web cover 15

കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച മേയറുടെ കത്തില്‍ വിവാദം. ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ മേയര്‍ ആര്യ രാജേന്ദ്രാണ് കത്തയച്ചിരിക്കുന്നത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കുള്ള കരാര്‍ നിയമനത്തിനാണ് 295 പേരുടെ ലിസ്റ്റ് ചോദിച്ചിരിക്കുന്നത്. ഈ മാസം ഒന്നിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് ജില്ലാ നേതാക്കള്‍ അതാത് വാര്‍ഡുകളിലെ വാട്സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചതോടെയാണ് പുറത്തായത്. അതേ സമയം ഇത്തരം ഒരു കത്ത് താന്‍ അയച്ചിട്ടില്ലെന്നാണ് മേയറുടെ പ്രതികരണം. കത്ത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്തയച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിക്കുന്ന മേയറുടെ കത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. മേയര്‍ കത്തെഴുതിയത് സംസ്ഥാനത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ ഞെട്ടിക്കുന്നതാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ സ്വമേധയാ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഒഴിവുകള്‍ സമയാസമയം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പകരം പാര്‍ട്ടിക്കാരെ നിയമിച്ച് 10 വര്‍ഷം കഴിയുമ്പോള്‍, അവരെ സ്ഥിരപ്പെടുത്തും. ഇതാണ് രീതിയെന്ന് ഇപ്പോള്‍ വെളിവായി എന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരം കോര്‍പറേഷനില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ഒഴിവുണ്ടെങ്കില്‍ അത് ഫില്ല് ചെയ്യേണ്ടത് സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനാണോയെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. സത്യപ്രതിഞ്ജാലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന യുവജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സിപിഎം ലിസ്റ്റ് അനുസരിച്ചാണ് നിയമനമെന്ന് മേയറുടെ കത്തില്‍ നിന്ന് വ്യക്തമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. നഗരസഭയില്‍ തുടര്‍ച്ചയായി അഴിമതി നടക്കുന്നുവെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും അദ്ദേഹം പറഞ്ഞു. മേയര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത് . മേയര്‍ കത്ത് അയച്ചിട്ടില്ല എങ്കില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി ഒഫീഷ്യല്‍ ലെറ്റര്‍ പാഡില്‍ കള്ള ഒപ്പിട്ട് കത്ത് അയച്ചവരെക്കുറിച്ച് അന്വേഷിക്കണമെന്നും വി വി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. മുന്‍ കൗണ്‍സിലറാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. രണ്ട് വര്‍ഷം കൊണ്ട് നടന്ന ആയിരത്തിലധികം താല്‍ക്കാലിക നിയമനങ്ങള്‍ നടന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് വിവാദമായതിന് പിന്നാലെയാണ് പരാതി.

കോര്‍പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി ജല്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ച സംഭവം വിവാദത്തിന് തിരികൊളുത്തവേ മറ്റൊരു വിവാദം കൂടി. മേയര്‍ മാത്രമല്ല ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് , കോര്‍പ്പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും സമാനമായ ഒരു കത്ത് ആനാവൂര്‍ നാഗപ്പന് അയച്ചതും പുറത്തായി. . കൗണ്‍സിലര്‍ അനിലാണ് ആനാവൂര്‍ നാഗപ്പന് ഇതേ രീതിയില്‍ കത്തയച്ചത് .എസ് എ ടി ആശുപത്രിയോട് ചേര്‍ന്ന വിശ്രമകേന്ദ്രത്തിലെ നിയമനത്തിനായി പാര്‍ട്ടി പട്ടിക ആവശ്യപ്പെട്ട് ഒക്ടോബര്‍ 24ന് അയച്ച കത്താണ് പുറത്ത് വന്നത്. മാനേജര്‍ അടക്കം 3 തസ്തികകളിലേക്ക് 9 പേരെ ആവശ്യമുണ്ടെന്നാണ് കത്തില്‍ പറയുന്നത്

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിക്കായി ഫാലി എസ് നരിമാന് സര്‍ക്കാര്‍ നല്‍കുന്നത് 45.9 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയിരുന്നത്. ഇതില്‍ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്‍ അടക്കമുള്ള 4 ബില്ലുകള്‍ക്കും കഴിഞ്ഞ വര്‍ഷം നിയമസഭ പാസാക്കിയ രണ്ട് ബില്ലുകള്‍ക്കും ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടുണ്ടായിരുന്നില്ല.ഇതില്‍ ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് നിയമോപദേശം നല്‍കിയതിനാണ് ഇത്രയും ഫീസ്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന് മാത്രം നിയമോപദേശത്തിന് നല്‍കിയത് 30 ലക്ഷം രൂപയാണ്. അഡ്വ. സുഭാഷ് ശര്‍മയ്ക്ക് 9.90 ലക്ഷം രൂപയും സഫീര്‍ അഹമ്മദിന് 3 ലക്ഷവും നല്‍കി

കുഞ്ഞിന് ജന്മം കൊടുക്കണോയെന്ന തീരുമാനം സ്ത്രീയുടെ അവകാശമെന്ന് ഹൈക്കോടതി. എം ബി എ വിദ്യാര്‍ത്ഥിനിയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ ഉത്തരവിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ നിരീക്ഷണം. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇതില്‍ നിന്നും സ്ത്രീകളെ തടയാനാവില്ലന്നും കോടതി വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടുള്‍പ്പെടെ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

168 ഗുണഭോക്താക്കള്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വെള്ളവും വൈദ്യുതിയും വഴിയുമില്ലാത്ത സ്ഥലം അനുവദിച്ച നടപടി പ്രാദേശിക സര്‍ക്കാരുകളും സര്‍ക്കാര്‍ വകുപ്പുകളും വ്യക്തമായ ആസൂത്രണമില്ലാതെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് ജില്ലയില്‍ കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ അനുവദിച്ച സ്ഥലത്തെ കുറിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നിരീക്ഷണം. 168 വ്യക്തികള്‍ക്ക് ഭൂമി പതിച്ച് നല്‍കിയെങ്കിലും ഭൂമി താമസയോഗ്യമല്ലാത്തതിനാല്‍ താമസക്കാരാരും എത്തിയിട്ടില്ല.

ബിജെപിക്ക് വേണ്ടി ടിആര്‍എസ് എംഎല്‍എമാരെ പണം നല്‍കി കൂറുമാറ്റാനുള്ള ശ്രമം നടത്തിയെന്ന ആരോപണം തുഷാര്‍ വെള്ളാപ്പള്ളി നിഷേധിച്ചു. ടിആര്‍എസിന്റെ ട്രാപ്പാണ് നടന്നതെന്ന് തുഷാര്‍ പറഞ്ഞു. ഏജന്റുമാര്‍ തന്നെ ഇങ്ങോട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. മീറ്റിങ്ങില്‍ കാണാമെന്ന് താന്‍ മറുപടിയും നല്‍കി. ഏജന്റുമാര്‍ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും മാനനഷ്ട കേസ് കൊടുക്കുന്നത് ആലോചിക്കുമെന്നും തുഷാര്‍ വിശദീകരിച്ചു.

കാറിന് ചാരിനിന്നതിന് മര്‍ദ്ദനമേറ്റ ആറു വയസുകാരന്‍ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചതായി സിസിടിവി ദൃശ്യങ്ങള്‍. കുട്ടി കാറിലേക്ക് നോക്കി നില്‍ക്കുമ്പോഴാണ് സംഭവമുണ്ടായത്. വഴിപോക്കനായ ഒരാള്‍ വന്ന് കാറിലേക്ക് നോക്കി നില്‍ക്കുകയായിരുന്ന കുട്ടിയുടെ തലക്കടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കോഴിക്കോട് അത്തോളി കരുമ്പാ പൊയിലില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിന് നേരെ ആക്രമണം. കല്ലേറില്‍ ബസ്സിന്റെ ചില്ല് തകര്‍ന്നു. കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ ബസ്സുകള്‍ കഴിഞ്ഞ ദിവസം മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ചില ബസ്സുകള്‍ ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്കില്‍ നിന്ന് പിന്മാറി.

വര്‍ക്കല പാപനാശത്ത് റിസോര്‍ട്ട് ജീവനക്കാരനെ അഞ്ചംഗ സംഘം ആക്രമിച്ചു. ഇടുക്കി രാജാക്കാട് സ്വദേശിയായ 22 കാരന്‍ അമലാണ് ആക്രമണത്തിനിരയായത്. ഇതേ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരനാണ് അമലിനെ അക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അമലിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളില്‍ ആരോ കയറിയെന്ന് സംശയം. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സീല്‍ ചെയ്തിരുന്ന വാതില്‍ ആരോ തുറന്ന് അകത്ത് കയറിയെന്നാണ് സംശയം. തമിഴ്‌നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടര്‍ന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ഗുജറാത്തില്‍ ദുരന്തത്തിനിടയാക്കിയ തൂക്കുപാലം നിര്‍മ്മാണത്തില്‍ നടന്നത് വന്‍വെട്ടിപ്പ്. അറ്റകുറ്റപ്പണിക്കായി അനുവദിച്ച രണ്ട് കോടി രൂപയില്‍ കമ്പനി ചെലവാക്കിയത് 12 ലക്ഷം രൂപ മാത്രമാണ്. രണ്ട് കോടി രൂപയും ചെലവാക്കി പാലം പണിതു എന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാല്‍, പാലം ബലപ്പെടുത്തിയില്ലെന്നും മോടി പിടിപ്പിക്കല്‍ മാത്രമാണ് നടന്നത് എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. കരാര്‍ ലഭിച്ച ഒവേര കമ്പനിക്കോ അവര്‍ ഉപകരാര്‍ നല്‍കിയ കമ്പനിക്കോ പാലം നിര്‍മ്മാണത്തില്‍ മുന്‍ പരിചയമില്ലെന്നും പൊലീസ് കണ്ടെത്തി. കമ്പനിയുടെ ഒമ്പതു പേരെ അറസ്റ്റ് ചെയ്തു, കൂടാതെ വീഴ്ച വരുത്തിയ ഒരുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതും ഒഴിച്ചാല്‍ മറ്റൊരു നടപടിയും എടുത്തിട്ടില്ല.

കോണ്‍ഗ്രസ് പുനസംഘടനയില്‍ സംഘടന ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകളില്‍ ചര്‍ച്ച തുടങ്ങി. പദവിയില്‍ കെ സി വേണുഗോപാല്‍ തുടര്‍ന്നേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചാണ് നിലവില്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കെ സി വേണുഗോപാല്‍ തുടരുന്നത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് കീഴില്‍ സംഘടന ജനറല്‍ സെക്രട്ടറിയായി പുതിയ ആളെത്തും. മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ തുടങ്ങി ചില പേരുകളാണ് ചര്‍ച്ചയിലുള്ളത്.

കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ക്രമക്കേടുകളില്‍ നടപടിയെടുത്ത് കാണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഒത്തുകളി നടക്കുകയാണ്. പദവിക്കനുസരിച്ച് നടപടിയെടുക്കണം. അല്ലാതെ പത്രങ്ങളില്‍ വാര്‍ത്ത വരുത്തുന്നതിന് വേണ്ടി ഓരോരുത്തരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായി മുന്‍മന്ത്രി ജയ് നാരായണ്‍ വ്യാസ് പാര്‍ട്ടി വിട്ടു. അഹമ്മദാബാദിലെത്തിയ അശോക് ഗെലോട്ടിനെ കണ്ട ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസിലേക്കെന്ന സൂചനയാണ് നല്‍കുന്നത്. ഗുജറാത്തില്‍ നരേന്ദ്രമോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ജയ് നാരായണ്‍ വ്യാസ് .2012 ന് ശേഷം പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ വ്യാസിന് ഇത്തവണയും സീറ്റില്ല. തുടര്‍ന്നാണ് ബി ജെ പി യില്‍ നിന്ന് രാജി വച്ചത്.

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. ഉദ്യോഗാര്‍ഥികളെയും കര്‍ഷകരെയും ലക്ഷ്യമിട്ടാണ് പ്രകടന പത്രിക. അധികാരത്തില്‍ എത്തി ആദ്യ ക്യാബിനറ്റ് യോഗത്തില്‍ 1 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി. കാര്‍ഷിക കമ്മീഷന്‍ രൂപീകരിച്ച്, ഓരോ തരം ആപ്പിളുകള്‍ക്കും പ്രത്യേകം പ്രത്യേകം താങ്ങുവില. മാത്രമല്ല, ചാണകം കിലോയ്ക്ക് 2 രൂപയ്ക്ക് സംഭരിക്കും. 5000 കിലോമീറ്റര്‍ റോഡ് പുതുതായി നിര്‍മ്മിക്കും. മിനിമം കൂലി ദിവസം 500 രൂപയാക്കി ഉയര്‍ത്തും. എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി. പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കും. എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍.

ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യൂണിറ്റായ റിലയന്‍സ് റീട്ടെയില്‍ സലൂണ്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നു. നാച്ചുറല്‍സ് സലൂണിന്റെ 49 ശതമാനത്തോളം ഓഹരികളായിരിക്കും റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കുക. എത്ര രൂപയ്ക്കാണ് റിലയന്‍സ് റീടൈല്‍ നാച്ചുറല്‍സിന്റെ ഓഹരികള്‍ ഏറ്റെടുക്കുക എന്നുള്ളത് ഇതുവരെ ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല.

ട്വിറ്ററില്‍ നിന്നും പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ ഉടമ ഇലോണ്‍ മസ്‌ക്. ഏകദേശം 3750 ഓളം ജീവനക്കാരെയാണ് ഇന്നലെ പിരിച്ചു വിട്ടത്. ജീവനക്കാര്‍ക്ക് പിരിച്ചു വിട്ടു എന്നറിയിച്ച് മെയില്‍ അയച്ച് ഇരുപത്തിനാല് മണിക്കൂറിന് ശേഷം ഇതേ കുറിച്ച് മസ്‌ക് ട്വീറ്റ് ചെയ്തത് ചെലവ് ചുരുക്കലിന്റെ ഭാഗം എന്നാണ്.

ഓട്ടിസമുള്ള എട്ട് വയസുകാരന്‍ മകനെ തണുത്ത് വിറച്ച് മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ പിതാവായ പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരന്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മിഷേല്‍ വാല്‍വ ആണ് കുറ്റവാളി. മൂന്ന് വര്‍ഷം മുന്‍പാണ് ഗാരേജില്‍ ഇയാളുടെ മകന്റെ മൃതദേഹം കണ്ടെത്തിയത് .ഹൈപ്പോതെര്‍മിയ മൂലം ഹൃദയാഘാതമുണ്ടായാണ് എട്ടുവയസുകാരനായ തോമസ് മരിച്ചതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് .

ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ഫിന്‍ലാന്‍ഡ് ചാന്‍സലര്‍ ഓഫ് ജസ്റ്റിസിന്റെ ക്ലീന്‍ ചിറ്റ്. പ്രധാനമന്ത്രി ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ അവഗണിക്കുകയോ ജോലിയില്‍ വീഴ്ച വരുത്തുകയോ ചെയ്തിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നതോടെ 36കാരിയായ പ്രധാനമന്ത്രി വിവാദത്തിലായിരുന്നു. സന്ന ലഹരി ഉപയോഗിച്ചിട്ടില്ലെന്നും തെളിഞ്ഞിരുന്നു. നിരോധിത മയക്കുമരുന്ന് ഉപയോഗിച്ച് കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്തുവെന്നായിരുന്നു സന്നയ്ക്കെതിരെ ഉയര്‍ന്ന ആരോപണം.

ഐഎസ്എല്ലില്‍ വിജയദാഹവുമായ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികള്‍. വൈകീട്ട് ഏഴരയ്ക്ക് ഗുവാഹത്തിയിലാണ് മത്സരം.

ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് 142 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവരില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. ഇന്ന് ലങ്കയെ കീഴടക്കിയാല്‍ ഏഴ് പോയന്റും മികച്ച നെറ്റ് റണ്‍റേറ്റുമുള്ള ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനൊപ്പം ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാവും.

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 720 രൂപ. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,600 രൂപയായി. ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,700 രൂപ. ഇന്നലെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെ 480 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില ഇടിഞ്ഞിരുന്നു. 600 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 90 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഇന്നലെ 60 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് ഉയര്‍ന്നു. 85 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3895 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 2 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 66 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം (ഫോറക്സ് റിസര്‍വ്) ഒറ്റയാഴ്ച കൊണ്ട് കൂടിയത് 656.1 കോടി ഡോളര്‍. ഇതോടെ ഒക്ടോബര്‍ 28ന് ഫോറക്സ് റിസര്‍വിന്റെ മൂല്യം 53108.1 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രേഖ വ്യക്തമാക്കുന്നു. തൊട്ടുമുന്‍പത്തെ ആഴ്ച ഇത് 52452 കോടി ഡോളറായിരുന്നു. ഫോറിന്‍ കറന്‍സി അസറ്റ്സ് 577.2 കോടി യുഎസ് ഡോളര്‍ വര്‍ധിച്ച് 47084.7 എന്ന നിലയിലേക്കെത്തിയെന്നും ആര്‍ബിഐ വെളിപ്പെടുത്തുന്നു. കരുതല്‍ സ്വര്‍ണ ശേഖരം( ഗോള്‍ഡ് റിസര്‍വ്) 55.6 കോടി യുഎസ് ഡോളര്‍ വര്‍ധിച്ച് 3776.2 കോടി യുഎസ് ഡോളര്‍ എന്ന നിലയിലെത്തി.

വരുണ്‍ ധവാന്‍, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഭേഡിയ’ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ഭേഡിയ’യിലെ ‘അപ്ന ബന ലേ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാസ്‌കര്‍’ എന്ന കഥാപാത്രമായാണ് വരുണ്‍ ധവാന്‍ അഭിനയിക്കുന്നത്. ”ഡോ. അനിക’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 2018ലെ ‘സ്ത്രീ’, 2021ലെ ‘രൂഹി’ എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ഇത്.

രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ‘ലാല്‍ സലാം’ എന്ന ചിത്രമാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‌മാന്‍ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും. രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നു. ധനുഷ് നായകനായി ‘3’ഉം ‘വെയ് രാജ വെയ്’ എന്ന സിനിമയും ഐശ്വര്യ സംവിധാനം ചെയ്തിട്ടുണ്ട്. ‘സിനിമ വീരന്‍’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. ‘സ്റ്റാന്‍ഡിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍’ എന്ന പുസ്തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിര്‍മിക്കുന്നത്.

ഒരു ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിച്ച് ഒല. നിര്‍മാണം ആരംഭിച്ച് പത്തുമാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടു. ഇതോടെ രാജ്യത്തെ ഏറ്റവും അധികം വില്‍പനയുള്ള ഇലക്ട്രിക് സ്‌കൂട്ടറായി മുന്നേറുകയാണ് ഒല. അടുത്ത വര്‍ഷം പത്തു ലക്ഷം യൂണിറ്റും 2024ല്‍ ഒരു കോടി യൂണിറ്റും നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. എസ് 1, എസ് 1 പ്രോ, എസ് 1 എയര്‍ തുടങ്ങിയ മോഡലുകളാണ് ഓലയ്ക്കുള്ളത്. ഇതില്‍ അടുത്തിടെ പുറത്തിറങ്ങിയ എസ് 1 എയറിന് ഒരു ലക്ഷം രൂപയില്‍ താഴെയാണ് വില. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ എസ് വണ്‍ എയര്‍ 101 കിലോമീറ്ററും എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ മോഡലുകള്‍ക്ക് 185 കിലോമീറ്ററുമാണ് റേഞ്ച്.

ബാര്‍ബറോസ എന്ന വീരനാവികന്റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്കിഷ് ഐതിഹ്യ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് എഴുതപ്പെട്ട കൃതി. ഒരു പ്രണയകഥയുടെ ആഴക്കടല്‍കൂടിയാണ് ഈ നോവല്‍. ഇനി ജീവിക്കാനാവില്ല എന്ന അവസ്ഥയില്‍ നിന്ന് ലോകം കീഴടക്കാനുള്ള ഊര്‍ജം ഓരോ വരിയിലും നിറക്കുന്ന ഇസ്‌കന്ദര്‍ പാലയുടെ അസാധാരണമായ എഴുത്ത്. ‘ബാര്‍ബറോസ ഒരു ഇതിഹാസം’. വിവര്‍ത്തനം – സച്ചിന്‍ദേവ് പി.എസ്. ഗ്രീന്‍ ബുക്സ്. വില 399 രൂപ.

നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ എ. കുട്ടികളില്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് വിറ്റാമിന്‍ എ വളരെ പ്രധാനമാണ്. കുട്ടികളില്‍ വിറ്റാമിന്‍ എയുടെ കുറവ് വയറിളക്കം, അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഇരയാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ വിറ്റാമിന്‍ എ യുടെ ഒരു സാധാരണ ലക്ഷണമാണ്. വിറ്റാമിന്‍ എ കുറവുള്ള ആളുകള്‍ക്ക് ആദ്യം അവരുടെ കണ്ണുകള്‍ വളരെ വരണ്ടതായി കാണാവുന്നതാണ്. ഇത് കോര്‍ണിയയ്ക്കും റെറ്റിനയ്ക്കും കേടുവരുത്തും. രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ എ വളരെ പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ എ യുടെ കുറവുള്ള ഒരു വ്യക്തിക്ക് പതിവായി അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. വിറ്റാമിന്‍ എ കുറവുള്ള ആളുകള്‍ക്ക് വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാം. വിറ്റാമിന്‍ എയുടെ കുറവ് ചര്‍മ്മം വരണ്ടതാകാം അല്ലെങ്കില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. ചിലര്‍ക്ക് തലയോട്ടി വരണ്ടതാക്കുന്നു. വിറ്റാമിന്‍ എ പ്രത്യുല്‍പാദനത്തില്‍ ഒരു പങ്കു വഹിക്കുന്നു. മാത്രമല്ല, വന്ധ്യതയ്ക്കും ഗര്‍ഭം ധരിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.95, പൗണ്ട് – 93.26, യൂറോ – 81.19, സ്വിസ് ഫ്രാങ്ക് – 82.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.96, ബഹറിന്‍ ദിനാര്‍ – 217.70, കുവൈത്ത് ദിനാര്‍ -264.50, ഒമാനി റിയാല്‍ – 213.13, സൗദി റിയാല്‍ – 21.81, യു.എ.ഇ ദിര്‍ഹം – 22.31, ഖത്തര്‍ റിയാല്‍ – 22.51, കനേഡിയന്‍ ഡോളര്‍ – 60.78.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *