web cover 41

നരബലിയില്‍ നടുങ്ങി കേരളം. പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കിരയായ പത്മയുടേയും റോസിലിയുടേയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭഗവല്‍സിംഗ് എന്ന ബാബുവിന്റെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട മൃതദേഹങ്ങളുടെ എല്ലുകളാണു ലഭിച്ചത്. അശ്ലീല വീഡിയോയില്‍ അഭിനയിച്ചാല്‍ പത്തു ലക്ഷം രൂപ തരാമെന്നു പ്രലോഭിപ്പിച്ചാണ് ഇവരെ നരബലിക്കായി കൊണ്ടുവന്നത്. അറസ്റ്റിലായ മുഹമ്മദ് ഷാഫി എന്ന റഷീദ്, ഭഗവത് സിംഗ്, ഭാര്യ ലൈല എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലില്‍ കിടത്തി കൈകാലുകള്‍ കെട്ടിയിട്ട് തലക്കു ചുറ്റികകൊണ്ട് അടിച്ച് ബോധം കെടുത്തിയാണ് നരബലി നടത്തിയത്. കഴുത്തിലും സ്വകാര്യ ഭാഗത്തും കത്തി കുത്തിയിറക്കി. വീട് മുഴുവന്‍ രക്തം തളിച്ചാണ് പൂജ നടത്തിയത്. റോസിലിയുടെ മൃതദേഹം 22 കഷണങ്ങളാക്കി നാലരയടി ആഴമുള്ള കുഴിയില്‍ കുഴിച്ചിട്ടു. റോസിലിയേയും പത്മയേയും സമാനമായ രീതിയിലാണു കൊലപ്പെടുത്തിയത്.

സാമൂഹ്യ മാധ്യമത്തില്‍ ശ്രീദേവി എന്ന പേരില്‍ ഷാഫി വ്യാജ പ്രൊഫൈല്‍ തയാറാക്കിയാണ് ഭഗവല്‍സിംഗുമായി ചങ്ങാത്തമുണ്ടാക്കിയത്. പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാള്‍ പറയുന്നതനുസരിച്ചു ചെയ്താല്‍ ഐശ്വര്യമുണ്ടാകുമെന്നും വിശ്വസിപ്പിച്ച് സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കി. ആഭിചാരക്രിയയുടെ ഭാഗമെന്നു വിശ്വസിപ്പിച്ച് ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയെ പീഡിപ്പിച്ചു. പിന്നീട് നരബലി നടത്തിയാല്‍ പൂജ പൂര്‍ണമാകുമെന്ന് വിശ്വസിപ്പിച്ചാണ് നരബലി നടത്തിയത്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

റോസിലിയുടെ തിരോധനം അന്വേഷിക്കുകയായിരുന്ന പൊലീസ് ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നരബലി കണ്ടെത്തിയത്. റോസിലി ഇലന്തൂരിലാണ് അവസാനം എത്തിയതെന്നു കണ്ടെത്തി. തുടര്‍ന്ന് മുഹമ്മദ് ഷാഫിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.

രണ്ടു സ്ത്രീകളെ നരബലി നല്‍കുന്നതിനായി കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. തിരുവനന്തപുരത്തെ സ്‌കൂളിലെ അധ്യാപികയായ ആലുവ സ്വദേശിനിയാണു പരാതിക്കാരി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം നല്‍കിയെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ആരോപിച്ചിരുന്നു. എല്‍ദോസ് കുന്നപ്പള്ളി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര നീട്ടി. ഇംഗ്ലണ്ടില്‍നിന്ന് മുഖ്യമന്ത്രി ഇന്നു ദുബൈയില്‍ എത്തും. രണ്ടു ദിവസം മുഖ്യമന്ത്രി ദുബായിയില്‍ ചെലവഴിക്കും. നിലവില്‍ മുഖ്യമന്ത്രിക്ക് യുഎഇയില്‍ ഔദ്യോഗിക പരിപാടികളില്ല. യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്നലെ നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ ഇലക്ട്രിക് ബസ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളില്‍ നിക്ഷേപം നടത്തും. ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പു നല്‍കിയത്. തുടര്‍ ചര്‍ച്ചകള്‍ക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബറില്‍ കേരളം സന്ദര്‍ശിക്കും.

ശശി തരൂരിന് പാര്‍ലമെന്ററി സമിതി അദ്ധ്യക്ഷ സ്ഥാനം നല്കി കോണ്‍ഗ്രസ്. രാസവളം സമിതിയുടെ അദ്ധ്യക്ഷ സ്ഥാനമാണു തരൂരിനു നല്‍കിയത്. ലോക്സഭയില്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്. നേരത്തെ ഐടി സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് കേന്ദ്ര സര്‍ക്കാര്‍ തരൂരിനെ മാറ്റിയിരുന്നു.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണ വാര്‍ത്തയ്ക്കുതാഴെ വിദ്വേഷ കമന്റിട്ട അധ്യാപികയെ സസ്പെന്റ് ചെയ്തു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഗിരിജയെയാണ് സസ്പെന്റ് ചെയ്തത്. ഗിരിജയ്ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിയാണ് ഗിരിജ.

കണ്ണൂര്‍ വിമാനത്താവളത്തില്‍ 20 ലക്ഷത്തിനു മുകളില്‍ വില വരുന്ന 402 ഗ്രാം സ്വര്‍ണവുമായി പുന്നാട് സ്വദേശി മുഫ്‌സില്‍ മുഹമ്മദിനെ പിടികൂടി. നോണ്‍സ്റ്റിക് പാത്രങ്ങളിലും വായ്ക്കുള്ളിലും ഒളിപ്പിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

മധുകൊലക്കേസില്‍ മധുവിന്റെ അമ്മ മല്ലി, ബന്ധു മുരുകന്‍ എന്നിവരുടെ വിസ്താരത്തിനിടെ അമ്മ മല്ലി വിതുമ്പിക്കരഞ്ഞു. മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയിലായിരുന്നു വികാരനിര്‍ഭരമായ സംഭവം. സഹോദരി ചന്ദ്രികയെ വിസ്തരിക്കുന്നത് ഒഴിവാക്കി. തൊണ്ണൂറ്റിയേഴാം സാക്ഷിയും പൊലീസ് ഉദ്യോഗസ്ഥനുമായ വി വിനു , ടി റിയാസ് എന്നിവരുടെ വിസ്താരം ഇന്നുണ്ടാകും.

കാസര്‍ഗോഡ് പടന്നയില്‍ ടി.കെ.സി എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കോളജിന് അംഗീകാരം നല്‍കുന്നതില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ക്രമക്കേടു നടത്തിയെന്നു ഹൈക്കോടതി വിലയിരുത്തി. കോളേജ് തുടങ്ങാനുള്ള അപേക്ഷയില്‍ സിന്‍ഡിക്കേറ്റിന് തീരുമാനം എടുക്കാം. എന്നാല്‍ സിന്‍ഡിക്കേറ്റിനെ ഒഴിവാക്കിയാണ് വിസി കോളേജിന് അനുമതി നല്‍കിയത്.

ഹിന്ദി ഏക അധ്യയന ഭാഷയാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്‍പ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ പേപ്പര്‍ നല്‍കണമെന്നും പിണറായി കത്തില്‍ ആവശ്യപ്പെട്ടു.

എല്‍ദോസ് കുന്നിപ്പിള്ളിക്കെതിരായി പീഡന പരാതി നല്‍കിയ യുവതിയെ ഭീഷണിപ്പെടുത്തിയതിനു രണ്ടു പേര്‍ക്കെതിരേകൂടി കേസ്. റനിഷ എന്ന സ്ത്രീയ്ക്കും ഒരു പുരുഷനും എതിരേയാണു കേസ്.

എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ. കോണ്‍ഗ്രസ് നേതൃത്വം നിലപാടെടുക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു.

രണ്ടു സ്ത്രീകളെ നരബലി നല്‍കിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി കോലഞ്ചേരിയില്‍ 75 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെന്നു പോലീസ്. രണ്ട് വര്‍ഷം മുമ്പായിരുന്നു പീഡനം നടന്നത്. ഈ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു വര്‍ഷത്തിനു ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.

വയനാട് പനമരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ. എലിസബത്തിനെ കാണാനില്ല. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കു പോയ എലിസബത്തിനെ കാണാതാവുകയായിരുന്നു. താന്‍ കല്‍പ്പറ്റയിലാണെന്നാണ് അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് എലിസബത്ത് പറഞ്ഞത്.

ഇലന്തൂരില്‍ നടന്ന നരബലിക്കു പിന്നില്‍ സിപിഎം പ്രാദേശിക നേതാവാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള മൃഗീയ ആചാരങ്ങള്‍ സിപിഎം പുനരാവിഷ്‌കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുന്നംകുളത്ത് വൃദ്ധനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശിയും മുപ്പത്തഞ്ചുകാരിയുമായ രാജിയാണു പിടിയിലായത്. 71 വയസുള്ളയാളെ പാട്ടിലാക്കിയാണ് യുവതി പണം തട്ടിയത്. വൃദ്ധന്റെ നഗ്നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തത്.

കൊല്ലത്ത് അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ അഭിഭാഷകനായ കുണ്ടറ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

തൃശൂര്‍ എട്ടുമുനയിലെ ഫാമില്‍ പന്നിപ്പനി. പന്നികള്‍ കൂട്ടത്തോടെ ചത്തതിനു പിറകേ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി വൈറസ് കണ്ടെത്തിയത്. രോഗബാധ കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളേയും കൊല്ലാന്‍ തീരുമാനിച്ചിട്ടുണ്ട്.

അയല്‍വീട്ടിലെ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. നെടുമുടി പഞ്ചായത്തില്‍ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പില്‍ സോണിച്ചന്‍ എന്ന സോണി (46) യെയാണ് കോടതി ശിക്ഷിച്ചത്.

കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മോഷണ ശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളി ആദം അലി കഴുത്തറത്തു കൊലപ്പെടുത്തിയെന്നാണു കേസ്.

എംഡിഎംഎ യുമായി യുവതിയും യുവാവും അറസ്റ്റിലായി. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അല്‍ത്താഫ് (27), അരീക്കോട് കാവനൂര്‍ സ്വദേശി ശില്പ (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോഴിക്കോട് ആനി ഹാള്‍ റോഡിനരികിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കാഷ്മീരി വിഘടനവാദി നേതാവ് അല്‍താഫ് അഹമ്മദ് ഷാ കാന്‍സര്‍ ബാധിച്ച് മരിച്ചു. തിഹാര്‍ ജയിലിലായിരുന്ന ഇയാളെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹുറിയത്ത് നേതാവായിരുന്ന സയ്യിദ് അലി ഷാ ഗിലാനിയുടെ മരുമകനാണ് അല്‍താഫ് അഹമ്മദ് ഷാ.

ഈ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി. ആഗോള തലത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വളര്‍ച്ച ഇന്ത്യയിലായിരിക്കും. 2023 ല്‍ ഇന്ത്യയില്‍ 6.1 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നും ഐഎംഎഫ് പ്രവചനം.

എല്‍ടിടിഇ ബന്ധത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ അന്വേഷണം നേരിടുന്ന നവീന്‍ ചക്രവര്‍ത്തി, സഞ്ജയ് പ്രകാശ് എന്നിവര്‍ തമിഴ്നാട്ടിലും കേരളത്തിലും ഗറില്ലാ ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ പ്രതിയായ വിഗ്നേഷ് എന്നയാളുടെ ശിവഗംഗയിലെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

എല്ലാവര്‍ക്കും ജോലി ലഭിക്കാന്‍ ജിഡിപിയുടെ അഞ്ചു ശതമാനമെങ്കിലും എല്ലാ വര്‍ഷവും നിക്ഷേപിക്കണമെന്ന് പഠനം. പീപ്പിള്‍സ് കമ്മീഷന്‍ ഓണ്‍ എംപ്ലോയ്മെന്റ് ആന്‍ഡ് അണ്‍എംപ്ലോയ്മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. പതിമ്മൂന്നര ലക്ഷം കോടി രൂപ ഓരോ വര്‍ഷവും നിക്ഷേപിച്ചാല്‍ മാത്രമേ ഈ വലിയ ലക്ഷ്യം നേടാനാകുവെന്നും പഠനം വ്യക്തമാക്കുന്നു.

ഭാരത് ജോഡോ യാത്രക്കിടെ പ്രവര്‍ത്തകരോടൊപ്പം റോഡില്‍ പുഷ് അപ്പെടുത്ത് രാഹുല്‍ ഗാന്ധി. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും ഒരു കുട്ടിയും രാഹുലിനൊപ്പം പുഷ്-അപ്പെടുത്തു. പുഷ് അപ്പെടുക്കുന്ന ചിത്രവും വീഡിയോയും രണ്‍ദീപ് സുര്‍ജേവാല സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.

മുസാഫര്‍നഗര്‍ കലാപക്കേസില്‍ ബിജെപി നിയമസഭാംഗം വിക്രം സൈനിക്കും 11 കൂട്ടാളികള്‍ക്കും പ്രത്യേക കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 10,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. കേസിലെ 15 പ്രതികളെ കോടതി വെറുതെ വിട്ടു.

കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ബിജെപി നേതാവ് 16 ദളിതരെ കാപ്പിത്തോട്ടത്തില്‍ ദിവസങ്ങളോളം പൂട്ടിയിട്ടതായി ആരോപണം. ജഗദീശ ഗൗഡ എന്ന നേതാവിനെതിരെയാണ് ആരോപണം. പൂട്ടിയിട്ടു പീഡിപ്പിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയായിരുന്നു. ഈ യുവതിക്കു കുഞ്ഞിനെ നഷ്ടപ്പെട്ടെന്നാണു കേസെടുത്ത പൊലീസ് പറയുന്നത്.

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ 856 കോടി രൂപയുടെ ‘മഹാകല്‍ ലോക്’ ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യവുമായി ഇന്ത്യ മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി തെലങ്കാനയിലെ രണ്ടു സ്ത്രീകളുള്‍പ്പെടെ നാലു മാവോയിസ്റ്റുകള്‍ക്കൊപ്പം പിടിയിലായി. കോണ്‍ഗ്രസിന്റെ ഭോപ്പാല്‍പട്ടണം ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ ജി സത്യനാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിനു രണ്ടു വാളുകളും പരിചയും ചിഹ്നം. അന്ധേരി ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചിഹ്നം അനുവദിച്ചത്. ഷിന്‍ഡെ വിഭാഗത്തിന് ബാലാസാഹെബാഞ്ചി ശിവസേന എന്ന പേര് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആണ് സ്റ്റാര്‍ലിങ്ക് നല്‍കുന്നത്.

നാസയുടെ ഡാര്‍ട്ട് കൂട്ടിയിടി ദൗത്യം വിജയിച്ചു. ഒരു പേടകം ഛിന്ന ഗ്രഹത്തിലേക് ഇടിച്ചിറക്കി സഞ്ചാര പാത മാറ്റാനാകുമോയെന്ന പരീക്ഷണമാണ് വിജയിച്ചത്. ഡബിള്‍ ആസ്ട്രോയ്ഡ് റീ ഡയറക്ഷന്‍ ടെസ്റ്റ് അഥവാ ഡാര്‍ട്ട് എന്ന പേരിലാണ് ഈ പരീക്ഷണം. ഡിമോര്‍ഫെസ്, ഡിഡിമോസിനെ ചുറ്റുന്നതിന്റെ വേഗതയില്‍ 32 മിനിറ്റിന്റെ വ്യത്യാസമുണ്ടാക്കാന്‍ സാധിച്ചെന്നു ഗവേഷകര്‍ അറിയിച്ചു.

താലിബാന്റെ വധശ്രമത്തിനു 10 വര്‍ഷങ്ങള്‍ക്കു ശേഷം മലാല യൂസഫ്സായി പാകിസ്ഥാനിലെത്തി. പാകിസ്ഥാനിലെ ദുരന്തബാധിതരെ സന്ദര്‍ശിക്കാനാണ് മലാല സ്വന്തം ജന്മനാട്ടിലേക്കു തിരിച്ചെത്തിയത്.

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പുറത്തേക്ക്. മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തേക്കും. ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരും. രാജിവ് ശുക്ല വൈസ് പ്രസിഡന്റാകും. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധൂമാല്‍ ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ഭരണസമിതി ചെയര്‍മാനാകും.

ദേശീയ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ കേരളത്തിന് നാണംകെട്ട തോല്‍വി. ഫൈനലില്‍ കരുത്തരായ ബംഗാളിനോട് എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് കേരളം തോറ്റത്.

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ യു.എസ് ഇന്ത്യയെ തകര്‍ത്തു. എതിരില്ലാത്ത എട്ടുഗോളുകള്‍ക്കാണ് യു.എസ് ആതിഥേയരായ ഇന്ത്യയെ തകര്‍ത്തത്.

നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 27.1 ഓവറില്‍ 99 റണ്‍സിലൊതുക്കിയ ഇന്ത്യ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയവും പരമ്പരയും കൈപ്പിടിയിലൊതുക്കിയത്.

ഒരു പുതിയ അപ്ഡേഷനുമായി വീണ്ടും എത്തിയിരിക്കുകയാണ് വാട്ട്സാപ്പ്. ഇക്കുറി ഒരു ഗ്രൂപ്പില്‍ 1024 പേരെ ചേര്‍ക്കാന്‍ കഴിയുന്ന അപ്ഡേഷനാണ് വാട്ട്സാപ്പ് പരീക്ഷിക്കുന്നത്. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ലഭ്യമാണ്. നിലവില്‍ 512 പേരെ വരെയാണ് ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യാനാകുക. ബീറ്റ ഉപയോക്താക്കള്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച് ഗ്രൂപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ആഡ് കോണ്‍ടാക്ട് എന്ന ഓപ്ഷന് അരികിലായി ‘1024-ല്‍ 1’ എന്ന രീതിയില്‍ കോണ്‍ടാക്ടുകള് കാണാന്‍ കഴിയും. വാട്ട്സാപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ പ്രീമിയം ലഭ്യമായിട്ടുള്ളത്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവില്‍ പ്രവേശനമുള്ളൂ.

ഐഫോണ്‍ 14 മോഡലിനു പിന്നാലെ വയര്‍ലെസ് ഹെഡ്സെറ്റായ എയര്‍പോഡ്സും ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങള്‍. ചെന്നൈയ്ക്കു സമീപം ശ്രീപെരുംപുത്തൂരിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഐഫോണ്‍ 14 നിര്‍മിക്കുന്നത്. ഐഫോണ്‍ 11, 12, 13 എന്നിവ ഇതിനകം തന്നെ ഫോക്സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്നുണ്ട്. ഐഫോണ്‍ 12, എസ്ഇ, എസ്ഇ1 മോഡലുകള്‍ ബെംഗളൂരുവിലെ വിസ്ട്രോണിലാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഐഫോണ്‍ 14 ഉല്‍പാദനത്തിന്റെ 5 ശതമാനം ഇന്ത്യയിലേക്ക് മാറ്റാനും 2025നുള്ളില്‍ 25 ശതമാനത്തില്‍ എത്തിക്കാനുമാണ് പദ്ധതി.

കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയാണ് ‘സര്‍ദാര്‍’. പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ദീപാവലി റിലീസായി ഒക്ടോബര്‍ 28ന് പ്രദര്‍ശനത്തിനെത്തും. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്. കാര്‍ത്തി ആലപിച്ച ‘യെരുമയിലേരി’ എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മുതല്‍മുടക്കിലുള്ള ചിത്രമായിരിക്കും ഇത്. ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആറ് മില്യണ്‍ പേരാണ് ടീസര്‍ യൂട്യൂബില്‍ കണ്ടത്. ഒരു സ്പൈ ആയിട്ടാണ് കാര്‍ത്തി ചിത്രത്തില്‍ അഭിനയിക്കുന്നത്. കാര്‍ത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

ബോളിവുഡില്‍ അഭിനേതാവായി അരങ്ങേറാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഹുമ ഖുറേഷിയെയും സൊനാക്ഷി സിന്‍ഹയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്റാം രമണി സംവിധാനം ചെയ്യുന്ന ഡബിള്‍ എക്സ്എല്‍ എന്ന ചിത്രത്തിലൂടെയാണ് ധവാന്റെ സിനിമാ അരങ്ങേറ്റം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഉയര്‍ന്ന ശരീരഭാരമുള്ള രണ്ട് സ്ത്രീകളുടെ ജീവിതയാത്രയാണ് ആവിഷ്‌കരിക്കുന്നത്. ശിഖര്‍ ധവാന്‍ ഉള്‍പ്പെടുന്ന, ചിത്രത്തിലെ ഒരു സ്റ്റില്‍ പുറത്തെത്തി. ഹുമ ഖുറേഷിക്കൊപ്പം നൃത്തം ചെയ്യുന്ന ധവാന്‍ ആണ് ചിത്രത്തില്‍. ഈ ചിത്രത്തിന്റെ കഥ സമൂഹത്തിന് ഒരു വലിയ സന്ദേശമാണ് നല്‍കുന്നതെന്നും അനേകം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചിത്രം സ്വാധീനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അഭിനേതാവ് എന്ന നിലയില്‍ അരങ്ങേറാനുള്ള തീരുമാനത്തെക്കുറിച്ച് ശിഖര്‍ ധവാന്‍ പറഞ്ഞു. സഹീര്‍ ഇഖ്ബാലും മഹാത് രാഘവേന്ദ്രയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നവംബര്‍ 4 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുക.

ടാറ്റ മോട്ടോഴ്‌സിന്റെ ടിയാഗോ ഇവി ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം വന്നത് 10,000 ഓര്‍ഡറുകള്‍. വന്‍ പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന്, 8.49 ലക്ഷം എന്ന പ്രാരംഭ വില അടുത്ത 10,000 ഉപഭോക്താക്കള്‍ക്കുകൂടി അനുവദിക്കുമെന്ന ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ എന്ന വിശേഷണത്തോടെയാണ് ടാറ്റ ടിയാഗോ എത്തുന്നത്. 21000 രൂപ നല്‍കി ടാറ്റ ഡീലര്‍ഷിപ്പ് വഴിയോ വെബ് സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത സമയവും തീയതിയും വകഭേദവും നിറവും അനുസരിച്ചായിരിക്കും ഡെലിവറി തീരുമാനിക്കുക. നേരത്തെ ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് 8.49 ലക്ഷം രൂപ എന്ന പ്രാരംഭ വില പ്രഖ്യാപിച്ചിരുന്നത്. ഇപ്പോള്‍ വീണ്ടും 10000 ഉപഭോക്താക്കള്‍ക്ക് കൂടി ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെ ഷോറൂമുകളില്‍ ഈ മാസം തന്നെ പ്രദര്‍ശന വാഹനങ്ങളെത്തും. 8.49 ലക്ഷത്തില്‍ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

മനുഷ്യന്‍ ആദ്യം പിറന്നുവീണത് കാട്ടിലായിരുന്നു. ആ കാട് മനുഷ്യന്റെ പ്രിയപ്പെട്ട അമ്മയായിരുന്നു. ആ കാട്ടിലെ പക്ഷിമൃഗാദികള്‍ മനുഷ്യന്റെ സഹജീവികളായിരുന്നു. ഈ നോവല്‍ മറ്റാര്‍ക്കും പരിചയപ്പെടുത്താനാവാത്തവിധം നിങ്ങള്‍ക്കു കാടിനെ പരിചയപ്പെടുത്തും. ഈ നോവല്‍ കാട്ടാനകളുടേയും കാട്ടിലെ താമസക്കാരായ പേരാച്ചികളുടേയും കഥയാണ്. അവരുടെ ഊഷ്മളമായ സ്നേഹബന്ധങ്ങളുടെ കഥയാണ്. ‘കാട്ടാനകളും പേരാച്ചികളും’. വിനോദ് നാരായണന്‍. നൈന ബുക്സ്. വില 95 രൂപ.

സാധാരണ ഗതിയില്‍ മാനസികാരോഗ്യ പ്രശ്നങ്ങളെ പറ്റി ആലോചിക്കുമ്പോള്‍ ഉയരുന്ന രക്തസമ്മര്‍ദവുമായി അവയെ കൂട്ടിവായിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഇവ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക് സാധാരണ രക്തസമ്മര്‍ദം ഉള്ളവരെ അപേക്ഷിച്ച് ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ പലതരം മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം ഒരാള്‍ക്ക് ഉണ്ടെന്ന കണ്ടെത്തല്‍ തന്നെ മനസ്സിന്റെ സമാധാനത്തെ കെടുത്തി കളയുന്നതാണ്. ഇതിനു പുറമേ ഉയര്‍ന്ന രക്തസമ്മര്‍ദം ശരീരത്തിലുണ്ടാക്കുന്ന നീര്‍ക്കെട്ടുമായി ബന്ധപ്പെട്ട കെമിക്കലുകളും മാനസികാരോഗ്യത്തിന്റെ താളം തെറ്റിക്കും. ഹൈപ്പര്‍ടെന്‍ഷന്‍ ശരീരത്തില്‍ ചംക്രമണം ചെയ്യപ്പെടുന്ന സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട കെമിക്കലുകളുടെയും തോത് ഉയര്‍ത്തുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ മാനസികാരോഗ്യത്തെ ബാധിക്കുന്നതു പോലെതന്നെ മാനസിക സമ്മര്‍ദം ഹെപ്പര്‍ടെന്‍ഷനെയും സ്വാധീനിക്കുന്നു. മാനസിക സമ്മര്‍ദം, അനിയന്ത്രിമായ തോതിലുള്ള ഭക്ഷണം കഴിപ്പ്, പുകവലി, അനാവശ്യമായ ദേഷ്യം, അലസമായ ജീവിതശൈലി, അമിതമായ ഉപ്പിന്റെയും മദ്യത്തിന്റെയും ഉപയോഗം, ആവശ്യത്തിന് ഉറക്കമില്ലായ്മ, വൃക്ക പ്രശ്നം, മാംസാഹാരത്തിന്റെ അമിതമായ തോതിലുള്ള ഉപയോഗം, ഭക്ഷണത്തില്‍ അമിതമായ എണ്ണ എന്നിവയെല്ലാം ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് പിന്നിലുള്ള കാരണങ്ങളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയാഘാതം, തലച്ചോറിനെ ബാധിക്കുന്ന പക്ഷാഘാതം, ചയാപചയ പ്രശ്നങ്ങള്‍, ധാരണശേഷിക്കുറവ്, ഓര്‍മക്കുറവ്, മറവിരോഗം തുടങ്ങിയ രോഗസങ്കീര്‍ണതകളിലേക്ക് നയിക്കുന്നു. തലവേദന, ശ്വാസംമുട്ടല്‍, നെഞ്ചു വേദന, മൂക്കില്‍ നിന്ന് രക്തമൊഴുക്ക്, തലകറക്കം എന്നിവ ഹൈപ്പര്‍ടെന്‍ഷന്‍ ലക്ഷണങ്ങളാണ്. ഭാരം കുറച്ചും ആരോഗ്യകരമായ ബോഡി മാസ് ഇന്‍ഡെക്സ് നിലനിര്‍ത്തിയും നിത്യവും വ്യായാമം ചെയ്തും ഉപ്പും മധുരവും കൊഴുപ്പും ഭക്ഷണത്തില്‍ നിന്ന് കുറച്ചും പുകവലിയും മദ്യപാനവും ഉപേക്ഷിച്ചും കഫൈന്‍ ചേര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

വയനാട് കല്‍പ്പറ്റ പുത്തൂര്‍വയല്‍ അമ്പലവാണപുരം രമേഷിന്റെയും സരിതയുടേയും മകനാണ് അര്‍ജുന്‍. അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ആണ്. അമ്മ വീടിനോട് ചേര്‍ന്നുതന്നെ ചെറിയൊരുകട നടത്തുന്നു. ചെറുപ്പം മുതല്‍ അര്‍ജുന് കരാട്ടയോടായിരുന്നു താല്‍പര്യം. ആറാം ക്ലാസ്സിലെത്തിയപ്പോള്‍ ആ ഇഷ്ടം ജൂഡോയോട് ആയി മാറി. തൃശ്ശൂരിലെ ഒരു ജൂഡോ ക്യാംപ് അര്‍ജ്ജുന്റെ ജീവിതത്തിലെ വഴിത്തിരിവായി . പരിശീലകന്‍ ശരത്ചന്ദ്രന്‍ അര്‍ജ്ജുന്റെ ഗുരുവായി മാറി. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി. അപ്പോഴാണ് സഹോദരിക്ക് ക്യാന്‍സര്‍ പിടിപെടുന്നതും വീടിന്റെ സാമ്പത്തിക നില ആകെ തകിടം മറിയുന്നതും. കുടുംബത്തിന്റെ പ്രതീക്ഷമുഴുവന്‍ അര്‍ജ്ജുനില്‍ എത്തി നിന്നു. തന്റെ കഷ്ടപ്പാടുകളെ മലര്‍ത്തിയടിക്കണമെന്ന വാശിയോടെയാണ് ദേശീയ ഗെയിംസില്‍ പങ്കെടുത്തത്. ഇതാണ് തന്റെ ജീവിതമെന്ന് അര്‍ജ്ജുന്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. അങ്ങനെ ജൂഡോയില്‍ കേരളത്തിന് അര്‍ജ്ജുന്‍ നേടിക്കൊടുത്തത് ചരിത്രത്തിലെ ആദ്യ സ്വര്‍ണ്ണം! ജൂഡോയിലെ ഏറ്റവും പ്രായംകുറഞ്ഞ താരം കൂടിയാണ് കേരളവര്‍മ്മകോളേജിലെ നാലാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ജ്ജുന്‍. ഗാഢമായ ആവശ്യങ്ങള്‍ നമുക്ക് ജീവിതത്തില്‍ ഉണ്ടാകുമ്പോഴാണ് പരിമിതികള്‍ നമുക്ക് പ്രശ്‌നമല്ലാതായി മാറുന്നത് – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *