◾കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനമെന്ന് ഹൈക്കോടതി. യുജിസി ചട്ടങ്ങള്‍ പാലിച്ച് പുതിയ വിസിയെ നിയമിക്കണമെന്നും വിധി. എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
◾സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ ഉപയോഗിച്ചു നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് സംസ്ഥാന സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഹകരണ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇതില്‍ ദുരുദ്ദേശ്യമുണ്ട്. ഭരണഘടനയിലെ ഫെഡറല്‍ തത്ത്വങ്ങള്‍ക്കെതിരായ നടപടിയാണത്. മുഖ്യമന്ത്രി പറഞ്ഞു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾എസ്എടി ആശുപത്രിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാന്‍ താന്‍ തയ്യാറാക്കിയ കത്ത് നശിപ്പിച്ചെന്ന് സിപിഎം നേതാവും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ഡി ആര്‍ അനില്‍. കത്ത് ആവശ്യമില്ലെന്നു മനസിലായതിനാലാണു നശിപ്പിച്ചതെന്ന് വിജിലന്‍സിനു മൊഴി നല്‍കി. തന്റെ ഓഫീസില്‍ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ല. മേയറുടേതെന്ന പേരില്‍ പ്രചരിക്കുന്ന നിയമനക്കത്തിനെക്കുറിച്ച് ഒന്നും അറിയില്ല. കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും അനില്‍ മൊഴി നല്‍കിയത്.
◾മേയറുടെ വിവാദ കത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്നു ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. വസ്തുതകള്‍ കണ്ടെത്താന്‍ കേസെടുക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി മധുസൂദനന്റെ ശുപാര്‍ശ. കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം മേയറുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിക്കും
◾കോട്ടയത്ത് ഷെര്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന പോക്സോ കേസ് ഇരകളടക്കം കാണാതായ ഒമ്പതു കുട്ടികളെ ഉച്ചയോടെ കണ്ടെത്തി. കോട്ടയം മാങ്ങാനത്ത് മഹിളാ സമഖ്യ എന്ന ഷെല്‍ട്ടര്‍ ഹോമില്‍നിന്നാണ് കുട്ടികളെ കാണാതായത്. എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് എല്ലാവരെയും പൊലീസ് കണ്ടെത്തിയത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം. മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നാലു കിലോമീറ്റര്‍ അകലേക്കു ഭക്ഷണം എത്തിച്ചാല്‍ എട്ടു കിലോമീറ്റര്‍ യാത്രയ്ക്കുള്ള പ്രതിഫലം 20 രൂപയില്‍നിന്ന് 35 രൂപയാക്കണമെന്നാണ് സ്വിഗി ജീവനക്കാരുടെ ആവശ്യം.
◾കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പോലീസ് മര്‍ദ്ദിച്ച സംഭവത്തിലെ എഫ്ഐആര്‍ റദ്ദാക്കില്ലെന്ന് കേരള ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയായശേഷം പരിഗണിക്കാം. തങ്ങള്‍ മര്‍ദിച്ചതിനെതിരേ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സൈനികനായ വിഷ്ണുവും സഹോദരന്‍ വിഘ്നേഷും നല്‍കിയ ഹര്‍ജിയില്‍ കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചില്ല. ബൈക്കില്‍ ഇന്‍ഡികേറ്റര്‍ ഇടാത്തതിന് കിളിക്കൊല്ലൂര്‍ എഎസ്ഐയും വിഷ്ണുവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ലോക്കപ്പ് മര്‍ദ്ദനമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
◾കോഴിക്കോട്ട് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തത്. ഇയാളെ സസ്പെന്‍ഡു ചെയ്തിട്ടുണ്ട്.
◾കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള സമയപരിധി നവംബര്‍ 30 വരെ സുപ്രീം കോടതി നീട്ടി. കേരളത്തില്‍ 273 ബി ടെക് സീറ്റുകളും 751 എം ടെക് സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി സമയ പരിധി നീട്ടിയത്.
◾അട്ടപാടി മധു കൊലക്കേസില്‍നിന്നു പിന്മാറാന്‍ മധുവിന്റെ അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതി അബ്ബാസിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. മൂന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലാത്ത ഹര്‍ജിയെന്ന് കോടതി പറഞ്ഞു.
◾വര്‍ഗീയ ഫാഷിസത്തോടു പോലും സന്ധി ചെയ്യാന്‍ തയാറായ വലിയ മനസാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ശിശുദിനത്തോടനുബന്ധിച്ചു ഡിസിസി നടത്തിയ നവോത്ഥാന സദസ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസില്‍ വരുന്നതിനു മുമ്പാണ് ആര്‍എസ്എസ് ശാഖ സംരക്ഷിച്ചതെന്ന വിശദീകരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ പ്രസ്താവനയില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
◾മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാനനഷ്ട കേസ് നല്‍കി. നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ ജെബി മേത്തര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെയാണു നോട്ടീസ്.
◾‘വേലി തന്നെ വിളവ് തിന്നുന്നോ?’ എന്നു കേരള പൊലീസിനെതിരെ വിമര്‍ശനവുമായി പി.കെ ശ്രീമതി ടീച്ചര്‍. നിരവധി പൊലീസുകാര്‍ പീഡനക്കേസുകളില്‍ പ്രതിയായതിനു പിറകേയാണ് വിമര്‍ശനം.
◾കായംകുളം ജലോത്സവം കഴിഞ്ഞ് കാണികളില്‍ ചിലരും തുഴച്ചില്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടി. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ പത്താം റൗണ്ട് മത്സരങ്ങള്‍ക്കൊടുവില്‍ ഉണ്ടായ സംഘട്ടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. തുഴച്ചില്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.
◾കണ്ണൂര്‍ എരുവേശിയില്‍ സംഘര്‍ഷമുണ്ടാക്കിയത് സജീവ് ജോസഫ് എം എല്‍ എ യുടെ നേതൃത്വത്തിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റെന്നും ജയരാജന്‍.
◾യുവനിര ഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ പപ്പു (സുധീഷ് പപ്പു- 44) അന്തരിച്ചു. രോഗബാധിതനായി ചികിത്സയില്‍ ആയിരുന്നു.
◾മലപ്പുറം കല്‍പകഞ്ചേരി ചെറവന്നൂര്‍ പാറമ്മലങ്ങാടിയിലെ കല്യാണ വീട്ടില്‍ മോഷണം. മണ്ണുതൊടുവില്‍ അബ്ദുല്‍ കരീമിന്റെ വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണവും എട്ടു ലക്ഷ രൂപയും കവര്‍ന്നു.
◾പേരൂര്‍ക്കടയില്‍ വിദ്യാര്‍ത്ഥികളെ വീടു കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ്. തിരുവനന്തപുരം കോര്‍പറേഷന്‍ കുടപ്പനക്കുന്ന് ഡിവിഷന്‍ കൗണ്‍സിലറുടെ മകന്‍ വിഷ്ണു, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
◾ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ബലാല്‍സംഗം ചെയ്തയാള്‍ അറസ്റ്റില്‍. കൊടുമ്പ് സ്വദേശിയായ വിഷ്ണുവിനെ പാലക്കാട് സൌത്ത് പൊലീസാണ് പിടികൂടിയത്. സ്ഫടികം സിനിമ സ്റ്റെല്‍ പിന്തുടര്‍ന്ന് കുറ്റകൃത്യം ചെയ്യുന്ന ഇയാള്‍ ‘സ്ഫടികം വിഷ്ണു’ എന്നാണ് അറിയപ്പെടുന്നത്.
◾ജി 20 ഉച്ചകോടിയില്‍ ഇന്ത്യക്കു ഗുണകരമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കു പോകുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷ പങ്കുവച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരുമായി കൂടിക്കാഴ്ചയുണ്ടാകും. അടുത്ത ജി 20 ഉച്ചകോടി ഇന്ത്യയിലാണ്. ജി 20 അധ്യക്ഷ സ്ഥാനം ഡിസംബറില്‍ ഇന്ത്യ ഏറ്റെടുക്കും.
◾പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോക്സോ പരിധിയില്‍ വരില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനു ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. പോക്സോ നിയമത്തിന്റെ ഉദ്ദേശം കുട്ടികളെ ലൈംഗിക ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ ഉഭയസമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ ക്രിമിനല്‍ കുറ്റമാക്കാനാവില്ലെന്ന് കോടതി.
◾ഭാരത് ജോഡോ യാത്രയുടെ ഇടവേളയില്‍ നവംബര്‍ 22 ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തും. ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനു വോട്ടെണ്ണല്‍. ഹിമാചല്‍ പ്രദേശില്‍ രാഹുല്‍ പ്രചാരണത്തിനു പോയിരുന്നില്ല.
◾ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഭാര്യ റിവാബയ്ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങി രവീന്ദ്ര ജഡേജ. ജാംനഗറില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയില്‍ റിവാബക്കൊപ്പം രവീന്ദ്ര ജഡേജയും പങ്കെടുത്തു.
◾ഉദയ്പൂരില്‍ റെയില്‍വേ ട്രാക്ക് പൊട്ടിത്തെറിച്ച സംഭവം ഭീകരാക്രമണമാണെന്ന് രാജസ്ഥാന്‍ പൊലീസ്. ശനിയാഴ്ച രാത്രി ഏഴോടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
◾ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ചുകൊന്ന് 35 കഷണങ്ങളാക്കി 18 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം കാട്ടില്‍ തള്ളിയ യുവാവ് അറസ്റ്റിലായി. ഡല്‍ഹിയിലെ മെഹ്‌റൗളി വനത്തിലാണ് മൃതദേഹം കഷണങ്ങളാക്കി തള്ളിയത്. പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് അഫ്താബ് അമീന്‍ പൂനവല്ല എന്നയാളാണ് അറസ്റ്റിലായത്.
◾മറാത്തി ടെലിവിഷന്‍ നടി കല്യാണി കുരാലെ ജാദവ് (32) സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. സാംഗ്ലി-കോലാപൂര്‍ റോഡില്‍ കോലാപൂര്‍ നഗരത്തിനു സമീപം ഇവരുടെ ഇരുചക്രവാഹനത്തില്‍ ട്രാക്ടര്‍ ഇടിക്കുകയായിരുന്നു.
◾പാര്‍ട്ടിക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയുടെ കിഴക്കന്‍ പ്രദേശമായ രജര്‍ഹട്ടിലാണ് സംഭവം. നവംബര്‍ ഒമ്പതിന് ഒരു റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ ഉപദ്രവിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സുഹൃത്തിനൊപ്പമാണ് യുവതി റിസോര്‍ട്ടില്‍ വിരുന്നിന് എത്തിയത്.
◾തുര്‍ക്കിയിലെ ഇസ്താംബുളില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിലെ പ്രതി പിടിയിലായി. തീവ്രവാദ സംഘടനയായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പികെകെ) ആണ് ബോംബ് ആക്രമണം നടത്തിയത്. വനിതാ ബോംബറാണു പിറകില്‍. ഞായറാഴ്ച ഇസ്താംബുള്‍ തെരുവില്‍ നടന്ന സ്ഫോടനത്തില്‍ 81 പേര്‍ക്ക് പരിക്കേറ്റിരുന്നു.
◾ടി 20 ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ ടീമില്‍ ഇന്ത്യയില്‍നിന്ന് ബാറ്റര്‍മാരായ വിരാട് കോലിയും സൂര്യകുമാര്‍ യാദവും. പാക്കിസ്ഥാനില്‍നിന്നു രണ്ടു താരങ്ങള്‍ ടീമിലെത്തിയപ്പോള്‍ കിരീടം നേടിയ ഇംഗ്ലണ്ട് ടീമില്‍നിന്ന് നാലു താരങ്ങള്‍ ഐസിസിയുടെ ഏറ്റവും മികച്ച ടി 20 ഇലവനിലെത്തി. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറാണ് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും.
◾മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേയും പരിശീലകനെതിരേയും രൂക്ഷവിമര്‍ശനവുമായി പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. യുണൈറ്റഡ് അധികൃതര്‍ തന്നെ ചതിച്ചുവെന്നും യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും റൊണാള്‍ഡോ തുറന്നടിച്ചു. എറിക് ടെന്‍ ഹാഗ് ഉള്‍പ്പെടെയുള്ള യുണൈറ്റഡിലെ ചില ഉന്നത പദവിയിലിരിക്കുന്നവര്‍ തന്നെ ക്ലബ്ബില്‍ നിന്ന് ഒഴിവാക്കാനായി നിരന്തരം ശ്രമിക്കുകയാണെന്നും റൊണാള്‍ഡോ പറഞ്ഞു.
◾കേന്ദ്രസര്‍ക്കാരിന്റെ പ്രത്യക്ഷനികുതി വരുമാനം നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 10വരെയുള്ള കാലയളവില്‍ 31 ശതമാനം ഉയര്‍ന്ന് 10.54 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായനികുതിയിലെ (സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി/എസ്.ടി.ടി ഉള്‍പ്പെടെ) 41 ശതമാനവും കോര്‍പ്പറേറ്റ് നികുതിയിലെ 22 ശതമാനവും സമാഹരണവര്‍ദ്ധനയാണ് നേട്ടമായതെന്ന് നികുതിവകുപ്പ് വ്യക്തമാക്കി. റീഫണ്ടുകള്‍ കിഴിച്ചാല്‍ അറ്റ പ്രത്യക്ഷനികുതി വരുമാനം 8.71 ലക്ഷം കോടി രൂപയാണ്. ഇത് നടപ്പുവര്‍ഷത്തെ ബഡ്ജറ്റ് വിലയിരുത്തലിന്റെ 61.31 ശതമാനമാണ്. 14.20 ലക്ഷം കോടി രൂപയാണ് നടപ്പുവര്‍ഷം ബഡ്ജറ്റില്‍ ലക്ഷ്യമിട്ടിട്ടുള്ള മൊത്തം പ്രത്യക്ഷ നികുതി വരുമാനം. 2021-22ല്‍ നേടിയത് 14.10 ലക്ഷം കോടി രൂപയായിരുന്നു.
◾ബാബാ രാംദേവ് നയിക്കുന്ന പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ പതഞ്ജലി ഫുഡ്‌സ് (നേരത്തേ രുചിസോയ) നടപ്പുവര്‍ഷം ജൂലായ്-സെപ്തംബര്‍പാദത്തില്‍ 42 ശതമാനം വര്‍ദ്ധനയോടെ 8,514 കോടി രൂപയുടെ പ്രവര്‍ത്തനവരുമാനം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 5,995 കോടി രൂപയായിരുന്നു. 112.2 കോടി രൂപയാണ് ലാഭം. ഭക്ഷ്യഎണ്ണ വിപണിയിലെ പ്രതിസന്ധികളില്ലായിരുന്നെങ്കില്‍ പ്രവര്‍ത്തനഫലം ഇതിലുമേറെ മെച്ചപ്പെടുമായിരുന്നെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ഭക്ഷ്യവിഭാഗം 2,399.66 കോടി രൂപയുടെ വില്പനകുറിച്ചു; മൊത്തം ബ്രാന്‍ഡഡ് വില്പനയുടെ 37.18 ശതമാനമാണിത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ വിഭാഗത്തിന്റെ കൂടി ഉള്‍പ്പെടെയുള്ള വില്പന 6,453.45 കോടി രൂപയാണ്; മൊത്തം ബ്രാന്‍ഡഡ് ഉത്പന്നവില്പനയുടെ 77.02 ശതമാനം.
◾നവാഗതനായ സിജു ഖമര്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഷോലെ ദ് സ്‌ക്രാപ്പ് ഷോപ്പ് തിയറ്ററുകളിലേക്ക്. പുതുമുഖം അയാന്‍ ആദിയാണ് നായകന്‍. അനീഷ് ഖാന്‍, കൃഷ്ണദാസ്, അജിത്ത് സോമന്‍, അരിസ്റ്റോ സുരേഷ്, വി കെ ബൈജു, രാജേഷ് ഈശ്വര്‍, ക്ലീറ്റസ്, ഷരീഫ് നട്ട്സ്, സ്നേഹ വിജീഷ്, ദീപ്തി എന്നിവരാണ് അഭിനേതാക്കള്‍. സിജു ഖമര്‍, അന്‍സാര്‍ ഹനീഫ്, സുജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം സഹോദര സ്നേഹത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന ചിത്രം കൂടിയാണിത്. മികവാര്‍ന്ന ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാവും. ഗാനങ്ങള്‍ പാടിയിരിക്കുന്നത് വിധു പ്രതാപ്, ഹരീഷ് പുലത്തറ, കാവ്യ സത്യന്‍, ഷെരീഫ് നട്ട്സ് തുടങ്ങിയവരാണ്.
◾ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം വീകത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം അവതരിപ്പിക്കുന്നത് അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ്. ഷീലു എബ്രഹാം ആണ് നിര്‍മ്മാണം. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ഗ്രാന്‍ഡ് വിറ്റാര ഹൈബ്രിഡിന് ശേഷം മറ്റൊരു സ്ട്രോങ് ഹൈബ്രിഡുമായി മാരുതി സുസുക്കി. ജനപ്രിയ വാഹനങ്ങളായ സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും ഹൈബ്രിഡ് പതിപ്പാണ് മാരുതി പുറത്തിറക്കുക. 2024 ല്‍ മാരുതി ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിറ്ററിന് ഏകദേശം 35 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുന്ന എന്‍ജിനുമായിട്ടായിരിക്കും പുതിയ കാര്‍ എത്തുക. നിലവിലെ സ്വിഫ്റ്റ്, ഡിസയര്‍ കാറുകളില്‍ നിന്ന് ഏകദേശം ഒന്നു മുതല്‍ 1.5 ലക്ഷം രൂപ വരെ അധികം വില മാത്രമേ ഹൈബ്രിഡിനുണ്ടാകൂ. വൈഇഡി എന്ന കോഡ് നാമത്തില്‍ വകസിപ്പിക്കുന്ന വാഹനത്തിന് 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എന്‍ജിനാകും ഉപയോഗിക്കുക. ഏകദേശം 35 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വാഹനത്തിന് ഇന്ധനക്ഷമത ലഭിക്കുമെന്നുമാണ് കരുതുന്നത്.
◾പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിന്റെ സിനിമായാത്രകള്‍. പുതുമയുള്ള ലൊക്കേഷനുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍, ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും പിരിമുറുക്കമുണ്ടാക്കുകയും ചെയ്ത ഷൂട്ടിങ് അനുഭവങ്ങള്‍, നടന്മാരും സംവിധായകരും മറ്റ് ആര്‍ട്ടിസ്റ്റുകളുമൊത്തുള്ള അവിസ്മരണീയ നിമിഷങ്ങള്‍ തുടങ്ങി വ്യത്യസ്തമായ വായനാനുഭവം നല്‍കുന്ന പുസ്തകം. ‘ലാല്‍ ജോസിന്റെ ഭൂപടങ്ങള്‍’. മനോരമ ബുക്സ. വില 361 രൂപ.
◾അമിതമായ വിശപ്പ്, അമിതമായ ദാഹം, അടിക്കടി മൂത്രം ഒഴിക്കാനുള്ള പ്രവണത ഇവയാണ് പ്രമേഹത്തിന്റെ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍. ഇതിന് പുറമെ ക്ഷീണം/ തളര്‍ച്ച, ശരീരഭാരം കുറയുക, മുറിവുകളുണ്ടായാല്‍ അത് ഉണങ്ങാന്‍ കാലതാസം, കാലുകളില്‍ മരവിപ്പ്, സ്വകാര്യഭാഗങ്ങളില്‍ ചൊറിച്ചില്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും പ്രമേഹലക്ഷണമായി കാണാം. ഈ ലക്ഷണങ്ങളെല്ലാം തന്നെ ഒരു രോഗിയില്‍ കാണമമെന്നില്ല. ഇവ ഏറിയും കുറഞ്ഞും ഓരോ രോഗിയില്‍ കാണാം. പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് പാദസംരക്ഷണം. മുറിവുകള്‍ ഉണ്ടായാല്‍ പെട്ടെന്ന് ചികിത്സ തേടണം. അല്ലാത്ത പക്ഷം മുറിവുണങ്ങാതെ അത് അവയവം നീക്കം ചെയ്യുന്ന അവസ്ഥയിലേക്ക് വരെ ക്രമേണ എത്താം. ഗ്ലൂക്കോസ് പരിശോധനയിലൂടെ (ഭക്ഷണത്തിന് മുമ്പേയും ഭക്ഷണശേഷവും) രോഗം ഉണ്ടെന്നു കണ്ടെത്താം. ഭക്ഷണത്തിനു മുമ്പ് ഗ്ലൂക്കോസിന്റെ അളവ് 126mg/dlല്‍ കൂടുതലും ഭക്ഷണശേഷം 200mg/dl കൂടുതലും ആണെങ്കില്‍ പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തണമെന്നാണ് സൂചന. കൃത്യമായ ചികിത്സയും ഭക്ഷണനിയന്ത്രണവും ഇല്ലെങ്കില്‍ കാഴ്ച തകരാറുകള്‍, വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവയുണ്ടാകാന്‍ പ്രമേഹം കാരണമാകും. മധുരം കഴിയുന്നതും ഒഴിവാക്കുക. ഇലക്കറികള്‍, സാലഡ്, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഒരേസമയം കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ ഇടവേളകളില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുക. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമനുസരിച്ചുള്ള വ്യായാമം പ്രമേഹത്തിന് നല്ലതാണ്. വ്യായാമം ചെയ്യുമ്പോള്‍ ശരീരം നന്നായി വിയര്‍ക്കുന്ന തരത്തിലാണ് ചെയ്യേണ്ടത്. നടക്കുമ്പോള്‍ 40 മിനുറ്റ് എങ്കിലും നടക്കാന്‍ ശ്രമിക്കുക. നീന്തല്‍, സൈക്ലിംഗ് തുടങ്ങിയവയും ചെയ്യാവുന്നതാണ്. ഒരുപാട് കാലം ഷുഗര്‍ നിയന്ത്രിക്കാതെ ഇരുന്നാല്‍ ശരീരമാകെ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കും. കണ്ണുകള്‍, വൃക്കകള്‍, ഹൃദയം, നാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍ തന്നെ രോഗം നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.11, പൗണ്ട് – 95.45, യൂറോ – 83.73, സ്വിസ് ഫ്രാങ്ക് – 85.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.24, ബഹറിന്‍ ദിനാര്‍ – 215.21, കുവൈത്ത് ദിനാര്‍ -263.28, ഒമാനി റിയാല്‍ – 210.61, സൗദി റിയാല്‍ – 21.55, യു.എ.ഇ ദിര്‍ഹം – 22.07, ഖത്തര്‍ റിയാല്‍ – 22.27, കനേഡിയന്‍ ഡോളര്‍ – 61.13.