◾ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. പുതുതായി നിയമിക്കുന്ന ചാന്‍സലറുടെ അനൂകൂല്യങ്ങളും മറ്റ് ചെലവുകളും സര്‍വ്വകലാശാലകളുടെ തനതു ഫണ്ടില്‍നിന്ന് അനുവദിക്കുമെന്ന് ബില്ലില്‍ പറയുന്നു.
◾നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി. ഒപ്പിടാന്‍ സമയപരിധിയില്ലെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ചില്ല. ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം.
◾വിഴിഞ്ഞം പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണത്തിനു നീക്കം. പൊലീസിനോട് സംഭവത്തില്‍ എന്‍ഐഎ റിപ്പോര്‍ട്ട് തേടി. എന്‍ഐഎയുടെ നടപടികളെക്കുറിച്ച് അറിയില്ലെന്നാണ് ഡിഐജി ആര്‍ നിശാന്തിനി പ്രതികരിച്ചത്. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ക്കു പങ്കുള്ളതായി വിവരമില്ലെന്നും ഡിഐജി പറഞ്ഞു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾രണ്ടു മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചു. 1800 കോടി രൂപയാണ് അനുവദിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒന്നിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പോടെയാണ് എല്ലാ മാസവും നല്‍കാന്‍ തീരുമാനിച്ചത്.
◾ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയിലുള്ള അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തും. 60 ലക്ഷത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്.
◾വിദേശത്ത് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയവര്‍ നാഷണല്‍ ഫോറിന്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ പരീക്ഷ പാസായശേഷം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ മാത്രമാക്കി ചുരുക്കി. ദേശീയ മെഡിക്കല്‍ കമ്മിഷന്റെ തീരുമാനത്തിനു മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തിയതോടെ ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ പ്രതിസന്ധിയിലാകും. ഇവരുടെ ഒരു വര്‍ഷം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖
◾മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്കു വിവേചനം പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. രാത്രി ഹോസ്റ്റലില്‍ തിരിച്ചെത്തേണ്ട സമയകാര്യത്തില്‍ ഒരേ നിയമം നടപ്പാക്കണം. മതിയായ സുരക്ഷ നല്‍കാന്‍ മെഡിക്കല്‍ കോളജുകള്‍തന്നെ നടപടിയെടുക്കണം. കേരള ഹൈക്കോടതിയിലെ കേസില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സതീദേവി.
◾ബലാത്സംഗ കേസില്‍നിന്ന് രക്ഷപ്പെടാന്‍ വ്യാജ രേഖയുണ്ടാക്കിയ പ്രതി എറണാകുളം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ എ.വി. സൈജുവിനെ സസ്പെന്‍ഡ് ചെയ്തു. മലയിന്‍കീഴ് പീഡനക്കേസില്‍ വായ്പ നല്‍കിയ പണം തിരികെ ചോദിച്ചതിനാണു പീഡനപരാതി നല്‍കിയതെന്നു വരുത്തിത്തീര്‍ക്കാനാണ് സൈജു ശ്രമിച്ചത്. വ്യാജരേഖയുടെ അടിസ്ഥാനത്തില്‍ ജാമ്യം കിട്ടിയ സിഐ ഇപ്പോള്‍ മറ്റൊരു പീഡനക്കേസിലും പ്രതിയായി. കേസ് അട്ടിമറിക്കാന്‍ സഹായിച്ച റൈറ്ററേയും സസ്പെന്‍ഡ് ചെയ്തു.
◾എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ.കെ മഹേശന്റെ മരണത്തിനു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്ന് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
◾സിആര്‍പിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാന്‍ റായ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയായ മുഹമ്മദ് ഹക്കീമാണ് കൊല്ലപ്പെട്ടത്.
◾വിഴിഞ്ഞത്തെ സംഭവവികാസങ്ങള്‍ വര്‍ഗീയവത്കരിച്ച് ഭീമ കൊറേഗാവ് മോഡലിലാക്കി കുറേ പേരെ അറസ്റ്റു ചെയ്യിക്കാനും സമരത്തെ ഇല്ലാതാക്കി അദാനിയെ സഹായിക്കാനും ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും രംഗത്ത്. ഗൂഡാലോചനയ്ക്ക് ഒമ്പതു പേരുടെ പ്രതിപ്പട്ടിക സിപിഎം പത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തുനിന്നുള്ള മറ്റൊരു പത്രം കലാപത്തിനു പിറകില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് എന്നാണ് ആരോപിച്ചത്.
◾വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല. സംഘര്‍ഷ മേഖലയിലേക്കു മാര്‍ച്ച് അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയും. മാര്‍ച്ചിനെതിരേ പോലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പ്രകോപന മുദ്രാവാക്യങ്ങള്‍, പ്രസംഗം, മൈക്ക് എന്നിവ വിലക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രതികളെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചെന്നും നിശാന്തിനി പറഞ്ഞു.
◾‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കേരള മുസ്ലിം ജമാഅത്ത്. പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമരക്കാര്‍ തീവ്രവാദികളാണെന്ന് ആരോപിച്ച ഐഎന്‍എല്‍ നേതാവും ഫിഷറീസ് മന്ത്രിയുമായ അബ്ദുറഹ്‌മാനെ തീവ്രവാദിയെന്നു തിരിച്ചടിച്ചതിലാണ് പ്രതിഷേധം.
◾വിഴിഞ്ഞം തുറമുഖ കവാടമായ മുല്ലൂരില്‍ സംഘര്‍ഷത്തിനിടെ പ്രദേശവാസിയും ഗര്‍ഭിണിയുമായ യുവതിയെ ആക്രമിച്ചെന്ന് ആരോപിച്ച് സമരക്കാര്‍ക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മുല്ലൂര്‍ സ്വദേശിനി ഗോപികയുടെ പരാതിയിലാണ് അമ്പതു പേര്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തത്.
◾യുഡിഎഫ് ഭരിക്കുന്ന പാലക്കാട് വല്ലപ്പുഴ സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നടത്തുന്നുവെന്ന പരാതിയില്‍ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ അലിയുടെ പരാതിയിലാണ് നടപടി. പ്യൂണ്‍ നിയമനത്തിന് മൂന്നുപേരില്‍നിന്ന് 25 ലക്ഷം വീതം വാങ്ങിയെന്നാണ് ആരോപണം.
◾തൃശൂരില്‍ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ്. ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പി.ബി. പവിത്രന്‍ പറഞ്ഞു.
◾പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡ് തെക്കേയറ്റത്ത് വീട്ടില്‍ വസുമതിയാണ് (70) മരിച്ചത്. 2016 -ല്‍ രണ്ടര ലക്ഷം രൂപയാണു വീട് നിര്‍മ്മാണത്തിന് വായ്പയെടുത്തത്. പലപ്പോഴായി 1.3 ലക്ഷം രൂപ തിരിച്ചടച്ചു. മുതലും പലിശയും ചേര്‍ത്ത് അഞ്ചു ലക്ഷം രൂപ ഉടന്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ വീട്ടിലെത്തിയിരുന്നു.
◾അടൂര്‍ ഇളമണ്ണൂരില്‍ ഓടികൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. ഇളമണ്ണൂര്‍ ടാര്‍ മിക്സിങ്ങ് പ്ലാന്റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് കത്തിയത്. ഡ്രൈവറും സഹായിയും ലോറിയില്‍നിന്നു ചാടി രക്ഷപെട്ടു.
◾കൊച്ചി തിരുവൈരാണിക്കുളത്ത് കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടില്‍ രജീഷ് (34) നെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◾കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെമിനാറില്‍ വിഷ പാമ്പുകളെ പ്രദര്‍ശിപ്പിച്ചു ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസെടുത്തത്.
◾പാറശാലയില്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മസിന്ധു, അമ്മാവന്‍ വിജയകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളി.
◾പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഡി എം കെ സുപ്രീംകോടതിയില്‍. നിയമം മതേതരത്വത്തിന് എതിരെന്നും ഉടനടി റദ്ദാക്കണമെന്നുമാണ് ഡിഎംകെയുടെ ആവശ്യം. നിയമ പരിധിക്കുള്ളില്‍ തമിഴ് അഭയാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്. ശ്രീലങ്കയില്‍ നിന്നെത്തിയ നിരവധി തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വമില്ലാത്തതുകൊണ്ട് അടിസ്ഥാന അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഡിസംബര്‍ ആറിനു കേസ് പരിഗണിക്കും.
◾എന്‍ഡിടിവി ചാനലിന്റെ സ്ഥാപകരും പ്രമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനലിന്റെ മുഖ്യ പ്രമോട്ടര്‍മാരായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നു രാജിവച്ചു. ഇവരുടെ 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
◾എയിംസ് സര്‍വര്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട് സിസ്റ്റം അനലിസ്റ്റുമാരായ രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍. സംഭവ ദിവസം വിളിച്ച അടിയന്തര യോഗത്തില്‍ പങ്കെടുക്കാത്തതിലും, ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിലുമാണ് നടപടി. ഇതിനിടെ ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി.
◾ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാന്‍ വിക്രം എസ് കിര്‍ലോസ്‌കര്‍ അന്തരിച്ചു. 64 വയസായിരുന്നു.
◾ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം അടക്കമുള്ള വിഷയങ്ങളില്‍ ഇടപെടരുതെന്ന് ചൈന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്‍കി. യുഎസ് പ്രതിരോധ മന്ത്രാലയം പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
◾കോടി കണക്കിന് ആരാധകരുടെ പ്രാര്‍ത്ഥനകളുമായി അര്‍ജന്റീന ഇന്ന് ഗ്രൂപ്പ് തല മൂന്നാം ഘട്ട മത്സരത്തിനിറങ്ങും. ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് സി, ഡി ടീമുകളുടെ മൂന്നാം ഘട്ട മത്സരങ്ങളാണ് ഇന്ന് നടക്കുക. ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുള്ള അര്‍ജന്റീന നാല് പോയിന്റുള്ള പോളണ്ടുമായാണ് ഏറ്റുമുട്ടുക. അര്‍ജന്റീനക്കും പോളണ്ടിനും പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് വിജയം അനിവാര്യമായതിനാല്‍ കളത്തില്‍ തീപ്പൊരി പാറുമെന്നുറപ്പാണ്. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 നാണ് സൂപ്പര്‍ താരങ്ങളായ ലിയോണല്‍മെസി നയിക്കുന്ന അര്‍ജന്റീനയുടേയും ലെവന്‍ഡോവ്‌സ്‌കി നയിക്കുന്ന പോളണ്ടിന്റേയും മത്സരം. ഗ്രൂപ്പ് സിയില്‍ നിന്ന് മൂന്ന് പോയിന്റുള്ള സൗദി അറേബ്യയും ഒരു പോയിന്റ് മാത്രമുള്ള മെക്സിക്കോയും മറ്റൊരു മത്സരത്തില്‍ ഇതേസമയം ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയില്‍ 6 പോയിന്റോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സ് ഒരു പോയിന്റ് മാത്രമുള്ള ടുണീഷ്യയുമായും 3 പോയിന്റുള്ള ആസ്ട്രേലിയ ഒരു പോയിന്റ് മാത്രമുള്ള ഡെന്‍മാര്‍ക്കുമായും രാത്രി 8.30 ന് ഏറ്റുമുട്ടും.
◾റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു. കാര്‍, വിമാനം, ട്രെയിന്‍ എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ അടിയന്തരമായി ആവശ്യമായ 500 ഉല്‍പന്നങ്ങളാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടത്. പാശ്ചാത്യന്‍ രാജ്യങ്ങളുടെ ഉപരോധത്തില്‍ വലഞ്ഞ റഷ്യ ഉല്‍പന്നങ്ങളുടെ പട്ടിക ഇന്ത്യക്ക് കൈമാറിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പാക്കേജിങ് ഉല്‍പന്നങ്ങള്‍, പേപ്പര്‍ ബാഗ്, അസംസ്‌കൃത പേപ്പര്‍ ഉല്‍പന്നം, ടെക്സ്റ്റൈല്‍, ലോഹ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ പട്ടികയിലുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലക്ക് ഉണര്‍വ് പകരുന്നതാണിത്. അടുത്ത മാസങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ചെറുതും വലുതുമായ ഇന്ത്യന്‍ കമ്പനികളുമായി ബന്ധപ്പെടാന്‍ റഷ്യന്‍ വാണിജ്യ മന്ത്രാലയവും അവിടത്തെ കമ്പനികളും ശ്രമിക്കുന്നുണ്ട്. റഷ്യയുമായി ദീര്‍ഘകാല സൗഹൃദമുള്ള ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്നാണ് മോസ്‌കോ കരുതുന്നത്. കുറഞ്ഞ വിലക്ക് റഷ്യന്‍ എണ്ണ ഇന്ത്യക്ക് നല്‍കുന്നുണ്ട്. അതേസമയം, റഷ്യയുമായുള്ള ഇടപാട് പാശ്ചാത്യന്‍ രാജ്യങ്ങളെ ചൊടിപ്പിക്കുമെന്നും മറ്റു ബിസിനസുകളെയും പണമിടപാടുകളെയും അത് ബാധിക്കുമെന്നും ചില ഇന്ത്യന്‍ കമ്പനികള്‍ ഭയക്കുന്നു.
◾2022 ജൂലൈയ്ക്കും സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്ന് 17 ലക്ഷം വീഡിയോകള്‍ നീക്കം ചെയ്തുവെന്ന് യൂട്യൂബ് റിപ്പോര്‍ട്ട്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ആഗോളതലത്തില്‍ 56 ലക്ഷത്തിലധികം വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് മൂന്നാം പാദത്തില്‍ 50 ലക്ഷത്തിലധികം ചാനലുകളും യൂട്യൂബ് നീക്കം ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന മെറ്റാഡാറ്റ അല്ലെങ്കില്‍ ചിത്രങ്ങള്‍, സ്‌കാമുകള്‍, വിഡിയോ, കമന്റ് സ്പാം എന്നിവ ഉള്‍പ്പെടെ കമ്പനിയുടെ സ്പാം നയങ്ങള്‍ ലംഘിച്ചതിനണ് ഈ ചാനലുകളില്‍ മിക്കവയും നീക്കം ചെയ്തത്. കഴിഞ്ഞ പാദത്തില്‍ 72.8 കോടിയിലധികം കമന്റുകളും നീക്കം ചെയ്തു. ഇവയില്‍ ഭൂരിഭാഗവും സ്പാമായിരുന്നു. നീക്കം ചെയ്ത കമന്റുകളില്‍ 99 ശതമാനത്തിലേറെയും മെഷീന്‍ തന്നെ സ്വയമേവ കണ്ടെത്തിയതാണ്.
◾വിഷ്ണു വിശാല്‍ നായകനും മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി നായികയുമാകുന്ന ‘ഗാട്ട കുസ്തി ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടു. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കില്‍ ‘മട്ടി കുസ്തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്തി’യിലെ ‘സണ്ട വീരച്ചി’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തുക.
◾പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കജോള്‍ ആണ് പൃഥ്വിരാജിന്റെ നായിക. സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്‍ മറ്റൊരു പ്രധാന താരമായി എത്തുന്നു. ഇബ്രാഹിം അലിഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് . ജനുവരി 23ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം കരണ്‍ ജോഹര്‍ ആണ് നിര്‍മ്മിക്കുന്നത്. കാശ്മീരിലെ തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇമോഷണല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പൃഥ്വിരാജും കജോളും ആദ്യമായാണ് ഒരുമിക്കുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. അയ്യാ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡില്‍ എത്തുന്നത്. അതേസമയം മലയാളത്തില്‍ ഗോള്‍ഡ്, കാപ്പ എന്നിവയാണ് പുതിയ റിലീസുകള്‍.
◾പോര്‍ഷെയുടെ ഇലക്ട്രിക് കാര്‍ സ്വന്തമാക്കി എആര്‍ റഹ്‌മാന്റെ മക്കളായ ഖദീജയും റഹീമയും. റഹ്‌മാന്‍ തന്നെയാണ് അവര്‍ ഇലക്ട്രിക് കാര്‍ തിരഞ്ഞെടുത്തു മാറ്റത്തിന്റെ ഭാഗമായി എന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പോര്‍ഷെയുടെ പൂര്‍ണതോതിലുള്ള ആദ്യ വൈദ്യുത മോഡലാണ് ടൈകാന്‍. സ്പോര്‍ട്സ്്കാറായ ടൈകാന്റെ വൈദ്യുത പതിപ്പ് ജര്‍മന്‍ നിര്‍മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വിവിധ മോഡുകളില്‍ ഒറ്റ ചാര്‍ജില്‍ 370 കിലോമീറ്റര്‍ മുതല്‍ 512 കിലോമീറ്റര്‍ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പിഎസ് കരുത്താണ് വാഹനത്തിനുള്ളത്. ഉയര്‍ന്ന വേഗം 250 കിലോമീറ്ററും. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഓണ്‍റോഡ് വില 1.70 കോടി രൂപയാണ്.
◾സമകാലിക ജീവിതത്തിന്റെ സവിശേഷമായ പ്രശ്നങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രാധാനമായും ഈ കഥകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. മാര്‍ക്കറ്റിങ്ങിന്റെയും കമ്മീഷന്റെയും സ്ത്രീ പുരുഷ ബന്ധങ്ങളിലെ താളപ്പിഴകളുടെയും ബാലന്‍സ് ഷീറ്റിന്റെയും ആത്മഹത്യയുടേയും ഒളിച്ചോട്ടത്തിന്റെയുമൊക്കെ ഒരു ലോകം ഈ കഥകള്‍ നമുക്ക് മുമ്പില്‍ തുറന്നു തരുന്നു. ‘മാനം നിറയെ വര്‍ണ്ണങ്ങള്‍’. പ്രേംരാജ് കെ.കെ. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 123 രൂപ.
◾ശൈത്യകാലത്ത് കുറച്ചുമാത്രം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ശൈത്യകാലത്ത് ചുണ്ട് പെട്ടെന്ന് വരണ്ടതായിത്തീരുകയും ചര്‍മ്മത്തിന്റെ പുറംപാളി വിണ്ടുകീറുകയും ചെയ്യുന്നു. ഗ്ലിസറിന്‍, പെട്രോളിയം ജെല്ലി, സിലിക്കണ്‍, കറ്റാര്‍ വാഴ എന്നിവ അടങ്ങിയ ചില ലിപ് ബാമുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ അവസ്ഥ നിയന്ത്രിക്കാന്‍ സാധിക്കും. ശൈത്യകാലത്ത് വരണ്ട ചര്‍മ്മം കാരണം അധിക എണ്ണ ഉല്‍പാദിപ്പിക്കുകയും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഫേസ് ക്രീമുകളും ബോഡി ലോഷനുകളും ഉപയോഗിക്കുക. തണുത്ത കാറ്റ് നേരിട്ട് തട്ടാതിരിക്കാന്‍ ജക്കറ്റ്, തൊപ്പികള്‍, സ്‌കാര്‍ഫുകള്‍ എന്നിവ പോലുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മം നന്നായി മൂടുക. തണുപ്പ് മാത്രമല്ല, ചൂട് നിലനിര്‍ത്താന്‍ നാം ഉപയോഗിക്കുന്ന കൃത്രിമ ചൂടും ശൈത്യകാലത്ത് ചൊറിച്ചിലിന് കാരണമാകും. കൃത്യമായ ഇടവേളകളില്‍ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മൃദുവും ജലാംശവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചൊറിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ടതും അടരുള്ളതുമായ തലയോട്ടിയാണ് കഠിനമായ ശൈത്യകാലത്തെ മറ്റൊരു ചര്‍മ്മ പ്രശ്‌നം. തലയോട്ടിയിലെ ചൊറിച്ചിലും അടരുകളും ഒഴിവാക്കാന്‍ പുറത്തുപോകുന്നതിന് മുമ്പ് ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക. തൊപ്പിയോ സ്‌കാര്‍ഫോ ഉപയോഗിച്ച് തല മറയ്ക്കുക. മഞ്ഞുകാലത്ത് സാധാരണയായി കണ്ടുവരുന്ന മറ്റൊരു ചര്‍മ്മരോഗമാണ് എക്സിമ. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എക്‌സിമ തടയാനായി ദിവസത്തില്‍ ഒരിക്കല്‍ മാത്രം കുളിക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.48, പൗണ്ട് – 97.61, യൂറോ – 84.35, സ്വിസ് ഫ്രാങ്ക് – 85.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.72, ബഹറിന്‍ ദിനാര്‍ – 216.13, കുവൈത്ത് ദിനാര്‍ -264.72, ഒമാനി റിയാല്‍ – 211.90, സൗദി റിയാല്‍ – 21.68, യു.എ.ഇ ദിര്‍ഹം – 22.18, ഖത്തര്‍ റിയാല്‍ – 22.37, കനേഡിയന്‍ ഡോളര്‍ – 60.09.