web cover 54

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇനി ഒരു വിഭാഗീയതയ്ക്ക് കോണ്‍ഗ്രസിനു ബാല്യമില്ല. എല്ലാ നേതാക്കള്‍ക്കും സ്പേസുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ട അംഗീകരിക്കാനാവില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.

കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാനില്ലെന്ന് ശശി തരൂര്‍ എംപി. എ, ഐ ഗ്രൂപ്പുകളുള്ള പാര്‍ട്ടിയില്‍ ഇനി വേണ്ടത് യു ആണെന്നും അതായതു യുണൈറ്റഡ് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ഇനി ഒരുമയാണു വേണ്ടത്. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു.

എംഎല്‍എമാര്‍ക്കു കോടികള്‍ നല്‍കി തെലങ്കാനയിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍ഡിഎയുടെ കേരളത്തിലെ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസുണ്ട്. ചോദ്യംചെയ്യലിന് ഹാജരാകാത്തതിനാനാലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് കൂടുതല്‍ സമയം തേടി. മൊബൈല്‍ ഫോണ്‍ അടക്കം ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും നോട്ടീസില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

കേന്ദ്ര സര്‍ക്കാരിന്റെ റോസ്ഗര്‍ മേളയുടെ ഭാഗമായി 71,056 പേര്‍ക്കു നിയമന ഉത്തരവു നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിയമന ഉത്തരവുകള്‍ നല്‍കിയത്. രാജ്യത്തെ 45 കേന്ദ്രങ്ങളിലാണ് തൊഴില്‍ മേള നടന്നത്. കഴിഞ്ഞ ഒക്ടോബര്‍ 22 ന് 75,000 പേര്‍ക്കു നിയമന ഉത്തരവു നല്‍കിയിരുന്നു.

ലഹരി ഇടപാടുകളിലെ പ്രധാനികളായ 162 പേരെ കരുതല്‍ തടങ്കലിലടയ്ക്കണമെന്നു പോലീസ്. ലഹരി ഇടപാടുകളില്‍ മുഖ്യ കണ്ണികളായ 1681 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി ആഭ്യന്തര വകുപ്പിനു കൈമാറിയിട്ടുണ്ട്.

രാജ്ഭവനില്‍ നിയമിക്കുന്നത് ആജീവനാന്ത പെന്‍ഷന്‍ നല്‍കാനല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ജനങ്ങളുടെ നികുതി പണം പാര്‍ട്ടിക്കാര്‍ക്കു പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ലെന്നു തീരുമാനിക്കട്ടെ. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവിനു രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണെന്നും അദ്ദേഹം പരിഹസിച്ചു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം കോര്‍പറേഷന്‍ നിയമനക്കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമനക്കത്തിലൂടെ തട്ടിപ്പു നടത്താന്‍ ശ്രമിച്ചതിനല്ല, വ്യാജരേഖ ചമച്ചെന്ന് ആരോപിച്ചാണു കേസെടുക്കുക. സംഭവത്തില്‍ നേരത്തെ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

റേഷന്‍ വിതരണത്തിനു കേന്ദ്ര പദ്ധതിയുടെ കമ്മീഷന്‍ തരാത്തതിനാലാണ് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ പകുതിയായി വെട്ടിക്കുറയ്ക്കേണ്ടി വരുന്നതെന്ന് മന്ത്രി ജി.ആര്‍ അനില്‍. കേന്ദ്ര വിഹിതംകൂടി സംസ്ഥാനം വഹിക്കേണ്ടി വരുന്നതിനാലാണ് രണ്ടുമാസമായി കമ്മീഷന്‍ വൈകുന്നത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നു. എന്തിനും ഏതിനും സമരം വേണോ എന്ന് അവര്‍ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് ഇന്റര്‍നാഷണല്‍ ഷിപ്സ് ആന്റ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ് കോഡ്) ഇല്ലാത്തതാണ് ക്രൂ ചേയ്ഞ്ചിംഗ് കേന്ദ്രത്തിനുള്ള അനുമതി പിന്‍വലിക്കാന്‍ കാരണമെന്നു റിപ്പോര്‍ട്ട്. ഐഎസ്പിഎസ് കോഡനുസരിച്ചുള്ള സുരക്ഷ ഒരുക്കാത്തതാണ് കാരണം. രണ്ടു വര്‍ഷം സര്‍ക്കാരിന് നല്ല വരുമാനം ലഭിച്ച ക്രൂ ചേഞ്ചിനുള്ള അനുമതിയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് പിന്‍വലിച്ചത്. കോടികളാണ് സംസ്ഥാന സര്‍ക്കാരിന് ഇതുമൂലം നഷ്ടം.

മംഗളൂരു സ്ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാരീഖ് ആലുവയിലെ ലോഡ്ജില്‍ അഞ്ചു ദിവസം താമസിച്ചു. സെപ്റ്റംബറില്‍ താമസിച്ച ലോഡ്ജിന്റെ ഉടമയെ കേരള തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തു. ആലുവയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ചില സാധനങ്ങളും ഷാരീഖ് വാങ്ങിയിരുന്നു.

ശബരിമലയില്‍ ഭക്തജനത്തിരക്ക്. ഉച്ചപൂജയ്ക്കുശേഷം മൂന്നിന് നട തുറക്കും. രാവിലത്തെ ദര്‍ശന സമയം രണ്ടു മണിക്കൂര്‍ കൂട്ടിയിരുന്നു. ഇന്നലെ 76,000 പേര്‍ ദര്‍ശനം നടത്തിയിരുന്നു.

മോഡലായ പത്തൊമ്പതുകാരിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്ത കേസിലെ പ്രതികളെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സ്ത്രീ അടക്കം നാലു പ്രതികളെയാണ് പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിലെടുത്തത്.

മോഡലിനെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ തമ്മില്‍ വാഗ്വാദം. പ്രതികളിലൊരാളായ ഡിംപിളിനുവേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂരും അഡ്വ. അഫ്സലും തമ്മിലാണു കോടതിയില്‍ വാക്കേറ്റമുണ്ടായത്. ചന്തയല്ലെന്ന് ഓര്‍മിപ്പിച്ച് കോടതി. അഡ്വ. അഫ്സലിനെയാണ് കേസ് ഏല്‍പിച്ചതെന്ന് ഡിംപിള്‍ പറഞ്ഞതോടെയാണ് തര്‍ക്കം അവസാനിച്ചത്.

പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ട് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ ഉറപ്പു നല്‍കി. അദാനി ഗ്രൂപ്പിന്റെ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിവച്ചു.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്കു കോടതി അറിയാതെ 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നല്‍കാന്‍ തീരുമാനിച്ച സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് സിബിഐ കോടതിയില്‍ ഹാജരായി. ജയില്‍ സൂപ്രണ്ട് ആര്‍ സാജന്‍ മറ്റൊരു കേസില്‍ സസ്പെന്‍ഷനിലായതിനിലാണ് ജോയിന്റ് സൂപ്രണ്ട് നസീം ഹാജരായത്. പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ആയുര്‍വേദ ചികിത്സ നല്‍കിയത്.

തിരുവനന്തപുരം ചാല തമിഴ് സ്‌കൂളില്‍ തീപിടുത്തം. പിഎസ്സി എസ്ഐ ടെസ്റ്റ് എഴുതാനെത്തിയവര്‍ മൊബൈല്‍ ഫോണും ബാഗും സൂക്ഷിച്ച ക്ലോക്ക് റൂമിലാണ് തീപിടുത്തം. 10 ഫോണും ബാഗുകളും കത്തി നശിച്ചു. പവര്‍ ബാങ്കുമായി ബന്ധിപ്പിച്ചിരുന്ന മൊബൈല്‍ ഫോണില്‍നിന്നാണു തീ പടര്‍ന്നതെന്നു കരുതുന്നു.

ഇന്നു വൈകുന്നേരം മൂന്നരയ്ക്ക് അര്‍ജന്റീനയുടെ ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ സ്‌കൂള്‍ നേരത്തെ വിടണമെന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നിവേദനം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ 12 പേര്‍ ഒപ്പിട്ട നിവേദനം അര്‍ജന്റീന ഫാന്‍സ് എന്‍എച്ച്എസ്എസിന്റെ പേരിലാണ് തയാറാക്കിയത്. ഷൊര്‍ണൂര്‍ എംഎല്‍എ പി മമ്മിക്കുട്ടിയാണ് നിവേദനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ശശി തരൂര്‍ എംപി മലപ്പുറം ഡിസിസിയില്‍ സന്ദര്‍ശനം നടത്തി. ഡിസിസിയില്‍ പ്രത്യേക പരിപാടികള്‍ ഇല്ലായിരുന്നു. ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ എപി അനില്‍കുമാര്‍ അടക്കം പ്രമുഖ നേതാക്കള്‍ ഡിസിസിയില്‍ വന്നതുമില്ല. കാരണം വരാത്തവരോടു ചോദിക്കണമെന്ന് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു.

പാണക്കാട് കുടുംബവുമായും മുസ്ലിം ലീഗുമായും അടുത്ത ബന്ധമുള്ള നേതാവാണ് ശശി തരൂര്‍ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. പാണക്കാട് സന്ദര്‍ശനം ലീഗുമായുള്ള സൗഹര്‍ദത്തിന്റെ അടയാളമാണ്. തരൂരിന് കേരളത്തില്‍ പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായ ബിനീഷ് കോടിയേരിക്ക് ആശംസകളുമായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഫേസ്ബുക്കിലൂടെയാണ് ആശംസയര്‍പ്പിച്ചത്.

മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. തൊടുപുഴ അല്‍ അസര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ അപകടത്തില്‍പ്പെട്ടത്.

അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു വയസുകാരന്‍ മകന്‍ മരിച്ചു. കാട്ടാക്കട കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ് റഹീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്. ഭാര്യ റഹീന, അമ്മ എന്നിവരുമായി പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങവേയാണ് അപകടം.

ഫുട്‌ബോള്‍ കളി കണ്ടതിനുശേഷം വീട്ടിലേക്കുപോയ അറുപത്തിനാലുകാരന്‍ തോട്ടില്‍ മരിച്ച നിലയില്‍. മാനന്തവാടി ഒണ്ടയങ്ങാടി ചെന്നലായിയില്‍ പുല്‍പ്പാറ വീട്ടില്‍ പി.എം ജോര്‍ജ്ജ് (64) ആണ് മരിച്ചത്. ഇല്ലത്തുമൂലയിലെ മിലാന ക്ലബ്ബില്‍ ഫുട്‌ബോള്‍ കളി കണ്ട് രാത്രി വൈകി വീട്ടിലേക്ക് മടങ്ങിയ ജോര്‍ജ്ജിനെ പുലര്‍ച്ചെയാണ് മരിച്ചതായി കണ്ടെത്തിയത്. ചെറിയ മരപ്പാലത്തില്‍നിന്നു കാല്‍ തെന്നി താഴെവീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കാലടി സര്‍വകലാശാല കൊയിലാണ്ടി സെന്ററില്‍ അധ്യാപികയോട് മോശമായി പെരുമാറിയ ഒരു അധ്യാപകന് സസ്പെന്‍ഷന്‍. ഉറുദു വിഭാഗം അധ്യാപകന്‍ കെ.സി. അതാവുള്ള ഖാനെ സസ്പെന്റ് ചെയ്ത്. അധ്യാപികയുടെ പരാതിയില്‍ ആണ് നടപടി.

പത്തനംതിട്ട സീതത്തോട് ഉറാനി വനത്തില്‍ കുന്തിരിക്കം ശേഖരിക്കാന്‍ കാട്ടിലേക്കുപോയ ആദിവാസി യുവാവിനെ കാണാനില്ല. ആങ്ങമൂഴി പാലത്തടിയാര്‍ താമസിക്കുന്ന രാമചന്ദ്രനെയാണ് കാണാതായത്.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി ബോധരഹിതനായി തേയില തോട്ടത്തില്‍ മണിക്കൂറുകള്‍ കിടന്നു. കണ്ണന്‍ ദേവന്‍ കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ സൈലന്റ് വാലി ഡിവിഷനില്‍ കെ. രാമര്‍ (55) ആണ് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെ കഴുത്തറുത്തു കൊന്ന് മകന്‍ ആത്മഹത്യ ചെയ്തു. പാലപ്പുറം സ്വദേശി സരസ്വതിയമ്മ, മകന്‍ വിജയകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. വിജയകൃഷ്ണന്‍ മാനസിക വെല്ലുവിളികളുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

മംഗ്ലൂരു സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലേക്ക് കടന്നെന്നു പോലീസ്. ദുബായിലിരുന്നാണ് ഇയാള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചതെന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി. താഹ, ഷാരീഖിന്റെ അക്കൗണ്ടിലേക്ക് ദുബായില്‍നിന്ന് പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചെന്നും പൊലീസ് പറഞ്ഞു. പ്രതി ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്നും പൊലീസ്.

യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ യുദ്ധ ഇരകളുടെ പദവി അപേക്ഷിച്ച് സുപ്രീം കോടതിയില്‍. കേന്ദ്രനിലപാട് തേടി കോടതി നോട്ടീസയച്ചു. ജനീവ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജികള്‍ അടുത്തയാഴ്ച്ച വീണ്ടും പരിഗണിക്കും.

ആസാം – മേഘാലയ അതിര്‍ത്തിയിലെ മുക്രോയില്‍ വെടിവയ്പ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥനടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. അനധികൃതമായി മരം മുറിച്ചു കടത്തുന്ന സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. മുറിച്ച മരവുമായി ഒരു ട്രക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.

അമേരിക്കയിലെ വന്‍കിട ടെക്കി കമ്പനികളിലും കൂട്ടപ്പിരിച്ചുവിടല്‍. ജോലി നഷ്ടപ്പെട്ട വിദേശികള്‍ക്ക് അമേരിക്കയില്‍നിന്നു മടങ്ങിപ്പോകേണ്ടി വരും. എച്ച് 1 ബി വീസയില്‍ ജോലി ചെയ്യന്നവര്‍ക്ക് ജോലി നഷ്ടപ്പെട്ട് 60 ദിവസത്തിനകം മറ്റൊരു ജോലി ലഭിച്ചില്ലെങ്കില്‍ വിസ റദ്ദാകും. ട്വിറ്റര്‍, മെറ്റ, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ ജോലി നഷ്ടപ്പെട്ടവരും പ്രതിസന്ധിയിലാണ്.

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ ഈ വര്‍ഷം 100 ബില്യണ്‍ ഡോളറിന്റെ തകര്‍ച്ച. ബ്ലൂംബെര്‍ഗ് വെല്‍ത്ത് ഇന്‍ഡക്‌സിലെ കണക്കു പ്രകാരം ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മസ്‌കിന്റെ സമ്പത്ത് ഇടിഞ്ഞ് 340 ബില്യണ്‍ ഡോളറിലെത്തി. ടെസ്ല ഇങ്കിന്റെ ഓഹരികള്‍ വന്‍തോതില്‍ ഇടിഞ്ഞു. ട്വിറ്റര്‍ ഏറ്റെടുത്തതിനു പിറകേയാണ് കൂടുതല്‍ തകര്‍ച്ചയുണ്ടായത്.

ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യവും ബിയറും നിരോധിച്ചതിനാല്‍ വെട്ടിലായ ലോകകപ്പിന്റെ മുഖ്യ സ്പോണ്‍സറായ ബിയര്‍ നിര്‍മാതാക്കള്‍ ബഡ്വെയ്‌സര്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത്. സ്റ്റേഡിയത്തില്‍ വില്‍ക്കാമെന്നു മോഹിച്ചു സജ്ജമാക്കിയ ബിയര്‍ ലോകകപ്പ് ജേതാക്കളുടെ രാജ്യത്തു വില്‍ക്കുമെന്നാണ് പുതിയ പ്രഖ്യാപനം.

ഖത്തര്‍ ലോക കപ്പില്‍ ഇന്ന് നാല് കളികള്‍. ഉച്ച കഴിഞ്ഞ് 3.30 ന് രണ്ട് തവണ ലോക കപ്പില്‍ മുത്തമിട്ട അര്‍ജന്റീന സാക്ഷാല്‍ ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ സൗദി അറേബ്യയെ നേരിടും. വൈകുന്നേരം 6.30 ന് കരുത്തരായ ഡെന്‍മാര്‍ക്ക് ടുണീഷ്യയെ നേരിടും. രാത്രി 9.30 ന് മെക്സിക്കോ പോളണ്ട് മത്സരം. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഓസ്ട്രേലിയക്കെതിരെ കളത്തിലിറങ്ങും.

ന്യൂസിലണ്ടിനെതിരായ മൂന്നാമത്തെ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ട് 59 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയുടേയും 54 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സിന്റേയും മികവിലാണ് 160 റണ്‍സെടുത്തത്. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗും മൊഹമ്മദ് സിറാജും നാല് വീതം വിക്കറ്റെടുത്തു.

വരും ദിവസങ്ങളില്‍ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫ് വര്‍ധിപ്പിച്ചേക്കാം. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഇതിനോടകം തന്നെ രണ്ടു സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് താരിഫ് വര്‍ധിപ്പിച്ചു. പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഏകദേശം 57 ശതമാനത്തിന്റെ വര്‍ധനയാണ് എയര്‍ടെല്‍ വരുത്തിയത്. എയര്‍ടെല്ലിന്റെ ചുവടുപിടിച്ച് മറ്റു കമ്പനികളും വൈകാതെ തന്നെ താരിഫ് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാന, ഒഡീഷ സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ താരിഫ് വര്‍ധിപ്പിച്ചത്. 28 ദിവസം കാലാവധിയിലെ ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് പ്ലാനിന്റെ താരിഫില്‍ 57 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ 99 രൂപ പ്ലാനിന്റെ താരിഫ് 155 ആയി വര്‍ധിച്ചു. 99 രൂപ പ്ലാന്‍ എയര്‍ടെല്‍ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 99 രൂപ ടോക്ക് ടൈമും 200 എംബി ഡേറ്റയും ലഭിക്കുന്ന പ്ലാനാണിത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 38,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4835 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വിലോ 4010 രൂപയാണ്.

ജെയിംസ് കാമറൂണ്‍ ചിത്രചിത്രം ‘അവതാര്‍: ദ വേ ഓഫ് വാട്ടറി’ന്റെ പുതിയൊരു ട്രെയിലര്‍ പുറത്തുവിട്ടു. കടലിനടിയിലെ മായികാലോകം തീര്‍ച്ചയായും വിസ്മയിപ്പിക്കും എന്ന ഉറപ്പാണ് പുതിയ ട്രെയിലറും നല്‍കുന്നത്. ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.’അവതാര്‍ 2’ന്റെ കഥ പൂര്‍ണമായും ‘ജേക്കി’നെയും ‘നെയിത്രി’യെയും കേന്ദ്രീകരിച്ചായിരിക്കും. ‘നെയിത്രി’യെ വിവാഹം കഴിക്കുന്ന ‘ജേക്ക്’ ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ‘ജേക്കും’, ‘നെയിത്രി’യും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് ‘അവതാര്‍ 2’ കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിര്‍മാണ ചെലവ്. ‘അവതാര്‍’ എന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് 2009 ലാണ്.

മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള്‍ ഇതാ വിഷ്ണു വിശാല്‍ നായകനാകുന്ന ‘ഗാട്ട ഗുസ്തി’യില്‍ നായകിയായി മാറിയിരിക്കുകയാണ് ഐശ്വര്യ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഐശ്വര്യയുടെ കരിയറിലെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഗാട്ട ഗുസ്തിയിലേത് എന്ന് വ്യക്തമാക്കുന്ന രംഗങ്ങളാണ് ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ചെല്ല അയ്യാവുവാണ്. ആര്‍ ടി ടീം വര്‍ക്‌സ്, വി വി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡിസംബര്‍ 2 ന് തമിഴിനൊപ്പം തെലുങ്കിലുമായി തിയറ്ററുകളില്‍ എത്തും.

ഇന്നോവയുടെ പുതിയ മോഡല്‍ സെനിക്സിനെ ഇന്തൊനീഷ്യന്‍ വിപണിയില്‍ പുറത്തിറക്കി ടൊയോട്ട. മൂന്നു വകഭേദങ്ങളിലായി പുറത്തിറങ്ങിയ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 419000000 ഇന്തൊനീഷ്യന്‍ റുപ്പിയയിലാണ് (ഏകദേശം 22 ലക്ഷം രൂപ). ഈ മാസം 25ന് സെനിക്സിന്റെ ഇന്ത്യന്‍ പതിപ്പ് ഹൈക്രോസിനെ ഇന്ത്യയിലും പുറത്തിറക്കും. ടൊയോട്ടയുടെ ടിഎന്‍ജിഎ ജിഎസി മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. പെട്രോള്‍, ഹൈബ്രിഡ് എന്‍ജിനുകളുണ്ട്. ഇന്നോവ ക്രിസ്റ്റയെക്കാള്‍ വലുപ്പമുള്ള വാഹനമാണ് സെനിക്സ്. 4755 എം എം നീളവും 1850 എംഎം വീതിയുമുണ്ട്. ഇന്നോവ ക്രിസ്റ്റയുടെ നീളം 4735 എംഎമ്മും വീതി 1830 എംഎമ്മും. ഉയരം രണ്ടു വാഹനത്തിനും 1795 എംഎം തന്നെ. വീല്‍ബെയ്സിന്റെ കാര്യത്തില്‍ 2850 എംഎമ്മൊടെ ക്രിസ്റ്റയെക്കാള്‍ 100 എംഎം മുന്നിലാണ് സെനിക്സ്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം സംവിധാനമുള്ള ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമായിരിക്കും ഹൈക്രോസ്.

ഈ നോവലിലെ മുഖ്യകഥാപാത്രമായ ജെസ്സീലാ എന്ന പെണ്‍കുട്ടി കാലുകള്‍ക്കുള്ള സ്വാധീനക്കുറവിനെ മനശ്ശക്തികൊണ്ട് തോല്‍പ്പിക്കുകയും വായനയിലും എഴുത്തിലും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. ഈ പെണ്‍കുട്ടി. മറ്റൊരാളുടെ സഹതാപത്തിനു കൈനീട്ടാത്ത, ഏതു കാര്യത്തിലും സ്വന്തം നിലപാടും അഭിപ്രായവുമുള്ള ഇവള്‍ സ്വന്തം ദുഃഖവും സന്തോഷവും അഭിലാഷങ്ങളുമൊക്കെ പങ്കുവെക്കുന്നത് മുതിര്‍ന്ന ഒരെഴുത്തുകാരനോടാണ്. ജെസ്സീലാ ജോ എന്ന പെണ്‍കുട്ടിയുടെയും വിജയന്‍ വെന്‍മല എന്ന എഴുത്തുകാരന്റെയും കുറിപ്പുകളിലൂടെ കഥപറയുന്ന ‘ഏകാന്തതയുടെ നിമിഷങ്ങള്‍’ സ്ത്രീമനസ്സിന്റെ വിവിധ തലങ്ങള്‍ അനാവരണം ചെയ്യുന്നു. തമ്പി ആന്റണി. മാതൃഭൂമി. വില 218 രൂപ

സൂര്യാസ്തമയത്തിന് മുമ്പ് പഴങ്ങള്‍ കഴിക്കുന്നതാണ് ഉചിതമെന്ന് ആയുര്‍വേദം. നാല് മണി മുതലാണ് സൂര്യാസ്തമയ സമയം ആരംഭിക്കുന്നത്. ആയുര്‍വേദ പ്രകാരം ഇന്ത്യയിലെ പ്രാചീന വൈദ്യശാസ്ത്രത്തില്‍ വൈകുന്നേരം പഴങ്ങള്‍ കഴിക്കുന്നത് ഉറക്കത്തിന്റെ സമയക്രമത്തെ ബാധിക്കുകയും ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും. മിക്ക പഴങ്ങളും ലളിതമായ കാര്‍ബോഹൈഡ്രേറ്റുകളാണ്. അത്തരം പഴങ്ങള്‍ ഊര്‍ജത്തിന്റെ ഉറവിടമാണ്. പക്ഷേ അവ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും വളരെ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. ഉറങ്ങുന്നതിന് കുറച്ചുനേരം മുന്‍പ് ഈ പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിച്ച് ഉറക്കം തടസപ്പെടുത്തുന്നു. രണ്ടാമതായി, സൂര്യാസ്തമയത്തിനുശേഷം, നമ്മുടെ ദഹനവ്യവസ്ഥ അല്‍പ്പം മന്ദഗതിയിലാകുന്നു, അതിനാല്‍ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ദഹന വ്യവസ്ഥയെ ബാധിക്കുന്നു. രാവിലെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഏകദേശം 10 മണിക്കൂര്‍ ഒന്നും കഴിക്കാതെ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതിനുശേഷം വയര്‍ ശൂന്യമായിരിക്കും. ഈ സമയത്ത് പഴങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും ഉപാപചയ സംവിധാനവും ശരിയായിരിക്കുകയും ചെയ്യും. പഴങ്ങള്‍ ഒന്നുകില്‍ ഭക്ഷണത്തോടൊപ്പം കഴിക്കണമെന്നും അല്ലെങ്കില്‍ ഭക്ഷണം കഴിച്ച ഉടനെ കഴിക്കണമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഏതെങ്കിലും പഴം കഴിക്കുന്നതിന് മുമ്പ് ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 3.5 മുതല്‍ 4 മണിക്കൂര്‍ വരെ കാത്തിരിക്കണം. പ്രഭാതത്തിനു പുറമേ, വ്യായാമത്തിന് മുമ്പോ ശേഷമോ പഴങ്ങള്‍ കഴിക്കാം. സൂര്യാസ്തമയത്തിനു ശേഷം, കൊഴുപ്പും പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും കഴിക്കുന്നത് നല്ലതാണ്. ഒരു സമയം ഏതെങ്കിലും ഒരു പഴം കഴിക്കണം. പഴങ്ങള്‍ പാലുല്‍പ്പന്നങ്ങളുമായോ പച്ചക്കറികളുമായോ സംയോജിപ്പിക്കരുത്. പാലുല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ പച്ച പച്ചക്കറികള്‍ക്കൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ വിഷവസ്തുക്കളെ സൃഷ്ടിക്കുന്നു. ഈ വിഷവസ്തുക്കള്‍ കാരണം, നമുക്ക് പല തരത്തിലുള്ള രോഗങ്ങള്‍ക്ക് പിടിപെടാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.71, പൗണ്ട് – 96.81, യൂറോ – 83.87, സ്വിസ് ഫ്രാങ്ക് – 85.39, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.12, ബഹറിന്‍ ദിനാര്‍ – 216.77, കുവൈത്ത് ദിനാര്‍ -265.11, ഒമാനി റിയാല്‍ – 212.21, സൗദി റിയാല്‍ – 21.75, യു.എ.ഇ ദിര്‍ഹം – 22.24, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 60.86.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *