതിനാലാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. 14 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാലും നല്ല പെരുമാറ്റമായതിനാലുമാണ് ശിക്ഷാഇളവ് അനുവദിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. സിസോദിയ ഒന്നാം പ്രതിയായ മദ്യനയ കേസിലാണ് ചോദ്യം ചെയ്തത്. റാലി നയിച്ചാണ് സിസോദിയ രാവിലെ പതിനൊന്നരയ്ക്ക് ഡല്‍ഹി സിബിഐ ആസ്ഥാനത്ത് ഹാജരായത്. രാത്രി ഒമ്പതോടെയാണ് അദ്ദേഹം മടങ്ങിയത്.

പീഡനക്കേസില്‍ പ്രതിയായ ഡല്‍ഹി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡി ജിതേന്ദര്‍ നരെയ്നെ സസ്‌പെന്‍ഡ് ചെയ്തു. ആന്‍ഡമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി ആയിരിക്കെ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പോര്‍ട്ട് ബ്ലെയറിലെ വസതിയില്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതിനാലാണ് സസ്പെന്‍ഷന്‍.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹേബ് ശിവസേനയ്ക്കു നല്‍കിയ രണ്ടു വാളും പരിചയും ചിഹ്നത്തിനെതിരെ പരാതിയുമായി സിഖ് സാമുദായിക നേതാക്കള്‍. സിഖ് സമൂഹത്തിന്റെ ആചാരപ്രകാരമുള്ള ഖല്‍സ പന്തിന്റെ ചിഹ്നമാണ് ഷിന്‍ഡെയുടെ പാര്‍ട്ടിക്കു നല്‍കിയതെന്നാണ് ആരോപണം. അതേ സമയം ഉദ്ധവ് താക്കറെയുടെ ശിവസേനയയുടെ’ജ്വലിക്കുന്ന പന്തം’ എന്ന ചിഹ്നത്തിനെതിരെ സമതാ പാര്‍ട്ടി പരാതിപ്പെട്ടിട്ടുണ്ട്.

പതിനാറ് വയസു കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹമാകാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ നോട്ടീസ്. വിധി വിശദമായി പരിശോധിക്കുമെന്ന് ജഡ്ജിമാര്‍ അറിയിച്ചു. ദേശീയ ബാലാവകാശ കമ്മീഷനാണ് വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ച് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നല്‍കണമെന്ന് ഗോവയിലെ കോണ്‍ഗ്രസ് എംപി. ഗോവയിലെ മുന്‍ മന്ത്രി ഫ്രാന്‍സിസ്‌കോ സാര്‍ഡിന്‍ഹയാണ് ഈ ആവശ്യം ഉന്നയിച്ചത്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മത്സരത്തിന് പുറത്താണെന്നും നരേന്ദ്രമോദിതന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍. എന്‍ഡിഎ ഘടകക്ഷിയായ അപ്നാ ദള്‍ സോനെലാല്‍ പാര്‍ട്ടി നേതാവാണ് അനുപ്രിയ.

യുക്രൈനും റഷ്യയും 218 യുദ്ധത്തടവുകാരെ കൈമാറി. യുദ്ധം തുടങ്ങി എട്ടുമാസത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം തടവുകാരെ കൈമാറുന്നത്. നൂറിലധികം യുദ്ധതടവുകാരെ യുക്രെയിന്‍ റഷ്യക്കു കൈമാറി. യുക്രെയിന്റെ 108 സ്ത്രീകളെയാണു റഷ്യ മോചിപ്പിച്ചത്.

അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലും തോല്‍വി. കരുത്തരായ ബ്രസീല്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇന്ത്യയെ തോല്‍പിച്ചത്. ആദ്യ മത്സരത്തില്‍ അമേരിക്കയോട് എട്ടു ഗോളിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ മൊറോക്കോയോട് മൂന്ന് ഗോളിന് തോറ്റിരുന്നു.

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമക്ക് ബാലണ്‍ദ്യോര്‍ പുരസ്‌കാരം. ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്ബോള്‍ നല്‍കുന്ന മികച്ച ഫുട്ബോള്‍താരത്തിനുള്ള പുരസ്‌കാരം ഇതാദ്യമായാണ് ബെന്‍സേമയെ തേടിയെത്തുന്നത്. ബാലണ്‍ദ്യോര്‍ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് അദ്ദേഹം. ബാഴ്‌സലോണയുടെ അലക്‌സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരം.

നിലവിലെ നിക്ഷേപകരില്‍നിന്ന് കൂടുതല്‍ ധനസമാഹരണം നടത്തി ബൈജൂസ്. 2023 മാര്‍ച്ച് മാസത്തോടെ ലാഭത്തില്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം നടത്തിയിരിക്കുന്നത്. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആകെ മൂല്യത്തില്‍ മാറ്റമില്ല. ഇതിപ്പോഴും 22 ബില്യണ്‍ ഡോളറാണ്. കമ്പനിക്ക് നിലവില്‍ 150 ദശലക്ഷം സബ്സ്‌ക്രൈബഴ്‌സ് ആണ് ഉള്ളത്. ആറ് മാസം കൊണ്ട് ലാഭത്തിലെത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന കമ്പനി ഈ അടുത്താണ് ചെലവ് ചുരുക്കല്‍ ലക്ഷ്യമിട്ട് 2500 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന്റെ നഷ്ടം 4588 കോടി രൂപയായിരുന്നു. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം ഉയര്‍ന്നതായിരുന്നു ആ വര്‍ഷത്തെ നഷ്ടം.

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്കാണ് കൂട്ടിയത്. 25 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ വായ്പാചെലവ് വീണ്ടും ഉയരും. ഭവന വായ്പ ഉള്‍പ്പെടെ ദീര്‍ഘകാലത്തേയ്ക്കുള്ള വായ്പകള്‍ എംസിഎല്‍ആറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വര്‍ധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് എസ്ബിഐയുടെ നടപടി. ഒരു വര്‍ഷം വരെയുള്ള വായ്പയുടെ പലിശനിരക്ക് നിലവിലെ 7. 7ശതമാനത്തില്‍ നിന്ന് 7.95 ശതമാനമായി ഉയരും. രണ്ടുവര്‍ഷത്തേയ്ക്കുള്ള വായ്പയുടെ പുതുക്കിയ പലിശനിരക്ക് 8.15 ശതമാനമാണ്. മൂന്ന് വര്‍ഷ കാലാവധിയുള്ള വായ്പയ്ക്ക് 8.25 ശതമാനം പലിശ നല്‍കണം. കഴിഞ്ഞദിവസം എസ്ബിഐ സ്ഥിര നിക്ഷേപത്തിനുള്ള പലിശനിരക്കും ഉയര്‍ത്തിയിരുന്നു. എസ്ബിഐയ്ക്ക് പുറമേ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും വായ്പാനിരക്ക് വര്‍ധിപ്പിച്ചു.

അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദൃശ്യം 2’വിന്റെ ഹിന്ദി ട്രെയിലര്‍ പുറത്തുവിട്ടു. അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 18 ന് തിയറ്ററുകളില്‍ എത്തും. ദൃശ്യം 2 മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണും അക്ഷയ് ഖന്നയും നേര്‍ക്കുനേര്‍ പൊരുതുന്ന രംഗങ്ങള്‍ ട്രെയിലറിന്റെ പ്രധാന ആകര്‍ഷണമാണ്. മലയാളത്തില്‍ ആശാ ശരത്ത് അവതരിപ്പിച്ച കഥാപാത്രം കൈകാര്യം ചെയ്യുന്നത് തബു ആണ്. ഐജി മീര ദേശ്മുഖ് എന്നാണ് കഥാപാത്രത്തിന്റെ പേര്. വിജയ് സാല്‍ഗോന്‍കര്‍ എന്നാണ് അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്രിയ ശരണ്‍ നായികയായി എത്തുന്ന ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

പിഎസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന കാര്‍ത്തി നായകനാകുന്ന ‘സര്‍ദാര്‍’ ഒക്ടോബര്‍ 21ന് റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കിലുള്ള ചിത്രമായ ‘സര്‍ദാറി’ന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പി എസ് മിത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഒരു സ്പൈ ആയിട്ടാണ് കാര്‍ത്തി ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന കാര്‍ത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. കാര്‍ത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായതും ദുര്‍ഘടപാതയിലും സുഗമമായ യാത്ര സാദ്ധ്യമാക്കുന്നതുമായ ‘യോദ്ധ 2.0’, ഇന്‍ട്ര വി20 ബൈ-ഫ്യുവല്‍, ഇന്‍ട്ര വി50 പിക്കപ്പ് ശ്രേണി അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്‌സ്. ഉയര്‍ന്ന പോലോഡ് ശേഷി, കരുത്തുറ്റ ബോഡി, നീളം കൂടിയ ഡെക്ക്, ഉയര്‍ന്ന റേഞ്ച്, യാത്ര സുരക്ഷിതവും സുഗമവുമാക്കാന്‍ ആധുനിക ഫീച്ചറുകള്‍ എന്നിങ്ങനെ നിരവധി മികവുകളുണ്ട്. ഇതിനകം രാജ്യമെമ്പാടുമായി 750 യൂണിറ്റുകളുടെ വിതരണം ടാറ്റ നടത്തി. കൃഷി, പൗള്‍ട്രി, ഡയറി മേഖലകള്‍ക്കും എഫ്.എം.സി.ജി., ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ് ആവശ്യങ്ങള്‍ക്കും അനുയോജ്യമാണ് ടാറ്റാ മോട്ടോഴ്‌സിന്റെ ഈ പിക്കപ്പുകള്‍. മികച്ച ഇന്ധനക്ഷമത, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ ഉടമയുടെ ബിസിനസ് വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുമെന്നും ടാറ്റാ മോട്ടോഴ്‌സ് പറയുന്നു.

മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയുടെ ഗൂഢരഹസ്യങ്ങള്‍ അറിയണമെങ്കില്‍ മനോജ് വെങ്ങോലയുടെ ‘പൊറള്’ വായിക്കണം. ഒന്നു കാതോര്‍ത്താല്‍ അടിമജീവിതങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട വിലാപങ്ങളും മരണത്തിന്റെ കാതിലേക്ക് വിളിച്ചുപറയുന്ന തെറികളും കേള്‍ക്കാം. ജീവിതത്തിന്റെ ഉപ്പും ചോരയും വീണ വഴികളില്‍നിന്നു പെറുക്കിയെടുത്ത കഥകളാണ് ഏറെയും. ഭാവനയില്‍ മാത്രം നിലകൊള്ളുന്ന കഥകളെ കണ്ടെത്താനും ചില ശ്രമങ്ങളുണ്ട്. മാതൃഭൂമി ബുക്സ്. വില 256 രൂപ.

ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. വേണ്ടത്ര ദൈര്‍ഘ്യമുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ തന്നെ ചില പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കുറവ് ഉറക്കക്കുറവിന് കാരണമാകാം. ആദ്യമേ തന്നെ ശരീരത്തിലെ മഗ്നീഷ്യത്തിന്റെ കുറവ് ഉറക്കക്കുറവിന് കാരണമാകാം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാനും, രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. അതിനാല്‍ ചീര, സോയ, പൊട്ടറ്റോ, അവക്കാഡോ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ഡിയുടെ അഭാവവും ഉറക്കക്കുറവിന് കാരണമാകാം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. നമ്മുടെ ശരീരത്തില്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിലും വിറ്റാമിന്‍ ഡി പ്രധാന പങ്കുവഹിക്കുന്നുണ്ട്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവും ഉറക്കക്കുറവിന് കാരണമാകാം. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. വിറ്റാമിന്‍ ഡി ലഭിക്കുന്ന മറ്റൊരു ഭക്ഷണമാണ് മത്സ്യം. പ്രത്യേകിച്ച് ‘സാല്‍മണ്‍’ മത്സ്യമാണ് വിറ്റാമിന്‍ ഡിയുടെ ഉറവിടം. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന അടുത്ത ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. അതുപോലെ തന്നെ, ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

വിറ്റാമിന്‍ ബി12-ന്റെ അഭാവവും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മത്സ്യം, മുട്ട, ചിക്കന്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡിന്റെ കുറവും ഉറക്കക്കുറവിന് കാരണമാകാം. അതിനാല്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

*ശുഭദിനം*

*കവിത കണ്ണന്‍*

അന്ന് ഗുരുവിനോട് ശിഷ്യര്‍ ഒരു സംശയം ചോദിച്ചു. എന്താണ് വിദ്യാഭ്യാസത്തിന്റെ നിര്‍വചനം? ഗുരു അവരുടെ കയ്യില്‍ ഒരു പുസ്തകം കൊടുത്തിട്ടു അതു തന്റെ മുറിയില്‍ വെക്കാന്‍ ആവശ്യപ്പെട്ടു. മുറിയിലേക്ക് പോയി തിരിച്ചെത്തിയ അവര്‍ നന്നായി പേടിച്ചിരുന്നു. അവര്‍ പറഞ്ഞു: മുറിയില്‍ ഇരുട്ടുണ്ട്, അതിനകത്തൊരു പാമ്പും ഉണ്ട്. ഗുരുപറഞ്ഞു: നിങ്ങള്‍ക്ക് തോന്നിയതാകും. എന്തായാലും ഞാനൊരു മന്ത്രം പറഞ്ഞു തരാം. അത് ചൊല്ലിയിട്ട് പോയാല്‍ മതി. അവര്‍ അതുപോലെ ചെയ്തു. പെട്ടെന്ന് തന്നെ തിരിച്ചുവരികയും ചെയ്തു. അവര്‍ പറഞ്ഞു: ഗുരോ, മന്ത്രം കേട്ടിട്ടും പാമ്പ് പോയില്ല. അപ്പോള്‍ ഗുരു ഒരു തിരി കത്തിച്ചുനല്‍കിയിട്ടു പറഞ്ഞു: വെളിച്ചം കണ്ടാല് പാമ്പ് ഓടിപ്പൊക്കോളും. അല്‍പം കഴിഞ്ഞ് തിരിച്ച് വന്ന അവരുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ഗുരോ, അതൊരു കയറായിരുന്നു. പാമ്പാണെന്ന് തോന്നിയതാണ്. ഗുരു പറഞ്ഞു: ഇപ്പോള്‍ മനസ്സിലായോ, മിഥ്യകളെ ഇല്ലാതാക്കുന്നതാണ് വിദ്യാഭ്യാസം! യാഥാര്‍ത്ഥ്യം എന്തെന്ന് അറിഞ്ഞില്ലെങ്കില്‍ രണ്ട് പ്രശ്‌നങ്ങളുണ്ട്. ഒന്ന്. സ്വന്തമായ അനുമാനങ്ങളിലെത്തും, രണ്ട്. ആരെങ്കിലും പറയുന്നത് കണ്ണടച്ചുവിശ്വസിക്കും. രണ്ടും വേരൂന്നുന്നത് അബദ്ധധാരണകളിലായതുകൊണ്ട് അതിന്റെ ഫലവും അസംബന്ധങ്ങള്‍തന്നെയായിരിക്കും. സത്യാന്വേഷണങ്ങളില്ലാത്ത എന്തു പ്രക്രിയകളും അപക്വമാണെന്ന് മാത്രമല്ല, അപകടകരവുമാണ്. കാഴ്ചകളിലുമുണ്ട് പരിമിതികള്‍. കണ്ണുള്ള എല്ലാവരും കാണുന്നില്ല. കാണുന്നവരാകട്ടെ ഒന്നും മുഴുവനും കാണുന്നുമില്ല. അനുമാനങ്ങളിലെത്തുംമുമ്പ് സത്യാന്വേഷണങ്ങളുണ്ടാകട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *